ശഅ്ബാന്‍: അവഗണിക്കപ്പെടുന്ന ഒരു മാസം

അന്‍വര്‍ അബൂബക്കര്‍

Last Update 4 February 2026, 16 Shaʻban, 1447 AH

ചോദ്യം: റമദാന്‍ കഴിഞ്ഞാല്‍ പിന്നീട് മുഹമ്മദ് നബിﷺ ഏറ്റവും അധികമായി നോമ്പ് അനുഷ്ഠിച്ചിരുന്ന മാസം ഏതാണ്?

ഉത്തരം: ശഅ്ബാന്‍ മാസം

ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅ്ബാന്‍. റജബ്–റമദാന്‍ മാസങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ മാസം പലരും അവഗണിക്കാറാണ് പതിവ്. എന്നാല്‍ നബിﷺ ഈ മാസത്തിന് നല്‍കിയ പ്രാധാന്യം വളരെ വലുതാണ്. മനുഷ്യരുടെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്ന മാസം ശഅ്ബാനാണെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ആരാധനയിലും ആത്മീയ തയ്യാറെടുപ്പിലും ഈ മാസം ഒരു പ്രത്യേക ഘട്ടമായി പരിഗണിക്കപ്പെടണം.

അതുകൊണ്ടാണ് റമദാന്‍ ഒഴികെ മറ്റേതൊരു മാസത്തിലും കാണാത്തവിധം നബിﷺ ശഅ്ബാന്‍ മാസത്തില്‍ അധികമായി നോമ്പ് അനുഷ്ഠിച്ചിരുന്നത്. വരാനിരിക്കുന്ന റമദാന്‍ മാസത്തിന് ആത്മീയമായി തയ്യാറെടുക്കുന്നതിനുള്ള ഒരു പരിശീലന കാലമായി ശഅ്ബാനെ നബിﷺ മാറ്റിയിരുന്നു. അതിനാല്‍ തന്നെ, വിശ്വാസികള്‍ ശഅ്ബാന്‍ മാസത്തെ അനാസ്ഥയോടെ ഉപേക്ഷിക്കാതെ നോമ്പ്, ദുആ, ഇസ്തിഗ്ഫാര്‍ തുടങ്ങിയ ആരാധനകള്‍ വര്‍ദ്ധിപ്പിച്ച് റമദാനിലേക്കുള്ള മനസ്സും ജീവിതവും ശുദ്ധീകരിക്കുന്നതിനുള്ള ഒരു അവസരമായി ഉപയോഗിക്കേണ്ടതാണ്.

ഉസാമ ബിന്‍ സൈദ്‌ (റളിയല്ലാഹു അന്‍ഹു) പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ ശഅബാന്‍ മാസത്തില്‍ അവിടുന്ന് നോമ്പ് എടുക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും നോമ്പ് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ പരിഗണിക്കാതെ അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ (നസാഇ, അല്‍ബാനി(റഹിമഹുല്ലാഹ്) ഹസനെന്ന് വിശേഷിപ്പിച്ച ഹദീഥ്)

നബിﷺയുടെ ആരാധനകളും ഇടപാടുകളും, ജീവിതത്തിന്റെ എല്ലാ മേഖലകളും സഹാബികള്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധ നോമ്പുകളും സുന്നത്ത് നോമ്പുകളും ഉള്‍പ്പെടെ, അദ്ദേഹത്തിന്റെ നോമ്പനുഷ്ഠാനം അവര്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞത്, അതില്‍ നിന്ന് പഠിക്കാനും പിന്തുടരാനുമാണ്.

ഈ ഹദീഥില്‍ ഉസാമ ബിന്‍ സൈദ് (റളിയല്ലാഹു അന്‍ഹു) പറയുന്നു: “അല്ലാഹുവിന്റെ റസൂലേ, റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ ശഅബാന്‍ മാസത്തില്‍ അവിടുന്ന് നോമ്പ് എടുക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും നോമ്പ് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ.” എന്തുകൊണ്ടാണ് അത്? എന്നര്‍ത്ഥം. അഥവാ, വര്‍ഷത്തിലെ മറ്റ് മാസങ്ങളില്‍ സുന്നത്ത് നോമ്പ് ഇത്രയും അധികമായി അനുഷ്ഠിക്കാറില്ലല്ലോ എന്നതാണ് സൂചിപ്പിക്കുന്നത്. ശഅ്ബാന്‍ മാസത്തിലെ നബിﷺയുടെ നോമ്പനുഷ്ഠാനത്തെക്കുറിച്ച് ഹദീഥ് ഗ്രന്ഥങ്ങളില്‍ ആഇശ (റളിയല്ലാഹു അന്‍ഹ) നിവേദനം ചെയ്ത ഹദീസ് ഇതിന് സാക്ഷ്യമാണ്: “നബിﷺ നോമ്പ് എടുക്കുമ്പോള്‍, ‘ഇനി അദ്ദേഹം നോമ്പ് ഉപേക്ഷിക്കുകയില്ല’ എന്ന് ഞങ്ങള്‍ കരുതുമായിരുന്നു; നോമ്പ് ഉപേക്ഷിക്കുമ്പോള്‍, ‘ഇനി അദ്ദേഹം നോമ്പ് പിടിക്കുകയില്ല’ എന്നും ഞങ്ങള്‍ കരുതുമായിരുന്നു. എന്നാല്‍ റമദാന്‍ ഒഴികെ ഒരു മാസവും പൂര്‍ണ്ണമായി നോമ്പ് അനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല; ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് ഏറ്റവും കൂടുതല്‍ നോമ്പ് അനുഷ്ഠിച്ചിരുന്നത്.”

അപ്പോള്‍ നബിﷺ ഉസാമ (റളിയല്ലാഹു അന്‍ഹു)വിനോട് തന്റെ നോമ്പനുഷ്ഠാനത്തിന്റെ കാരണം വിശദീകരിച്ചുകൊണ്ട് പറഞ്ഞതില്‍ കാണാം: “അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്.” അഥവാ, മനുഷ്യരുടെ നന്മകളും തിന്മകളും, അനുസരണവും അനുസരണക്കേടും ഉള്‍പ്പടെയുള്ള എല്ലാ പ്രവൃത്തികളും ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതിനാല്‍ തന്നെ, ഈ മാസത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം നന്മയുള്ളവയായിരിക്കണം. “ അതുകൊണ്ട് നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നും നബിﷺ പറഞ്ഞു. അഥവാ, അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമുള്ള ആരാധനകളില്‍ ഒന്നാണ് നോമ്പ് എന്നതുകൊണ്ടോ, അല്ലെങ്കില്‍ സല്‍പ്രവൃത്തികളില്‍ നോമ്പ് കൂടി ചേര്‍ന്നാല്‍ അവയുടെ മഹത്വം വര്‍ദ്ധിക്കുകയും, അവ പരിപൂര്‍ണമായി അല്ലാഹുവിനുവേണ്ടിയുള്ളവയാണെന്ന് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യുന്നതിനാലാണ് നബിﷺ ഇങ്ങനെ ആഗ്രഹിച്ചത്.

ശഅ്ബാന്‍ മാസത്തില്‍ അല്ലാഹുവിങ്കലേക്ക് ഉയരേ‍ത്തപ്പെടുന്ന ‘കര്‍മ്മങ്ങള്‍’ എന്നതിലൂടെ ഉദ്ദേശിക്കുന്നത് ഒരു വര്‍ഷം മുഴുവന്‍ മനുഷ്യര്‍ ചെയ്ത പ്രവര്‍ത്തനങ്ങളാണെന്ന് ചില പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അബൂമൂസ അല്‍അശ്അരി (റളിയല്ലാഹു അന്‍ഹു) രിവായത്ത് ചെയ്യുന്ന സ്വഹീഹായ ഹദീഥിലൂടെ, അല്ലാഹുവിലേക്ക് രാത്രിയിലെ പ്രവൃത്തികള്‍ പകലിലെ പ്രവൃത്തികള്‍ക്കുമുമ്പും, പകലിലെ പ്രവൃത്തികള്‍ രാത്രിയിലെ പ്രവൃത്തികള്‍ക്കുമുമ്പും ഉയര്‍ത്തപ്പെടുന്നുവെന്ന് അറിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ഓരോ ആഴ്ചയിലെയും പ്രവൃത്തികള്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത് മനുഷ്യന്റെ കര്‍മ്മങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ സമഗ്രമായി ഉയര്‍ത്തപ്പെടുന്നതായും, ദിവസേനയോ ആഴ്ചയിലോ ആയി വിശദമായി ഉയര്‍ത്തപ്പെടുന്നതായും വ്യാഖ്യാനിക്കാം; അല്ലെങ്കില്‍ അതിന്റെ വിപരീതരീതിയിലും അര്‍ത്ഥമാക്കാം. അങ്ങനെ, കര്‍മ്മങ്ങള്‍ ഒന്നിലധികം ഘട്ടങ്ങളിലായി ഉയര്‍ത്തപ്പെടുന്നു എന്ന് മനസ്സിലാക്കാം. ഓരോ ഘട്ടത്തിലും പ്രത്യേകം ജ്ഞാനപൂര്‍ണ്ണമായ കാരണങ്ങളുണ്ടാകും; അവയില്‍ ചിലത് അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു വെളിപ്പെടുത്തുകയും, ചിലത് തന്റെ അറിവിലേക്കു മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എങ്കിലും മനുഷ്യരുടെ ഏതൊരു പ്രവൃത്തിയും അല്ലാഹുവില്‍ നിന്ന് മറഞ്ഞുപോകുന്നില്ലെന്നത് സത്യമാണ്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ