നോമ്പ്

അന്‍വര്‍ അബൂബക്കര്‍

Last Update 18 February 2026, 30 Shaʻban, 1447 AH

ചോദ്യം: ഒരു വ്യക്തിയുടെ കുടുംബം, സമ്പത്ത്, സന്താനം, അയല്‍വാസി എന്നിവയിലൂടെ ഉണ്ടാകുന്ന പരീക്ഷണങ്ങള്‍ക്ക് (വീഴ്ചകള്‍ക്ക്) നമസ്കാരം, സദഖ, നന്മ കല്‍പ്പിക്കല്‍, തിന്മ വിരോധിക്കല്‍ എന്നിവ പരിഹാരമാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഹുദൈഫ (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്ത ബുഖാരി ഉദ്ധരിച്ച ഈ ഹദീഥില്‍, പരിഹാരമായി പറയപ്പെട്ടിരിക്കുന്നതില്‍ വിട്ടുപോയ മറ്റൊരു പ്രധാന സത്കര്‍മ്മം കൂടി ഉണ്ട്. ഏതാണ് അത്?

ഉത്തരം: നോമ്പ്

ഫിത്നയുമായി ബന്ധപ്പെട്ട ഹുദൈഫ (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്ത ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥില്‍ മുഹമ്മദ് നബിﷺ പറഞ്ഞതായി കാണാം: “ഒരു വ്യക്തിയുടെ കുടുംബം, സമ്പത്ത്, സന്താനം, അയല്‍വാസി എന്നിവയിലൂടെ ഉണ്ടാകുന്ന പരീക്ഷണങ്ങള്‍ക്ക് (വീഴ്ചകള്‍ക്ക്) നമസ്കാരം, നോമ്പ്, സദഖ, നന്മ കല്‍പ്പിക്കല്‍, തിന്മ വിരോധിക്കല്‍ എന്നിവ പരിഹാരമാണ്.” (ബുഖാരി)

ഇതൊക്കെ അല്ലാഹു മനുഷ്യനു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ഒരു വ്യക്തിക്ക് തന്റെ കുടുംബം, സമ്പത്ത്, സന്താനം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരീക്ഷണങ്ങളും ചെറിയ വീഴ്ചകളും അവനെ നശിപ്പിക്കാതെ പോകാനുള്ള വഴിയെ തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യന്‍ തന്റെ കുടുംബജീവിതത്തില്‍ പലപ്പോഴും പരീക്ഷിക്കപ്പെടാറുണ്ട്. ഭാര്യയോടോ മക്കളോടോ കുടുംബക്കാരോടോ സംസാരിക്കുമ്പോള്‍ കോപം വരാം. ആ കോപത്തിന്റെ സാഹചര്യത്തില്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറയാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അനാവശ്യമായ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ഇതൊക്കെയാണ് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ സംഭവിച്ചുപോകുന്ന വീഴ്ചകള്‍. മനുഷ്യന്‍ ഒരിക്കലും പരീക്ഷണങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിതനല്ല. എന്നാല്‍ അല്ലാഹുവിന്റെ കരുണ എത്രയോ വലുതാണ്. ഇത്തരത്തിലുള്ള വീഴ്ചകള്‍ക്ക് പരിഹാരമായി നബി(സ) നമ്മെ പഠിപ്പിച്ചത്, ഒരു വ്യക്തിയുടെ നമസ്കാരം, നോമ്പ്, സദഖ, നന്മ കല്‍പ്പിക്കല്‍, തിന്മ വിരോധിക്കല്‍ എന്നിവയാണ്. മനുഷ്യന് കോപാവേശത്തില്‍ തെറ്റു സംഭവിച്ചാല്‍, അവന്‍ തന്റെ റബ്ബിന്റെ മുമ്പില്‍ നിര്‍വ്വഹിക്കുന്ന നമസ്കാരം, അവന്‍ അനുഷ്ഠിക്കുന്ന നോമ്പ്, അവന്‍ നല്‍കുന്ന സദഖ, അവന്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന നന്മയും തിന്മ വിലക്കലും; ഇവയെല്ലാം ആ പിഴവുകള്‍ മായിച്ചുകളയാന്‍ കാരണമാക്കും.

അല്ലാഹു പറഞ്ഞു: “നിശ്ചയമായും, നന്‍മകള്‍ തിന്‍മകളെ അകറ്റിക്കളയുന്നതാണ്.”
(ഹൂദ് 114)

ഇത് മനുഷ്യനെ നിരാശയില്‍ നിന്ന് രക്ഷിക്കുന്ന ഒരു മഹത്തായ സന്ദേശമാണ്. വീഴ്ചകള്‍ മനുഷ്യസഹജമാണ്; പക്ഷേ സത്കര്‍മ്മങ്ങള്‍ അവയെയെല്ലാം ശുദ്ധീകരിക്കുന്ന ദൈവികമായ സംവിധാനമാണ്. ഇബ്നു ഹജര്‍ അസ്‍ഖലാനി(റഹിമഹുല്ലാഹ്) പറഞ്ഞു: “ഒരു സത്യവിശ്വാസിയില്‍ നിന്നും മാനുഷികമായി സംഭവിക്കുന്ന വീഴ്ചകള്‍ക്ക് ഇത്തരം ആരാധനകളെ അല്ലാഹു ഒരു പരിഹാരമാക്കിത്തന്നത് അവന്റെ ഭാഗത്തുനിന്നുളള വലിയ അനുഗ്രഹമാണ്. അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസി ആരാധനകള്‍ പതിവാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇവിടെ പറഞ്ഞ പാപങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ചെറുപാപങ്ങളാണ്. വന്‍പാപങ്ങള്‍ പൊറുത്തു കിട്ടാന്‍ തൌബ ചെയ്യേണ്ടതുണ്ട്.” (ഫത്ഹുല്‍ബാരി 6/605)

ഇതില്‍ നിന്ന് ഒരു പ്രധാന പാഠം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതാണ്: ഒരു സത്യവിശ്വാസി ആരാധനകളെ വെറും നിര്‍ബന്ധമായി മാത്രം കാണരുത്; അവയെ പതിവാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. കാരണം ഓരോ സത്പ്രവര്‍ത്തനങ്ങളും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്ന ദൈവിക സംവിധാനങ്ങളാണ്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ