ഒരു വ്യക്തിക്ക് ഉറക്കം അനുവദനീയമായ മണിക്കൂറുകള്‍ എത്ര?
നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി
Last Update 2023 May 31, 11 Dhuʻl-Qiʻdah, 1444 AH
സർവ്വ സ്തുതിയും അല്ലാഹുവിന്.
ഒന്നാമതായി:
ഉറക്കം അല്ലാഹുവിന്‍റെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളില്‍ നിന്നുളള ഒരു ദൃഷ്ടാന്തമാണ്. അല്ലാഹു പറഞ്ഞതുപോലെ:
“രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ തേടുന്നതും. കേട്ടുമനസ്സിലാക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.” (റൂം 23)
അടിസ്ഥാനപരമായി ഉറക്കം ആവശ്യമുളളത് രാത്രിയിലാണ്. പകല്‍ ഉറങ്ങുന്നതും അതിന്‍റെ ശാഖയില്‍ ഉള്‍പ്പെടുന്നതാണ്. അധ്വാനിക്കുന്നതിനും ഉപജീവനമാര്‍ഗത്തില്‍ വ്യാപൃതരാകുന്നതിനും വേണ്ടിയാണ് പകലിനെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. രാത്രിയെ അല്ലാഹു വിശ്രമത്തിനായും നിശ്ചയിച്ചു. ചുരുക്കത്തില്‍, രാത്രിയില്‍ വിശ്രമവും പകലില്‍ അധ്വാനവുമാണ് പൊതുവില്‍ വേണ്ടത്. അല്ലാഹു പറഞ്ഞു:
“രാവിനെ നിങ്ങള്‍ക്കൊരു വസ്ത്രമാക്കിത്തന്നവനാണവന്‍. ഉറക്കത്തെ ഒരു വിശ്രമവും.പകലിനെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാക്കുകയും ചെയ്തവന്‍, ” (ഫുര്‍ഖാന്‍ 47)
“രാവിനെ അവര്‍ക്ക് അടങ്ങിയൊതുങ്ങിക്കഴിയാന്‍ തക്കനിലയില്‍ നാം ആക്കിയത് അവര്‍ കണ്ടില്ലേ. പകലിനെ പ്രകാശമുളളതാക്കുകയും ചെയ്തത് (അവര്‍ കണ്ടില്ലേ). നിശ്ചയമായും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ വലിയ ദൃഷ്ടാന്തങ്ങളുണ്ട്, ” (നംല് 86)
“നിങ്ങളുടെ ഉറക്കിനെ നാം ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. രാവിനെ നാം ഒരു വസ്ത്രമാക്കുകയും (ചെയ്തിരിക്കുന്നു). പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും (ചെയ്തിരിക്കുന്നു). ” (നബഅ് 9-11)
ഇമാം ഇബ്നുകഥീര്‍ (റഹിമഹുല്ലാഹ്) പറഞ്ഞു:
“അതായത്, രാവിലും പകലിലും ഉറങ്ങാനുളള അവസരം സൃഷ്ടിക്കപ്പെട്ടത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ഈ ഉറക്കത്തില്‍ വിശ്രമം ലഭിക്കുകയും അവയവങ്ങള്‍ക്കെല്ലാം നിശ്ചലത ലഭിക്കുകയും ചെയ്യും. അതുവഴി മടിയും ക്ഷീണവുമെല്ലാം നീങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. ഉപജീവനത്തിനുളള കാരണങ്ങള്‍ അന്വേഷിച്ച് അതിനായി അധ്വാനിക്കുന്നതും യാത്രചെയ്യുന്നതിനും വേണ്ടി പകലിനെ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഉറക്കത്തിന് വിപരീതവുമാണ്. ” (തഫ്സീര്‍ ഇബ്നു കഥീര്‍ (6/310)
ശൈഖ് മുഹമ്മദ് സ്വാലിഹ് ഇബ്നു അല്‍ഉഥൈമീന്‍ (റഹിമഹുല്ലാഹ്) പറഞ്ഞു:
“’നിങ്ങളുടെ ഉറക്കിനെ നാം ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു’, അതായത്, ഉറക്കം അതിനുമുമ്പ് അനുഭവിച്ചിരുന്ന ക്ഷീണത്തെ മുറിച്ചു കളയും. ഉറങ്ങി എഴുന്നേറ്റു കഴിഞ്ഞാല്‍ തുടര്‍ന്ന് നവോന്മേശം കൈവരിക്കാനും സാധിക്കും. ഈ കാരണത്താലാണ് ഒരാള്‍ ക്ഷീണിതനായ ശേഷം ഉറങ്ങിയാല്‍, അവന് വിശ്രമം ലഭിക്കുന്നതും, ശേഷം ഉന്മേശം ലഭിക്കുന്നതും. ഇതാകട്ടെ അല്ലാഹുവില്‍നിന്നുളള വലിയൊരു അനുഗ്രഹമാണ്, അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതുമാണത്. അല്ലാഹു പറഞ്ഞില്ലേ: “രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്...” (റൂം 23).
‘പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും (ചെയ്തിരിക്കുന്നു)’, അതായത്, ജനങ്ങള്‍ അവരവരുടെ അവസ്ഥയും പ്രാപ്തിയുമനുസരിച്ച് ഉപജീവനം തേടുന്നതില്‍ വ്യാപൃതരാകാനുളള അവസരമായി പകലിനെ ആക്കിയിരിക്കുന്നു. ഇത് അല്ലാഹു തന്‍റെ അടിയാറുകള്‍ക്ക് നല്‍കിയിട്ടുളള അനുഗ്രഹങ്ങളില്‍ പെട്ടതാണ്.” (തഫ്സീറു ജുസ്ഉ അമ്മാ പേജ് 22,23)
രണ്ടാമതായി:
ഒരു മുസ്‌ലിം നിശ്ചിത സമയത്ത് ഉറങ്ങണമെന്നും നിശ്ചിത സമയത്ത് ഉണരണമെന്നും നിർദ്ദേശിക്കാൻ തക്ക നിയമം ശരീഅത്തിൽ ഇല്ല, അഥവാ നിശ്ചിത മണിക്കൂറേ ഒരു വ്യക്തി ഉറങ്ങാന്‍ പാടുളളൂ എന്ന അനുശാസനം മതത്തില്‍ ഇല്ല എന്നര്‍ത്ഥം.. മറിച്ച് അത് ഓരോ വ്യക്തികളുടെ പ്രായത്തെയും പ്രകൃതത്തെയും ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ശരീരത്തിന് എത്ര വിശ്രമം ആവശ്യമാണ് എന്നത് അവരുടെ ജോലിയുടെ സ്വഭാവത്തെയും ആശ്രയിച്ചിട്ടുളള കാര്യമാണ്. രാത്രി ജോലി ചെയ്യുന്ന ഒരാൾ പകൽ കൂടുതൽ ഉറങ്ങുകയും, പകൽ ജോലി ചെയ്യുന്ന ഒരാൾ രാത്രിയിൽ കൂടുതൽ ഉറങ്ങുകയും ചെയ്യും. ശൈത്യകാലത്തെ ഉറക്കം വേനൽക്കാലത്തും മറ്റും ഉള്ള ഉറക്കത്തിൽ നിന്നും വ്യത്യസ്തമാണ്.
ആളുകളുടെ ഉറക്കത്തിന്‍റെ സ്വാഭാവിക ശരാശരി ദൈർഘ്യം എല്ലാ ദിവസവും 5 മുതൽ 8 മണിക്കൂർ വരെയാണ്. ഒരാൾക്ക് ഈ പറഞ്ഞ സമയത്തേക്കാള്‍ കുറഞ്ഞ സമയം ഉറങ്ങുന്നത് ഹാനീകരം അല്ലെങ്കില്‍ അപ്രകാരം ചെയ്യുകയോ, അല്ലെങ്കിൽ ഒരാൾ തന്‍റെ ശരീരത്തിന് അത് ആവശ്യമുള്ളതിനാൽ അതിൽ കൂടുതൽ ഉറങ്ങുകയോ ചെയ്താൽ അതിൽ തെറ്റൊന്നുമില്ല. ഇവിടെ ഇസ്‍ലാമിക ദൃഷ്ടിയാല്‍ മുഖ്യമായ കാര്യം, നമസ്കാരത്തിന്‍റെ സമയങ്ങൾ പരിഗണിക്കുക എന്നുളളതാണ്. ആ സമയത്ത് ഒരു വ്യക്തി ഉണർന്നിരിക്കേണ്ടതാണ്, അങ്ങനെ അയാൾക്ക് ശരിയായ രീതിയിലും ഊർജ്ജസ്വലമായും ആരാധന നടത്താൻ കഴിയണം. അവന്‍റെ ശരീരത്തിന് വിശ്രമവും ഉറക്കവും ആവശ്യമാണെങ്കിൽ, ഇക്കാരണത്താല്‍ തന്നെ അവൻ അതിനെ എതിർക്കരുത്.
ശൈഖ് മുഹമ്മദ് ഇബ്നു അഹ്‍മദ് അൽ സഫാറീനി (റഹിമഹുല്ലാഹ്) പറഞ്ഞു:
“ഉറക്കത്തെ അധികമായി തടഞ്ഞു നിറുത്തുന്നതും, ഏറെ വൈകി ഉറങ്ങുന്നത് പതിവാക്കുന്നതും അനുയോജ്യമല്ല. കാരണം ഉറക്കത്തെ തടഞ്ഞു നിറുത്തുന്നതും അതിനെ വൈകിപ്പിക്കുന്നതും ആപത്കരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തും. ഉറക്കത്തെ തടയലും ഒഴിവാക്കലും മോശം മാനസികാവസ്ഥ, കുഴഞ്ഞുമറിഞ്ഞ ചിന്ത, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കും. അത് അയാളെ നേരായ ചിന്തയില്‍നിന്നും പ്രവർത്തനങ്ങളില്‍ നിന്നും തടയുകയും, നിരവധി മാരകമായ രോഗങ്ങളിലേക്ക് അവനെ നയിക്കുകയും ചെയ്തേക്കാം.
സൃഷ്ടിയുടെ നിലനില്‍പ്പ് സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. മിതത്വം പാലിക്കുന്നവൻ എന്നും എല്ലാ നന്മകളും നേടിയിരിക്കും. അൽആദാബുൽകുബ്റയിൽ ജ്ഞാനികളിൽപെട്ട ഒരാൾ പറഞ്ഞതായി കാണാം: ‘മയക്കം ബുദ്ധിയെ ഇല്ലാതാക്കുകയും ഉറക്കം ബുദ്ധിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്’.
അല്ലാഹു അവന്‍റെ അടിമകൾക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ഒന്നാണ് ഉറക്കം, അതിനാൽ അവൻ തന്‍റെ ഗ്രന്ഥത്തിലൂടെ അക്കാര്യം അവരെ ഓർമ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.”
(ഗ്വദാഉൽ അൽബാബി ഫീ ശർഹി മൻളൂമത്തില്‍ ആദാബ് (2/359))
ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ ഉറങ്ങുന്നത് ഒരുവനെ ആരാധനയിൽ അലസനും ചിന്തയിൽ മന്ദഗതി ഉളളവനും ആക്കും എന്നത് അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. അതിനാൽ അമിതമായി ഉറങ്ങുന്നതിനെ ആക്ഷേപിച്ചുകൊണ്ടുളള സലഫുകളുടെ ചില ഉദ്ധരണികള്‍ ശ്രദ്ധേയമാണ്.
അൽ ഫുദൈൽ ഇബ്നു ഇയാദ് (റഹി) പറഞ്ഞു:
“ഹൃദയകാഠിന്യമുണ്ടാക്കുന്ന രണ്ട് കാര്യങ്ങളാണ്: അധികരിച്ച ഉറങ്ങലും അമിതമായുളള ഭക്ഷണം കഴിക്കലും.”
ഹൃദയത്തെ കുഴപ്പത്തിലാക്കുന്ന അഞ്ചു കാര്യങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു:
“ആളുകളുമായി ആവശ്യത്തിലധികമുളള ഇടപഴകല്‍, (എന്തിനോടുമുളള) അമിതമായ ആഗ്രഹം, അല്ലാഹു അല്ലാത്തവരുമായുളള (പരിധിവിട്ട) ബന്ധം, വയറു നിറച്ചുളള ഭക്ഷണം കഴിക്കല്‍, (ആവശ്യത്തിലധികമുളള) ഉറക്കം. ഈ അഞ്ചു കാര്യങ്ങളും ഹൃദയത്തെ കുഴപ്പത്തിലാക്കുന്നവയാണ്.”
(മദാരിജു സ്സാലിക്കീൻ (1/453))
ഉറക്കവുമായി ബന്ധപ്പെട്ട കാര്യം ഇബ്നുൽ ഖയ്യിം (റഹി) ഇപ്രകാരം വിശദീകരിച്ചു:
“ഹൃദയത്തെ കുഴപ്പത്തിലാക്കുന്ന അഞ്ചാമത്തെ കാര്യം: അമിതമായി ഉറങ്ങലാണ്. കാരണം അത് ഹൃദയത്തെ നിര്‍ജ്ജീവമാക്കുന്നു, ശരീരത്തിന് അത് ഭാരം ഉണ്ടാക്കുന്നു, സമയത്തെ അത് പാഴാക്കി കളയുന്നു, അധികരിച്ച അശ്രദ്ധയും മടിയും അത് ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ ചിലത് ഏറെ വെറുക്കപ്പെട്ടവയും, ചിലത് ശരീരത്തിന് ഒരു പ്രയോജനവും നല്‍കാത്ത ഉപദ്രവം ഉണ്ടാക്കുന്നതുമാണ്.”
“ഏറ്റവും ഉപകാരപ്രദമായ ഉറക്കം: ഉറക്കത്തിന്‍റെ ആവശ്യം കൂടുതലുള്ളപ്പോൾ ലഭിക്കുന്ന ഉറക്കമാണ് ഏറ്റവും ഉപകാരപ്രദം. രാത്രിയുടെ ആദ്യത്തിലുളള ഉറക്കം അതിന്‍റെ അവസാനത്തിലുളള ഉറക്കത്തേക്കാള്‍ ഉപകാരപ്രദവും സ്തുത്യര്‍ഹവുമാണ്. പകലിന്‍റെ മധ്യഭാഗത്തുളള ഉറക്കം രാവിലെയും വൈകുന്നേരവുമുളള ഉറക്കത്തേക്കാള്‍ ഉപകാരപ്രദമാണ്. ദിവസത്തിന്‍റെ തുടക്കത്തിലേക്കോ (രാവിലെ) അവസാനത്തിലേക്കോ (വൈകുന്നേരം) അടുത്തുനിൽക്കുന്ന ഉറക്കം, അത് ഗുണം കുറഞ്ഞതും കൂടുതൽ ദോഷകരവുമാണ്. പ്രത്യേകിച്ച് അസർ സമയത്ത് (വൈകുന്നേരം) ഉറങ്ങുന്നതും, ദിവസത്തിന്‍റെ തുടക്കത്തിൽ (രാവിലെ) ഉറങ്ങുന്നതും; (സമയത്ത് ഉറങ്ങാന്‍ സാധിക്കാതെ) ഉറക്കം നഷ്ടപ്പെട്ട ആളുകള്‍ ഒഴികെ. അവരുടെ (സലഫുകളുടെ) അടുക്കല്‍ വെറുക്കപ്പെട്ട കാര്യമാണ്; സുബ്ഹി നമസ്കാരത്തിനും സൂര്യോദയത്തിനും ഇടയിലുള്ള ഉറക്കം. കാരണം അത് വിലപിടിപ്പുളള സമയമാണ്. ഈ സമയം നന്മയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അവർ രാത്രി മുഴുവൻ നമസ്കരിച്ച ആളുകള്‍ ആണെങ്കില്‍പോലും സൂര്യൻ ഉദിക്കുന്നതുവരെയുളള ഈ സമയത്തെ അവര്‍ ഉപയോഗപ്പെടുത്തും. കാരണം അത് പകലിന്‍റെ തുടക്കമാണ്, ഉപജീവനം (റിസ്‍ഖ്) ഇറക്കപ്പെടുന്ന സമയമാണ്, (നിശ്ചയിക്കപ്പെട്ട) വിഹിതം ലഭിക്കുന്ന സമയമാണ്, അനുഗ്രഹം (ബര്‍കത്ത്) ഇറക്കപ്പെടുന്ന സമയമാണ്. അതില്‍നിന്നാണ് ദിവസത്തിന്‍റെ ആരംഭം. ആ വിലപിടിപ്പുളള സമയത്തെ ഒരാള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആ ദിവസത്തെ അവന്‍റെ ബാക്കിസമയങ്ങളെ വിലയിരുത്തപ്പെടുക. ആയതിനാല്‍ നിർബന്ധിതനല്ലാതെ ആരും ആ സമയത്ത് ഉറങ്ങരുത്.”
“ചുരുക്കത്തിൽ: ഏറ്റവും ഉപകാരപ്രദവും ഗുണകരവുമായ ഉറക്കം രാത്രിയുടെ ആദ്യ പകുതിയിലെ ഉറക്കമാണ്, അവസാനത്തെ ആറിലൊന്ന് സമയത്തെ ഉറക്കവുമാണ്. അഥവാ ഏകദേശം എട്ട് മണിക്കൂറിന് തുല്യമാണ് അത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇതാണ് ഏറ്റവും നല്ല ഉറക്കം. അതില്‍ കൂടുന്നതോ കുറയുന്നതോ അവരുടെ അഭിപ്രായപ്രകാരം ശരീരത്തിന് ദോഷകരമായ ഫലമുണ്ടാക്കുന്നതാണ്.
യാതൊരു പ്രയോജനവുമില്ലാത്ത ഉറക്കത്തില്‍പെട്ടതാണ് സൂര്യന്‍ അസ്തമിച്ച ഉടനെ സന്ധ്യ അപ്രത്യക്ഷമാകുന്നതുവരെയുളള ഉറക്കം. കാരണം, അല്ലാഹുവിന്‍റെ പ്രവാചകന്‍ (സല്ലല്ലാഹു അലൈഹിവസല്ലം) അത് വെറുത്തിരുന്നു. അതിനാൽ ഇത് മതപരമായും പ്രകൃതിപരമായും മക്റൂഹ് ആകുന്നു. അധികരിച്ച ഉറക്കം ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതുപോലെ, ഉറക്കത്തെ തടഞ്ഞു നിറുത്തുന്നതും ഉറക്കം ഒഴിവാക്കുന്നതും വലിയ അപകടങ്ങളിലേക്ക് എത്തിക്കുന്നതാണ്...
(മദാരിജു സ്സാലിക്കീൻ” (1/459,460))
അല്ലാഹുവാണ് എല്ലാം ഏറ്റവും നന്നായി അറിയുന്നവന്‍.
അവലംബം: islamqa