നരകവാസിയുടെ രൂപവും വലിപ്പവും

അന്‍വര്‍ അബൂബക്കര്‍

Last Update 8 April 2026, 20 Shawwal, 1447 AH

ചോദ്യം: നരകാവകാശികള്‍ നരകത്തിലേക്ക് പ്രവേശിക്കുന്നത് ഭീകരരൂപികളായ ശരീരത്തോടു കൂടിയായിരിക്കും. അവര്‍ക്ക് നരകത്തിലൊന്നിരിക്കാനുളള സ്ഥലത്തിന്‍റെ വിസ്താരം, അത് രണ്ട് സ്ഥലങ്ങള്‍ക്കിടയിലുളള വിസ്താരമാണെന്നാണ് നബിﷺ പറഞ്ഞത്. ഏതൊക്കെയാണ് ആ രണ്ട് സ്ഥലങ്ങള്‍?

ഉത്തരം: മക്ക-മദീന

നരകാവകാശികള്‍ നരകത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അവർ ഭീകരരൂപം പൂണ്ടവരായിരിക്കും. അവരുടെ വലുപ്പവും രൂപഭംഗിയും അതീവ ഭയാനകമായിരിക്കും. ഈ വലുപ്പം എത്രമാത്രമാണെന്നത് അവരെ സൃഷ്ടിച്ച സവിശേഷ ജ്ഞാനമുള്ള അല്ലാഹുവിന് മാത്രമേ പൂര്‍ണമായി അറിയൂ. എന്നാല്‍ അവന്‍റെ പ്രവാചകനായ മുഹമ്മദ് നബിﷺ മുഖാന്തിരം നമുക്ക് ഏതാനും കാര്യങ്ങള്‍ അതിനെ കുറിച്ച് അറിയിച്ചു തന്നിട്ടുണ്ട്. “...നരകവാസിയുടെ മോണ ഉഹുദ് പര്‍വ്വതം പോലെയായിരിക്കും. അവന്‍ ഇരിക്കുന്ന സ്ഥലത്തിന് മക്കയുടേയും മദീനയുടേയും ഇടയിലുള്ള വിസ്താരമായിരിക്കും.” (സുനനുത്തിര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്) അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ ഇതുകൂടി പറഞ്ഞു: “നരകവാസിയുടെ രണ്ട് ചുമലുകള്‍ക്കിടയിലെ ദൂരം അതിവേഗതയില്‍ സഞ്ചരിക്കുന്ന ഒരു യാത്രികന്‍ മൂന്നുദിവസം സഞ്ചരിക്കുന്ന ദൂരമായിരിക്കും.” (മുസ്‌ലിം) അതുകൂടാതെ അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “നരകവാസിയുടെ മോണ അല്ലെങ്കില്‍ തേറ്റ ഉഹുദ് പര്‍വ്വതം പോലെയായിരിക്കും. അവന്‍റെ തൊലിയുടെ കട്ടി മൂന്നു (ദിവസത്തെ) ദൂരമായിരിക്കും.” (മുസ്‌ലിം)

ഇമാം നവവി(റഹിമഹുല്ലാഹ്) പറയുന്നു: "നരകവാസിയുടെ ഈ വലിപ്പം അവനുള്ള ശിക്ഷ പൂര്‍ണമാകുന്നതിന് വേണ്ടിയാണ്. എല്ലാം അല്ലാഹുവിന്‍റെ തീരുമാനമാണ്. അല്ലാഹുവിന്‍റെ റസൂല്‍ﷺ പറഞ്ഞുതന്നതിനാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്." (ശര്‍ഹു മുസ്‌ലിം, 17/186)

നരകത്തില്‍ പ്രവേശിക്കുന്നവരെല്ലാം ഒരേതരം ശിക്ഷ അനുഭവിക്കുന്നവരല്ല. അവര്‍ ചെയ്യപ്പെട്ട പാപങ്ങളുടെ വലിപ്പം അനുസരിച്ച് ശിക്ഷയുടെ തോതും ഭീകരതയും വ്യത്യാസപ്പെടും. അല്ലാഹുവിന്‍റെ റസൂല്‍ﷺ പറഞ്ഞു: “നരകവാസികളില്‍ അഗ്നി തന്‍റെ നെരിയാണിവരെ പിടികൂടുന്നവരുണ്ടാകും. അവരില്‍ തന്‍റെ ഇരു കാല്‍മുട്ടുകള്‍വരെ അഗ്നി പിടികൂടുന്നവരുണ്ടാകും. അവരില്‍ തന്‍റെ അരവരെ അഗ്നി പിടികൂടുന്നവരുണ്ടാകും. അവരില്‍ തന്‍റെ തൊണ്ടക്കുഴിവരെ അഗ്നി പിടികൂടുന്നവരുണ്ടാകും.” (മുസ്‌ലിം)

ഇമാം ഇബ്നു റജബുല്‍ ഹമ്പലി(റഹിമഹുല്ലാഹ്) പറഞ്ഞു: "താങ്കള്‍ അറിയണം, നിശ്ചയം നരകവാസികളുടെ ശിക്ഷയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് അവര്‍ നരകത്തില്‍ പ്രവേശിക്കാന്‍ കാരണമായ കര്‍മ്മങ്ങളുടെ (തിന്മകളുടെ) ഏറ്റക്കുറച്ചിലുകളാണ്." (അത്തഖ്‍വീഫു മിനന്നാര്‍ പേജ്: 142)

നമ്മുടെ ഭൂമിയിലെ അഗ്നിയെക്കാള്‍ അനവധി മടങ്ങ് കഠിനമേറിയതാണ് നരകാഗ്നി. എന്നിട്ടും, അവിടെ ശിക്ഷ അനുഭവിക്കുന്നവരുടെ ശരീരം മുഴുവനായി വെന്തുരുകി നശിക്കുകയില്ല. അതിന് പകരം, അല്ലാഹു അവര്‍ക്ക് വീണ്ടും വീണ്ടും തൊലികള്‍ നല്‍കും. അല്ലാഹു പറഞ്ഞു: “അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം അതല്ലാത്ത വേറെ തൊലികള്‍ പകരമാക്കുന്നതാണ്, അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ വേണ്ടി” (നിസാഅ് 56). തൊലിയിലെ വേദനാനുഭവം പെയിൻ റിസപ്റ്റേര്‍സിന്‍റെ (Pain Receptors) പ്രവർത്തനഫലമാണെന്ന് ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നത്. ഡെർമറ്റോളജിയുടെ (Dermatology) പഠനങ്ങളനുസരിച്ച്, നമ്മുടെ തൊലിയിലടക്കം Nociceptors എന്ന പ്രത്യേക Sensory Receptors ഉണ്ട്. ഇവ വേദനാ പ്രേരകങ്ങളെ (Pain Stimuli) തിരിച്ചറിയുകയും, Afferent Nerve Fibers വഴി തലച്ചോറിലേക്ക് ആ സന്ദേശം അയക്കുകയും ചെയ്യുന്നു. തൊലി പൂർണ്ണമായും കത്തിയാൽ ഈ ഗ്രാഹകരും നശിക്കുന്നതിനാൽ, വേദനാനുഭവം സംഭവിക്കില്ല. Pain receptors-നെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ 19-ആം നൂറ്റാണ്ടിലാണ് വേഗത്തിൽ മുന്നേറുന്നത്. 1826-ൽ Charles Bell, 1858-ൽ Johannes Muller, 1894-ൽ Ferdinand von Frey എന്നിവർ ഈ മേഖലയില്‍ പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാല്‍, 1400 വർഷങ്ങൾക്ക് മുമ്പ്, ശാസ്ത്രം ഈ അറിവ് നേടുന്നതിന് മുമ്പേ, അല്ലാഹു ക്വുര്‍ആനിലൂടെ ❝അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ നാം അവര്‍ക്ക് പുതിയ തൊലികള്‍ പകരം നല്‍കും❞ എന്ന് പറയുമ്പോള്‍, വേദനാനുഭവം തൊലിയുമായി ബന്ധപ്പെട്ടു കിടക്കുന്നെന്ന് ക്വുര്‍ആൻ ഖണ്ഡിതമായി വ്യക്തമാക്കുന്നു. മുഹമ്മദ് നബിﷺ ജീവിച്ച 7-ാം നൂറ്റാണ്ടിലെ ആര്‍ക്കുംതന്നെ ഈ ശാസ്ത്രീയ സത്യത്തെ കുറിച്ച് അറിയുമായിരുന്നില്ല. അതിനാൽ, ഈ അറിവ് മനുഷ്യബുദ്ധിയിലൂടെ ലഭിച്ചതല്ല, മറിച്ച് സ്രഷ്ടാവായ അല്ലാഹുവിന്‍റെ ദിവ്യവചനമാണെന്ന് നിസ്സംശയം നമുക്ക് ഉറപ്പിക്കാം!

തസ്‌കിയ : മറ്റു ലേഖനങ്ങൾ