ചെറിയ പാപങ്ങളുടെ ഗൌരവവും തൌബയുടെ പ്രസക്തിയും
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 January 13 1442 Jumada Al-Awwal 29
അവലംബം: islamqa
ചോദ്യം: അല്ലാഹു പറയുന്നു:
"അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു." (നജ്മ്: 32)
ഈ ആയത്തിൽ പരാമർശിച്ച لمم കൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ പാപങ്ങളാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഉദാഹരണമായി (അന്യ സ്ത്രീകളെ) നോക്കൽ ചുംബിക്കൽ സ്പർശിക്കൽ. മഹാ പാപങ്ങൾ ഒഴിവാക്കുന്നിടത്തോളം ഇത്തരം ദോഷങ്ങൾ അല്ലാഹു പൊറുത്തു തരുന്നതാണ്.
എന്‍റെ ചോദ്യം; തൗബ ചെയ്യുകയും വീണ്ടും അതിലേക്ക് മടങ്ങിയാലും ഇഹലോകത്ത് വെച്ച് പോലും ഇത്തരം തിന്മകളുടെ പേരിൽ അല്ലാഹു ശിക്ഷിക്കുകയില്ല എന്നാണോ ഇതിനർത്ഥം? അങ്ങിനെ അവൻ വീണ്ടും തൗബ ചെയ്യുന്നു വീണ്ടും തെറ്റിലേക്ക് മടങ്ങുന്നു. ഇതിന്‍റെ പേരിൽ ഒരു ശിക്ഷയും അവന് ഉണ്ടാവുകയില്ലേ?.
ഉത്തരം: ചെറു ദോഷങ്ങൾക്കാണ് لمم എന്നു പറയുന്നത് എന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു. അതിന്‍റെ അർത്ഥം ചെറു ദോഷങ്ങളെ നിസ്സാരമായി കാണണം എന്നല്ല. കാരണം ചെറു ദോഷങ്ങളിൽ മുന്നേറൽ വൻദോഷങ്ങളിലേക്ക് എത്തിക്കുന്ന കാര്യമാണ്. അപ്പോൾ ചെറു ദോഷം എന്ന അവസ്ഥയിൽനിന്ന് അത് പുറത്തു പോവുകയും ചെയ്യും.
ശർഹു മുസ്‌ലിമിൽ ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഉലമാക്കള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ചെറു പാപങ്ങളിൽ ശഠിച്ചു നിൽക്കൽ അതിനെ വലിയ പാപമാക്കി മാറ്റും. ഇബ്നു ഉമറി رضي الله عنه വിൽ നിന്നും ഇബ്നു അബ്ബാസി رضي الله عنه വിൽ നിന്നും ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: പാപമോചന പ്രാർത്ഥനയോടൊപ്പം മഹാപാപങ്ങൾക്ക് നിലനിൽപ്പില്ല. നിരന്തരം ചെയ്തു കൊണ്ടിരുന്നാൽ ചെറിയ പാപങ്ങൾക്കും നിലനിൽപ്പില്ല. അതായത് പാപമോചന പ്രാർത്ഥന കൊണ്ട് മഹാ പാപങ്ങൾ പൊറുക്കപ്പെടും. നിരന്തരം ചെയ്തുകൊണ്ടിരുന്നാൽ ചെറു പാപങ്ങൾ മഹാപാപങ്ങളായി മാറും."
ശെയ്ഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"വ്യഭിചാരം മഹാപാപത്തിൽ പെട്ടതാണ്. എന്നാൽ നോട്ടവും ചുംബനവും ചെറുപാപങ്ങളിൽ പെട്ടതുമാണ്. മഹാപാപങ്ങൾ ഒഴിവാക്കുന്ന പക്ഷം ഈ ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. എന്നാൽ നിരന്തരം നോക്കിക്കൊണ്ടിരിക്കലും നിരന്തരം സ്പർശിച്ചു കൊണ്ടിരിക്കലും മഹാപാപമായി മാറും. മാത്രമല്ല നിരന്തരം അത്തരം കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക എന്നത് മ്ലേഛതയോട് സാമ്യതയുള്ള വൻദോഷത്തിലേക്ക് മാറും. വികാരത്തോടെ കൂടി നിരന്തരം നോക്കിക്കൊണ്ടിരിക്കലും അതുമായി ബന്ധപ്പെട്ട പ്രേമം സഹശയനം ദർശനം തുടങ്ങിയ കാര്യങ്ങൾ വ്യഭിചാരത്തെക്കാൾ വലിയ ഫസാദിലേക്കായിരിക്കും ചിലപ്പോൾ എത്തിക്കുക. അതു കൊണ്ടാണ് 'നീതിമാന്മാരായ സാക്ഷികളെ' കുറിച്ച് പണ്ഡിതന്മാർ വിശദീകരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്: "മഹാപാപങ്ങൾ ചെയ്യാത്തവരും ചെറു പാപങ്ങളിൽ ശഠിച്ചു നിൽക്കാത്തവരുമായിരിക്കണം".
ഒരു മനുഷ്യന്‍റെ (സ്ഥിരമായ) നോട്ടവും സ്പർശനവും അവനെ ശിർക്കിലേക്ക് എത്തിക്കുമെന്നാണ് പണ്ഡിതന്മാർ പറയുന്നത്. കാരണം, അല്ലാഹു പറയുന്നു:
"അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ..."
ആശിഖ് തന്‍റെ മഅ്‌ശൂഖിന്‍റെ അടിമയായി മാറും. ഹൃദയംകൊണ്ട് അവരുടെ മുമ്പിൽ കീഴൊതുങ്ങുകയും ചെയ്യും." (ശറഹുന്നവവി).
ചെറുപാപങ്ങളും നിസ്സാരമായി കാണരുത് എന്ന മുന്നറിയിപ്പ് നബി صلى الله عليه وسلم നമുക്ക് നൽകിയിട്ടുണ്ട്.
"സഹ്‌ലുബ്നു സഅ്‌ദ് رضي الله عنه വിൽ നിന്നും നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: ചെറു പാപങ്ങളെ നിങ്ങൾ സൂക്ഷിക്കുക. ചെറു പാപങ്ങൾ ഒരു താഴ്‌വരയിൽ വിശ്രമിക്കാൻ ഇറങ്ങിയ ആളുകളെ പോലെയാണ്. (ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടി) ഓരോരുത്തരും ഓരോ വിറകു കൊള്ളി കൊണ്ടു വരുന്നു. അങ്ങനെ ഭക്ഷണം പാകം ചെയ്യാൻ ആവശ്യത്തിനുള്ള വിറകുകൾ അവിടെ ഒരുമിച്ച് കൂട്ടപ്പെടുന്നു. ചെറു പാപങ്ങളെ (നിരന്തരമായി) ഒരു വ്യക്തി സ്വീകരിച്ചു കൊണ്ടിരുന്നാൽ അത് അവനെ നശിപ്പിച്ചുകളയും". (അഹ്‌മദ്: 22302).
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.
"അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്നും നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: ചെറു പാപങ്ങളെ നിങ്ങൾ സൂക്ഷിക്കുക. അവകൾ ഒരു വ്യക്തിയിൽ ഒരുമിച്ചു കൂടിക്കഴിഞ്ഞാൽ അവനെ നശിപ്പിച്ചു കളയും. ചെറു പാപങ്ങൾ ഒരു താഴ്‌വരയിൽ വിശ്രമിക്കാൻ ഇറങ്ങിയ ആളുകളെ പോലെയാണ്. (ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടി) ഓരോരുത്തരും ഓരോ വിറകുകൊള്ളികൾ കൊണ്ടുവരുന്നു. അങ്ങനെ ഭക്ഷണം പാകം ചെയ്യാൻ ആവശ്യത്തിനുള്ള വിറകുകൾ അവിടെ ഒരുമിച്ച് കൂട്ടപ്പെടുന്നു. അങ്ങനെ അവർ തീ കത്തിച്ച് ഭക്ഷണം ഉണ്ടാക്കുന്നു". (അഹ്‍മദ് 3803).
ഇബ്നുമാജയുടെ ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം.
"ആഇശ رضي الله عنها യിൽ നിന്നും നിവേദനം; അല്ലാഹുവിന്‍റെ പ്രവാചകൻ(സല്ലല്ലാഹു അലൈഹിവസല്ലം) എന്നോട് പറഞ്ഞു: ആഇശാ, ചെറിയ (പാപങ്ങളായ) പ്രവർത്തനങ്ങളെ നീ സൂക്ഷിക്കുക. അതിന്‍റെ പിറകിൽ അല്ലാഹുവിൽ നിന്നുള്ള ഒരു അന്വേഷകൻ ഉണ്ട്. (അതായത് ചെറു പാപങ്ങളെ സ്വീകരിക്കുന്നവനെ അത് നശിപ്പിച്ചു കളയും) (ഇബ്നു മാജ: 4243)
ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ പറയുന്നു:
"ചെറു പാപങ്ങളുടെ നൈരന്തര്യം ഹൃദയങ്ങളെ കറുപ്പിച്ച് കളയാൻ വലിയ സ്വാധീനം ചെലുത്തും. പാറക്കല്ലിൽ നിരന്തരമായി വെള്ളം വീഴുന്നത് പോലെയാണ് അത്. വെള്ളം എത്ര ലോലമായാലും കല്ല് എത്ര കട്ടിയുള്ളതായാലും (നിരന്തരം അതിൽ വെള്ളം വീണ് കൊണ്ടിരിക്കുമ്പോൾ) കുഴി ഉണ്ടാവുക തന്നെ ചെയ്യും".
"ചെറിയ (പാപങ്ങളെ) നിങ്ങൾ നിസ്സാരമായി കാണരുത്. വലിയ മല രൂപംകൊള്ളുന്നത് ചെറിയ കല്ലുകൾ കൊണ്ടാണ്" എന്ന് ചില പണ്ഡിതന്മാർ പറഞ്ഞത് എത്ര അർത്ഥവത്താണ്.
ഒരു അടിമ തന്‍റെ പാപങ്ങളിൽനിന്നും തൗബ ചെയ്തു മടങ്ങിയാൽ അവന് പാപമോചനം ലഭിക്കും. അതിന്‍റെ പേരിൽ അവൻ ഇഹലോകത്തോ പരലോകത്തോ ശിക്ഷിക്കപ്പെടുകയില്ല. അതു കൊണ്ടാണ് നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞത്:
"പാപങ്ങളിൽനിന്നും തൗബ ചെയ്തു മടങ്ങിയവൻ പാപം ചെയ്യാത്തവരെ പോലെയാണ്."(ഇബ്നുമാജ: 4250)
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
"നൂറു തവണയോ ആയിരം തവണയോ അതിനെക്കാൾ കൂടുതലോ പാപങ്ങൾ ആവർത്തിച്ചു ചെയ്താലും തൗബ ചെയ്യുമ്പോഴെല്ലാം അവന്‍റെ തൗബ സ്വീകരിക്കപ്പെടും. അവന്‍റെ പാപങ്ങൾ കൊഴിഞ്ഞു പോകും. എല്ലാ തെറ്റിൽ നിന്നും ഒന്നിച്ചു ഒറ്റ തൗബ ചെയ്താലും അവന്‍റെ തൗബ സ്വീകാര്യയോഗ്യമാണ്."
അല്ലാഹുവിന്‍റെ തൗബയുടെ വിശാലത അറിയിക്കുന്ന ഒരു ഹദീസ് ഇപ്രകാരം കാണുവാൻ സാധിക്കും.
"അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم തന്‍റെ റബ്ബിൽ നിന്നും (ഖുദ്സിയായ ഹദീസ്) ഇപ്രകാരം പറഞ്ഞു തന്നിട്ടുണ്ട്: ഒരു അടിമ പാപം ചെയ്യുന്നു. എന്നിട്ട് അവൻ പറയുന്നു: അല്ലാഹുവേ എന്‍റെ പാപം എനിക്കു നീ പൊറുത്തു തരേണമേ. അപ്പോൾ അല്ലാഹു പറയും: എന്‍റെ അടിമ പാപം ചെയ്തു. അവന്‍റെ പാപം പൊറുത്തു കൊടുക്കുകയും പാപത്തിന്‍റെ പേരിൽ പിടികൂടുകയും ചെയ്യുന്ന ഒരു റബ്ബ് ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. വീണ്ടും അവൻ ആവർത്തിച്ചു തെറ്റ് ചെയ്തു. എന്നിട്ട് പറഞ്ഞു: അല്ലാഹുവേ എന്‍റെ പാപം എനിക്കു നീ പൊറുത്തു തരേണമേ. അപ്പോൾ അല്ലാഹു പറയും: എന്‍റെ അടിമ പാപം ചെയ്തു. അവന്‍റെ പാപം പൊറുത്തു കൊടുക്കുകയും പാപത്തിന്‍റെ പേരിൽ പിടികൂടുകയും ചെയ്യുന്ന ഒരു റബ്ബ് ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. വീണ്ടും അവൻ ആവർത്തിച്ചു തെറ്റ് ചെയ്തു. എന്നിട്ട് പറഞ്ഞു: അല്ലാഹുവേ എന്‍റെ പാപം എനിക്കു നീ പൊറുത്തു തരേണമേ. അപ്പോൾ അല്ലാഹു പറയും: എന്‍റെ അടിമ പാപം ചെയ്തു. അവന്‍റെ പാപം പൊറുത്തു കൊടുക്കുകയും പാപത്തിന്‍റെ പേരിൽ പിടികൂടുകയും ചെയ്യുന്ന ഒരു റബ്ബ് ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. നീ ഉദ്ദേശിക്കുന്നത് ചെയ്തു കൊള്ളുക നിനക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു." (ബുഖാരി, മുസ്‌ലിം)
"എന്‍റെ അടിമക്ക് ഞാൻ പുറത്തു കൊടുത്തിരിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് ചെയ്തുകൊള്ളട്ടെ" എന്ന് മറ്റൊരു റിപ്പോർട്ടിലും കാണുവാൻ സാധിക്കും.
ചുരുക്കത്തിൽ, അല്ലാഹുവിന്‍റെ റഹ്‍മത്ത് വിശാലമാണ്. അവന്‍റെ ഔദാര്യം മഹത്തരമാണ്. ആര് തൗബ ചെയ്യുന്നുവോ അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കും. എന്നാൽ ഇത് പാപം ചെയ്യാനുള്ള ഒരു ധൈര്യത്തിന് കാരണമായി മാറരുത്. കാരണം, ചിലപ്പോൾ തൗബ ചെയ്യാനുള്ള തൗഫീഖ് ലഭിക്കുകയില്ല. അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയും അവന്‍റെ സ്നേഹത്തിന്‍റെയും ഔദാര്യത്തിന്‍റെയും പാരമ്യതയെയും അറിയിക്കാൻ വേണ്ടിയാണ് ഇത്തരം ഹദീസുകൾ. അതല്ലാതെ ഇനി ധൈര്യമായി പാപം ചെയ്യാം എന്ന് അറിയിക്കാനല്ല. (തിന്മ ചെയ്തുകൊണ്ടിരിക്കെ തന്നെ തൗബക്ക് അവസരമില്ലാതെ മരണപ്പെട്ടു പോകുന്ന ആളുകളുമുണ്ടല്ലോ).
അല്ലാഹു അഅ്‌ലം.