ഇസ്‌ലാമും ഭൂകമ്പങ്ങളും
അൻവർ അബൂബക്കർ
Last Update 2023 Februvary 22, 2 Shaʻban, 1444 AH
ഭൂകമ്പങ്ങൾ ഏറ്റവും ശക്തവും വിനാശകരവുമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്. ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഭയത്തിനും കാരണമാകുന്നു. അവ മനുഷ്യജീവിതത്തിന്റെ ദുർബലതയും നിസ്സാഹയതയും ഓർമപ്പെടുത്തുന്നുണ്ട്. ഭൂകമ്പങ്ങളെ ഒരു പ്രധാന ദൃഷ്ടാന്തവും പരീക്ഷണവുമായിട്ടാണ് വിശ്വാസികൾ കാണുന്നത്. അല്ലാഹു സർവജ്ഞനാണ്. അവൻ ഉദ്ദേശിക്കുന്നതിലും വിധിക്കുന്നതിലും നന്മയുണ്ട്. അല്ലാഹു അവന്റെ അടിമകളെ ഭയപ്പെടുത്താനും അവനോടുള്ള അവരുടെ ബാധ്യതകളും കടമകളും ഓർമിപ്പിക്കാനും പാപങ്ങൾ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകാനും വിവിധങ്ങളായ ദൃഷ്ടാന്തങ്ങൾ അയക്കാറുണ്ട്. അല്ലാഹു പറഞ്ഞു: ‘...ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും’ (ക്വുർആൻ 17: 59).
അമാനി മൗലവി(റഹി) ഇതിനെ വിശദീകരിക്കുന്നത് കാണുക: ‘ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങൾക്കു ഭയപ്പാടുണ്ടാക്കുകയല്ലാതെ മറ്റൊന്നുമല്ലെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അഥവാ സത്യത്തിന്റെ സ്ഥാപനത്തിനു വേണ്ടിയോ, നിർബന്ധപൂർവം ജനങ്ങളെ വിശ്വസിപ്പിക്കുകയോ അല്ല, അല്ലാഹുവിനെക്കുറിച്ചു ഭയവും ബോധവും ഉണ്ടായിത്തീരുകയും അങ്ങനെ സത്യത്തിലേക്കു മടങ്ങുവാൻ പ്രേരണ ലഭിക്കുകയുമാണു ദൃഷ്ടാന്തം കൊണ്ടുദ്ദേശ്യം’ (അമാനി മൗലവിയുടെ വിശുദ്ധ ക്വുർആൻ വിവരണത്തിൽനിന്ന്).
ക്വുർആനിൽ, ഭൂകമ്പങ്ങളെക്കുറിച്ചു പറഞ്ഞ് അല്ലാഹുവിന്റെ കഴിവിനെക്കുറിച്ചും ലോകാവസാനത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുമുള്ള ചിന്ത വളർത്തുന്നുണ്ട്.
ഉദാ: “ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ-അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങൾ പുറം തള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ. അന്നേദിവസം അത് (ഭൂമി) അതിന്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നൽകിയത് നിമിത്തം’ (ക്വുർആൻ 99:1-5).
അന്ത്യനാളിലെ അതിഭയാനകമായ സംഭവങ്ങളെക്കുറിച്ചാണ് മുകളിൽ പറയുന്നത്. ഇത് അല്ലാഹുവിന്റെ ശക്തിയുടെ അടയാളവും ന്യായവിധിനാളിനെ കരുതിയിരിക്കാനുളള സൂചനയുമാണ്. അത് സംഭവിക്കുന്നതിന് മുമ്പുളള ചെറിയ അടയാളമായി പ്രവാചകൻ ﷺ ഭൂകമ്പങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: ‘അറിവ് ഉയർത്തപ്പെടുക, ഭൂകമ്പങ്ങൾ വർധിക്കുക, കാലം അടുക്കുക, കുഴപ്പങ്ങൾ പ്രകടമാവുക, കൊലപാതകം വർധിക്കുക, ഒഴുകുന്ന രൂപത്തിൽ നിങ്ങളിൽ സമ്പത്ത് അധികരിക്കുക എന്നിവ ഉണ്ടാകുംവരെ അന്ത്യനാൾ സംഭവിക്കുകയില്ല’ (ബുഖാരി).
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂകമ്പങ്ങളുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ടെന്നാണ് സീസ്‌മോളജി (ഭൂകമ്പശാസ്ത്രം) പഠനങ്ങൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും ശരാശരി ഏഴ് അല്ലെങ്കിൽ അതിൽ കൂടുതൽ മാഗ്‌നിറ്റിയൂഡിലുളള പതിനഞ്ചോളം ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാസ്തവത്തിൽ ഇത് ഈ പ്രപഞ്ചത്തിലെ, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളിലൊന്നാണ്. ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യന്റെ ബലഹീനതയും കഴിവില്ലായ്മയും അല്ലാഹുവിന്റെ മുമ്പാകെയുള്ള എളിമയും പ്രകടിപ്പിക്കാൻ മനുഷ്യന് സാധിക്കണം. അങ്ങനെ അവൻ അല്ലാഹുവിലേക്ക് തിരിയുകയും അവനെ മഹത്ത്വപ്പെടുത്തുകയും ഈ വലിയ ദുരിതം ജനങ്ങളിൽനിന്ന് നീങ്ങിക്കിട്ടുവാനായി പ്രതീക്ഷയോടെ പ്രാർഥിക്കുകയും വേണം.
ഏതൊരു പ്രയാസഘട്ടത്തിലും അല്ലാഹുവിൽനിന്നുള്ള സംരക്ഷണവും കാരുണ്യവും പാപമോചനവും ലഭിക്കുന്നതിനുളള ഒരു മാർഗമായി പ്രാർഥനയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ ലോകത്തിന്റെ വ്യവസ്ഥാപിതമായ നിയന്ത്രണം സർവശക്തനായ അല്ലാഹുവിന്റെ കൈകളിലാണ്. അതുകൊണ്ട് നമ്മുടെ പ്രാർഥകൾ അവനിലേക്ക് മാത്രം തിരിയൽ അനിവാര്യമാണ്. ദുരിതത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ സമയത്ത് സഹായത്തിനായി അല്ലാഹുവിലേക്ക് തിരിയാനുള്ള ഈ മാർഗം സ്വീകരിക്കുമ്പോൾ ഒരാളുടെ വിശ്വാസം അതുവഴി വർധിക്കുകയും അത് അവനെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യും. കൂടാതെ പാപങ്ങളിൽനിന്നും പശ്ചാത്തപിച്ചുകൊണ്ട് അല്ലാഹുവിലേക്ക് തിരിയുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാനും ഈ സമയം അവന് സാധിക്കും.
പ്രകൃതിദുരന്തങ്ങൾ അടിമകൾ ചെയ്യുന്ന പാപങ്ങളുടെ ശിക്ഷയുടെ കാരണമായും ഇസ്‌ലാം പറഞ്ഞുതരുന്നുണ്ട്. അല്ലാഹു പറഞ്ഞു: ‘പറയുക, നിങ്ങളുടെ മുകൾ ഭാഗത്തുനിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടിൽനിന്നോ നിങ്ങളുടെ മേൽ ശിക്ഷ അയക്കുവാൻ, അല്ലെങ്കിൽ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളിൽ ചിലർക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാൻ കഴിവുള്ളവനത്രെ അവൻ’ (ക്വുർആൻ 6: 65)
ജാബിറുബ്‌നു അബ്ദില്ലാഹ്(റ) നിവേദനം: ‘നിങ്ങളുടെ മുകൾ ഭാഗത്തുനിന്ന് നിങ്ങളിൽ വല്ല ശിക്ഷയും അയക്കുവാൻ അവൻ കഴിവുള്ളവനാണെന്നു പറയുക’ എന്ന ഭാഗം അവതരിച്ചപ്പോൾ നബി ﷺ പ്രാർഥിച്ചു: ‘(അല്ലാഹുവേ) നിന്റെ മുഖത്തെ ഞാനിതാ അഭയം പ്രാപിച്ചുകൊള്ളുന്നു.’ ‘നിങ്ങളുടെ കാലുകളുടെ താഴെനിന്ന് അയക്കുവാനും കഴിവുള്ളവനാണ്’ എന്ന ഭാഗം അവതരിച്ചപോഴും നബി ﷺ പ്രാർഥിച്ചു: ‘(അല്ലാഹുവേ) നിന്റെ മുഖത്തെ ഞാനിതാ അഭയം പ്രാപിച്ചുകൊള്ളുന്നു’ (ബുഖാരി).
ശൈഖ് അബ്ദുർറഹ്‌മാൻ നാസ്വിർ അസ്സഅ്ദി(റഹി) വിശദീകരിച്ചു: ‘അവന് (അല്ലാഹുവിന്) അതെല്ലാം ചെയ്യാൻ കഴിയും. അതിനാൽ നിങ്ങൾക്ക് നാശവും അധഃപതനവും വരുത്തുന്ന ഒരു ശിക്ഷ ഉണ്ടാകാതിരിക്കാൻ പാപത്തിൽ തുടരുന്നത് നിങ്ങൾ സൂക്ഷിക്കുക. തനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് അവൻ പ്രസ്താവിക്കുന്നുണ്ടെങ്കിലും, തന്റെ കാരുണ്യത്താൽ മുകളിൽനിന്നും ചരൽവർഷമോ അല്ലെങ്കിൽ അതുപോലെയുള്ളതോ ആയ ശിക്ഷയും, അവരുടെ കാൽക്കീഴിൽ ഭൂമിയിലേക്ക് ആഴ്ത്തിക്കളയുന്ന ശിക്ഷയും ഈ സമുദായത്തെ ആകമാനം ബാധിക്കുന്നതിൽനിന്നും അവൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അവൻ ശിക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന ചിലരെ അവൻ ശിക്ഷിച്ചേക്കാം; അതിനായി ഒരു ശിക്ഷയെന്നോണം അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന ശത്രുക്കൾക്ക് ഈ ദുനിയാവിൽ അൽപം ചില അധികാരങ്ങളും നൽകിയേക്കാം. അത് ജനങ്ങൾ കാണാനും പഠിക്കാനും അറിവുള്ളവർക്കത് ഗ്രഹിച്ചുമനസ്സിലാക്കാനുമാണ്’ (തഫ്‌സീർ അസ്സിഅ്ദി, സൂറതുൽ അൻആം 65ന്റെ വ്യാഖ്യാനം).
ഈ കാലഘട്ടങ്ങളിൽ സംഭവിക്കുന്ന ഭൂകമ്പങ്ങളെല്ലാം അല്ലാഹു തന്റെ ദാസൻമാരെ താക്കീതു ചെയ്തുകൊണ്ടുളള മുന്നറിയിപ്പുകളാണെന്നു പറയാം. ദോഷകരവും നാശകരവുമായ അത്യാപത്തുകൾ മനുഷ്യർക്ക് ഭവിക്കുന്നത് അല്ലാഹു പറയുന്നതുപോലെ ശിർക്കിന്റെയും ഇതര പാപങ്ങളുടെയും കാരണമായിട്ടാണ്. അല്ലാഹു പറഞ്ഞു: “നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു’’ (ക്വുർആൻ 42:30).
മനുഷ്യരുടെ ശരീരവും സമ്പത്തും സന്താനങ്ങളും ഉൾപ്പടെ അവർ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാറ്റിലും വിപത്തുകൾ ബാധിക്കുന്നത് അവരുടെ സ്വന്തം കൈകൾ ചെയ്ത ദുഷ്പ്രവൃത്തികൾ കൊണ്ടാണ്. എന്നാൽ, മനുഷ്യന്റെ എല്ലാ തെറ്റുകൾക്കും പെട്ടെന്നുതന്നെ അവനെ പിടികൂടി അതിന്റെ ദോഷഫലങ്ങൾ ഉടനെത്തന്നെ അനുഭവിപ്പിക്കുക എന്നതല്ല അല്ലാഹുവിന്റെ നടപടിക്രമം. അല്ലാഹു പറയുന്നു: ‘മനുഷ്യരുടെ അക്രമത്തിനനുസരിച്ച് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ, അതിന്റെ (ഭൂമിയുടെ) മുകളിൽ യാതൊരു ജീവജന്തുവെയും അവൻ ബാക്കിവച്ചേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധിവരേക്കും അവൻ അവരെ ഒഴിവാക്കിവെക്കുകയാണ് ചെയ്യുന്നത്’ (16:61).
പൂർവ സമുദായങ്ങളുടെ ചരിത്രം ഓർമിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘(നബിയേ,) നിനക്കു മുമ്പു പല സമുദായങ്ങളിലേക്കും നാം (ദൂതന്മാരെ) അയക്കുകയുണ്ടായിട്ടുണ്ട്; എന്നിട്ട് കഷ്ടപ്പാടും ദുരിതവും കൊണ്ടു നാം അവരെ പിടികൂടി, അവർ വിനയം കാണിക്കുവാൻ വേണ്ടി. എന്നാൽ അവർക്കു നമ്മുടെ ശിക്ഷ വന്നപ്പോൾ അവർ വിനയം കാണിക്കാതിരുന്നതെന്താണ്? എങ്കിലും അവരുടെ ഹൃദയങ്ങൾ കടുത്തുപോയി. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെ പിശാച് അവർക്ക് അലങ്കാരമാക്കിക്കാണിക്കുകയും ചെയ്തു. അങ്ങനെ, യാതൊന്നിനെക്കുറിച്ച് അവർ ഉൽബോധിപ്പിക്കപ്പെട്ടുവോ അതവർ മറന്നുകളഞ്ഞപ്പോൾ അവർക്ക് എല്ലാ വസ്തുക്കളുടെയും വാതിലുകൾ നാം തുറന്നുകൊടുത്തു. അങ്ങനെ, തങ്ങൾക്കു നൽകപ്പെട്ടതിൽ അവർ ആഹ്ലാദം കൊണ്ടപ്പോൾ, അവരെ നാം പെട്ടെന്നു പിടിച്ചു. അപ്പോൾ, അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു’ (6:42-44).
മനുഷ്യർ എന്തെല്ലാം സൗകര്യങ്ങളിൽ നടന്നാലും അല്ലാഹു ഉദ്ദേശിച്ച സമയത്ത് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകേണ്ടവരാണ്. അല്ലാഹു പറഞ്ഞു: ‘പറയുക: നിങ്ങൾ പേടിച്ചോടി പോകുന്നതായ മരണം; നിശ്ചയമായും അത് നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങൾ മടക്കപ്പെടുന്നതുമാകുന്നു. അപ്പോൾ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവൻ നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്’ (62:8).
ഇത് യഹൂദികളെ സംബോധനചെയ്തു പറയുന്നതാണ്. മനുഷ്യരാരും തന്നെ പൊതുവിൽ മരണം കൊതിക്കുന്നവരല്ല; മരണത്തിൽനിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ എല്ലാവരും അനിവാര്യമായും മരണത്തെ അഭിമുഖീകരിക്കും. അത് അല്ലാഹു തന്റെ അടിമകൾക്ക് ഒഴിവാക്കാനാകാത്ത നിലക്ക് വിധിച്ചിട്ടുളളതാണ്. പിന്നീട് മരണശേഷം, ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് എല്ലാവരും കൊണ്ടുവരപ്പെടുകയും ചെറുതും വലുതുമായ നന്മതിന്മകളെുടെ വിചാരണ നടക്കുകയും ചെയ്യും. ഇതറിയുന്ന ഒരു വിശ്വാസി ബുദ്ധിമാനാകണം. ആ ബുദ്ധിമാൻ ആരാണെന്ന് നബി ﷺ അറിയിച്ചത് ഇപ്രകാരമാണ്: ‘മരണത്തെ കുറിച്ചുളള സ്മരണ വർധിപ്പിക്കുകയും അതിന് ശേഷമുള്ളതിനുവേണ്ടി ഏറ്റവും നന്നായി ഒരുങ്ങുകയും ചെയ്തവരാണ് ബുദ്ധിമാന്മാർ’ (ഇബ്‌നു മാജ, അൽബാനി(റഹി) ഹസനെന്ന് വിശേഷിപ്പിച്ച ഹദീസ്).
ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ പ്രത്യേക വ്യക്തികളെയോ വിഭാഗങ്ങളെയോ ഉന്നംവെച്ചുകൊണ്ടുള്ളതാണെന്ന് നമുക്ക് വിധിക്കാൻ അവകാശമില്ല. അല്ലാഹുവിന്റെ അറിവും ഉദ്ദേശ്യവും മനുഷ്യ ഗ്രാഹ്യതക്ക് അപ്പുറമുളള കാര്യമാണ്. അല്ലാഹു അറിയിച്ചുതരാത്ത ആത്മീയ കാരണങ്ങൾ ഊഹിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഗുണമുണ്ടാവുകയില്ല. അല്ലാഹു തീർച്ചയായും പരമകാരുണികനാണെന്നും അവന്റെ കാരുണ്യം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നുവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. കഷ്ടപ്പാടുകളും പ്രകൃതിദുരന്തങ്ങളും അല്ലാഹുവിന്റെ കാരുണ്യവുമായി എതിരാകുന്നില്ല. ഈ ജീവിതം ഒരു പരീക്ഷണമാണെന്നും ഭൂമിയിൽ മനുഷ്യർക്ക് പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നേരിടേണ്ടിവരുമെന്നുമാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്.
പീഡാനുഭവങ്ങളും ദുരന്തങ്ങളും മനുഷ്യരിൽ വിശ്വാസവും സഹനവും വളർത്താനും അല്ലാഹുവിന്റെ സഹായവും കാരുണ്യവും തേടാനുമുള്ള ഒരു ഉപാധിയാണ്. മരണം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രായമോ സാഹചര്യമോ പരിഗണിക്കാതെ എല്ലാവരും ഒടുവിൽ മരിക്കുമെന്നും അറിയാത്തവരായി ആരുമില്ല. സംഭവിക്കുന്ന എല്ലാറ്റിനും പിന്നിൽ അല്ലാഹുവിന്റെ സമ്പൂർണമായ ജ്ഞാനമുണ്ടെന്നും എല്ലാവർക്കും ആത്യന്തിക നീതിയും കരുണയും പരലോകത്ത് നിറവേറ്റപ്പെടുമെന്നും ഇസ്‌ലാം അടിസ്ഥാന വിശ്വാസമായി പഠിപ്പിക്കുന്നുണ്ട്.
വിശ്വാസികൾ ഇത്തരം പ്രയാസങ്ങളുടെയും വിപത്തുകളുടെയും സമയങ്ങളിൽ, സ്വന്തം വിശ്വാസജീവിതത്തിൽ ക്ഷമയും സമാധാനവും കൈമുതലാക്കാനും ദുരിതബാധിതരോട് അനുകമ്പയോടും ഉദാരതയോടും പ്രതികരിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നത്ര സഹായിക്കാനുമാണ് ശ്രമിക്കേണ്ടത്. അതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതോടൊപ്പം ഭൂകമ്പങ്ങൾ സംഭവിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നവർ പശ്ചാത്തപിക്കുകയും പാപങ്ങൾ ഉപേക്ഷിക്കുകയും അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യണം. അതാണ് മുൻഗാമികളുടെ മാതൃക. ‘ഇനിയൊരു ഭൂകമ്പമുണ്ടായാൽ ഞാൻ നിങ്ങളോടൊപ്പം ഇവിടെ നിൽക്കില്ല’ എന്ന് ഉമർ(റ) ഭൂകമ്പമുണ്ടായപ്പോൾ മദീനക്കാരോട് പറഞ്ഞതും, ഉമർ ഇബ്‌നു അബ്ദുൽ അസീസ് (റഹി) ഇതേ കാരണം ഉണ്ടായപ്പോൾ തന്റെ ഗവണർമാർക്ക് ദാനധർമങ്ങൾ ചെയ്യാൻ പറഞ്ഞുകൊണ്ട് കത്തെഴുതിയതുമെല്ലാം പാപവും പരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ ഗൗരവമാണ് അറിയിക്കുന്നത്.
അവലംബം: നേർപഥം