സന്താനങ്ങളോടുള്ള ബാധ്യതകള്‍
മുഹമ്മദ് ശമീർ മദീനി
Last Update 2018 October 28, 1440 Safar 19
സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹശേഷം വര്‍ഷം രണ്ട്, മൂന്ന് കഴിഞ്ഞിട്ടും മക്കളുണ്ടാകാതെയാകുമ്പോഴേക്ക് വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളെ കാണാം. തന്‍റെ പിന്‍ഗാമിയും തനിക്കൊരു സഹായിയുമായി തന്‍റെ ഒരു ശേഷിപ്പ് എന്ന നിലയില്‍ സന്താനത്തെ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അതിനായി ലക്ഷങ്ങള്‍ മുടക്കാനും ചികിത്സകള്‍ നടത്താനും മറ്റ് പലതും ചെയ്യാന്‍ മനുഷ്യര്‍ തയ്യാറാകാറുണ്ട്. പലരും ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത് എന്നത് ഒരു വശത്ത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്മാരടക്കം സന്താനത്തിനായി കൊതിക്കുകയും സര്‍വ്വശക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്ത പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
സകരിയ്യാ നബി (അ) ജരാനരകള്‍ ബാധിച്ച് അവശതയിലെത്തിയിട്ടും സര്‍വ്വശക്തനായ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് നിരാശ കൂടാതെ നിഷ്കളങ്കമായി പ്രാര്‍ഥിച്ച രംഗം വിശുദ്ധ ക്വിര്‍ആന്‍ വിവരിക്കുന്നുണ്ട്. "നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യക്ക് ചെയ്ത കാരുണ്യത്തിന്‍റെ അനുസ്മരണമത്രെ ഇത്. അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. തലയാകട്ടെ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ നാഥാ ഞാന്‍ ഒരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുജനങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു എന്‍റെ ഭാര്യയാകട്ടെ വന്ധ്യയുമാണ്. അതിനാല്‍ നിന്‍റെ പക്കല്‍നിന്ന് എനിക്കൊരു പിന്‍ഗാമിയെ പ്രദാന ചെയ്യേണമേ!" (19:1-5)
തന്‍റെ രക്ഷിതാവിന്‍റെ ശക്തി മാഹാത്മ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മറ്റൊരു സന്ദര്‍ഭത്തിലും അദ്ദേഹം കുറ്റമറ്റ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുന്നത് കാണാം. "അവിടെ വെച്ച് സകരിയ്യ തന്‍റെ നാഥനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഉത്തമ സന്താനങ്ങളെ നല്‍കേണമേ. നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ" (3:38)
മഹാനായ ഇബ്റാഹീം നബി (അ)യുടെ ചരിത്രത്തിലും സമാനമായ രംഗങ്ങള്‍ കാണാം. ദീര്‍ഘ നാളത്തെ ദാമ്പത്യ ജീവിതത്തില്‍ മക്കളില്ലാതെയായിട്ടും നിരാശനാകാതെ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ക്വുര്‍ആന്‍ പറയുന്നു. "എന്‍റെ നാഥാ! സദ്'വ്യത്തരില്‍പെട്ട (ഒരു മകനെ) എനിക്ക് തന്നരുളേണമേ! (37:100)
സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യതിരിക്തതയായിട്ടാണ് ഇതിനെ നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന് ആശ്രയവും സഹായവുമാവശ്യമായതിനാല്‍ സന്താനത്തിനായി കൊതിക്കുന്നു. സന്താന സൗഭാഗ്യമില്ലാതിരിക്കല്‍ ഒരു ന്യൂനതയായി ഗണിക്കുന്നു. ചിലര്‍ അതില്‍ നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു! എന്നാല്‍ സ്രഷ്ടാവാകട്ടെ അവന്‍ ആശ്രയമുക്തനാണ്. സന്താനമുണ്ടാവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയാണ്. ദൈവപുത്ര വാദത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അല്ലാഹു പറയുന്നത് കാണുക. "പരമകാരുണ്യകന്‍ ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഏറെ ഗുരുതരമായ ഒരു കാര്യമാണ് നിങ്ങള്‍ ആരോപിച്ചിരിക്കുന്നത്. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിക്കീറുകയും ഭൂമി പിളര്‍ന്ന് പോവുകയും മലകള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകുന്നു. (അതെ) പരമകാരുണ്യകന് പുത്രനുണ്ടെന്ന് വാദിച്ചതുമൂലം! ഒരു പുത്രനെ വരിക്കുകയെന്നത് പരമകാരുണ്യകന് ചേര്‍ന്നതേയല്ല." (19:88-92)
യഥാര്‍ഥ ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. "പറയുക: അവന്‍ അല്ലാഹു, ഏകനാണ്. അല്ലാഹു പരാശ്രയമുക്തനാണ്, സര്‍വരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല. അവന്‍ (സന്താനത്തെ) ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല." (112:1-4)
ലൈംഗികത പാപമല്ല
മനുഷ്യന്‍റെ പ്രത്യുല്‍പാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം ലൈംഗിക ബന്ധമാണ്. കേവലം വികാര ശമനത്തിനുള്ള ഒരു വഴി മാത്രമായിട്ടല്ല അതിനെ ഇസ്ലാം കാണുന്നത്. ലൈംഗികതയിലെ അധാര്‍മികതയെ സബന്ധിച്ച് ശക്തമായി ബോധവല്‍കരിക്കുന്നതോടൊപ്പം അതിലെ ധാര്‍മിക വശങ്ങള്‍ പഠിപ്പിക്കുന്ന ഒട്ടനവധി വചനങ്ങളും നബി (ﷺ)യുടെ അധ്യാപനങ്ങളില്‍ കാണാം.
നബി (ﷺ) പറഞ്ഞു: "നിങ്ങള്‍ ഇണകളുമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലും നിങ്ങള്‍ക്ക് പുണ്യമുണ്ട്". അനുചരന്മാര്‍ ചോദിച്ചു: "പ്രവാചകരേ, ഞങ്ങളിലൊരാള്‍ തന്‍റെ ലൈംഗിക ദാഹം ശമിപ്പിക്കുന്ന ഭാര്യാ-ഭര്‍തൃ ബന്ധത്തിലും പുണ്യമുണ്ടെന്നോ?!". അവിടുന്ന് പറഞ്ഞു: "അയാള്‍ അത് നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് ചെയ്യുന്നതെങ്കില്‍ അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? (അതിനു കുറ്റമുണ്ടല്ലോ?) അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെ വികാരം ശമിപ്പിക്കുമ്പോള്‍ അതിന് അയാള്‍ക്ക് പ്രതിഫലമുണ്ട്". (മുസ്ലിം)
ആദ്യകാലങ്ങളില്‍ റമദാനിന്‍റെ രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധം പാപമായി ഗണിച്ചിരുന്നു. വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതക്ക് നിരക്കാത്ത അപരാധമായി അതിനെ കാണുകയും സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്ന അവസ്ഥാ വിശേഷം വരെയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം അവതരിക്കുന്നത്. "വ്രതകാല രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. (ഭാര്യാ സമ്പര്‍ക്കം നിഷിദ്ധമായി കരുതികൊണ്ട്) നിങ്ങള്‍ സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളത് തേടുകയും ചെയ്തുകൊള്ളുക. അപ്രകാരംതന്നെ, രാവിന്‍റെ കറുപ്പുനൂലുകളില്‍നിന്ന് പ്രഭാതത്തിന്‍റെ വെള്ളനൂല്‍ തെളിഞ്ഞു കാണുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാവുവരെ വ്രതം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജന)മിരിക്കുമ്പോള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. അവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനാല്‍ നിങ്ങള്‍ അവയോട് അടുക്കരുത്. ഇപ്രകാരം അല്ലാഹു അവന്‍റെ വിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍" (2:187)
മക്കള്‍ അപമാനമോ?
സന്താനമോഹം മനുഷ്യ സഹജമാണെന്നും സന്താന സൗഭാഗ്യത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു എന്നതുമൊക്കെ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ സന്താനത്തിനായി ഗര്‍ഭം ധരിച്ചുപോയാല്‍ അതില്‍ വല്ലാതെ വിഷമിക്കുന്ന ദമ്പതിമാരേയും കാണാം. എത്രയോ പേര്‍ തന്‍റെ ആ പിന്‍ഗാമിയുടെ ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഭ്രൂണാവസ്ഥിയിലുള്ള ആ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊന്നുകളയുന്നതിനുവേണ്ടി രഹസ്യമായി ഡോക്ടര്‍മാരെ സമീപിക്കുന്നു! 'അബോര്‍ഷന്‍' എന്ന ഓമനപ്പേരില്‍ ആ ശിശുഹത്യയേയും കൊലപാതകത്തേയും സമൂഹം വെള്ളപൂശാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും തന്‍റെ ഈ കൊടും ക്രൂരതക്ക് സ്രഷ്ടാവിന്‍റെ മുമ്പില്‍ നാളെ താന്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപമാനമോ ദാരിദ്രമോ ഭയന്നുകൊണ്ട് സന്താനത്തെ വധിച്ചിരുന്ന അജ്ഞാനകാലത്തെ കാടത്തത്തിനെതിരെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനും വളരാനുമുള്ള അവകാശം വകവെച്ചുകൊടുത്തുകൊണ്ട് ശക്തമായി ശബ്ദിച്ച ക്വുര്‍ആനിക സൂക്തങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. "ദാരിദ്ര്യ ഭയത്താല്‍ നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് ഒരു മഹാപാപമാകുന്നു" (17:31)
ജനിക്കാരിക്കുന്ന കുഞ്ഞിനെക്കൊണ്ട് യാതൊരു ഉപകാരവുമുണ്ടാവുകയില്ല എന്ന് കാലേ വിധിയെഴുതുന്ന ചിലരുടെ രീതി ശരിയല്ല. തങ്ങളുടെ മാതാപിതാക്കളും ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പലരും ജനിക്കുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം പോലും വിസ്മരിക്കപ്പെടുകയാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്ന വിലപോലും മനുഷ്യകുഞ്ഞിന് ഇത്തരക്കാര്‍ കല്‍പിക്കുന്നില്ല എന്ന് തോന്നിക്കും വിധത്തിലാണ് പലരുടെയും ഈ രംഗത്തെ ആക്രോഷങ്ങള്‍. എന്നാല്‍ ഇസ്ലാം സന്താനത്തെ അനുഗ്രഹവും സൗഭാഗ്യവുമായി തന്നെയാണ് കാണുന്നത്.
ചിലപ്പോള്‍ ആഗ്രഹവും ശ്രമവും പ്രാര്‍ഥനയും ഒക്കെയായിട്ടും മക്കള്‍ ഉണ്ടാകാതെയും വരാം. അതും ദൈവത്തിന്‍റെ പരീക്ഷണമായി കാണാന്‍ വിശ്വാസിക്ക് സാധിക്കണം. ചിലര്‍ അത്തരം ഘട്ടങ്ങളില്‍ മാഹാന്മാരായ പ്രാവചകന്മാരുടെ വിശുദ്ധപാതയും മാതൃകകളും കയ്യൊഴിഞ്ഞ് സ്രഷ്ടാവായ അല്ലാഹു അങ്ങേയറ്റം വെറുക്കുകയും ശക്തിയായി വിലക്കുകയും ചെയ്ത ബഹുദൈവാരാധനയുടെയും നന്ദികേടിന്‍റെയും വഴികളിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത് ഗൗരവമായി കണ്ട് കൊണ്ട് അത്തരം പൈശാചിക ദുര്‍ബോധനങ്ങളില്‍പെട്ടു പോകാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രത കൈകൊള്ളേണ്ടത് അനിവാര്യമാണ്. ശരിയായ ഏകദൈവ വിശ്വാസവും പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയും വിശ്വാസികളില്‍ പ്രകടമാകേണ്ട ഒരു രംഗം കൂടിയാണിത്.
സന്താനങ്ങളുടെ കാര്യത്തില്‍ വേറെ നിലക്കും ദൈവിക പരീക്ഷണങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം 8,9 മാസം ചര്‍ദിയും പ്രയാസങ്ങളും വേദനകളുമൊക്കെ സഹിച്ച് അവസാനം കുട്ടി മരണപ്പെടുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അവിടെയും സമാധാനിച്ച് അവന്‍റെ അളവറ്റ കാരുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് മനസ്സിനെ പതറാതെ പിടിച്ച് നിര്‍ത്താന്‍ കഴിയുമ്പോഴാണ് ആ പരീക്ഷണക്കളരിയില്‍ വിജയം വരിക്കാന്‍ സാധിക്കുക. അവിടെയും നമുക്ക് ആശ്വാസമേകുന്ന താങ്ങായി നബി(ﷺ)യുടെ അധ്യാപനങ്ങളുണ്ട്.
അബൂഹസ്സന്‍ (റ) പറയുന്നു. എന്‍റെ രണ്ട് മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു. അങ്ങനെ പ്രവാചക അദ്ധ്യാപനങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മഹാനായ അബൂഹുറൈയ്റ (റ) നെ കണ്ട് ഞാന്‍ ചോദിച്ചു: "ഞങ്ങളുടെ മരണപ്പെട്ട മക്കളുടെ കാര്യത്തില്‍ ഞങ്ങളുടെ മനസ്സിന് ആശ്വാസമേകുന്ന വല്ലതും താങ്കള്‍ നബി (ﷺ) യില്‍ കേട്ടിട്ടുണ്ടോ?'. അദ്ദേഹം പറഞ്ഞു: 'അതെ, ചെറുപ്രായത്തില്‍ മരണപ്പെടുന്ന നിങ്ങളുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ സ്വൈരവിഹാരം നടത്തുന്ന ഭാഗ്യവാന്മാരാണ്. അവര്‍ തന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അവരെ ആരും തടയുകയില്ല. (മുസ്ലിം, അഹ്മദ്)
ഇത്തരത്തിലുള്ള വേറെയും നിരവധി ഹദീഥുകള്‍ ഉണ്ട്. ഗര്‍ഭകാലത്തെ പ്രയാസങ്ങളും വിഷമതകളും സഹിക്കുന്നതും ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം മഹത്തായ പ്രതിഫലത്തിന് അര്‍ഹമാക്കുന്ന സംഗതിയാണ്.
പ്രസവ ശേഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയായിപ്പോയി എങ്കില്‍ അതിന്‍റെ പേരില്‍ വഴക്കടിക്കുകയും രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായതിന്‍റെ പേരില്‍ വിവാഹ മോചനം വരെ കാര്യങ്ങളെത്തുന്ന സ്ഥിതി വിശേഷവും ഈ ആധുനിക സമൂഹത്തിലുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചിലര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മുന്‍കൂട്ടി ലിംഗ നിര്‍ണയ ടെസ്റ്റും നടത്തി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കാറുണ്ട്. അല്ലാഹുവിന്‍റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ ദേഷ്യവും വെറുപ്പും നേടാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കുക.
അല്ലാഹു പറയുന്നു: "അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ്വശക്തനുമാകുന്നു." (42:49,50)
ഈ വചനത്തില്‍ പെണ്‍മക്കളെ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്. പലതും ആഗ്രഹിക്കുന്നതിന് വിപരീതമായി അല്ലാഹുവിന്‍റെ തീരുമാനമാണ് ഇക്കാര്യത്തിലും ആത്യന്തികമായി സംഭവിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. ആധുനിക സമൂഹത്തിലെ പെണ്‍ഭ്രൂണഹത്യയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അജ്ഞാന (ജാഹിലിയ്യാ) കാലത്തെ വികല ധാരണകളെ ഇസ്ലാം മാറ്റിത്തിരുത്തിയ ചരിത്രം സുവിധിതമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക. "അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍ കോപത്താല്‍ അവന്‍റെ മുഖം കറുത്തിരുളും. അവന്ന് സന്തോഷവാര്‍ത്ത ലഭിച്ച ആ കാര്യത്തിലുള്ള അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു. അവജ്ഞയോടെ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കണമോ, അതല്ല (ജീവനോടെ) അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു). നോക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം!" (16:58,59)
ആ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (ﷺ) പറയുന്നത് കാണുക. "ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയും പക്വതയുമാകുന്നത് വരെ പോറ്റിവളര്‍ത്തിയാല്‍ ഞാനും അയാളും അന്ത്യദിനത്തില്‍ ഇതേപോലെ സന്തത സഹചാരികളായിരിക്കും എന്ന് പറഞ്ഞിട്ട് അവിടുത്തെ രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ചു കാണിച്ചു." (മുസ്ലിം, തിര്‍മിദി)
നവജാത ശിശുവും ഇസ്ലാമിക മര്യാദകളും
ഗര്‍ഭ ധാരണം മുതല്‍ പ്രസവം വരെ പ്രത്യേകമായ ഒരു ചടങ്ങും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. ഗര്‍ഭ കാലത്ത് സ്ത്രീക്ക് ശരിയായ പരിരക്ഷയും ശുശ്രൂഷയും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന:സ്സമാധാനം അതില്‍ ഏറെ പ്രധാനമാണ്. വിവാഹമോചിതയാണെങ്കില്‍ പോലും അവരെ സംരക്ഷിക്കുവാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു. "(ഇദ്ദവേളയില്‍) നിങ്ങളുടെ കഴിവിനൊത്തവിധം നിങ്ങള്‍ താമസിക്കുന്നിടത്തു തന്നെ അവരെ താമസിപ്പിക്കണം. അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍വേണ്ടി നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കേണ്ടതാകുന്നു. എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി (ശിശുവിന്) അവര്‍ മുലകൊടുക്കുന്നുവെങ്കില്‍, അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍. (വേതനകാര്യം) നിങ്ങള്‍ അന്യോന്യം നല്ല നിലയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുല കൊടുക്കുകയുക് ചെയ്യട്ടെ." (65:6)
സുഖപ്രസവത്തിനായി സര്‍വ്വക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അതിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ബാധ്യസ്തരാണ്. പക്ഷെ, പലയാളുകളും സുഖകരമായി പ്രസവമൊക്കെ കഴിഞ്ഞാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിനു പകരം അങ്ങേയറ്റം നന്ദികെട്ട ബഹുദൈവാരാധനയുടെ വഴികളാണ് സ്വീകരിക്കാറുള്ളത്. അങ്ങനെ വ്യാജ ദൈവങ്ങള്‍ക്കും ബഹുദൈവാരാധനയുടെ മറ്റ് കേന്ദ്രങ്ങളിലേക്കും നന്ദി സൂചകമായി തീര്‍ഥാടനങ്ങളും വഴിപാടുകളും അര്‍പ്പിക്കുന്നത് കാണാം. അല്ലാഹു പറയുന്നത് കാണുക. "ഒരൊറ്റ ശരീരത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും അവനുണ്ടാക്കി. അവളില്‍ അവന്‍ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. അങ്ങനെ അവന്‍ അവളെ പുണര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഒരു ഗര്‍ഭം ധരിച്ചു. അതുമായി അവള്‍ നടന്നു. പിന്നീട് അതു ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരു സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ അവര്‍ക്കൊരു നല്ല (സന്താനത്തെ) നല്‍കിയപ്പോള്‍ അവന്‍ അവര്‍ക്ക് നല്‍കിയ (ഔദാര്യത്തിലും കാരുണ്യത്തിലും) പങ്കാളികളെ ചേര്‍ത്തു. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനായിരിക്കുന്നു." (7:189,190)
സന്താന സൗഭാഗ്യം നല്‍കിയ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടും കുഞ്ഞുങ്ങളുടെ നന്മ ലക്ഷ്യമാക്കിയും ചില പ്രത്യേക കര്‍മങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.
1. ബാങ്കുവിളിയും മധുരം നല്‍കലും
നവജാത ശിശുവിന്‍റെ ചെവിയില്‍ ദൈവിക കീര്‍ത്തനം വിളംബരം ചെയ്യുന്ന ബാങ്കിന്‍റെ വചനങ്ങള്‍ ഉരുവിടുന്ന രീതി ഇസ്ലാമിക സമൂഹത്തില്‍ സച്ചരിതരായ മുന്‍ഗാമികള്‍ മുതല്‍ തുടര്‍ന്ന് പോരുന്ന സമ്പ്രദായമാണ്. തദ്വിഷയകമായുദ്ധരിക്കപ്പെടുന്ന പ്രവാചക വചനത്തിന്‍റെ പ്രബലതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സച്ചരിതരായ പൂര്‍വ്വികരുടെ മാതൃകയുള്ളതിനാല്‍ അതിനെ അനാചാരമായി ഗണിക്കുക സാധ്യമല്ല. എന്നാല്‍ ബാങ്കിനു പുറമെ ഇഖാമത്തുകൂടി പറയുന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. അതിനാല്‍ അത് ഇസ്ലാമിക രീതിയായി കാണാവതല്ല.
കുട്ടി ജനിച്ച സന്തോഷത്താല്‍ മിഠായി വിതരണം ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ലെങ്കിലും തെറ്റു എന്നു പറയാന്‍ പറ്റില്ല. മറിച്ച് ഇസ്ലാം അനുവധിക്കുന്ന നാട്ടുനടപ്പുകളുടെ പട്ടികയിലാണ് അത് വരിക. എന്നാല്‍ ജന്മദിനങ്ങളില്‍ അത് ആവര്‍ത്തിക്കുകയും ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കലും അനിസ്ലാമിക സംസ്കാരമാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ അവ കയ്യൊഴിക്കേണ്ടതാണ്.
നവജാത ശിശുവിന് മധുരം തൊട്ടുകൊടുക്കുന്ന രീതി ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (ﷺ) യുടെ അനുചരന്മാര്‍ പ്രവാചക സന്നിധിയില്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന് അത് ചെയ്ത പല സംഭവങ്ങളും കാണാം. എന്നാല്‍ നബി(ﷺ)യുടെ കാലശേഷം അത്തരം ഒരു കര്‍മ്മത്തിനായി അവിടുത്തെ സ്വാഹാബികളോ സച്ചരിതായ മറ്റു പൂര്‍വ്വികരോ ആരേയും സമീപ്പിച്ചിരുന്നില്ല. അഥവാ നബി(ﷺ)യുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രത്യേക കര്‍മമായിട്ടാണ് സലഫുകള്‍ അതിനെ കണ്ടിരുന്നത് എന്ന് സാരം. അതിനാല്‍ മധുരം നല്‍കാനും ചോറ് ഊട്ടാനും പ്രത്യേക സ്ഥലങ്ങളിലേക്കും ആളുകളുടെ അടുക്കലേക്കും കൊണ്ടുപോകുന്നത് ഇസ്ലാമികമല്ല.
2. പേരിടല്‍
നല്ല അര്‍ഥമുള്ള പേരുകള്‍ കാലേകൂട്ടി കണ്ടുവെച്ച് കുട്ടി ജനിച്ച ദിവസം തന്നെ പേര് വിളിക്കുന്നതാണ് ഉത്തമം. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏഴാം ദിവസത്തിലോ മറ്റോ പേര് വിളിക്കാം. എന്നാല്‍ പേര് വിളിക്കാനും ചോറുകൊടുക്കാനുമൊക്കെ പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ ഇസ്ലാമികമല്ല. നബി(ﷺ)യുടെ അനുചരന്മാരടക്കമുള്ള പൂര്‍വ്വികരായ സച്ചരിതരില്‍ അത്തരം മാതൃക കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള അന്യമത സംസ്കാരങ്ങള്‍ വിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്.
പേരും പേര് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധവും സ്വാധീനവും ഉള്ളതുകൊണ്ടാകാം മോശപ്പെട്ട പലപേരുകളും നബി(ﷺ) തിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മകന് മോശമായ പേരാണ് വിളിച്ചത് എന്നതിന്‍റെ പേരില്‍ ഒരു പിതാവിനെതിരില്‍ വന്ന പരാതിയുമായി ബന്ധപ്പെട്ട് ഉമര്‍ (റ) അയാളെ ശാസിച്ച സംഭവവും ചരിത്രത്തില്‍ കാണാം.
3. മുടി കളയലും മൃഗത്തെ അറുക്കലും
നവജാത ശിശുവിന്‍റെ തലമുടി നീക്കുവാനു സന്താന സൗഭാഗ്യത്തിന് അനുഗ്രഹിച്ച അല്ലാഹുവിന് നന്ദിരേഖപ്പെടുത്തികൊണ്ട് മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുവാനും ഇസ്ലാം നിര്‍ദേശിക്കുന്നു. സാധിക്കുമെങ്കില്‍ ഇത് കുട്ടി ജനിച്ചതിന്‍റെ ഏഴാം ദിവസമാകലാണ് ഉത്തമം. അല്ലെങ്കില്‍ സൗകര്യപ്പെടുന്ന മറ്റ് ഏത് ദിവസങ്ങളിലുമാകാം. മുടിയുടെ തൂക്കത്തിന് തുല്ല്യമായി വെള്ളി ദാനം ചെയ്യാനും നബി(ﷺ) നിര്‍ദേശിച്ചിട്ടുണ്ട്.
4. ചേലാകര്‍മം
ശുദ്ധ പ്രകൃതിയുടെ ഭാഗമായി ലിംഗാഗ്രചര്‍മം ഛേദിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചേലാകര്‍മത്തിന്‍റെ ഗുണഫലങ്ങള്‍ ഇന്ന് സര്‍വ്വാംഗീകൃതമായി മാറിയിട്ടുണ്ട്. ലിംഗചര്‍മത്തിനടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നല്‍കുകയും ഒട്ടനവധി രോഗങ്ങളില്‍ നിന്നും ലൈംഗിക പ്രശ്നങ്ങളില്‍ നിന്നും ചേലാകര്‍മം സുരക്ഷിതത്വം നല്‍കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
5. മുലയൂട്ടല്‍
കുഞ്ഞിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോദ ശേഷിക്കും ഏറെ സഹായകമായ പോഷക ഗുണങ്ങളടങ്ങിയ ഒരമൂല്യ വസ്തുവാണ് അമ്മയുടെ മുലപ്പാല്‍. ദൈവികദാനമായ ആ മുലപ്പാല്‍ മക്കളുടെ അവകാശമാണ്. സൗന്ദര്യ പ്രശ്നത്തിന്‍റെയും മറ്റും പേരില്‍ അവ മക്കള്‍ക്ക് നിഷേധിക്കുമ്പോള്‍ ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും അതിലൂടെ വന്ന് ചേരുന്നു. സ്നേഹവും കാരുണ്യവുമില്ലാത്ത മാതൃ-ശിശുബന്ധവും ആരോഗ്യമില്ലാത്ത സന്താനങ്ങളും അതിലൂടെ സമൂഹത്തില്‍ ഉണ്ടാകുന്നു. മാത്രമല്ല സ്തനാര്‍ബുദത്തിന് അതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും മാതാപിതാക്കള്‍ മക്കളുടെ ഈ അവകാശം പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ ഉദ്ബോധിപ്പിച്ചു. അല്ലാഹു പറയുന്നു: "മാതാക്കള്‍ അവരുടെ ശിശുക്കള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ണമായും മുലയുട്ടേണ്ടതാകുന്നു. (ശിശുവിന്‍റെ) മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലയൂട്ടുന്ന മാതാക്കള്‍ക്ക്) മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത പിതാവിനാകുന്നു. എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ (ബാധ്യത) ചുമത്താവതല്ല. ഒരു മാതാവും അവളുടെ ശിശുകാരണമായി ദ്രോഹിക്കപ്പെടരുത്. ഒരു പിതാവും അവന്‍റെ ശിശുകാരണമായും (ദ്രോഹിക്കപ്പെടരുത്). (പിതാവിന്‍റെ അഭാവത്തില്‍ അയാളുടെ) അനന്തരവകാശികള്‍ക്കും (ശിശുവിന്‍റെ കാര്യത്തില്‍) അതുപോലെയുള്ള ബാധ്യതകളുണ്ട്. എന്നാല്‍ ഇരുകൂട്ടരും ഉഭയസമ്മതത്തോടെ, പരസ്പരം കൂടിയാലോചിച്ച് മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമൊന്നുമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റൊരാളെക്കൊണ്ട്) മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതങ്കില്‍ അതിനും കുറ്റമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച (വേതനം) മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്തും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുവിന്‍". (2:233)
6. സ്നേഹ പ്രകടനവും ലാളനയും
മക്കളോട് സ്നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അത് പ്രകടിപ്പിക്കാനും ശ്രദ്ധിക്കണം. അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്. മക്കളുടെ മാനസിക വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹ-വാത്സല്യങ്ങളുടെ ആത്മ ബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും സാമൂഹ്യ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി (ﷺ) കുട്ടികളോടൊത്ത് സ്നേഹം പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തിരക്കിന്‍റെ പേരില്‍ ബാധ്യതകളും ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയില്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റുള്ളവരില്‍ നിന്നും അതുപോലുള്ളത് തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി (ﷺ) പഠിപ്പിച്ചത്.
എന്നാല്‍ ഇതിന്‍റെയൊക്കെ നേരെ വിപരീതമായ മറ്റൊരു വശവും ആധുനിക സമൂഹത്തില്‍ നമുക്ക് കാണാം. കുട്ടികളെ അമിതമായി ലാളിച്ചും കൊഞ്ചിച്ചും പറ്റെ വഷളാക്കുന്ന രീതിയും ഏറെ അപകടകരമാണ്. ശാസനയും ഉപദേശവും ഒന്നും വേണ്ടിടത്ത് നല്‍കാതെ തെറ്റുകള്‍ തിരുത്താനും നന്മയിലേക്ക് നയിക്കാനും ഏറ്റവും കൂടുതല്‍ ബാധ്യസ്തരായ മാതാപിതാക്കള്‍ അതില്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ വാസ്തവത്തില്‍ സമൂഹത്തിനാകെ ആ സന്താനങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തെമ്മാടികളും ദുര്‍മാര്‍ഗികളുമായി പല ദുശ്ശീലങ്ങള്‍ക്കുമടിമപ്പെട്ട് അവര്‍ വളരുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവിടെയും മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി (ﷺ)യുടെ ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ട്.
ഒരിക്കല്‍ മദീനത്തെ പള്ളിയുടെ മൂലയില്‍ സക്കാത്തിന്‍റെ വിഹിതമായി ശേഖരിച്ചിരുന്ന കാരക്കയില്‍ നിന്ന് ഒന്നെടുത്ത് നബി (ﷺ) യുടെ പേരകുട്ടി വായിലിട്ടു. അതു കണ്ട നബി (ﷺ) അതു തുപ്പിക്കളയാന്‍ ആ പിഞ്ചുബാലനോട് പറഞ്ഞിട്ടു ഇപ്രകാരം ഓര്‍മ്മിപ്പിച്ചു. "മോനേ, നിനക്കറിയില്ലേ നമുക്ക് അത് ഭക്ഷിക്കാന്‍ പാടില്ലെന്ന്? നിശ്ചയം അത് (സകാത്ത് മുതല്‍) മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല." (ബുഖാരി, മുസ്ലിം)
മറ്റൊരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാന്യമല്ലാത്ത രീതി സ്വീകരിച്ച കുട്ടിയോട് വാത്സല്യത്തോട് നബി (ﷺ) ഉപദേശിച്ചു. "മോനേ, അല്ലാഹുവിന്‍റെ നാമത്തില്‍ തുടങ്ങുക. വലതു കൈകൊണ്ട് തിന്നുക. നിന്‍റെ അടുത്ത് നിന്ന് നീ ഭക്ഷിക്കുക." (ബുഖാരി, മുസ്ലിം) ആ കുട്ടികളൊക്കെ പ്രായമായ ശേഷം നബി(ﷺ)യുടെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ അത്തരം മര്യാദകള്‍ പഠിപ്പിച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
എന്നാല്‍ മക്കളോടൊത്ത് ഭക്ഷണം കഴിക്കുവാനോ സമയം ചെലവഴിക്കുവാനോ ശ്രദ്ധിക്കാത്ത നമ്മില്‍ ഭൂരിഭാഗത്തിനും ഇത്തരം ഉപദേശ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നല്‍കാന്‍ സാധിക്കാറില്ല. മിക്ക മാതാപിതാക്കളും ചിലപ്പോള്‍ തെറ്റുകള്‍ക്കും ദുശ്ശീലങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരായിമാറുന്നു. അല്ലെങ്കില്‍ അനാവശ്യമായ ശകാരങ്ങളും മര്‍ദ്ദനങ്ങളും കൊണ്ട് അവ ഫലപ്രദമല്ലാതാക്കി മാറ്റുന്നു. മര്യാദകളും ധാര്‍മിക വശങ്ങളും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നബി(ﷺ) ഉപദേശിച്ചിട്ടുണ്ട്. സ്വന്തം മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനു പകരം ആ ചുമതല മറ്റുള്ളവരെ ഏല്‍പ്പിച്ച് മക്കളുടെ കുറ്റവും കുറവുകളും മറ്റുള്ളവരുടെ മുമ്പില്‍ നിരത്തി പരാതിപ്പെടുന്ന രീതി ഒട്ടും ഗുണപരമല്ല.
മക്കള്‍ അനുഗ്രഹമെന്ന പോലെ പരീക്ഷണവുമാണ് എന്ന് ക്വുര്‍ആനിക ഉദ്ബോധനം മറക്കാതിരിക്കുക. "തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്." (64:15). അവരുടെ ശാരീരിക വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന നാം അവരുടെ ധാര്‍മികവും സാംസ്കാരികവുമായ അഭിവൃദ്ധിയിലും ശ്രദ്ധയുള്ളവരായിരിക്കണം. പ്രവാചകന്മാരായിരുന്ന സകരിയ്യാ നബി (അ) യും ഇബ്റാഹീം നബി (അ) യുമൊക്കെ സന്താന സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ നല്ല മക്കള്‍ക്കായി പ്രത്യേകം ചോദിച്ചത് കാണാം. കാരണം നല്ല മക്കള്‍ നമുക്ക് അഭിമാനവും ഇരുലോകത്തും ഉപകാരപ്രദവുമാണ്. എന്നാല്‍ ദുര്‍നടപ്പുകാരായ മക്കള്‍ നമുക്ക് അപമാനമായിരിക്കുകയും ചെയ്യും.
7. നീതി പാലിക്കുക
മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുകയും ചിലരെ മറ്റുചിലരേക്കാള്‍ പ്രത്യേകം സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുന്ന വിഭാഗീയത ചിലയാളുകളില്‍ കാണാറുണ്ട്. അത് ഗുരുതരമായ കുറ്റവും ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള അവിവേകപൂര്‍വ്വമായ പ്രവര്‍ത്തിയുമാണ്. തന്‍റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രത്യേകമായി ദാനം നല്‍കിയ ഒരു സ്വഹാബിയെ നബി (ﷺ) ശക്തമായി ശാസിക്കുകയും മക്കള്‍ക്കിടയില്‍ തുല്യതയോടെ പെരുമാറാന്‍ ഉപദേശിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാര്യമായി പരിഗണിച്ച് അര്‍ഹവും അനര്‍ഹവുമായ രീതിയിലൊക്കെ വാരിക്കോരി കൊടുത്ത മക്കള്‍ നമുക്ക് ഉപദ്രവകാരിയായി മാറിയേക്കാം. പിന്നീടത് നമുക്ക് ഖേദത്തിനിടയാക്കുകയും ചെയ്തേക്കാം. അനന്തരവകാശ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് തന്നെ അല്ലാഹു ഇക്കാര്യം ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.
"നിങ്ങളിലെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു." (4:11)
8. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക
മക്കള്‍ ആവശ്യപ്പെടുന്ന എല്ലാം നമുക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും അവരുടെ അത്യാവശ്യങ്ങളും അവസ്ഥകളും കണ്ടറിയാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി പഠനം പോലുള്ള കാര്യങ്ങളില്‍ കഴിവുണ്ടായിട്ടും ശ്രദ്ധിക്കാതിരിക്കല്‍ കുറ്റകരമായ വീഴ്ചയാണ്. നബി (ﷺ) പറയുന്നു: "തന്‍റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്ന തന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്" (മുസ്ലിം അബൂദാവൂദ്)
മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: "ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്‍റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്." (മുസ്ലിം)
9. സമ്പാദിച്ചു കൊടുക്കുക
അനന്തരവകാശികള്‍ക്ക് ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവാക്കുന്ന കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. മക്കളെയും കുടുംബത്തെയും പട്ടിണിക്കിട്ടുകൊണ്ട് ആളുകളെ കയ്യടിയും 'ഗുഡ് സര്‍ട്ടിഫിക്കറ്റും' നേടാനായി സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഇസ്ലാം നന്മയായി കാണുന്നില്ല.
രോഗാവസ്ഥയിലായിരിക്കെ തന്‍റെ സ്വത്ത് മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കട്ടെയോ എന്ന് അന്വേഷിച്ച സഅ്ദ് (റ) നോട് നബി (ﷺ) 'വേണ്ട' എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ? എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി (ﷺ) ശേഷം പറഞ്ഞു. 'തീര്‍ച്ചയായും നീ നിന്‍റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം' (ബുഖാരി, മുസ്ലിം)
എന്നാല്‍ ന്യായ-അന്യായങ്ങള്‍ ഒന്നും നോക്കാതെ നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദ്യം കൊഴുപ്പിക്കുന്നതിനെ അതിശക്തമായി നബി (ﷺ) വിലക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: "നിഷിദ്ധമാര്‍ഗത്തിലൂടെ വളരുന്ന മാംസത്തിന് നരകാഗ്നിയാണ് ഏറ്റവും അര്‍ഹം." (തിര്‍മിദി)
10. വിശ്വാസവും ആദര്‍ശവും പഠിപ്പിക്കുക
ഈ ലോകത്തും നാളെ മരണാനന്തര ജീവിതത്തിലും ഉപകാരപ്രദമായ സമ്പാദ്യമായി മക്കള്‍ മാറണമെങ്കില്‍ അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തെകുറിച്ച് രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അടിയുറച്ച ദൈവ വിശ്വാസവും പരലോക ബോധവും അവരില്‍ കരുപിടിപ്പിക്കുവാന്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ഒരു ഭാരമായിക്കണ്ട് തെരുവില്‍ തള്ളുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ മുമ്പിലും എതിരാളികളായി മക്കള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയില്ലാതിരിക്കാന്‍ അത് അനിവാര്യമാണ്. ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു മാതൃകാ പുരുഷനായ ലുഖ്മാന്‍ (അ) തന്‍റെ മകന് നല്‍കുന്ന സാരോപദേശങ്ങള്‍ ശ്രദ്ധേയമാണ്. "ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ കുഞ്ഞേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അവനില്‍ പങ്കു ചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു." "എന്‍റെ കുഞ്ഞുമോനേ, നമസ്കാരത്തെ (കൃത്യമായി) നിലനിറുത്തുക. നന്മയെ അനുശാസിക്കുകയും നിഷിദ്ധകാര്യത്തെ വിലക്കുകയും ചെയ്യുക. നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ സഹനം കൈകൊള്ളുകയും ചെയ്യുക. ഇത് കാര്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍പെട്ടതുതന്നെയാണ്. നീ ആളുകളില്‍ നിന്ന് മുഖം തിര്‍ച്ചു സംസാരിക്കരുത്. ഭൂമിയില്‍ പൊങ്ങച്ചത്തില്‍ നടക്കുകയും അരുത്. തീര്‍ച്ചയായും വമ്പുപറയുന്ന ഡംഭന്മാരെ ഒരുത്തനെയും അല്ലാഹു സ്നേഹിക്കുന്നില്ല. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അരോചകമായത് കഴുതയുടെ ശബ്ദമത്രെ." (31:13, 16-19)
പ്രവാചകന്മാരായ ഇബ്റാഹീം (അ) യഅ്ഖൂബ് (അ) മുതലായവര്‍ മക്കള്‍ക്ക് നല്‍കിയ സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടവ ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നത് കാണുക: "ഇതേ ജീവിതമാര്‍ഗം തന്നെ ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഉപദേശിച്ചു: എന്‍റെ മക്കളേ, അല്ലാഹു ഈ 'ദീന്‍' നിങ്ങള്‍ക്ക് വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. ആകയാല്‍ മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. അല്ല, യഅ്ഖൂബ് ആസന്നമരണനായിരിക്കെ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്‍റെ മക്കളോട് ചോദിച്ചു: എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക. അവര്‍ പറഞ്ഞു: അങ്ങയുടെ ആരാധ്യനായ, അങ്ങയുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരുമാകും." (2:132-133)
നമ്മുടെ സന്താനങ്ങളെ ഇരുലോകത്തും ഉപകാരപ്പെടുന്ന അഭിമാനകരമായ സമ്പാദ്യമാക്കി മാറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!