ലോകമാന്യതയുടെ അപകടം

അന്‍വര്‍ അബൂബക്കര്‍

Last Update 8 April 2026, 20 Shawwal, 1447 AH

ചോദ്യം: അന്ത്യനാളില്‍ വിചാരണക്കുശേഷം ആദ്യമായി നരകത്തിലേക്കെറിയുന്നത് മൂന്ന് ആളുകളെയാണ്. ഈ മൂന്ന് ആളുകളില്‍ ഉണ്ടായിരുന്ന തിന്മ ഒരേ കാര്യമായിരുന്നു എന്നതാണ് നബിﷺയുടെ അധ്യാപനം. എന്തായിരുന്നു അവരിലുണ്ടായിരുന്ന ആ തിന്മ??

ഉത്തരം: രിയാഅ് (ലോകമാന്യത)

അല്ലാഹുവിന്‍റെ പ്രവാചകന്ﷺപറഞ്ഞു: “‘നിങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതെന്തെന്നാൽ ചെറിയ ശിർക്കാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘യാ റസൂലല്ലാഹ്, എന്താണ് ചെറിയ ശിർക്ക്?’ അതിനുത്തരമായി പ്രവാചകൻ ﷺ പറഞ്ഞു: ‘അത് രിയാഅ് (ലോകമാന്യത) ആകുന്നു. അന്ത്യദിനത്തില്‍ ജനങ്ങള്‍ക്ക് അവര്‍ പ്രവൃത്തിച്ചതിന്‍റെ പ്രതിഫലം നൽകുമ്പോൾ അല്ലാഹു പറയും: ‘താങ്കൾ ദുനിയാവിൽ ആരെ കാണിക്കുവാനാണോ ഈ പ്രവൃത്തികൾ ചെയ്തിരുന്നത്, അവരുടെ അടുക്കലേക്ക് പോയി നിങ്ങളുടെ പ്രതിഫലം അന്വേഷിക്കൂ.’’’ (അഹ്‍മദ്). ഇപ്രകാരം ആളുകളെ കാണിക്കുവാന്‍ വേണ്ടി ദുനിയാവില്‍ പ്രവര്‍ത്തിച്ച മൂന്നാളുകളെയാണ് അന്ത്യനാളില്‍ ആദ്യമായി നരകത്തിലേക്കെറിയുന്നതെന്ന് നബിﷺ പഠിപ്പിച്ചത്. ചെറിയ ശിർക്ക് വലിയ ശിർക്കിന്‍റെ പരിധിയിലേക്ക് എത്താത്തതായിരിക്കും. അതിനാല്‍ ഇത് ഒരാളെ ഇസ്‍‍ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കുകയില്ല. എന്നാൽ, അല്ലാഹുവിന്‍റെ തൃപ്തിയേക്കാൾ മനുഷ്യരുടെ പ്രശംസയും അംഗീകാരവും ലക്ഷ്യമാക്കിയതിനാൽ, അത്തരം പ്രവൃത്തികളുടെ പ്രതിഫലം പരലോകത്തിൽ ലഭ്യമാകില്ല. അതുകൊണ്ടാണ് നബിﷺ ഇതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ട ഒരു പാപമായി സമൂഹത്തെ പഠിപ്പിച്ചത്.

അബൂഹുറൈറ (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്‍റെ റസൂല്ﷺപറഞ്ഞു: “നിശ്ചയം, അന്ത്യനാളായാല്‍ അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധിതീര്‍പ്പിനായി ഇറങ്ങിവരും. അന്നാളിൽ എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ നിലയിലായിരിക്കും. ആദ്യം വിളിക്കപ്പെടുന്നത് മൂന്ന് വ്യക്തികളായിരിക്കും: ക്വുർആൻ പാരായണക്കാരൻ, അല്ലാഹുവിന്‍റെ മാർഗത്തിലുളള യുദ്ധത്തിൽ കൊല്ലപ്പെട്ടവന്‍, ധാരാളം സമ്പത്ത് ദാനം ചെയ്തവന്‍. അല്ലാഹു ക്വുർആൻ പാരായണക്കാരനോട് ചോദിക്കും: ‘ഞാൻ എന്‍റെ ദൂതന്‍ മുഖേന നിന്നെ ക്വുർആൻ പഠിപ്പിച്ചില്ലേ?’ അവൻ പറയും: ‘അതെ, രക്ഷിതാവേ.’ അല്ലാഹു വീണ്ടും ചോദിക്കും: ‘ഞാൻ നിന്നെ പഠിപ്പിച്ചതിൽ നിന്ന് നീ എന്താണ് പ്രയോഗിച്ചത്?’ അവൻ മറുപടി പറയും: ‘ഞാൻ ദിനരാത്രങ്ങളിലൊക്കെയും അതിന്‍റെ ബാധ്യത നിർവഹിച്ചിരുന്നു.’ അപ്പോൾ അല്ലാഹു അവനോട് പറയും: ‘നീ കളവാണ് പറയുന്നത്!’

മലക്കുകളും അവനോട് പറയും: ‘നീ കളവാണ് പറയുന്നത്!’ ശേഷം അല്ലാഹു അവനോട് പറയും: ‘നീ ഉദ്ദേശിച്ചത്, ജനങ്ങൾ നിന്നെ ക്വുർആൻ പാരായണക്കാരനെന്ന് വിളിക്കണമെന്നായിരുന്നു. അപ്രകാരം നിനക്കത് നിറവേറ്റപ്പെടുകയും ചെയ്തിട്ടുണ്ട്!’

അതിനുശേഷം സമ്പന്നനെ ഹാജറാക്കും. അല്ലാഹു അവനോട് ചോദിക്കും: "നീ മറ്റൊരാളിലേക്കും ആവശ്യമില്ലാത്തവനാകുവോളം ഞാൻ നിന്നെ സമ്പത്തിൽ സമൃദ്ധനാക്കിയില്ലേ?" അവൻ മറുപടി പറയും: "അതെ, രക്ഷിതാവേ." അല്ലാഹു വീണ്ടും ചോദിക്കും: "ഞാൻ നിന്നെ അനുഗ്രഹിച്ചതിൽനിന്ന് നീ എന്താണ് പ്രവർത്തിച്ചത്?" അവൻ പറയും: "ഞാൻ കുടുംബബന്ധം പുലർത്തുകയും, ധാരാളം ദാനധർമ്മങ്ങൾ നടത്തുകയും ചെയ്തിരുന്നു." അപ്പോൾ അല്ലാഹു അവനോട് പറയും: "നീ കളവാണ് പറയുന്നത്!" മലക്കുകളും അവനോട് പറയും: " നീ കളവാണ് പറയുന്നത്!" ശേഷം അല്ലാഹു അവനോട് പറയും: "നീ ഉദ്ദേശിച്ചത്, ജനങ്ങൾ നിന്നെ ഔദാര്യവാനെന്ന് വിളിക്കണമെന്നായിരുന്നു. അത് നിന്നെ കുറിച്ച് പറയപ്പെട്ടിട്ടുണ്ട്!"

പിന്നീട്, അല്ലാഹുവിന്‍റെ മാർഗത്തിൽ (ജിഹാദിൽ) വധിക്കപ്പെട്ടവനും ഹാജറാക്കപ്പെടും. അല്ലാഹു അവനോട് ചോദിക്കും: "ഏത് മാർഗത്തിലാണ് നീ വധിക്കപ്പെട്ടത്?" അവൻ മറുപടി പറയും: "നിന്‍റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നതിനായി ഞാൻ പോരാട്ടത്തിനിറങ്ങി. അങ്ങനെ, ഞാൻ വധിക്കപ്പെടുന്നതുവരെ അതിൽ നിലയുറച്ചു." അപ്പോൾ അല്ലാഹു അവനോട് പറയും: "നീ കളവാണ് പറയുന്നത്!" മലക്കുകളും അവനോട് പറയും: "നീ കളവാണ് പറയുന്നത്!" ശേഷം അല്ലാഹു അവനോട് പറയും: "നീ ഉദ്ദേശിച്ചത്, ജനങ്ങൾ നിന്നെ ധീരനെന്ന് പറയപ്പെടാനാണ്. അപ്രകാരം അവർക്കിടയില്‍ നീ പറയപ്പെട്ടിട്ടുണ്ട്!"

പിന്നീട്, അല്ലാഹുവിന്‍റെ പ്രവാചകന്ﷺഎന്‍റെ കാല്‍മുട്ടില്‍ തട്ടിക്കൊണ്ട് പറഞ്ഞു: അബൂഹുറൈറാ, അന്ത്യദിനത്തിൽ നരകം കത്തിക്കപ്പെടുന്ന അല്ലാഹുവിന്‍റെ സൃഷ്ടികളിൽ ആദ്യം എത്തിച്ചേരുന്നത് ഈ മൂന്ന് വിഭാഗത്തിലുള്ളവരാണ്. (സുനനുത്തിര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

രിയാഅ് അഥവാ ലോകമാന്യത ഹൃദയത്തിന്‍റെ പ്രവര്‍ത്തനമാണ്. ഒരാളുടെ ഹൃദയത്തിനകത്തുളള യഥാർത്ഥ ഉദ്ദേശ്യം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാനാകില്ല. മറ്റുള്ളവർക്ക് പ്രചോദനമാകാനോ നന്മകൾ പ്രോത്സാഹിപ്പിക്കാനോ ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനോ വേണ്ടി ഒരാൾ തന്‍റെ സൽപ്രവൃത്തികൾ പുറത്ത് പ്രകടിപ്പിക്കുന്നതിന് മതം എതിരാകുന്നില്ല. പ്രധാനമായും ചെയ്യേണ്ടത്, മനസ്സിലെ ഉദ്ദേശം ശുദ്ധമാകുകയും അല്ലാഹുവിന്‍റെ തൃപ്തി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയുമാണ്. ഈ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാണ് അല്ലാഹു പ്രവൃത്തികളുടെ പ്രതിഫലം നൽകുന്നത്. നബിﷺ പറഞ്ഞു: “നിശ്ചയമായും പ്രവൃത്തികൾ നിയ്യത്തനുസരിച്ചായിരിക്കും. ഓരോരുത്തനും എന്ത് ഉദ്ദേശിച്ചുവോ അതേ അവന് ലഭിക്കുകയുളളൂ...'' (ബുഖാരി, മുസ്‌ലിം).

തസ്‌കിയ : മറ്റു ലേഖനങ്ങൾ