പ്രശസ്തിക്കപ്പുറം മഹത്വത്തിന്റെ ജീവിതം

അന്‍വര്‍ അബൂബക്കര്‍

Last Update 15 April 2026, 27 Shawwal, 1447 AH

ചോദ്യം: മുഹമ്മദ് നബിﷺ സ്വഹാബത്തിനോട് പറഞ്ഞു: “തീര്‍ച്ചയായും താബിഈങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമന്‍ ഇന്ന പേര് വിളിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ഒരു ഉമ്മയുണ്ട്. അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ക്കുവേണ്ടി പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുക.” നബിﷺ പറഞ്ഞ താബിഈങ്ങളിലെ ആ വ്യക്തി ആരാണ് ?

ഉത്തരം: ഉവൈസ് അല്‍ഖര്‍നി(റഹിമഹുല്ലാഹ്)

ഉമര്‍ ബ്‍നു ഖത്താബ് (റളിയല്ലാഹു അന്‍ഹു) പറയുന്നു: “അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നത് ഞാന്‍ കേട്ടു: തീര്‍ച്ചയായും താബിഈങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമന്‍ ‘ഉവൈസ്’ എന്ന് വിളിക്കപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന് ഉമ്മയുണ്ട്. അദ്ദേഹത്തിന് ശരീരത്തില്‍ വെള്ളപ്പാണ്ടുണ്ടായിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ക്കുവേണ്ടി പൊറുക്കലിനെ തേടാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊള്ളുക.” (സ്വഹീഹ് മുസ്‍ലിം)

മറ്റൊരു റിപ്പോര്‍ട്ടിലുളളത് ഇപ്രകാരമുണ്ട്: “തീര്‍ച്ചയായും യമനില്‍ നിന്ന് ഉവൈസ് എന്ന് വിളിക്കപ്പെടുന്ന ഒരാള്‍ നിങ്ങളുടെ അടുത്തു വരും. അദ്ദേഹത്തിന് തന്റെ ഉമ്മയല്ലാതെ മറ്റാരുമില്ല. അദ്ദേഹത്തിന് ശരീരത്തില്‍ വെള്ളപ്പാണ്ടുണ്ടായിരുന്നു. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു ദീനാറിന്റെയോ ദിര്‍ഹമിന്റെയോ വലിപ്പത്തിലുള്ള ഭാഗമൊഴികെ ബാക്കിയെല്ലാം അല്ലാഹു സുഖപ്പെടുത്തികൊടുത്തു. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊള്ളുക. (സ്വഹീഹ് മുസ്‍ലിം)

ഈ ഹദീസില്‍ ഉമര്‍ ഇബ്നുല്‍ ഖത്താബ്‌ (റളിയല്ലാഹു അന്‍ഹു) പ്രവാചകമൊഴിയായി അറിയിക്കുന്നത്, താബിഉകളില്‍ ഏറ്റവും ശ്രേഷ്ഠനായവന്‍ ഉവൈസ് എന്ന് വിളിക്കപ്പെടുന്ന ഒരാളാണ്. അദ്ദേഹമാണ് ഉവൈസ് ബിന്‍ ആമിര്‍ അല്‍ഖര്‍നി(റഹിമഹുല്ലാഹ്). മുഹമ്മദ് നബിﷺയുടെ സ്വഹാബികളെ കണ്ടുമുട്ടിയവരെയാണ് താബിഉകള്‍ എന്നു പറയുന്നത്. ഉവൈസ് അല്‍ഖര്‍നി (റഹിമഹുല്ലാഹ്) തന്റെ മാതാവിനോട് വളരെ നല്ല രീതിയില്‍ പെരുമാറുന്നവനാണ്. മാതാവിനോട് അതീവ ബഹുമാനത്തോടെയും പരിചരണത്തോടെയും പെരുമാറുന്നവന്‍ എന്നര്‍ത്ഥം. അല്ലാഹുവിനോട് അദ്ദേഹം ഏതെങ്കിലും കാര്യത്തില്‍ സത്യം ചെയ്ത് പറഞ്ഞാല്‍, അല്ലാഹു അത് പ്രാവര്‍ത്തികമാക്കികൊടുക്കും. അദ്ദേഹത്തിന് ശരീരത്തിലെ ചര്‍മ്മത്തില്‍ വെല്ലപ്പാണ്ട് ഉണ്ടായിരുന്നതാണ് അദ്ദേഹത്തിന്റെ അടയാളങ്ങളില്‍ ഒന്ന്. ഈ അസുഖം പിന്നീട് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അത് നീക്കിക്കളഞ്ഞു; ഒരു ദീനാര്‍ വലുപ്പമോ ഒരു ദിര്‍ഹം വലുപ്പമോ ഉള്ള ചെറിയ ഭാഗം മാത്രം അതില്‍നിന്നും അവശേഷിച്ചു. നിങ്ങള്‍ ചെയ്ത പാപങ്ങള്‍ അല്ലാഹു പൊറുക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അദ്ദേഹത്തോട് അക്കാര്യത്തില്‍ ദുആ ചെയ്യാന്‍ ആവശ്യപ്പെടുക എന്ന് നബിﷺ സ്വഹാബത്തിനോട് ഉപദേശിച്ചു.

ഈ ഹദീസ് മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ്.

മഹാനായ ഉവൈസ് അല്‍ഖര്‍നി(റഹിമഹുല്ലാഹ്)ക്ക് വലിയൊരു മഹത്വവും പദവിയും ഇതില്‍ വ്യക്തമാകുന്നു. ലോകമാന്യതയിലോ അഹങ്കാരത്തിലോ വീഴില്ലെന്ന് ഉറപ്പുള്ള, യഖീനും പൂര്‍ണമായ ഇമാനുമുള്ള ഒരാളെ പ്രശംസിക്കാവുന്നതാണെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.

സാലിഹീങ്ങളായവരോടും നല്ലവരോടും ദുആയും ഇസ്തിഗ്‌ഫാറും തേടാന്‍ ആവശ്യപ്പെടുന്നത് ശരീഅത്തില്‍ അനുവദനീയമാണെന്നും, അത് ചോദിക്കുന്നവന്‍ അവരേക്കാള്‍ ശ്രേഷ്ഠനായാലും അതിന് വിലക്കില്ലെന്നുമാണ് ഇതില്‍ നിന്നുള്ള മറ്റൊരു പാഠം. അതാണ് ഉമര്‍(റളിയല്ലാഹു അന്‍ഹു) അദ്ദേഹത്തെ കണ്ടുമുട്ടിയതുമായി വന്നിട്ടുളള ഹദീഥ് അറിയിക്കുന്നത്.

ഉസൈര്‍ ഇബ്‍നു ജാബിര്‍(റളിയല്ലാഹു അന്‍ഹു) നിവേദനം: “യമനില്‍നിന്ന് ഉമര്‍ ബ്‍നു ഖത്താബ് (റളിയല്ലാഹു അന്‍ഹു)വിന് സഹായം വന്നാല്‍ അദ്ദേഹം അവരോട് ചോദിക്കും: നിങ്ങളുടെ കൂട്ടത്തില്‍ ഉവൈസ് ബ്നു ആമിര്‍ ഉണ്ടൊ എന്ന്. ഒരു ദിവസം ഉവൈസ് വരികയും ഉമര്‍(റളിയല്ലാഹു അന്‍ഹു) അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്തു. ഉമര്‍(റളിയല്ലാഹു അന്‍ഹു) ചോദിച്ചു: താങ്കള്‍ ഉവൈസ് ബ്നു ആമിറാണൊ? അതെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഉമര്‍ വീണ്ടും ചോദിച്ചു, മുറാദിലും പിന്നെ ഖറനിലും പെട്ട ഉവൈസ് ബ്നു ആമിറാണൊ? അദ്ദേഹത്തിന്റെ മറുപടി അതെ എന്നായിരുന്നു. ഉമര്‍(റളിയല്ലാഹു അന്‍ഹു) ചോദിച്ചു: താങ്കള്‍ക്ക് വെള്ളപാണ്ട് ഉണ്ടായിരുന്നുവൊ? ഒരു ദിര്‍ഹമിന്റെ വലിപ്പത്തോളം ഒഴികെയുളളതൊക്കെ സുഖപ്പെടുകയും ചെയ്തിട്ടുണ്ടോ? അദ്ദേഹം അതിനും അതെ എന്ന് മറുപടി പറഞ്ഞു. ഉമര്‍ (റളിയല്ലാഹു അന്‍ഹു) വീണ്ടും ചോദിച്ചു: താങ്കള്‍ക്ക് മാതാവുണ്ടൊ? അദ്ദേഹം ഉണ്ട് എന്ന് മറുപടി പറഞ്ഞു. അന്നേരം ഉമര്‍ (റളിയല്ലാഹു അന്‍ഹു) അറിയിച്ചുകൊടുത്തു: മുഹമ്മദ് നബിﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. “യമന്‍കാരിലെ മുറാദ് വംശത്തില്‍നിന്ന്, പിന്നെ ഖറനില്‍പെട്ട ഉവൈസ് ബ്നു ആമിര്‍ നിങ്ങളുടെ അടുത്തേക്ക് വരും, അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരു ദിര്‍ഹമിന്റെ ഭാഗം ഒഴിച്ചുളളതെല്ലാം ഭേദമായിട്ടുണ്ട്. അദ്ദേഹത്തിന് മാതാവുണ്ട്. അദ്ദേഹം അവര്‍ക്ക് വളരെയധികം പുണ്യം ചെയ്ത് കൊടുക്കുന്നവനാണ്. അദ്ദേഹം അല്ലാഹുവിന്‍റെ പേരില്‍ ശപഫം ചെയ്താല്‍ അത് നിറവേറ്റുന്നവനാണ്. അദ്ദേഹം നിങ്ങള്‍ക്ക് പാപമോചനത്തിന് തേടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക. അതുകൊണ്ട് നീ എനിക്ക് വേണ്ടി പാപമോചനത്തിന് തേടണം. അപ്പോള്‍ ഉവൈസ്(റഹിമഹുല്ലാഹ്) ഉമര്‍(റളിയല്ലാഹു അന്‍ഹു)വിന് വേണ്ടി ദുആ ചെയ്തു. പിന്നീട് ഉമര്‍(റളിയല്ലാഹു അന്‍ഹു അദ്ദേഹത്തോട് എവിടെ പോകാന്‍ ഉദ്ദേശിക്കുന്നു എന്ന് ചോദിച്ചു. കൂഫയിലേക്ക് എന്ന് അദ്ദേഹം മറുപടി നല്‍കി. താങ്കള്‍ക്ക് വേണ്ടി അവിടുത്തെ ഗവര്‍ണര്‍മാര്‍ക്ക് ഞാന്‍ എഴുതെട്ടയൊ എന്ന് ഉമര്‍(റളിയല്ലാഹു അന്‍ഹു) അന്വേഷിച്ചു. ഞാന്‍ സാധാരണക്കാരില്‍ ഒരാളാകാന്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു അതിന് അദ്ദേഹം നല്‍കിയ മറുപടി. അടുത്ത വര്‍ഷം ആ പ്രദേശത്തിലെ ഒരു ശ്രേഷ്ട വ്യക്തി ഹജ്ജ് ചെയ്യാനെത്തിയപ്പോള്‍ ഉമര്‍(റളിയല്ലാഹു അന്‍ഹു) അദ്ദേഹത്തോട് ഉവൈസിനെ കുറിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു: വളരെ കുറഞ്ഞ ജീവിത വിഭവങ്ങളും പൊളിഞ്ഞുവീഴാറായ ഒരു ഭവനത്തില്‍ കഴിയുന്നവനുമായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളത്.” (സ്വഹീഹ് മു‍സ്‍ലിം)

ഉവൈസ് അല്‍ഖര്‍നി(റഹിമഹുല്ലാഹ്)യുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, ഒരു മനുഷ്യന്റെ മഹത്വം പ്രശസ്തിയിലല്ല; അല്ലാഹുവിനോടുള്ള സത്യസന്ധതയിലും മാതാവിനോടുള്ള നന്മയിലും ഹൃദയത്തിലെ ഇഖ്‌ലാസിലുമാണ് എന്നതാണ്. ആളുകള്‍ക്കിടയില്‍ അറിയപ്പെടാതെയിരുന്നാലും, ആകാശത്തില്‍ അവരുടെ സ്ഥാനം ഉയരാം. അതുകൊണ്ട് നമ്മുടെ ജീവിതവും അല്ലാഹുവിന് പ്രിയങ്കരമാകുന്ന ആ അദര്‍ശശുദ്ധിയിലേക്കും വിനയത്തിലേക്കും സത്യസന്ധതയിലേക്കും തിരിയേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

തസ്‌കിയ : മറ്റു ലേഖനങ്ങൾ