എന്താണ് ദുര്‍വ്യയം ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 March 27, 1442 Shaʻban 14
അവലംബം: islamqa
ചോദ്യം: ഭീമമായ വില വരുന്ന വസ്തുക്കൾ വാങ്ങാൻ വേണ്ടി സഹോദരിയോ ഉമ്മയോ ആവശ്യപ്പെട്ടാൽ അത് ഇസ്‌ലാം നിഷിദ്ധമാക്കിയ ദുർവ്യയത്തിൽ ഉൾപ്പെടുമോ? ഇത്രയും സംഖ്യ മുടക്കി വാങ്ങാനുള്ള സാമ്പത്തികശേഷി ആ സഹോദരന് ഉണ്ട്. അതു വാങ്ങുന്നതിൽ അവന് യാതൊരു പ്രയാസവുമില്ല.
ഉത്തരം: അല്ലാഹു പറയുന്നു:
"ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല".(അഅ്‌റാഫ്: 31)
ശെയ്ഖ് അബ്ദുർറഹ്മാൻ അസ്സഅ്‌ദി رَحِمَهُ ٱللَّٰهُ പറയുന്നു:
"ദുർവ്യയം " الإسراف" എന്നത് ആവശ്യത്തിൽ അപ്പുറമുള്ളതിന് പറയാം. ശരീരത്തിന് ദോഷകരമായ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനെ കുറിച്ച് പറയാം. വസ്ത്രത്തിലും ഭക്ഷണത്തിലും പാനീയത്തിലും അമിതത്വം കാണിക്കുന്നതിനെ കുറിച്ചും പറയാം. ഹലാലിൽ നിന്നും നീങ്ങി ഹറാമിലേക്ക് എത്തുന്നതിനെ കുറിച്ചും പറയാം". (തഫ്സീറുസ്സഅദി: 287)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
"കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു". (ഇസ്‌റാഅ്: 26, 27)
ഇബ്നുകസീർ رَحِمَهُ ٱللَّٰهُ പറയുന്നു:
"ചിലവഴിക്കാൻ കൽപ്പിച്ചപ്പോൾ ദുർവ്യയം പാടില്ല എന്നും പറഞ്ഞു. മറിച്ച് മധ്യമ നിലപാടാണ് സ്വീകരിക്കേണ്ടത്. അതാണ് മറ്റൊരു സ്ഥലത്ത് അല്ലാഹു ഇപ്രകാരം പറഞ്ഞത്: "ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍". (ഫുർഖാൻ: 67)
ശേഷം അല്ലാഹു അമിത വ്യയത്തേയും ദുർവ്യയത്തെയും എതിർത്തു കൊണ്ട് ഇപ്രകാരം പറഞ്ഞു: അങ്ങനെ ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാണ്. അതായത് ഈ വിഷയത്തിൽ അവരെ പോലെയാണ്. ഇബ്നുമസ്ഊദ് رضي الله عنه പറയുന്നു: നന്മയുടേതല്ലാത്ത മാർഗത്തിൽ ചെലവഴിക്കുന്നതിനാണ് تبذير എന്നു പറയുന്നത്. ഇബ്നു അബ്ബാസും رضي الله عنه ഇപ്രകാരം തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഇമാം മുജാഹിദ് رَحِمَهُ ٱللَّٰهُ പറയുന്നു: ഒരു വ്യക്തി തന്‍റെ സമ്പത്ത് മുഴുവൻ നന്മയുടെ മാർഗത്തിൽ ചെലവഴിച്ചാൽ അത് تبذير ആവുകയില്ല. എന്നാൽ നന്മയുടേതല്ലാത്ത മാർഗത്തിൽ അല്പം ചെലവഴിച്ചാൽ പോലും അത് ദുർവ്യയത്തിലാണ് പെടുക.
ഖതാദ رَحِمَهُ ٱللَّٰهُ പറയുന്നു: അല്ലാഹുവിനോടുള്ള അനുസരണക്കേടിന്‍റെ വിഷയത്തിലും നന്മയുടേതല്ലാത്ത മാർഗ്ഗത്തിലും കുഴപ്പത്തിന്‍റെ വഴിയിലും ചെലവഴിക്കുന്നതിനാണ് ദുർവ്യയം എന്നുപറയുന്നത്". (ഇബ്നു കസീർ: 5/69)
ശെയ്ഖ് അബ്ദുറഹ്മാൻ അസ്സിഅ്‌ദി رَحِمَهُ ٱللَّٰهُ പറയുന്നു:
"അടുത്തബന്ധം ഉള്ളവർക്ക് അവരുടെ അവകാശം നൽകുക എന്ന് പറഞ്ഞാൽ അവരെ ആദരിക്കലും നന്മ ചെയ്യലുമാണ്. അതിൽ നിർബന്ധമായതും പെടും സുന്നത്തായതും പെടും. അവസ്ഥകളും ബന്ധങ്ങളും ആവശ്യങ്ങളും കാലങ്ങളും അനുസരിച്ച് കൊണ്ട് അതിൽ ഏറ്റക്കുറച്ചിലുകൾ വന്നു കൊണ്ടിരിക്കും. മിസ്കീന് അവന്‍റെ അവകാശങ്ങൾ നൽകുക എന്ന് പറഞ്ഞാൽ സകാത്തും അതല്ലാത്തതും ഉൾപ്പെടും. അവന്‍റെ പ്രയാസം നീങ്ങുന്നതിനു വേണ്ടിയാകുന്നു അത്. വഴിയുടെ മക്കൾ (വഴിയാത്രക്കാർ) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്വന്തം നാട് വിട്ടു പോവുകയും അങ്ങനെ വഴി തടസ്സപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത ആളുകളാണ്.
അപ്പോൾ എല്ലാവർക്കും സമ്പത്ത് നൽകേണ്ടതുണ്ട്. എന്നാൽ അത് നൽകുന്ന വ്യക്തിക്ക് പ്രയാസം ഉണ്ടാകുന്ന രൂപത്തിൽ ആയിരിക്കരുത്. അനുയോജ്യമായ അളവിന് അപ്പുറവും ആയിരിക്കരുത്. അപ്പോൾ അല്ലാഹു നിരോധിച്ച ദുർവ്യയത്തിൽ പെടും. ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാണ് എന്ന് അല്ലാഹു പറയുന്നു. കാരണം ചീത്ത സ്വഭാവങ്ങളിലേക്കല്ലാതെ പിശാചുക്കൾ ക്ഷണിക്കുകയില്ല. പിടിച്ചു വെക്കുന്നതിലേക്കും പിശുക്ക് കാണിക്കുന്നതിലേക്കും അവൻ മനുഷ്യനെ ക്ഷണിക്കുന്നു. ആ വിഷയത്തിൽ പിശാചിനെ അനുസരിക്കാതിരുന്നാൽ പിന്നീട് അവൻ ക്ഷണിക്കുന്നത് ദുർവ്യയത്തിലേക്കും അമിത വ്യയത്തിലേക്കുമായിരിക്കും. അല്ലാഹു കൽപിക്കുന്നതാകട്ടെ എല്ലാ കാര്യങ്ങളിലും നീതിയുടെ വശത്തെ സ്വീകരിക്കുവാനുമാണ്. അതിനെയാണ് അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ളതും.
അല്ലാഹു ഇഷ്ടപ്പെടുന്ന ഇഷ്ടദാസന്മാരെ കുറിച്ച് പറഞ്ഞ സന്ദർഭത്തിൽ അവന്‍ പറഞ്ഞത്, "ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍". (ഫുർഖാൻ: 67) (തഫ്സീറുസ്സഅദി : 456).
ഭക്ഷണമായും പാനീയമായും വസ്ത്രമായും അല്ലാഹു തന്‍റെ അടിമകൾക്ക് ഇറക്കിക്കൊടുത്ത അനുഗ്രഹങ്ങളെ ഉപയോഗിക്കാൻ അവൻ കല്പിക്കുകയും അത് അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു എന്ന് നമുക്ക് ബോധ്യമായി. കുടുംബ ബന്ധങ്ങൾ പുലർത്തുവാനും സാധുക്കൾക്ക് നൽകുവാനും അവന്‍ കൽപിക്കുമ്പോള്‍ കൊടുക്കുന്നേടത്തും ചിലവഴിക്കുന്നേടത്തും ദുർവ്യയവും അമിതവ്യയവും നിരോധിക്കുകയും ചെയ്യുന്നുണ്ട്.
ഹറാമായ ഒരു കാര്യത്തിനു വേണ്ടി ചെലവഴിക്കുക എന്നുള്ളത് اسراف ഉം تبذير ഉം ആണ്. എന്നാൽ അനുവദിക്കപ്പെട്ട കാര്യങ്ങളിലുള്ള ദുർവ്യയം കാലത്തിന്‍റെയും സ്ഥലത്തിന്‍റെയും അടിസ്ഥാനത്തിലും ചിലവഴിക്കുന്ന വ്യക്തിയുടെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ചെലവഴിക്കപ്പെടുന്ന സ്ഥലങ്ങളുടെ അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.
ശെയ്ഖ് ഇബ്നു ഉസൈമിനോട് رَحِمَهُ ٱللَّٰهُ ഇപ്രകാരം ചോദിക്കപ്പെട്ടു;
"ദുർവ്യയം എന്നുള്ളത് വ്യക്തികൾക്കനുസരിച്ച് കൊണ്ട് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്ന് കേൾക്കുന്നുണ്ടല്ലോ. അവൻ കച്ചവടക്കാരനാകട്ടെ വലിയ ധനവാനാകട്ടെ തന്‍റെ കയ്യിൽ ഉള്ള സമ്പത്തിന്‍റെ തോത് അനുസരിച്ച് കൊണ്ടാണ് അത്, എന്ന് കേൾക്കുന്നു".
അപ്പോൾ ശെയ്ഖ് ഇപ്രകാരം ഉത്തരം നൽകി;
"ആ പറഞ്ഞത് ശരിയാണ്. ദുർവ്യയം എന്നുള്ളത് ഒരു സാന്ദർഭികമായ വിഷയമാണ്. അത് പ്രവർത്തനവുമായി അല്ല ബന്ധപ്പെട്ടു കിടക്കുന്നത് മറിച്ച് പ്രവർത്തിക്കുന്ന വ്യക്തിയുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ഉദാഹരണമായി, ദരിദ്രയായ ഒരു സ്ത്രീ പണക്കാരിയായ ഒരു സ്ത്രീ വാങ്ങിയ അതേ അളവിൽ സ്വർണാഭരണം വാങ്ങി. ഇത് ദുർവ്യയം ആകുമോ?. പണക്കാരിയായ ഒരു സ്ത്രീയാണ് ഇത് വാങ്ങിയത് എങ്കിൽ നമ്മൾ പറയും അതിൽ ദുർവ്യയം ഇല്ല. ദരിദ്രയായ ഒരു സ്ത്രീയാണ് അത് വാങ്ങിയത് എങ്കിൽ നമ്മൾ പറയും: അതിൽ ദുർവ്യയം ഉണ്ട്. ഭക്ഷണ പാനീയങ്ങളുടയെല്ലാം കാര്യം ഇപ്രകാരം തന്നെയാണ്. ആളുകൾക്കനുസരിച്ച് ദുർവ്യയത്തിൽ വ്യത്യാസം വരും. ഒരു വ്യക്തി ദരിദ്രനായിരിക്കും. കുറച്ചു ഭക്ഷണം മാത്രം മതിയായ ആളുകളുണ്ട്. എന്നാൽ ചില ആളുകൾക്ക് അത് മതിയാവുകയില്ല. അതേ പോലെ തന്നെ ഒരു വ്യക്തിയുടെ വീട്ടിൽ അതിഥി വരുന്നു. അപ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ ഭക്ഷണങ്ങൾ അതിഥിയെ ആദരിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്നു. ഇതൊന്നും ദുർവ്യയത്തിൽ പെടുകയില്ല. ചുരുക്കത്തിൽ വ്യക്തികൾക്കനുസരിച്ച് കൊണ്ട് ദുർവ്യയത്തിന്‍റെ വിഷയത്തിൽ വ്യത്യാസം വന്നു കൊണ്ടിരിക്കും. പ്രവർത്തനം അനുസരിച്ചു കൊണ്ടല്ല വ്യത്യാസം വരുന്നത്".
ശെയ്ഖ് ഇബ്നു ഉസൈമീൻ رَحِمَهُ ٱللَّٰهُ പറയുന്നു;
"പരിധിവിട്ടു കടക്കലാണ് 'ഇസ്റാഫ്' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിധിവിട്ടു കടക്കലാണ് ഇസ്റാഫ് എങ്കിൽ ഇസ്റാഫിൽ വ്യത്യാസങ്ങളുണ്ട്. ഒരു വ്യക്തിക്ക് ഒരു കാര്യം ഇസ്റാഫ് ആണെങ്കിലും അത് മറ്റൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇസ്റാഫ് ആയിക്കൊള്ളണമെന്നില്ല. രണ്ടു മില്യൻ റിയാൽ കൊണ്ട് ഒരാൾ വീടുവാങ്ങി. ആറു ലക്ഷം രൂപ കൊണ്ട് ആ വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും വാങ്ങി. ഒരു കാറും വാങ്ങി. ഈ വ്യക്തി സമ്പന്നനാണ് എങ്കിൽ അവൻ ദുർവ്യയം (ഇസ്റാഫ്) ചെയ്തവൻ അല്ല. കാരണം വലിയ സമ്പന്നരായ ആളുകളെ സംബന്ധിച്ചിടത്തോളം ഇത് നിസ്സാരമായ കാര്യമാണ്. എന്നാൽ പണക്കാരൻ അല്ലാത്ത ഒരു വ്യക്തി ഇപ്രകാരം ചെയ്താൽ അവൻ കാണിച്ചത് ദുർവ്യയമാണ്. അവൻ ഒരു മധ്യമ നിലയിലുള്ള ആളാണെങ്കിലും ശരി ദരിദ്രനാണെങ്കിലും ശരി.
കാരണം, സ്വന്തം അഭിലാഷങ്ങള്‍ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ചില ദരിദ്രന്മാർ ഉണ്ട്. വലിയ കൊട്ടാരം അവൻ വാങ്ങും. വിലപിടിച്ച ഗൃഹോപകരണങ്ങളും വാങ്ങും. പലരിൽ നിന്നും കടം വാങ്ങി കൊണ്ടാണ് പലപ്പോഴും ഇതൊക്കെ ചെയ്യുന്നത്. അതാകട്ടെ തെറ്റുമാണ്. അപ്പോൾ ജനങ്ങൾ മൂന്ന് തരമാണ്.
(1) വിശാലമായ സമ്പത്തുള്ള ധനവാൻ. ഇന്നത്തെ സാഹചര്യത്തിൽ - എല്ലാ കാലത്തെക്കുറിച്ചും അല്ല പറയുന്നത്- രണ്ട് മില്യൻ റിയാൽ കൊണ്ട് ഒരു വീടുണ്ടാക്കുകയും ആറ് ലക്ഷം റിയാൽ കൊണ്ട് ഗൃഹോപകരണങ്ങളും ഒരു കാറും വാങ്ങുകയും ചെയ്താൽ അദ്ദേഹം ദുർവ്യയം ചെയ്തവൻ അല്ല.
(2) മധ്യമ നിലയിലുള്ള വ്യക്തി. ഇങ്ങനെയുള്ള ഒരാൾ ഇതൊക്കെ ചെയ്താൽ അവൻ ഇസ്റാഫ് കാണിച്ചവനായി.
(3) ദരിദ്രനായ ഒരു വ്യക്തി ഇപ്രകാരം ചെയ്താൽ അവനെ സംബന്ധിച്ചിടത്തോളം അവൻ വിവരക്കേട് കാണിച്ചു എന്നാണ് പറയേണ്ടത്. കാരണം തനിക്ക് ആവശ്യമില്ലാത്ത ഒരു കാര്യം പൂർത്തിയാക്കാൻ എങ്ങനെയാണ് അവൻ കടം വാങ്ങുന്നത്"?.
ഇവിടെ വിശദീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഉമ്മയും സഹോദരിയും നിങ്ങളോട് വാങ്ങുവാൻ വേണ്ടി ആവശ്യപ്പെട്ടത് അനുവദനീയമായ വസ്തുവാണ് എങ്കിൽ നിങ്ങൾക്ക് പ്രയാസം ഉണ്ടാകാത്ത നിലക്കും നിങ്ങളുടെ കീഴിൽ കഴിയുന്ന ആളുകൾക്ക് ചെലവിന് കൊടുക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലാത്ത നിൽക്കും അത്തരം വസ്തുക്കൾ വാങ്ങി കൊടുക്കൽ നിങ്ങളുടെ കഴിവിൽ പെട്ടതാണെങ്കിൽ അതു വാങ്ങി കൊടുക്കൽ നിങ്ങൾക്ക് അനുവദനീയമാണ്. എന്നാൽ അത് ഇസ്റാഫായി മാറുന്നത് മുമ്പ് നമ്മൾ വിശദീകരിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അത് വാങ്ങി കൊടുക്കുന്നതിലൂടെ നിങ്ങളുടെ കുടുംബബന്ധം സ്ഥാപിക്കലും ഹൃദയങ്ങളെ അടുപ്പിക്കലും അവരെ അവഗണിക്കുമ്പോൾ കുടുംബ ബന്ധങ്ങൾ മുറിയാനുള്ള സാധ്യതയും പരസ്പര പ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടി ഉണ്ട് എങ്കിൽ നിങ്ങൾക്ക് കഴിവുള്ളടത്തോളം കാലം അത് വാങ്ങി കൊടുക്കാവുന്നതാണ്.
അല്ലാഹു അഅ്‌ലം.