ഒരു മാതാവിന്റെ അപേക്ഷയും പ്രവാചകﷺന്റെ ദുആയും
അന്‍വര്‍ അബൂബക്കര്‍
Last Update 05 November 2025, 14 Jumada I, 1447 AH
ചോദ്യം:ഒരു സ്വഹാബിക്ക് വേണ്ടി നബിﷺ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, നീ അദ്ദേഹത്തിന് ധനത്തിലും സന്താനത്തിലും വര്‍ദ്ധനവ് നല്‍കേണമേ, നീ അദ്ദേഹത്തിന് നല്‍കുന്നതില്‍ ബറകത്ത് ചൊരിയുകയും ചെയ്യേണമേ.” അതിന് ശേഷം അന്‍സാരികളായ സ്വഹാബികളുടെ കൂട്ടത്തില്‍ ധരാളം സമ്പത്തും സന്താനങ്ങളുമുള്ള വ്യക്തിയായി അദ്ദേഹം മാറി. ആരായിരുന്നു ആ സ്വഹാബി?
ഉത്തരം: അനസു ബ്‍നു മാലിക് (റളിയല്ലാഹു അന്‍ഹു)
ഉമ്മുസുലൈം (റളിയല്ലാഹു അന്‍ഹ) നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, അനസ് താങ്കള്‍ക്ക് സേവനം ചെയ്യുന്നുണ്ടല്ലോ? അദ്ദേഹത്തിന് വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിച്ചാലും. നബിﷺ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ അദ്ദേഹത്തിന് ധനത്തിലും സന്താനത്തിലും വര്‍ദ്ധനവ് നല്‍കേണമേ, നീ അദ്ദേഹത്തിന് നല്‍കുന്നതില്‍ ബറകത്ത് ചൊരിയുകയും ചെയ്യേണമേ”. (ബുഖാരി, മുസ്‍ലിം)
അല്ലാഹു നബി ﷺയുടെ ഈ ദുആ സ്വീകരിച്ചു. അനസ് (റളിയല്ലാഹു അന്‍ഹു)വിന്റെ സമ്പത്ത് വളരെ കൂടുതലായി, ബസ്റയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഒരു തോട്ടത്തില്‍ ഓരോ വര്‍ഷവും രണ്ടുതവണ വിളവുണ്ടാകുമായിരുന്നു. അതിലെ പൂന്തോട്ടങ്ങളില്‍ നിന്നു സുഗന്ധം പരന്നിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന് തന്റെ സന്തതികളില്‍ നിന്നു മാത്രം നൂറിലധികം മക്കളുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം കഅ്ബ തവാഫ് ചെയ്യുമ്പോള്‍ അവരില്‍നിന്നും എഴുപതിലധികം പേര്‍ കൂടെയുണ്ടായിരുന്നതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസും നല്‍കി. ഇത് നബി ﷺയുടെ നബൂവത്തിന്റെ തെളിവുകളില്‍ ഒന്നാണ്.
ധനവും സന്താനവും കൂടുതലാകുന്നത് സ്വതന്ത്രമായി ഒരു പരീക്ഷണമാകാം, പക്ഷെ നബിﷺയുടെ ദുആയില്‍ ബറകത്ത് ഉള്‍പ്പെട്ടതിനാല്‍ അതൊന്നും അനസ് (റളിയല്ലാഹു അന്‍ഹു)വിനെ ബാധിച്ചില്ല; പകരം, ആ അനുഗ്രഹം അദ്ദേഹത്തിന് ഒരു സൗഭാഗ്യമായി മാറി. അതുകൊണ്ട് ഈ ഹദീസ് ഒരു പ്രധാന പാഠം നല്കുന്നു; ഒരാള്‍ക്ക് ഭൗതിക സമ്പത്ത് ലഭിക്കുമ്പോള്‍, അതില്‍ ബറകത്ത് ലഭിക്കണമെന്നത് അതിനേക്കാള്‍ പ്രധാനമാണ്. ബറകത്ത് ഇല്ലാത്ത സമ്പത്ത് മനുഷ്യന് ദോഷമാകും, എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹം ചേര്‍ന്ന സമ്പത്ത് സൗഭാഗ്യമാകും. അതുപോലെ, മറ്റൊരാളിന് വേണ്ടി ദുആ ചെയ്യുമ്പോള്‍ ഭൗതിക സമ്പത്ത് മാത്രമല്ല, അതിനോടൊപ്പം ബറകത്തും അപേക്ഷിക്കണമെന്നത് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ധനം, സന്താനം തുടങ്ങിയ ഭൗതിക അനുഗ്രഹങ്ങള്‍ക്കായി ദുആ ചെയ്യുന്നത് അനുവദനീയമാണെന്നതിന് തെളിവു കൂടിയാണ് ഈ ഹദീഥ്. പക്ഷെ, അതിനോടൊപ്പം ബറകത്തിനും, പരീക്ഷണങ്ങളില്‍ നിന്നുമുളള സംരക്ഷണത്തിനും പ്രാര്‍ത്ഥിക്കേണ്ടതാണെന്ന് ഈ ചരിത്രസംഭവം പഠിപ്പിക്കുന്നു. അതിനാല്‍ തന്നെയാണ് അനസ് (റളിയല്ലാഹു അന്‍ഹു)വിന് ഇഹത്തിലും പരത്തിലും നന്മ പൂര്‍ണമായിത്തീര്‍ന്നത്. ഭൗതിക കാര്യങ്ങള്‍ക്കായി ദുആ ചെയ്യരുതെന്ന് പറയുന്നവര്‍ നബി ﷺയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനോട് വിരുദ്ധമായി എതിരു നില്‍ക്കുന്നവരാണ്; കാരണം നബി ﷺ ഇഹലോകവും പരലോകവും ഉന്നതമാക്കുന്ന ജീവിതം തന്നെയാണ് പഠിപ്പിച്ചത്. ഇഹലോകം, അല്ലാഹു വഴികാട്ടിയവര്‍ക്ക് അഖിറത്ത് നേടാനുള്ള ഒരു മാര്‍ഗ്ഗമാണ്. ചുരുക്കത്തില്‍, ഈ അനുഭവങ്ങള്‍ എല്ലാം നബിﷺയുടെ ദുആയുടെ അത്ഭുതകരമായ ഫലങ്ങളായിരുന്നു; അതായത്, അദ്ദേഹത്തിന്റെ ദുആയുടെ ബറകത്ത് യാഥാര്‍ത്ഥ്യമായിത്തീര്‍ന്നതിന്റെ തെളിവുകള്‍.
