ക്വുര്‍ആന്‍ മനസ്സിലാക്കല്‍: സലഫുകളുടെ ഫഹ്‌മ് അനിവാര്യമായതെന്തിന്?

അന്‍വര്‍ അബൂബക്കര്‍

Last Update 08 October 2025, 16 Rabiʻ II, 1447 AH

ചോദ്യം: യൂസഫ് നബി(അലൈഹിസ്സലാം)യെ കിണറ്റില്‍ നിന്നും കണ്ടെത്തിയ യാത്രാസംഘത്തെ ക്വുര്‍ആനില്‍ വിശേഷിപ്പിച്ച അറബി പദം ഏത്?

ഉത്തരം: സയ്യാറത്തുന്‍ (سَيَّارَةٌ )

പരിശുദ്ധ ക്വുര്‍ആന്‍ യൂസുഫ് നബി(അലൈഹിസ്സലാം)യുടെ ജീവിതത്തിലെ നിരവധി സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ ഒരു പ്രധാന സംഭവമാണ്, സഹോദരന്മാര്‍ കിണറ്റില്‍ ഇട്ട യൂസുഫ് നബി(അലൈഹിസ്സലാം)യെ ഒരു യാത്രാസംഘം കണ്ടെത്തിയ സംഭവം. ക്വുര്‍ആന്‍ പറയുന്നു: “ഒരു യാത്രാസംഘം വന്നു; എന്നിട്ട് അവരുടെ വെള്ളംകോരിയെ അവര്‍ വെള്ളത്തിനു അയച്ചു: അവന്‍ അവന്റെ തോട്ടി കിണറ്റില്‍ ഇറക്കി. അവന്‍ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലന്‍!!' അവര്‍ അദ്ദേഹത്തെ എടുത്തു ഒരു കച്ചവടചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.” (യൂസുഫ് 19) ഇവിടെ وَجَاءَتْ سَيَّارَةٌ എന്നാണ് ഒരു യാത്രാസംഘം എത്തി എന്നത് അറിയിക്കാന്‍ ക്വുര്‍ആന്‍ ഉപയോഗിച്ചത്.

ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗരേഖയാണ് സലഫുസ്സ്വാലിഹീങ്ങള്‍ മനസ്സിലാക്കിയ രീതിയിലൂടെ മാത്രം മതം ഗ്രഹിക്കേണ്ടത് എന്ന സത്യം. കാരണം, ഭാഷ മാറും, കാലഘട്ടം മാറും, പ്രയോഗങ്ങള്‍ മാറും. പക്ഷേ ദൈവികവചനങ്ങളും നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വചനങ്ങളും ആദ്യമായി ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ തന്നെയാണ് നിലനില്‍ക്കേണ്ടത്. “وَجَاءَتْ سَيَّارَةٌ” എന്ന ക്വുര്‍ആനിലെ പ്രയോഗം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ “സയ്യാറത്തുന്‍” എന്ന പദം ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് “യാത്രാസംഘം” എന്ന അര്‍ത്ഥത്തിലാണ്. അന്ന് അറബി ഭാഷയില്‍ അതാണ് സാധാരണ പ്രയോഗം. യൂസുഫ് നബി(അലൈഹിസ്സലാം)യെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത് യാത്രക്കാരുടെ ഒരു സംഘമാണ് എന്ന് സലഫിന്റെ കാലത്തെ എല്ലാവര്‍ക്കും വ്യക്തമായിരുന്നു.

എന്നാല്‍ ഇന്നത്തെ അറബിയില്‍ “സയ്യാറത്തുന്‍” എന്ന പദം പൊതുവില്‍ കാര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍, ഒരാള്‍ ഇന്നത്തെ പ്രയോഗം മാത്രം അടിസ്ഥാനമാക്കി ക്വുര്‍ആന്‍ വായിച്ചാല്‍, യൂസുഫ് നബി(അലൈഹിസ്സലാം)യെ “കാറില്‍ വന്ന ഒരു സംഘം” രക്ഷപ്പെടുത്തി എന്ന തെറ്റായ ധാരണയിലെത്തും. ഇതൊരു വലിയ തെറ്റിദ്ധാരണക്കും ക്വുര്‍ആനിന്റെ അര്‍ത്ഥത്തെ മാറ്റിമറിക്കുന്നതിനും കാരണമാകും.

ഇതിലൂടെ വ്യക്തമാണ്, ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നത് അവ പ്രസ്താവിക്കപ്പെട്ട കാലഘട്ടത്തിലെ അറബി ഭാഷാപ്രയോഗവും സ്വഹാബികളുടെ ധാരണയും അടിസ്ഥാനമാക്കിയേ കഴിയൂ. സലഫുസ്സ്വാലിഹീങ്ങള്‍ എങ്ങനെ അതിനെ മനസ്സിലാക്കി, അവര്‍ എങ്ങനെ അതിനെ വ്യാഖ്യാനിച്ചു എന്നതാണ് ശരിയായ ഫഹ്‌മ്. ഇതാണ് ഫഹ്‌മുസ്സ്വഹാബ് അനിവാര്യമായതിന്റെ വലിയ തെളിവ്.

അതുകൊണ്ട് തന്നെ, ക്വുര്‍ആനിനെ വെറും നിഘണ്ടുവില്‍ നോക്കി വ്യാഖ്യാനിക്കുകയോ, കാലാനുസൃതമായി പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മിക്കുകയോ ചെയ്യുന്നത് വളരെ അപകടകരമാണ്. ഭാഷയുടെ പ്രയോഗം മാറുമ്പോള്‍, ക്വുര്‍ആനിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും വളച്ചൊടിക്കപ്പെടും. അതിനാല്‍, ആധുനിക വ്യാഖ്യാനം എന്ന പേരില്‍ ക്വുര്‍ആന് പുതിയ അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുന്നത് മതത്തിന്റെ അടിത്തറ തന്നെ പൊളിക്കുന്ന കാര്യമാകും. സുരക്ഷിതവും ശരിയായ വഴിയുമാണ് സ്വഹാബികളും സലഫുസ്സ്വാലിഹീങ്ങളും മനസ്സിലാക്കിയ പോലെ മാത്രം ക്വുര്‍ആനും സുന്നത്തും ഗ്രഹിക്കുക എന്നത്. അതാണ് വിജയത്തിലേക്കുളള സുരക്ഷിതമായ മാര്‍ഗം.

മന്‍ഹജ് : മറ്റു ലേഖനങ്ങൾ