സ്നേഹത്തിന്റെ രണ്ട് മുഖങ്ങള്‍
അന്‍വര്‍ അബൂബക്കര്‍
Last Update 22 October 2025, 30 Rabiʻ II, 1447 AH
ചോദ്യം:‘നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു’ എന്ന് അല്ലാഹു പറഞ്ഞത് ഏത് അമുസ്‍ലിമായ വ്യക്തിയോടുളള നബിﷺയുടെ സ്നേഹത്തെ കുറിച്ചായിരുന്നു?
ഉത്തരം: അബൂത്വാലിബ്
സ്നേഹം, ഇഷ്ടം, വെറുപ്പ്, വിദ്വേഷം എന്നിവ മനുഷ്യനില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന അന്തര്‍ലീന ഗുണങ്ങളാണ്. ഒരു പിഞ്ചുകുഞ്ഞ് ഈ ലോകത്ത് പിറന്നുവീഴുന്ന നിമിഷത്തില്‍, മുലപ്പാലിന്റെ രുചിയെക്കുറിച്ചോ അതിലൂടെ വിശപ്പടക്കാമെന്ന സത്യത്തെക്കുറിച്ചോ ആ കുഞ്ഞിന് യാതൊരു ബോധവുമില്ല. എന്നാല്‍, കരയുന്ന കുഞ്ഞ് അനുഭവത്തിലൂടെയാണ് മുലപ്പാല്‍ നുകര്‍ന്നു വിശപ്പടക്കാമെന്ന് മനസ്സിലാക്കുന്നത്. അങ്ങനെ ആ കുഞ്ഞ് ആദ്യമായി മുലപ്പാലിന്റെ മാധുര്യം ആസ്വദിക്കുന്നു. ഈ അനുഭവം, മുലപ്പാലിനോടും അത് നല്കുന്ന അമ്മയോടും കുഞ്ഞില്‍ സ്വാഭാവികമായൊരു ഇഷ്ടവും സ്നേഹവും വളര്‍ത്തുന്നു. തുടര്‍ന്ന് വിശപ്പ് അനുഭവപ്പെടുന്ന ഓരോ തവണയും ആ കുഞ്ഞ് ആ സ്നേഹത്തിന്റെ ഉറവയായ മുലപ്പാലിനായി കരയുന്നത് നാം കാണുന്നു.
ഇതുപോലെയാണ് ഏതൊരു വസ്തുവിനോടും അല്ലെങ്കില്‍ വ്യക്തിയോടും ഇഷ്ടവും സ്നേഹവും ജനിക്കുന്നത്, അവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന സമ്പര്‍ക്കങ്ങളും അനുഭവങ്ങളും അറിവുകളും കൂടി മനുഷ്യന്റെ മനസ്സില്‍ ആ സ്നേഹം മുളച്ചുയരുന്നു. ഇത് മനുഷ്യന്റെ ഫിത്റത്തില്‍ ആഴത്തില്‍ ലയിച്ചിരിക്കുന്ന ഒരു സ്വാഭാവിക സവിശേഷതയാണ്. ഒരു വ്യക്തിയോടുള്ള ഈ പ്രകൃതിപരമായ സ്നേഹത്തെ അംഗീകരിച്ചുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: “നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗത്തിലാക്കുകയില്ല.” (ഖസസ്: 56) ദീനീയായ സ്നേഹത്തെ കുറിച്ചല്ല അല്ലാഹു ഈ ആയത്തില്‍ സംസാരിക്കുന്നത്. മറിച്ച്, ഇത് പ്രകൃതിപരമായ സ്നേഹമാണ്, മനുഷ്യന്റെ ഫിത്റത്തില്‍ ആഴത്തില്‍ ലയിച്ചിരിക്കുന്ന ഒരു സ്വാഭാവിക വികാരം. അത്തരം സ്നേഹം മനുഷ്യന്റെ ഹൃദയത്തില്‍ അനുഭവങ്ങളിലൂടെയും അറിവിലൂടെയും സ്വാഭാവികമായാണ് രൂപംകൊള്ളുന്നത്. ഈ സ്വഭാവസ്നേഹത്തെ അംഗീകരിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്തിലൂടെ സംസാരിച്ചിരിക്കുന്നത്.
ഇസ്ലാമില്‍ രണ്ട് തരം സ്നേഹത്തെ കുറിച്ച് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേത് ദീനിയായ (മതപരമായ) സ്നേഹം; ഇത് പൊതുവെ വലാഇന്റെയും ബറാഇന്റെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കൂടുതലായി വിശദീകരിക്കപ്പെടുന്നത്. രണ്ടാമത്തേത് ത്വബീഇയ്യായ (പ്രകൃതിപരമായ) സ്നേഹം; ഒട്ടുമിക്ക പണ്ഡിതന്മാരും ഈ സ്നേഹത്തെ വലാഇന്റെയും ബറാഇന്റെയും ചര്‍ച്ചകളില്‍ പ്രത്യേകിച്ച് വിശദീകരിക്കാറില്ല. എന്നാല്‍ ചുരുക്കം ചില പണ്ഡിതന്മാര്‍ ഈ സ്നേഹത്തെ വേര്‍തിരിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ പ്രകൃതിപരമായ സ്നേഹം ദീനിയായ സ്നേഹവുമായി കലരാതിരിക്കണമെന്നതാണ് അതിനുളള കാരണം. ഇസ്ലാം ഈ പ്രകൃതിപരമായ സ്നേഹത്തിന്റെ നിലനില്പിനെ നിഷേധിക്കുന്നില്ല, അതുപോലെ അത് പ്രകടിപ്പിച്ചതിനാല്‍ ഒരു കുറ്റമോ പാപമോ ഉണ്ടാകുമെന്നും പഠിപ്പിക്കുന്നില്ല. അത് മനുഷ്യന്റെ സ്വാഭാവിക വികാരത്തിന്റെ ഭാഗമാണ്.
അമുസ്‌ലിമായ അബൂത്വാലിബിനെ സംബന്ധിച്ച് അവതരിച്ച ആയത്തിനെ കുറിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹിമഹുല്ലാഹ്) വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
“അല്ലാഹു പറഞ്ഞു: ‘നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗത്തിലാക്കുകയില്ല.’” തഫ്‌സീര്‍ ജലാലൈനില്‍ ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം; ‘താങ്കള്‍ ഇഷ്ടപ്പെടുന്ന ഹിദായത്തിനെ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല’ എന്നതാണ്. എന്നാല്‍, ശരിയായ അര്‍ത്ഥം ‘താങ്കള്‍ സ്നേഹിക്കുന്നവര്‍ക്ക്’ എന്നായിരിക്കണം. തഫ്‌സീര്‍ ജലാലൈനിലെ മുഫസ്സിര്‍ ഈ വിധത്തിലുള്ള അര്‍ത്ഥം നല്‍കിയതിന്റെ കാരണം: അല്ലാഹുവിന്റെ റസൂല്‍ ﷺ ഒരിക്കലും ഒരു അമുസ്‍ലിമിനെ ഹൃദയത്തില്‍ നിന്ന് ഇഷ്ടപ്പെടുകയില്ലല്ലോ; കാരണം, ഒരു വിശ്വാസിക്ക് അമുസ്‌ലിംകളെ ഇഷ്ടപ്പെടാന്‍ പാടില്ല. അതുകൊണ്ടാണ് അവര്‍ ‘താങ്കള്‍ ഇഷ്ടപ്പെടുന്നവനെ’ എന്ന പദം ‘ഇഷ്ടപ്പെടുന്ന ഹിദായത്തിനെ’ എന്ന അര്‍ത്ഥത്തിലായി വിശദീകരിച്ചത്. എന്നാല്‍, ത്വബീഇയ്യായ സ്നേഹം (പ്രകൃതിപരമായത്) ഒരിക്കലും ഈമാനിന് എതിരാകുന്ന ഒന്നല്ല. ഉദാഹരണത്തിന്, ഒരാള്‍ തന്റെ ബന്ധുവിനോടോ കുടുംബകാരനോടോ അമുസ്‌ലിം ആണെങ്കിലും സ്നേഹം തോന്നാം. അത് ഒരു അമ്മ മകനെ സ്നേഹിക്കുന്നതുപോലെ പ്രകൃതിപരമായതാണ്. ഒരു മുസ്‍ലിമിന്റെയും ഒരു അമുസ്‍ലിമിന്റെയും ഇടയില്‍ ദീനിയായ സ്നേഹമാണ് (മതപരമായ സ്നേഹം) അനുവദനീയമല്ലാത്തത്. കാരണം, അത് മതത്തിന്റെ പേരിലുള്ള സ്നേഹമാണ്. അല്ലാഹു പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി നീ കാണുകയില്ല; അവര്‍ അവരുടെ പിതാക്കളായാലും, പുത്രന്മാരായാലും, സഹോദരങ്ങളായാലും.” (മുജാദിലഃ : 22)
(അവലംബം: തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം, സൂറത്തുല്‍ ഖസസ് തഫ്സീര്‍)
കിതാബു തൌഹീദിന്റെ ശര്‍ഹില്‍ ശൈഖ് സ്വാലിഹ് അല്‍ഫൌസാന്‍ (ഹഫിളഹുല്ലാഹ്) അതേ ആയത്തിനെ വിശദീകരിച്ചു ഇങ്ങനെ എഴുതി: “സ്നേഹം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പ്രകൃതിപരമായ സ്നേഹമാകുന്നു. മതപരമായ സ്നേഹമല്ല അത്, മുശ്‍രികിനോട് അനുവദിക്കപ്പെടാത്ത സ്നേഹമാണത്. അല്ലാഹു പറഞ്ഞു: “അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായിട്ട് സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുക്കളോ ആരായാലും ശരി.” (മുജാദിലഃ : 22) പ്രകൃതിപരമായ സ്നേഹമാകട്ടെ, അത് മതപരമായ സ്നേഹത്തില്‍ ഉള്‍പ്പെടുന്നില്ല.”
സ്നേഹം (മഹബ്ബത്ത്) വിലായത്തില്‍ പെട്ടതാണോ? എന്ന ചോദ്യത്തിന് ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ (റഹിമഹുല്ലാഹ്) യഹൂദരെയും നസ്വാറാക്കളെയും “ഔലിയാക്കളാക്കരുത്” എന്ന് അല്ലാഹു കല്പിച്ചിട്ടുളള ഭാഗത്തെ വിശദീകരിച്ചുകൊണ്ട് നല്‍കിയ മറുപടിയുണ്ട്. സ്നേഹം മുനാസ്വറയിലേക്കുളള വസീലയാണ്. ഒരു വ്യക്തിയെ സ്നേഹിച്ചാല്‍ സ്വാഭാവികമായി അവനെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക മനുഷ്യന്റെ സ്വഭാവമാണ്. പ്രകൃതിപരമായ സ്നേഹം ഈ വിലായത്തിലോ മുനാസ്വറയിലോ ഉള്‍പ്പെടുന്നില്ല. അതിനെല്ലാം ഇസ്ലാമില്‍ വിലക്കുമില്ല. കാരണം, അത് മതപരമായ സ്നേഹം അല്ല; പ്രകൃതിപരമായ മാനുഷികബന്ധമാണ് അതിലുളളത്. അല്ലാഹു യഹൂദരിലോ നസ്വാറാക്കളിലോ പെട്ട സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു.
ഭര്‍ത്താവും ഭാര്യയും തമ്മില്‍ സ്വാഭാവികമായും സ്നേഹവും കരുണയും ഉണ്ടാവുന്നത് അറിയപ്പെടുന്ന സത്യമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: “നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ അവന്‍ സൃഷ്ടിച്ചു തന്നിട്ടുണ്ട്; നിങ്ങള്ക്കിടയില്‍ അവന്‍ സ്നേഹവും കരുണയും ഏര്‍പ്പെടുത്തിയിരിക്കുന്നു.” (റൂം: 21)
(അലവംബം: ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍(റഹിമഹുല്ലാഹ്), തഫ്സീറുല്‍ ക്വുര്‍ആനില്‍ കരീം, മാഇദഃ 51)
വിലായത്തും ദീനിയായ മഹബ്ബത്തും മതത്തിന്റെ പേരിലുള്ള ബന്ധങ്ങളാണ്; എന്നാല്‍ പ്രകൃതിപരമായ സ്നേഹം അതില്‍ ഉള്‍പെടുന്നില്ല. ഇത് ഒരുപക്ഷേ മതപരമായ കടമകളെ ബാധിക്കാത്ത മനുഷ്യന്റെ സ്വാഭാവിക വികാരമാണെന്നതിലാണ് ഇസ്ലാമിന്റെ സൗന്ദര്യം.
സൂറത്തുല്‍ നിസാഇലെ 147-ാം ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹിമഹുല്ലാഹ്) മികച്ചൊരു ഉദാഹരണം മുന്നോട്ട് വെയ്ക്കുന്നു. ഒരു അമുസ്‍ലിം ഡോക്ടര്‍ ഒരു മുസ്‌ലിം രോഗിയെ ചികിത്സിക്കുന്നു എന്ന് ധരിക്കുക. ആ ചികിത്സ അല്ലാഹുവിന്റെ അനുമതിയോടുകൂടി ഫലപ്രദമാകുകയും രോഗി പൂര്‍ണമായി സുഖം പ്രാപിക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യത്തില്‍ ആ രോഗിയുടെ ഹൃദയത്തില്‍ ആ ഡോക്ടറോട് ഒരു തരം സ്നേഹമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സ്നേഹം മതപരമായ സ്നേഹത്തിന്റെ പരിധിയിലേക്കു വരുന്നതല്ല. ഇത് വെറും പ്രകൃതിപരമായ, മനുഷ്യന്റെ സ്വഭാവത്തില്‍ നിന്നും ഉരുത്തിരിയുന്ന സ്നേഹമാണ്. ഒരു വ്യക്തി മറ്റൊരാള്‍ക്കു നന്മ ചെയ്താല്‍, അവന്റെ ഹൃദയത്തില്‍ ആ വ്യക്തിയോടു നന്ദിയും സൗഹൃദവും തോന്നുന്നത് സാധാരണ മനുഷ്യ വികാരമാണ്. ഇത് ഇസ്ലാമില്‍ നിരോധിക്കപ്പെട്ടിട്ടില്ല. പക്ഷേ, അതിനെ ഒരിക്കലും മതപരമായ വലാഇന്റെ (ദീനിയായ സ്നേഹബന്ധം) സ്ഥാനത്തേക്കു ഉയര്‍ത്താന്‍ പാടില്ല.
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിഹഹുല്ലാഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ സില്‍സിലത്തു ശര്‍ഹു റസാഇല്‍ എന്ന കൃതിയില്‍ സ്നേഹവുമായി ബന്ധപ്പെട്ട ഒരു അതീവ സൂക്ഷ്മമായ വിഷയത്തെ വിശദീകരിക്കുന്നു. ഒരു വ്യക്തി തന്റെ വേദക്കാരിയായ ഭാര്യയെ (അഹ്‌ലുല്‍ കിതാബില്‍പ്പെട്ടവളെ) സ്നേഹിക്കുന്നതിലൂടെ വലാഇന്റെയും ബറാഇന്റെയും തത്വങ്ങളെ ലംഘിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി, ശൈഖ് പറയുന്നു: “അല്ലാഹു പറഞ്ഞു: ‘യഹൂദികളെയും നസ്വാറാക്കളെയും നിങ്ങള്‍ ഔലിയാക്കളായി സ്വീകരിക്കരുത്’ (സൂറത് അല്‍ മാഇദഃ: 51). അതായത്, അവരെ സ്നേഹിക്കരുത്, അവരെ കൂട്ടാളികളായി കരുതരുത്, അവരെ സഹായിക്കരുത്. യഹൂദികളിലോ നസ്വാറികളിലോ പെട്ട സ്ത്രീകളെ വിവാഹം ചെയ്യുന്നത് ദുനിയവിയായ ഒരു ഇടപാടാണ്; അത് ദീനിയായ ബന്ധമല്ല. ഒരു മുസ്‌ലിം വ്യാപാരബന്ധത്തിലൂടെ അവരുമായി വില്‍പന, വാങ്ങല്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തുന്നതുപോലെയാണ് ഇത്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഇടയില്‍ ഉണ്ടാകുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമാണ്. അത് ദീനിയായ സ്നേഹമല്ല. ഭര്‍ത്താവ് തന്റെ ഭാര്യയെ സ്നേഹിക്കുന്നത് മതത്തിന്റെ പേരില്‍ അല്ല, മറിച്ച് ബന്ധത്തിന്റെ സ്വാഭാവികതയുടെ പേരിലാണ്.
അതിനാല്‍ വേദക്കാരിയായ, അമുസ്‍ലിം ഭാര്യയോടുളള ഇത്തരത്തിലുള്ള സ്നേഹം വലാഇന്റെയും ബറാഇന്റെയും പരിധിയിലേക്കു വരുന്നില്ല.
പ്രകൃതിപരമായ സ്നേഹം അമുസ്‍ലിംകളോട് നിരുപാധികം പാടില്ല എന്ന ഹുക്‍മ് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും അല്ലാഹു വിശ്വാസികള്‍ക്ക് വേദക്കാരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം നല്കുകയില്ല. ഇവിടെ അല്ലാഹു അങ്ങനെ വേദക്കാരെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നതോടുകൂടി ഈ പ്രകൃതിപരമായ സ്നേഹം ഇസ്‍ലാം ഒരു മുസ്‍ലിമിന് വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അമുസ്‍ലിംകളോട് നിരുപാധികം സ്നേഹം പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്ന തീവ്രമായ ആശയം പ്രചരിപ്പിക്കുന്നവര്‍ അത് അവസാനിപ്പിക്കണം.
നമ്മുടെ രാജ്യത്ത് രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ തുടങ്ങി ജീവിതത്തിന്റെ നിരവധി രംഗങ്ങളിലായി പല തരത്തിലുള്ള നന്മകളും മൂല്യങ്ങളുമാണ് പ്രചരിക്കപ്പെടുന്നത്. ആ നന്മകള്‍ പ്രചരിപ്പിക്കുന്നവരോടുള്ള, പ്രത്യേകിച്ച് അതില്‍ ഭാഗമാകുന്ന അമുസ്‍ലിം വ്യക്തികളോടുള്ള പരസ്പരബന്ധത്തില്‍ പ്രകൃതിപരമായ സ്നേഹം ജനിക്കുന്നത് പൂര്‍ണമായും സ്വാഭാവികമായ കാര്യമാണ്. അല്ലാഹു തന്നെ മനുഷ്യന്‍റെ ഫിത്റത്തിലേക്ക് ഇത്തരത്തിലുള്ള വികാരങ്ങള്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. അതുകൊണ്ട്, അവരുടെ നല്ല പ്രവൃത്തികള്‍ക്കും സമൂഹത്തിനുള്ള സംഭാവനകള്‍ക്കുമെതിരെ ഹൃദയത്തില്‍ സ്‌നേഹവും ബഹുമാനവും തോന്നുന്നത് അല്ലാഹു അനുവദിച്ച പരിധിയ്ക്കുള്ള സ്വാഭാവിക പ്രതികരണമാണ്. അതുകൊണ്ട് തന്നെ, ഇത്തരത്തിലുള്ള സ്വാഭാവിക സ്‌നേഹം ഒരിക്കലും നിഷേധിക്കപ്പെടുന്ന ഒന്നല്ല. ഇത് ഖിയാമത്തു നാളുവരെ നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അല്ലാഹുവിന്റെ തീരുമാനത്തിന് എതിരായി അതിനെ തേച്ചുമാച്ചുകളയാന്‍ ഏതൊരു അതിവാദിക്കും സാധ്യമല്ലതന്നെ.
