നബിﷺയുടെ ദുആയും വ്യാപാരത്തിലെ ബര്‍കത്തും

അന്‍വര്‍ അബൂബക്കര്‍

Last Update 31 December 2025, 11 Rajab, 1447 AH

ചോദ്യം: മുഹമ്മദ് നബിﷺക്ക് ഒരു ആടിനെ വാങ്ങിക്കൊടുക്കാനായി അവിടുന്ന് ഒരു സ്വഹാബിയുടെ പക്കല്‍ ഒരു ദിനാര്‍ കൊടുത്തു. അദ്ദേഹം രണ്ട് ആടുകളെ അതുകൊണ്ട് വാങ്ങി. എന്നിട്ട് അതില്‍ ഒന്നിനെ ഒരു ദിനാറിന് വിറ്റു. അതിന് ശേഷം നബിﷺയുടെ അടുക്കലേക്ക് ഒരു ദിനാറും ഒരു ആടുമായി അദ്ദേഹം വന്നു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് കച്ചവടത്തില്‍ ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നീട് മണ്ണ് വിറ്റാലും അദ്ദേഹത്തിന്നതില്‍ ലാഭം കിട്ടാറുണ്ടായിരുന്നു. നബിﷺ കച്ചവടത്തില്‍ ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഈ സ്വഹാബി ആരായിരുന്നു?

ഉത്തരം: ഉര്‍വത്തു ബ്നു അബീ അല്‍ജഅ്ദ് അല്‍ബാരികി (റളിയല്ലാഹു അന്‍ഹു)

ഉര്‍വത്തുല്‍ ബാരികി(റളിയല്ലാഹു അന്‍ഹു) നിവേദനം: “നബിﷺക്ക് ഒരു ആടിനെ വാങ്ങിക്കൊടുക്കാനായി അവിടുന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഒരു ദിനാര്‍ കൊടുത്തു. അദ്ദേഹം രണ്ട് ആടുകളെ അതുകൊണ്ട് വാങ്ങി. എന്നിട്ട് അതില്‍ ഒന്നിനെ ഒരു ദിനാറിന് വിറ്റു. അതിന് ശേഷം നബിﷺയുടെ അടുക്കലേക്ക് ഒരു ദിനാറും ഒരു ആടുമായി അദ്ദേഹം വന്നു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് കച്ചവടത്തില്‍ ബര്‍ക്കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നീട് മണ്ണ് വിറ്റാലും അദ്ദേഹത്തിന്നതില്‍ ലാഭം കിട്ടാറുണ്ടായിരുന്നു.” (ബുഖാരി: 3642)

മുഹമ്മദ് നബിﷺ തന്റെ സ്വഹാബികള്‍ക്കായി എപ്പോഴും വിശാലമായ നന്മയും, ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ബര്‍കത്തും ചൊരിഞ്ഞു നല്‍കുന്നതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നതായി നാം കാണുന്നു. ഈ ഹദീസില്‍ സൂചിപ്പിച്ചത് പ്രകാരം, നബിﷺക്ക് ആ ഇടപാടിലൂടെ ഒരു ദീനാര്‍ ലാഭം ലഭിക്കുകയുണ്ടായി. ഉര്‍വത്തുല്‍ ബാരികി(റളിയല്ലാഹു അന്‍ഹു)വിന്റെ ബുദ്ധിപരവും നിഷ്കളങ്കവുമായ ഇടപാട് കണ്ടപ്പോള്‍, നബിﷺ അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അല്ലാഹു ബര്‍കത്ത് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. ഈ ദുആയുടെ ഫലമായി, ഉര്‍വത്ത് (റളിയല്ലാഹു അന്‍ഹു)വിനെ കറിച്ച് പറയപ്പെടുന്നത് “അദ്ദേഹം മണ്ണ് വാങ്ങിയാല്‍ പോലും അതില്‍ നിന്നും ലാഭം ഉണ്ടാകുമായിരുന്നു” എന്നാണ്. ഇത് അതിശയോക്തിപോലെ തോന്നിയാലും, യഥാര്‍ത്ഥത്തില്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത് നബിﷺയുടെ ദുആ മൂലം അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ സ്ഥിരമായ ബര്‍കത്തും തുടര്‍ച്ചയായ ലാഭവും ആ സ്വഹാബിക്ക് ലഭിച്ചിരുന്നു എന്ന വസ്തുതയാണ്. ഈ ഹദീസ് നമ്മെ അറിയിക്കുന്നത്, ഹലാലായ ഇടപാടും ബുദ്ധിപരമായ ശ്രമവും, അതോടൊപ്പം നബിﷺയുടെ പ്രാര്‍ത്ഥനയും ഒരുമിച്ചാല്‍, അല്ലാഹു അതില്‍ മഹത്തായ ബര്‍കത്ത് നല്‍കും എന്ന പാഠമാണ്. ഇത് നുബുവ്വത്തിന്റെ വ്യക്തമായ അടയാളങ്ങളില്‍ ഒന്നാണ്. കാരണം, നബിﷺ ഉര്‍വ്വത്ത് (റളിയല്ലാഹു അന്‍ഹു)വിനു വേണ്ടി ചെയ്ത പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു; അതിന്റെ ഫലമായി അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ സ്ഥിരമായ ബര്‍കത്ത് പ്രത്യക്ഷമായികൊണ്ടിരുന്നു.

ഈ ഹദീസില്‍ നിന്ന് നമുക്ക് ലഭിക്കുന്ന മറ്റൊരു പാഠം; സ്വത്തുടമയുടെ പൊതുവായ അനുമതിയും ഉദ്ദേശ്യവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ വ്യക്തമായ നിര്‍ദ്ദേശം ഇല്ലാതെയും വ്യാപാരം നടത്തുന്നത് ശരിയാണെന്നതിന്റെ നിയമസാധുതയാണ്. അതോടൊപ്പം, ഉദ്ഹിയ്യത്തിനായി അറുക്കേണ്ട മൃഗം വാങ്ങുന്നതിനുള്ള ഉത്തരവാദിത്വം മറ്റൊരാളെ ഏല്‍പ്പിക്കുന്നത് (തൗകീല്‍) ശരിയാണെന്നും ഈ ഹദീസ് തെളിയിക്കുന്നു. സ്വത്തുടമയുടെ വ്യക്തമായ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ, അദ്ദേഹത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി അവരുടെ സ്വത്തില്‍ ഇടപെടുന്നത് ശരിയാണെന്നും, എന്നാല്‍ അത്തരം ഇടപാട് ശേഷം ഉടമയുടെ അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരികയുളളൂ എന്നും ഈ ഹദീഥിനെ വിശദീകരിച്ചു പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നു.

അതിനാല്‍, ഈ ഹദീഥ് വെറും ഒരു വ്യാപാരസംഭവമായി മാത്രം കാണേണ്ടതല്ല. മറിച്ച്, ഹലാലായ മാര്‍ഗ്ഗത്തിലൂടെ നടത്തുന്ന ഇടപാടുകള്‍ക്ക് അല്ലാഹു എങ്ങനെ ബര്‍കത്ത് നല്‍കുന്നു എന്നതിന്റെ ജീവനുള്ള ഉദാഹരണമാണ് ഇത്. ബുദ്ധിയും പരിശ്രമവും സത്യസന്ധതയും ചേര്‍ന്നാല്‍, അതിനോടൊപ്പം നബിﷺയുടെ ദുആ കൂടി ലഭിക്കുമ്പോള്‍, അതിന്റെ ഫലം ലൌകിക ലാഭത്തിലേക്ക് മാത്രമല്ല; ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും വ്യാപിക്കുന്ന ദൈവിക അനുഗ്രഹമായി അത് മാറുന്നു. ഇങ്ങനെ, ഉര്‍വത്തുല്‍ ബാരികി (റളിയല്ലാഹു അന്‍ഹു)വിന്റെ ജീവിതം, വിശ്വാസിക്കും വ്യാപാരത്തിനും ഇടയില്‍ വേര്‍പാടില്ലെന്നും, ഇമാനും ഇടപാടുകളും ഒരുമിച്ചു ചേര്‍ന്നാല്‍ അതാണ് യഥാര്‍ത്ഥ വിജയത്തിലേക്കുള്ള വഴി എന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന മഹത്തായ സന്ദേശമായി നിലകൊള്ളുന്നു.

തസ്‌കിയ : മറ്റു ലേഖനങ്ങൾ