സഹോദരബന്ധത്തിന്റെ ഒരു ചരിത്രനിമിഷം

അന്‍വര്‍ അബൂബക്കര്‍

Last Update 17 September 2025, 25 Rabiʻ I, 1447 AH

ചോദ്യം: ഹിജ്റയ്ക്ക് ശേഷം മദീനയില്‍ എത്തിയ മുഹാജിറുകളില്‍, പ്രവാചകന്‍ ﷺ അല്‍സാരികളില്‍ പെട്ട സഅ്ദ് ഇബ്‌നു റബീഅ് (റദിയല്ലാഹു അന്‍ഹു)വിനോടൊപ്പം സഹോദരനാക്കി ചേര്‍ത്തത് ഏത് സ്വഹാബിയെയായിരുന്നു?

ഉത്തരം: അബ്ദുര്‍റഹ്‍മാന്‍ ഇബ്നു ഔഫ് (റളിയല്ലാഹു അന്‍ഹു)

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ﷺ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തപ്പോള്‍, മുസ്ലിം സമൂഹം രണ്ട് വിഭാഗങ്ങളിലായി അറിയപ്പെട്ടു. മക്കയില്‍ നിന്ന് പാലായനം ചെയ്തു വന്നവരെ മുഹാജിറുകള്‍ എന്നും, മദീനയില്‍ താമസിച്ചിരുന്നവരെ അന്‍സാറുകള്‍ എന്ന് വിളിച്ചു. ഇരുവരും തമ്മില്‍ സാഹോദര്യം ഉറപ്പാക്കാനും, മുസ്‍ലിം സമൂഹത്തിന് ഐക്യവും കരുത്തും നല്‍കാനുമായി, പ്രവാചകന്‍ ﷺ ചരിത്രപ്രാധാന്യമുള്ള ഒരു നടപടിയാണ് സ്വീകരിച്ചത്. അത് അവര്‍ക്കിടയില്‍ സഹോദരബന്ധം സ്ഥാപിക്കലായിരുന്നു. മുഹാജിറുകളും അന്‍സാറുകളും തമ്മില്‍ സഹോദരബന്ധം സ്ഥാപിച്ചത്, ഒരാളുടെ കുടുംബവും സമ്പത്തും മറ്റൊരാള്‍ക്കൊപ്പം പങ്കിടുന്ന രീതിയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് അബ്ദുറഹ്‍മാന്‍ ഇബ്‌നു ഔഫ് (റളിയല്ലാഹു അന്‍ഹു)വിനെ, മദീനയിലെ സമ്പന്നനായ അന്‍സാരികളില്‍പെട്ട സഹാബിയായ സഅ്ദ് ഇബ്‌നു റബീഅ് (റളിയല്ലാഹു അന്‍ഹു)വിനോട് പ്രവാചകന്‍ ﷺ സഹോദരനാക്കി കൂട്ടിച്ചേര്‍ത്തത്. സഅ്ദ് (റളിയല്ലാഹു അന്‍ഹു) വളരെ മനസ്സുറ്റ വ്യക്തിയായിരുന്നു. തന്റെ രണ്ട് ഭാര്യമാരില്‍ ഒരാളെ അബ്ദുറഹ്‍മാന്‍ ഇബ്നു ഔഫ്(റളിയല്ലാഹു അന്‍ഹു)വിന് വിവാഹം ചെയ്യാന്‍ തയ്യാറായികൊണ്ട് വിവാഹ മോചനം നല്‍കാമെന്നും, തന്റെ സമ്പാദ്യം ഇരുപാതി വിഭജിച്ച് അദ്ദേഹവുമായി പങ്കിടാമെന്നും പറഞ്ഞു. ഈ ഓഫര്‍ അദ്ദേഹത്തിന്റെ മഹത്തായ സഹൃദയത്വവും, അന്‍സാരുകളുടെ സുമനസ്സും ത്യാഗവും തെളിയിക്കുന്നതാണ്.

എന്നാല്‍ അബ്ദുറഹ്‍മാന്‍ ഇബ്നു ഔഫ് (റളിയല്ലാഹു അന്‍ഹു) അതിന് മറുപടിയായി: “അല്ലാഹു താങ്കളുടെ സമ്പത്തിലും കുടുംബത്തിലും ബറക്കത്ത് നല്‍കട്ടെ. എനിക്ക് കച്ചവയം ചെയ്യാനുളള മാര്‍ക്കറ്റ് കാണിച്ചുതരൂ” എന്നു മാത്രമാണ് പറഞ്ഞത്. മറ്റൊരാളുടെ സമ്പത്തിനെ ആശ്രയിക്കാതെ, തന്റെ കഴിവില്‍ വിശ്വസിച്ച് സ്വയം കച്ചവടം ആരംഭിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഉടന്‍ തന്നെ അദ്ദേഹം വിപണിയില്‍ പോയി വ്യാപാരം തുടങ്ങി. ആദ്യം ചെറിയ വില്‍പ്പനയായിരുന്നെങ്കിലും, അല്ലാഹു അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ വലിയ അനുഗ്രഹം നല്‍കി. കാലക്രമേണ അബ്ദുറഹ്‍മാന്‍ ഇബ്നു ഔഫ് (റളിയല്ലാഹു അന്‍ഹു) ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരികളില്‍ ഒരാളായി മാറി.

അദ്ദേഹത്തിന്റെ വ്യാപാരവിജയം ഒരു ലൌകിക നേട്ടമെന്നതിലുപരി, സമ്പത്ത് എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന ധര്‍മ്മനിര്‍ഭരമായ സമീപനം കൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം പ്രസിദ്ധനായത്. പ്രവാചകന്‍ ﷺക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ധാരാളം സഹായങ്ങള്‍ നല്‍കാനും, യുദ്ധസമയങ്ങളില്‍ മഹത്തായ സംഭാവനകള്‍ നിര്‍വ്വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. അത്രയേറെ വലിയ ധനസഹായങ്ങള്‍ നല്‍കിയിട്ടും, വിനയം ഒരിക്കലും അദ്ദേഹത്തിന് നഷ്ടപ്പെട്ടില്ല.

അബ്ദുറഹ്‍മാന്‍ ഇബ്‌നു ഔഫ് (റളിയല്ലാഹു അന്‍ഹു)വിന്റെ ഈ സ്വഭാവത്തില്‍ നിന്ന് മുസ്ലിംകള്‍ക്ക് വലിയ പാഠം ലഭിക്കുന്നു. സ്വയം നിലകൊള്ളാനുള്ള പരിശ്രമം, മറ്റുള്ളവരുടെ അവകാശത്തെ മാനിക്കുന്നത്, സമ്പത്ത് ലൌകികമായി മാത്രം സൂക്ഷിക്കാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നത്; ഇതൊക്കെ അദ്ദേഹത്തില്‍നിന്നും ലഭിക്കുന്ന ജീവിതപാഠങ്ങളാണ്. മുഹാജിറും അല്‍സാരും തമ്മില്‍ സ്ഥാപിച്ച ഈ സഹോദരബന്ധം സമൂഹത്തിലെ ഐക്യരൂപ്യത്തിന്റെ മാതൃകയാണ്; അതില്‍ അബ്ദുറഹ്‍മാന്‍ ഇബ്നു ഔഫ് (റളിയല്ലാഹു അന്‍ഹു)വും സഅ്ദ് ഇബ്‌നു റബീഅ് (റളിയല്ലാഹു അന്‍ഹു)വും തെളിച്ച മഹത്തായ സൗഹൃദം ഇന്നും ചരിത്രത്തില്‍ പ്രകാശിക്കുന്നതാണ്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ