റമളാനില്‍ നേടിയ ഈമാന്‍ തകര്‍ക്കരുത്
അന്‍വര്‍ അബൂബക്കര്‍
Last Update 8 April 2026, 20 Shawwal, 1447 AH
ചോദ്യം: ഉറപ്പോടെ നൂൽ നൂറ്റ ശേഷം തന്‍റെ നൂൽ പലയിഴകളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങൾ ആകരുത് എന്ന് അല്ലാഹു പറഞ്ഞത് ഖുർആനിലെ ഏത് അദ്ധ്യായത്തിലാണ്?
ഉത്തരം: അന്നഹ്‍ല്‍
അല്ലാഹു പറഞ്ഞു: “ഉറപ്പോടെ നൂൽ നൂറ്റ ശേഷം തന്‍റെ നൂൽ പലയിഴകളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങൾ ആകരുത്.” (നഹ്‍ല്‍ 92) മക്കയുടെയും താഇഫിന്‍റെയും ഇടയിലുണ്ടായിരുന്ന ഒരു അറിയപ്പെട്ട സ്ത്രീയെ സംബന്ധിച്ച ഉപമയാണിത്. അവൾ പകലോളം പരിശ്രമിച്ച് നെയ്ത നൂൽ വൈകുന്നേരമാകുമ്പോഴേക്കും പിരിച്ചിഴയാക്കി തകർത്ത് കളയുമായിരുന്നു. ഇതേ പോലെ, നിങ്ങൾ തമ്മിൽ നടത്തിയ സത്യങ്ങളും, എടുത്ത ശപഥങ്ങളും, ഉറപ്പായ കരാറുകളും യാതൊരു നിലക്കും ലംഘിക്കരുത് എന്നറിയിക്കാനാണ് അല്ലാഹു ഈ ഉപമ ഉപയോഗിച്ചത്. ദൃഢനിശ്ചയത്തോടെ ഒന്നിനെ അംഗീകരിച്ച് സമ്മതിച്ച ശേഷം അതിനെ മനഃപൂർവ്വം ലംഘിക്കുന്നത്, ബലമായ നൂൽ നെയ്തശേഷം അതിനെ തകർത്തുകളയുന്നതിന് തുല്യമാണ്. ഈ തത്വം ഒരു വ്യക്തി തന്‍റെ രക്ഷിതാവിനോട് ചെയ്യുന്ന എല്ലാ വാഗ്ദാനങ്ങൾക്കും ബാധകമാണ്; അതിൽ ആരാധനാപ്രവൃത്തികളും ഉൾപ്പെടുന്നുണ്ട്. റമളാനിലെ ദിവസങ്ങളിൽ നാം സൂക്ഷ്മതയോടെ ആത്മസംയമനത്തോടെ ജീവിക്കാൻ ശ്രമിച്ചു. എന്നാൽ, ആ ദിവ്യമായ അന്തരീക്ഷം അവസാനിക്കുമ്പോൾ, പിരിച്ചു മുറുക്കിയ കയറിന്‍റെ പിരിയഴിച്ച് വീണ്ടും ദുര്‍ബലമായ ഇഴകളാക്കുന്നതുപോലെ സൂക്ഷ്മതയുടെ പിരിയഴിച്ച് ഹറാമുകളിലേക്ക് ഹൃദയം പതിയെ ചാഞ്ഞുപോകുന്ന അവസ്ഥയുണ്ടാകരുത്. റമളാനിൽ സമ്പാദിച്ച ഈമാനിക മികവ് ദുനിയാവിന്‍റെ അലങ്കാരവും വികർഷണങ്ങളും കണ്ട് നശിപ്പിക്കാനോ അവഗണിക്കാനോ ഉള്ളതല്ല; അതിനെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും തിളക്കമുള്ളതാക്കാനുളളതാണ്. അപ്രകാരം അവഗണിക്കുന്നത് ഏറ്റവും വലിയ മൂഢത്വമായിരിക്കും. റമളാൻ കഴിഞ്ഞാലും ആ ആത്മീയ ഊർജ്ജം നിലനിർത്താന്‍ സാധിക്കണം. ഇബാദത്തിന്‍റെ മധുരവും ഈമാനിന്‍റെ ഉജ്ജ്വലതയും ആത്മസംയമനവും ഈ പുണ്യനാളുകളിൽ ലഭിച്ച അനുഗ്രഹങ്ങളാണെങ്കില്‍, അവ ഒന്നും നഷ്ടമാകാതെ ജീവിതത്തിലേക്ക് സമർപ്പിക്കാൻ നമുക്ക് എപ്പോഴും കഴിയേണ്ടതുണ്ട്.
നമസ്കാരവും നോമ്പും പോലെ ഈദുൽ ഫിത്റും (ചെറിയ പെരുന്നാളും) അല്ലാഹു നിശ്ചയിച്ച ഒരു ആരാധനയാണെന്ന് നമ്മൾ മനസ്സിലാക്കണം. ഈ ദിനത്തിലെ ആഘോഷം സാധാരണ ആഘോഷമല്ല, മറിച്ച് അല്ലാഹു നിശ്ചയിച്ചു തന്ന ഒരു അനുഗ്രഹമാണത്. അതിനാൽ, അല്ലാഹുവിനോടുള്ള നന്ദിയും അതിന്‍റെ പ്രതിഫലനവും നമ്മുടെ ആഘോഷങ്ങളിലും പെരുമാറ്റങ്ങളിലും വ്യക്തമായിരിക്കണം. റമളാൻ മാസം കഴിഞ്ഞാൽ ചങ്ങലക്കിട്ടിരുന്ന പിശാചുക്കള്‍ വീണ്ടും സ്വാതന്ത്ര്യം നേടും, തിന്മകളുടെ ആകർഷണശക്തി വർദ്ധിക്കും, പാപത്തിന്‍റെ വാതായനങ്ങൾ തുറക്കപ്പെടും. പിശാചിന്‍റെ കെണികളിൽ വീഴാതെ പ്രാര്‍ത്ഥനയോടെ ഈമാനിൽ ഉറച്ചു നിൽക്കാൻ നമുക്കന്നേരം ദൃഢത നേടണം; അതാണ് ഈ ദുർബല കാലഘട്ടത്തിൽ നമുക്ക് നേടിയെടുക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം. അതുകൊണ്ട് തന്നെ നമ്മുടെ ഈദുൽ ഫിത്ർ ആഘോഷങ്ങളിൽ ഹറാമായ കാര്യങ്ങൾ കടന്നുവരാതെ സൂക്ഷിക്കണം. അല്ലാഹുവിന് തൃപ്തികരമല്ലാത്ത വാക്കുകളോ നോട്ടങ്ങളോ പ്രവൃത്തികളോ നമ്മുടെ ആഘോഷങ്ങളുടെ ഭാഗമായി കടന്നുവരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
റമളാനിൽ ചെയ്ത സദ്പ്രവൃത്തികൾ തുടർന്നും നിലനിർത്താൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ, അത് നമ്മുടെ റമളാനിലെ നോമ്പ് സ്വീകരിക്കപ്പെട്ടതിനുള്ള അടയാളമാണ്. എന്നാൽ, അത് നിലനിർത്താൻ നമ്മുക്ക് സാധിക്കാതിരുന്നാൽ, അല്ലാഹു നമ്മെ പ്രത്യേകമായി സംരക്ഷിക്കുന്നില്ലെന്ന് നാം തിരിച്ചറിയണം. മഹാനായ ഹസനുല്‍ ബസ്വരി (റഹിമഹുല്ലാഹ്) പറഞ്ഞു: "അല്ലാഹുവിന് അവർ പ്രാധാന്യം നൽകിയില്ല, അതിനാൽ അവർ പാപം ചെയ്തു. അവർ അല്ലാഹുവിന് പ്രാധാന്യം നൽകിയിരുന്നുവെങ്കിൽ, അല്ലാഹു അവരെ സംരക്ഷിച്ചേനേ!" ഈ സംരക്ഷണമാണ് തുടർന്നും നമ്മുക്ക് ആവശ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍!
