മദീനയിലേക്കുള്ള ഈമാനിന്‍റെ മടക്കം

അന്‍വര്‍ അബൂബക്കര്‍

Last Update 8 April 2026, 20 Shawwal, 1447 AH

ചോദ്യം: സര്‍പ്പം അതിന്‍റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ ഈമാന്‍ ഒരു കാലത്ത് എവിടേക്ക് ചുരുണ്ടുകൂടും എന്നാണ് നബിﷺ പറഞ്ഞത്?

ഉത്തരം: മദീന

നബിﷺ പറഞ്ഞു: “നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്‍റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ.” (ബുഖാരി)

കാലക്രമേണ കുഴപ്പങ്ങള്‍ വളർന്നുകൊണ്ടിരിക്കുമ്പോൾ ശുദ്ധമായ ഈമാൻ മദീനയിൽ സംരക്ഷിക്കപ്പെടുമെന്നാണ് നബിﷺ പ്രവചിക്കുന്നത്. അതായത്, ഒരുകാലത്ത് സത്യവിശ്വാസം മദീനയിലേക്ക് ഉള്‍വലിയുകയും അവിടെ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്. അതുപോലെ, വിശ്വാസത്തിന്‍റെ ആഴം നഷ്ടപ്പെടുന്ന കാലത്ത് അതിനെ സംരക്ഷിക്കേണ്ടത് മുസ്‍ലിംകളുടെ ബാധ്യതയാണെന്നുള്ള ഓർമ്മപ്പെടുത്തലും ഈ ഹദീഥ് അറിയിക്കുന്നുണ്ട്. മദീനക്ക് ഇസ്‍ലാമിൽ അത്യുന്നതമായ ശ്രേഷ്ഠതകൾ ഉണ്ട്. അതിൽ ഒന്നാണ്, അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതുപോലെ മദീനയെയും സുരക്ഷിതവും പവിത്രവുമാക്കിയിരിക്കുന്നു. നബിﷺ പറഞ്ഞു: “ഇബ്‌റാഹീം (അലൈഹിസ്സലാം) മക്കയെ ഹറമാക്കി മാറ്റി, ഞാന്‍ മദീനയേയും ഹറമാക്കി മാറ്റി.” (മുസ്‍ലിം) ഈ രണ്ട് പ്രവാചകന്‍മാര്‍ മക്കയേയും മദീനയേയും പവിത്രമാക്കിയെന്നു പറയുമ്പോൾ, അതിന്‍റെ മഹത്വവും വിശുദ്ധിയും അവര്‍ വ്യക്തമാക്കി എന്നാണ് പണ്ഡിതന്‍മാര്‍ അതിനെ വിശദീകരിച്ചത്. കാരണം, യഥാർത്ഥത്തിൽ പവിത്രത നല്‍കുന്നത് അല്ലാഹുവാണ്. നബിﷺ ഒരിക്കല്‍ മദീനക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്‍റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ.” (ബുഖാരി)

നബിﷺ മദീനയെ തൈബ എന്നും ത്വാബ എന്നും വിശേഷിപ്പിച്ചതും അതിന്‍റെ ശ്രേഷ്ഠതകളിൽപ്പെടുന്നു. അബൂഹുമൈദ്(റളിയല്ലാഹു അന്‍ഹു) പറയുന്നു: “നബിﷺയുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബിﷺ പറഞ്ഞു: ഇത് ത്വയിബയാണ് (പവിത്ര ഭൂമിയാണ്).” (ബുഖാരി) മദീനക്ക് ഈ വിശുദ്ധിയും പവിത്രതയും നൽകിയത് അല്ലാഹുവാണെന്ന് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്: “തീര്‍ച്ചയായും അല്ലാഹു മദീനക്ക് ത്വാബ എന്ന സ്ഥാനം നല്‍കി.” (മുസ്‍ലിം) മദീനയുടെ പവിത്രതയെ കുറിച്ച് നബിﷺ പറഞ്ഞു: “മദീന ഹറമാണ്, ഐ൪ മുതല്‍ ഥൌ൪ വരെ” (മുസ്ലിം) അപ്പോള്‍, മസ്ജിദുന്നബവി മാത്രല്ല ഹറം, ഭൂമിശാസ്ത്രപരമായി മദീനയുടെ തെക്കുവടക്ക് ഭാഗത്തെ ഐ൪ മുതല്‍ ഥൌ൪ വരെയുള്ള ഭാഗവും കിഴക്കുപടിഞ്ഞാറ് ഭാഗത്തെ രണ്ട് കറുത്ത പാറകള്‍ക്കിടയിലുള്ളതുമായ മുഴുവന്‍ ഭാഗവും ഹറമാണെന്ന് ഇതിൽനിന്നും വ്യക്തമായി മനസ്സിലാക്കാം. നബിﷺ പറഞ്ഞു: “മദീനയുടെ രണ്ട് കറുത്ത പാറകള്‍ക്കിടയിലുള്ള പ്രദേശത്തെ ഞാന്‍ ഹറമാക്കിയിരിക്കുന്നു. അതിലെ ചെടികള്‍ മുറിക്കുവാനോ അവിടെ വേട്ടയാടുവാനോ പാടുള്ളതല്ല.” (മുസ്ലിം) ഇത് മദീനയുടെ വിശുദ്ധതയും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യവും വ്യക്തമാക്കുന്ന മഹത്തായ ഉപദേശം കൂടിയാണ്.

മദീനയെ കുറിച്ച് നബിﷺ ഒരിക്കല്‍ പറഞ്ഞു: “എല്ലാ നാടുകളേയും അതിജയിക്കുന്ന ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടിയിരിക്കുന്നു. ആളുകള്‍ അതിനെ യഥ്‍രിബ് എന്നാണ് വിളിക്കുന്നത്. അതാണ് മദീന. ഉല ഇരുമ്പിന്‍റെ കീടത്തെ പുറത്തു കളയുന്നത് പോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും.” (ബുഖാരി) വിശ്വാസികൾക്ക് അഭയവും സുരക്ഷയും നൽകുന്ന ഒരു പവിത്രനഗരമാണ് മദീന എന്നും അതിന്‍റെ ആന്തരികശുദ്ധി എപ്പോഴും നിലനില്‍ക്കുമെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്.

നബിﷺ പറഞ്ഞു: “അല്ലാഹുവേ, മദീനാവാസികളെ ആരെങ്കിലും ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നീ അവരെ ഭയപ്പെടുത്തേണമേ. അവന്‍റെമേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപം ഉണ്ടായിരിക്കുന്നതാണ്‌. അവന്‍റെ ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയുമില്ല.” (ത്വബ്റാനി, സില്‍സ്വിലത്തുസ്വഹീഹ: 351) മദീനയെ ആക്രമിക്കുന്നവർക്കും അവിടത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ ഉണ്ടായിരിക്കുമെന്ന് ഈ തിരുവചനത്തിലൂടെ വ്യക്തമാകുന്നുണ്ട്. അല്ലാഹുവിന്‍റെയും മലക്കുകളുടെയും ശാപം അത്തരം വ്യക്തിയെ മുഴുവന്‍ നന്മയില്‍ നിന്നും അകറ്റുമെന്ന് നബിﷺ സൂചിപ്പിക്കുന്നത്. അതിനാൽ, മദീനയുടെ വിശുദ്ധത മാനിക്കാനും അവിടത്തെ ജനങ്ങളെ ആദരിക്കാനും ഓരോ വിശ്വാസിയും പ്രേരിതരാകണം.

നബിﷺ പറഞ്ഞു: “ഈ൪, ഥൌ൪ എന്നീ പ൪വ്വതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വെച്ച് ആരെങ്കിലും പുതുനി൪മ്മിതിയായിട്ടുള്ളത് (ബിദ്അത്ത്) ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌. അന്ത്യനാളില്‍ അവനില്‍ നിന്ന് ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല.” (ബുഖാരി, മുസ്‍ലിം) ഈ ഹദീഥില്‍ മദീനയെ സംരക്ഷിക്കാനുള്ള ഉത്തരവുണ്ട്. മദീന ശുദ്ധമായ ഇസ്‍ലാമിക പഠനത്തിന്‍റെയും വിശ്വാസ സംരക്ഷണത്തിന്‍റെയും കേന്ദ്രമെന്ന നിലയിൽ നിലകൊള്ളേണ്ടതുണ്ട്. അവിടെ മതപരമായ പുതുനിര്‍മ്മിതികള്‍ കൊണ്ടുവരുന്നതും അത്തരം പ്രവർത്തനങ്ങളെ പിന്തുണക്കുന്നതും അത്യന്തം ഗുരുതരമായ പാപമാണ്. ഇസ്‍ലാമിന്‍റെ അടിസ്ഥാന തത്വങ്ങൾ വിശ്വാസികള്‍ പാലിക്കാനുുളള ഒരു പ്രേരണയും മുന്നറിയിപ്പും കൂടിയാണ് ഈ ഹദീഥ് അറിയിക്കുന്നത്.

അന്ത്യനാളിന്‍റെ അടയാളങ്ങളിൽപെട്ട ഒന്നായി ദജ്ജാലിന്‍റെ കുഴപ്പങ്ങള്‍ നബിﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അന്ന് മദീനക്ക് പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കുമെന്ന് നബിﷺ പ്രവചിച്ചു: “ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും രണ്ട് മലക്കുകൾ അതിന് കാവലായി നിലകൊള്ളും.” (ബുഖാരി) ദജ്ജാൽ ലോകമെങ്ങും അന്ധകാരവും പകയും വിതച്ചാലും, മദീന അല്ലാഹുവിന്‍റെ സംരക്ഷണത്തിൽ സുരക്ഷിതമാകുമെന്നര്‍ത്ഥം. ഈ സന്ദേശം മദീനയുടെ ആത്മീയ ശ്രേഷ്ഠതയും വിശ്വാസികൾക്ക് അതിനോടുള്ള സുരക്ഷിതത്വബോധവും വര്‍ദ്ധിപ്പിക്കുന്നതാണ്.

നബിﷺ പറഞ്ഞു: “ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല, മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന കവാടങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്‍റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം പ്രകമ്പനം കൊള്ളും. അതിലുള്ള എല്ലാ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (അവിടെ നിന്നും ഓടിക്കും)” (ബുഖാരി) ഇപ്രകാരം ധാരാളം സവിശേഷതകളുളള ഒരു അനുഗ്രഹീത നാടാണ് മദീന. അല്ലാഹുവില്‍നിന്നുളള സംരക്ഷണവും ആത്മീയ മഹത്വവും നിറഞ്ഞ ഈ നഗരം, വിശ്വാസികളുടെ അഭയകേന്ദ്രമായി എന്നും നിലനില്‍ക്കും. അതിനാൽ, ഈ മഹാനഗരത്തിന്‍റെ ആത്മീയ ശ്രേഷ്ഠത മനസ്സിലാക്കി, അതിനോടുള്ള ആദരവും സ്നേഹവും നിലനിർത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ