ബുദ്ധിയും പ്രമാണവും
അബൂബക്കർ സലഫി
Last Update February 13, 2019, Jumada Al-Akhirah 8, 1440 AH
ഇസ്ലാമിനോളം ബുദ്ധിക്ക് പ്രാധാന്യം നൽകിയ ഒരു മതമോ ദർശനമോ കാണുക അസാധ്യമാണ്. ഇസ്ലാമിന്റെ പ്രമാണങ്ങളിലൂടെ സഞ്ചരിച്ചാൽ ഈ കാര്യം സുതരാം വ്യക്തമാകും. ചില വചനങ്ങൾ ശ്രദ്ധിക്കുക.
“താങ്കൾക്ക് നാം അവതരിപ്പിച്ച് തന്ന അനുഗ്രഹീതമായ ഗ്രന്ഥമാണിത്. ഇതിലെ ആയത്തുകളെ പറ്റി അവർ ചിന്തിക്കുവാനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകുവാനും വേണ്ടി.” (സ്വാദ് :29)
“അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അതല്ല അവരുടെ ഹൃദയങ്ങളിൽ പൂട്ടുകളിട്ടിരിക്കുകയാണോ?” (മുഹമ്മദ് : 24)
“അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ് : 82)
ഇസ്ലാമിന്റെ പ്രമാണത്തെപ്പറ്റി ഗൗരവമായി ചിന്തിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അതിന്റെ ദൈവീകതയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ (അവർ ജിന്നുകളായാലും, മനുഷ്യരായാലും) അതിന്ന് സമാനമായത് കൊണ്ടു വരാൻ അവൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. മനുഷ്യരുടേയും ജിന്നുകളുടേയും ചിന്തകൾ അതിന്റെ പാരമ്യതയിലെത്തട്ടെ എന്നു സാരം.
സൃഷ്ടിപ്രപഞ്ചത്തെപ്പറ്റി ചിന്തിക്കുക
യഥാർഥത്തിലുള്ള ബുദ്ധിജീവികൾ ആരെന്ന് ഖുർആൻ പരിചയപ്പെടുത്തുന്നു.
“തീർച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അവർ നിന്ന് കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിനെ ഓർക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും.” (ആലു ഇംറാൻ: 190-191)
ചിന്തിക്കാത്തവരോട് നിരന്തരമായി ഖുർആൻ ചിന്തിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
“അവർ സ്വന്തത്തെ പറ്റി ചിന്തിക്കുന്നില്ലേ?” (അർറൂം: 8)
“ഒട്ടകത്തെപ്പറ്റി, അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് അവർ നോക്കുന്നില്ലേ? ആകാശം, അത് എങ്ങനെ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന് (അവർ നോക്കുന്നില്ലേ?) ഭൂമി, അത് എങ്ങനെ വിതാനിക്കപ്പെട്ടിരിക്കുന്നു എന്ന് (അവർ നോക്കുന്നില്ലേ?)” (ഗാശിയഃ :17-19)
നിരന്തരമായി ചിന്തക്ക് വിധേയമാക്കപ്പെട്ട ബുദ്ധിയോട് അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം, സൃഷ്ടിപ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒരു പൊരുത്തക്കേട് കാണിക്കാൻ കഴിയുമോ എന്നാണ്.
“ഏഴ് ആകാശങ്ങളെ `അടുക്കുകളായി` സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണ്ണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. നീ ദൃഷ്ടി ഒന്നു കൂടി തിരിച്ചു കൊണ്ട് വരൂ. വല്ല `വിടവും` നീ കാണുന്നുണ്ടോ? പിന്നെ വീണ്ടും വീണ്ടും നീ കണ്ണിനെ തിരിച്ചു കൊണ്ടു വരിക. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ടു കൊണ്ടും പരവശമായിക്കൊണ്ടും മടങ്ങിവരും.“ (മുല്ക്: 3-4)
മുൻ സമുദായങ്ങളുടെ ഉത്ഥാനപതനങ്ങൾ ചിന്താവിഷയമാക്കണം.
”നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കുക.“ (അൻആം : 11)
`അവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു.” (ഹജ്ജ് : 46)
“അവർക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന് അവർ കണ്ടില്ലേ? നിങ്ങൾക്ക് നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയിൽ അവർക്ക് നാം ചെയ്ത് കൊടുത്തിരുന്നു. നാം അവർക്ക് ധാരാളമായി മഴ വർഷിപ്പിച്ചു കൊടുക്കുകയും അവരുടെ താഴ്ഭാഗത്തു കൂടി നദികളൊഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട് അവരുടെ പാപങ്ങൾ കാരണം നാമവരെ നശിപ്പിക്കുകയും അവർക്ക് ശേഷം നാം വേറെ തലമുറയെ ഉണ്ടാക്കുകയും ചെയ്തു.” (അൻആം : 6)
ചിന്തിക്കാതെ കാര്യങ്ങൾ സ്വീകരിക്കരുത്
“നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച്ച, ഹൃദയം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (അൽ ഇസ്റാഅ്: 36)
“സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങൾ അതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.“ (അൽ ഹുജുറാത്ത്: 6)
അന്ധമായി അനുകരിച്ച് ബുദ്ധിയെ നിഷ്ക്രിയമാക്കരുത്. ”തന്റെ പിതാവിനോടും, തന്റെ ജനങ്ങളോടും അദ്ദേഹം (ഇബ്രാഹീം നബി(അ)) ഇപ്രകാരം ചോദിച്ച സന്ദർഭം ശ്രദ്ധേയമത്രെ. നിങ്ങൾ പൂജിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു. അവർ പറഞ്ഞു : ഞങ്ങളുടെ പിതാക്കൾ ഇവയെ ആരാധിച്ചു വരുന്നതായി ഞങ്ങൾ കണ്ടു. അദ്ദേഹം പറഞ്ഞു : തീർച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.“ (അമ്പിയാഅ്: 52-54)
?അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻ പറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും (അവരെ പിൻപറ്റുകയാണോ?)?
ബുദ്ധിക്ക് കുഴപ്പമുണ്ടാക്കുന്നവ വർജ്ജിക്കണം
"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ളേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം." (മാഇദഃ: 90)
നബി(സ) പറഞ്ഞു : ?ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുവും നിഷിദ്ധമാണ്.? (മുസ്ലിം)
അറിവ് വർദ്ധിപ്പിക്കാൻ ശക്തമായ പ്രേരണ
"അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസൻമാരിൽ നിന്ന് അറിവുള്ളവർ മാത്രമാകുന്നു." (ഫാത്വിർ: 28)
"നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്." (മുജാദിലഃ : 11)
അറിവുകൾ മറച്ചു വെക്കരുത്; ജനം പഠിക്കട്ടെ
"നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്." (അൽ ബഖറ: 159)
"അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങൾ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളിൽ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും." (അൽ ബഖറ: 174)
ഇങ്ങനെ തുടങ്ങി, ബുദ്ധിയെ സംരക്ഷിക്കാനും അതിനെ ക്രിയാത്മകായി ഉപയോഗിക്കാനും പ്രേരിപ്പിക്കുന്ന എത്രയോ വചനങ്ങൾ ഖുർആനിലും ഹദീഥിലും ഇനിയും ധാരാളമായി കാണാം.
ബുദ്ധിയുടെ പരിധി
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായ ഈ ബുദ്ധിക്ക് ചില പരിമിതികളുണ്ട്. അതിലേക്ക് അല്ലാഹുവും അവന്റെ റസൂലും ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട്.
അല്ലാഹു പറയുന്നു : "നിന്നോടവർ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന് അൽപമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല." (അൽ ഇസ്രാഅ്: 35)
ആത്മാവിനെപ്പറ്റിയും ജീവനെപ്പറ്റിയും ബുദ്ധിജീവികൾ ചർച്ച തുടങ്ങിയിട്ട് യുഗങ്ങളായി. ഇന്നും എവിടെയും അതെത്തിയിട്ടില്ല.
നബി തിരുമേനി(സ) പറഞ്ഞു : “ജനങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. അവസാനം ഇങ്ങനെ പറയപ്പെടും : ”ഇത് അല്ലാഹു സൃഷ്ടിച്ചതാണ്. അല്ലാഹുവിനെ ആര് സൃഷ്ടിച്ചു"“ അവിടെയെത്തിയാൽ അവൻ ”ഞാൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു.“ എന്ന് പറഞ്ഞ് ആ ചിന്ത അവസാനിപ്പിക്കട്ടെ.” (ബുഖാരി, മുസ്ലിം) ഇത് ബുദ്ധിക്ക് കൂച്ചുവിലങ്ങിടലല്ല. പ്രത്യുത മനുഷ്യന് നൽകപ്പെട്ട ബുദ്ധിക്ക് അത്രയേ സാധ്യമാകൂ എന്ന സത്യം അവരെ അറിയിക്കുകയാണ്.
കഴിവുകളെപ്പറ്റി ബോധമുള്ള മനുഷ്യൻ തന്റെ ബുദ്ധിയുടേയും ചിന്തയുടേയും പരിമിതികളെപ്പറ്റിയും ബോധവാനാകണം. അഹങ്കരിക്കാതിരിക്കാനും, തദ്വാരാ വഴിതെറ്റാതിരിക്കാനും അതവന്ന് അനിവാര്യമാണ്. അല്ലെങ്കിൽ ഇബ്ലീസിന്ന് പറ്റിയതു പോലെ സംഭവിക്കും.
ഏറ്റവും വലിയ ബുദ്ധി അല്ലാഹുവിന്റെ വഹ്‌യിന്റെ മുമ്പിൽ കീഴടങ്ങലും, അത് ചോദ്യം ചെയ്യാതെ സ്വീകരിക്കലുമാണ് എന്ന് മനസ്സിലാക്കണം. മനുഷ്യൻ എത്ര അറിവ് വർദ്ധിപ്പിക്കുന്നുവോ അപ്പോഴൊക്കെ അവന്റെ അറിവില്ലായ്മയുടെ വിശാലലോകത്തെപ്പറ്റി ബോധ്യപ്പെട്ടു കൊണ്ടേയിരിക്കും.
അഖ്ലാനികൾ
തന്റെ ബുദ്ധിയുടെ പരിധി മനസ്സിലാക്കാതെ അല്ലാഹുവിന്റേയും റസൂലിന്റേയും അദ്ധ്യാപനങ്ങളെ പ്രസ്തുത ബുദ്ധിയുപയോഗിച്ച് എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവരെയാണ് ഇന്ന് അഖ്ലാനികൾ എന്ന് പറയുന്നത്. ഒറ്റപ്പെടുമെന്ന ഭയത്താൽ മുസ്ലിം നാമധാരികൾ ഖുർആനിനെതിരെ രംഗത്ത് വന്ന് കൊള്ളണമെന്നില്ല. അവർ പിടികൂടുക ഹദീഥുകളെയായിരിക്കും. അഖ്ലാനികളെന്ന പേര് ഈ മന്ദബുദ്ധികൾക്ക് നൽകുന്നത് ഒട്ടും ശരിയല്ല. അവരെ തിരിച്ചറിയണമെങ്കിൽ അങ്ങനെ പറയൽ ഒരു ആവശ്യമായത് കൊണ്ട് സമരസപ്പെട്ടു പോകുന്നു എന്ന് മാത്രം. പൂർവ്വികർ അവർക്ക് യോജിച്ച പേര് നൽകിയിരുന്നു. `അഹ്ലുൽ അഹ്വാഅ്` എന്നാണത്. തന്നിഷ്ടക്കാർ എന്നാണതിന്റെ അർഥം.
അഖ്ലാനികൾ എന്ന് പറയുമ്പോൾ ബുദ്ധിയുടെ ആൾക്കാർ എന്ന് അർഥം വരും. അങ്ങനെ വരുമ്പോൾ മതത്തിൽ ബുദ്ധിക്കെതിരായത് വല്ലതുമുണ്ടെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാൻ ഇടയാകും. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ തന്റെ `ദർഉത്തആറുളുന്നഖ്ല്` എന്ന ബൃഹത്തായ ഗ്രന്ഥത്തിൽ മതത്തിന്റെ അദ്ധ്യാപനങ്ങൾ മനുഷ്യബുദ്ധിക്ക് എതിരാവുകയില്ല എന്ന് സമർഥിച്ചത് വളരെ ശ്രദ്ധേയമാണ്.
മാത്രവുമല്ല, മനുഷ്യൻ അവന്റെ ബുദ്ധി ഉപയോഗിച്ചതിനാൽ വഴിപിഴച്ചു എന്ന് ഖുർആനിലോ ഹദീഥിലോ പറയുന്നില്ല. പ്രത്യുത ബുദ്ധി ഉപയോഗിക്കാത്തത് കൊണ്ട് പിഴച്ചു പോയി എന്ന് പല സ്ഥലങ്ങളിലും പറയുന്നുണ്ട് താനും. നരകവാസികൾ പറയുന്ന ഒരു വാചകം സൂറത്തുൽ മുൽകിൽ അല്ലാഹു പറഞ്ഞു തരുന്നത് ഇങ്ങനെയാണ് : "ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവർ പറയും." (അൽ മുല്ക്: 10)
മറ്റൊരു സ്ഥലത്ത് ഇങ്ങനെ പറയുന്നു : മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിലേക്കായി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട്; അത് കൊണ്ടവർ കാണുകയില്ല. അവർക്ക് കാതുകളുണ്ട്; അതുപയോഗിച്ചവർ കേട്ട് മനസ്സിലാക്കുകയില്ല. അവർ കന്നുകാലികളെ പോലെയാണ്. അല്ല, അവരാണ് കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ് അശ്രദ്ധരായവർ.“ (അഅ്റാഫ് : 179)
അപ്പോൾ നന്നായി ബുദ്ധി ഉപയോഗിക്കുന്നവനായിരിക്കണം ഒരു സത്യവിശ്വാസി. ബുദ്ധിക്ക് അസംഭവ്യമാകുന്ന ഒരു കാര്യവും ഖുർആനിലോ ഹദീഥിലോ ഉണ്ടാവില്ല. എന്നാൽ ബുദ്ധിയെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങൾ അവയിൽ കണ്ടേക്കാം. അതാണിന്ന് ചിലർ ബുദ്ധിക്കെതിരെ എന്ന് പറഞ്ഞ് തള്ളുന്നത്.
മതത്തിൽ സ്ഥിരപ്പെട്ട ഏതെങ്കിലും ഒരു പ്രമാണം ഒരാൾ തള്ളിയാൽ അത് തന്നെ അതീവ ഗുരുതരമാണ്. വിശുദ്ധ ഖുർആൻ പറയുന്നു : "ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ ?ിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല.: " (നിസാഅ് : 65)
റസൂലിന്റെ ഒരു ഹദീഥ് നിഷേധിച്ചവനെതിരെയാണ് ഈ ആയത്ത് ഇറങ്ങിയത്. ഇങ്ങനെ നിഷേധിച്ചവരോട് മിണ്ടാതിരുന്നതും, അവരെ ബഹിഷ്കരിച്ചതും സലഫിന്റെ ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയും.