പശ്ചാതാപവും ഇസ്‌ലാമിക ശിക്ഷാനിയമങ്ങളും
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 April 13, 1442 Ramadan 01
അവലംബം: islamqa
ചോദ്യം: അല്ലാഹുവിന്‍റെ മതത്തെ ചീത്തപറയുക, വ്യഭിചരിക്കുക തുടങ്ങിയുള്ള മത നിയമലംഘനങ്ങൾ നടത്തുന്ന ആളുകളിൽ ഇഹലോകത്ത് വെച്ചുകൊണ്ട് ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിൽ അത്തരം ആളുകളുടെ കർമ്മങ്ങൾ സ്വീകാര്യമാണോ?. നമസ്കാരം, സൽകർമ്മങ്ങൾ, ആരാധനകൾ തുടങ്ങിയവ സ്വീകരിക്കപ്പെടാൻ തിന്മകളുടെ പേരിലുള്ള ശിക്ഷാനടപടികൾ നടപ്പിലാക്കൽ നിബന്ധനയാണോ?. അതു നടപ്പിലാക്കപ്പെടാതെ ആളുകളുടെ ആരാധനകൾ സ്വീകരിക്കുകയില്ലേ?.
ഉത്തരം: വ്യഭിചാരം മോഷണം മദ്യപാനം ഇസ്‌ലാമിൽ നിന്ന് പുറത്തു പോകൽ (രിദ്ദത്ത്) തുടങ്ങിയ മഹാപാപങ്ങൾ ഒരു വ്യക്തി ചെയ്താൽ-അല്ലാഹുവിൽ അഭയം- അവൻ ആ തിന്മകളിൽ നിന്ന് പിന്മാറിക്കൊണ്ടും അതിന്‍റെ പേരിൽ ഖേദിച്ചുകൊണ്ടും വീണ്ടും അതിലേക്ക് മടങ്ങുകയില്ല എന്നുള്ള ഉറച്ച തീരുമാനമെടുത്തുകൊണ്ടും അക്രമിക്കപ്പെട്ട ആളുകൾ ഉണ്ടെങ്കിൽ അവരുടെ അവകാശങ്ങൾ തിരിച്ചു കൊടുത്തും അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുകയാണ് വേണ്ടത്. പശ്ചാതപിച്ച് മടങ്ങുന്നവരുടെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും, അവൻ ചെയ്ത തിന്മയും പാപവും എത്ര തന്നെ ഗൗരവമുള്ളതാണെങ്കിലും ശരി. പാപങ്ങളുടെ ഗാംഭീര്യം തൗബ സ്വീകരിക്കുന്നതിൽ നിന്നും അല്ലാഹുവിനെ തടയുകയില്ല. അല്ലാഹു പറയുന്നു:
"അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു". (ഫുർഖാൻ: 68-70)
ശിർക്ക് വ്യഭിചാരം കൊലപാതകം തുടങ്ങി പല പാപങ്ങളും അല്ലാഹു ഇവിടെ പറഞ്ഞു. എന്നാൽ തൗബ ചെയ്യുകയും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകൾക്ക് പൊറുത്തു കൊടുക്കും എന്നും അവന്‍റെ തിന്മകളെ നന്മകളാക്കി മാറ്റും എന്നും അല്ലാഹു പറഞ്ഞു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
"പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തു കൊടുക്കുന്നവനത്രെ". (ത്വാഹാ: 82)
തിന്മകൾ ചെയ്യുകയും ശേഷം പശ്ചാത്തപിക്കുകയും ചെയ്ത ആളുകളെ സംബന്ധിച്ചിടത്തോളം തങ്ങളിൽ ശിക്ഷ നടപ്പിലാക്കാൻ ആവശ്യപ്പെടേണ്ട ആവശ്യമില്ല. മറിച്ച് അവൻ മറച്ചു വെക്കുകയും തനിക്കും തന്‍റെ റബ്ബിനും ഇടയിലുള്ള കാര്യത്തിൽ അവൻ തൗബ ചെയ്യുകയും സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുകയുമാണ് വേണ്ടത്.
നബി صلى الله عليه وسلم പറയുന്നു:
"അല്ലാഹു നിരോധിച്ച ഈ മ്ലേഛതകളെ നിങ്ങൾ വർജിക്കുക. വല്ലവനും അത് ചെയ്തു പോയാൽ അല്ലാഹുവിന്‍റെ മറ കൊണ്ട് അവൻ മറ സ്വീകരിക്കട്ടെ". (ബൈഹഖി).
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം;
"ഉബാദതുബ്നു സ്വാമിത് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങൾ നബി صلى الله عليه وسلم യുടെ കൂടെ ഇരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കുകയില്ല എന്നും വ്യഭിചരിക്കുകയില്ല എന്നും മോഷ്ടിക്കുക ഇല്ല എന്നും നിങ്ങൾ എന്നോട് ഉടമ്പടി ചെയ്യുമോ?. ശേഷം സൂറത്തു നിസാഇലെ ആയത്ത് പാരായണം ചെയ്തു. ഈ ഉടമ്പടികൾ വല്ലവരും പാലിച്ചാൽ അല്ലാഹുവിന്‍റെ അടുക്കൽ അവന് പ്രതിഫലം സുനിശ്ചിതമായി. എന്നാൽ അതിനെതിരെ വല്ലവനും പ്രവർത്തിക്കുകയും അതിന്‍റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്താൽ അതവന് പ്രായശ്ചിത്തമാണ്. എന്നാൽ അത്തരത്തിലുള്ള തിന്മകൾ വല്ലവരും ചെയ്യുകയും അല്ലാഹു മറച്ചു വെക്കുകയും ചെയ്താൽ അവന്‍റെ കാര്യം അല്ലാഹുവിലേക്കാണ്. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവനെ ശിക്ഷിക്കും അവൻ ഉദ്ദേശിക്കുന്ന പക്ഷം പൊറുത്തു കൊടുക്കും" (ബുഖാരി: 4894)
ഇമാം മുസ്‌ലിമിന്‍റെ ഹദീസിൽ ഇപ്രകാരം കാണാം:
"അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: അല്ലാഹു ഒരു അടിമക്ക് ദുൻയാവിൽ മറച്ചു വെച്ചു കൊടുത്താൽ പരലോകത്തും അല്ലാഹു അവന് മറച്ചു കൊടുക്കാതിരിക്കുകയില്ല". (മുസ്‌ലിം: 2590)
ഇമാം അഹ്മദിന്‍റെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം;
"നഈമുബ്നു ഹസാലിൽ നിന്നും നിവേദനം; ഹസാൽ رضي الله عنه മാഇസുബ്നു മാലിക് رضي الله عنه വിനെ കൂലി നിശ്ചയിച്ച് ജോലിക്കു വെച്ചു. ഹസാലിനാകട്ടെ رضي الله عنه ഫാത്തിമ എന്ന പേരുള്ള ഒരു അടിമ പെൺകുട്ടി ഉണ്ടായിരുന്നു. അവരുടെ ആടുകളെ മേച്ചിരുന്നത് ഈ പെൺകുട്ടിയായിരുന്നു. മാഇസ് رضي الله عنه അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഹസാൽ ഈ വിവരമറിഞ്ഞപ്പോൾ നബി صلى الله عليه وسلم യുടെ അടുക്കൽ ചെല്ലുകയും നബി صلى الله عليه وسلم യോട് കാര്യങ്ങൾ പറയുകയും ചിലപ്പോൾ ഈ വിഷയത്തിൽ അല്ലാഹു ഖുർആൻ അവതരിപ്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ചെയ്തു. നബി صلى الله عليه وسلم അദ്ദേഹത്തിന് ശിക്ഷ നടപ്പിലാക്കുവാൻ കൽപ്പിക്കുകയും അങ്ങനെ അദ്ദേഹത്തെ കല്ലു കൊണ്ടു എറിയുകയും ചെയ്തു. അതിന്‍റെ വേദന അസഹ്യമായപ്പോൾ മാഇസ് رضي الله عنه അവിടെ നിന്നും ഓടി. അപ്പോൾ അദ്ദേഹത്തിന്‍റെ പിറകെ ആളുകൾ ഓടി. അവരിലൊരാൾ ഒട്ടകത്തിന്‍റെ കാലിന്‍റെ എല്ലു കൊണ്ട് മാഇസ് رضي الله عنه വിനെ എറിഞ്ഞു. അപ്പോൾ അദ്ദേഹം മരിച്ചു വീണു. ഈ സന്ദർഭത്തിൽ നബി صلى الله عليه وسلم പറയുകയുണ്ടായി: എന്തുപറ്റി ഹസാൽ നിനക്ക്? നീ അത് മറച്ചു വെച്ചിരുന്നെങ്കിൽ അതായിരുന്നു നിനക്ക് ഉത്തമം". (അഹ്‌മദ്).
ഇതേ സംഭവം ഇമാം മുസ്‌ലിമിന്‍റെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം.
"മാഇസ് رضي الله عنه നബിയുടെ അടുക്കലേക്ക് വരികയും വ്യഭിചാരം സമ്മതിക്കുകയും ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. എന്നെ ശുദ്ധീകരിക്കണം. (എന്നിൽ ശിക്ഷ നടപ്പിലാക്കണമെന്ന് അർത്ഥം) നബി صلى الله عليه وسلم അദ്ദേഹത്തോട് പറയുകയുണ്ടായി; എന്തുപറ്റി മാഇസ് നിനക്ക്? നി മടങ്ങിപ്പോ. എന്നിട്ട് അല്ലാഹുവിനോട് പാപമോചന പ്രാർത്ഥന നടത്തുകയും അവനിലേക്ക് തൗബ ചെയ്തു മടങ്ങുകയും ചെയ്യുക." (മുസ്‌ലിം: 1695)
ഈ ഹദീസിന്‍റെ വിശദീകരണത്തിൽ ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു;
"തൗബ ചെയ്യുന്നതിലൂടെ പാപം ചെയ്തവരുടെ കുറ്റം ഇല്ലാതായിത്തീരും എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. മുസ്‌ലിംകളുടെ ഐക്യാഭിപ്രായം (ഇജ്മാഅ്) ഉള്ള വിഷയമാണിത്."
ഇബ്നു ഹജറുൽ അസ്ഖലാനി رَحِمَهُ ٱللَّٰهُ പറയുന്നു:
وبهذا جزم الشافعي رضي الله عنه ، فقال : أُحبُّ لمن أصاب ذنباً فستره الله عليه أن يستره على نفسه ويتوب ) فتح الباري: 12 / 124(
"മാഇസിന്‍റെ ഈ സംഭവത്തിൽ നമുക്ക് നേടാനുള്ള ഒരു പാഠമുണ്ട്. -അതായത് മാഇസ് വ്യഭിചാരം സമ്മതിച്ചപ്പോൾ- ഇത്തരം തെറ്റുകൾ വല്ലവനും സംഭവിച്ചാൽ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുകയും മറ്റുള്ളവരിൽ നിന്ന് തന്‍റെ കാര്യം മറച്ചു വെക്കുകയും വേണം. അത് ആരോടും പറയരുത്... ഈ അഭിപ്രായത്തിനാണ് ഇമാം ശാഫിഈ رَحِمَهُ ٱللَّٰهُ യും ഊന്നൽ നൽകിയിട്ടുള്ളത്. അദ്ദേഹം പറയുന്നു: വല്ലവരും പാപം ചെയ്യുകയും അങ്ങനെ അല്ലാഹു അത് മറച്ചു വെക്കുകയും ചെയ്താൽ അവനും അതു മറച്ചുവെക്കുകയും തൗബ ചെയ്യുകയും ചെയ്തു കൊള്ളട്ടെ". ( ഫത്ഹുൽബാരി: 12 / 124)
"ഇസ്‌ലാമിക ശിക്ഷക്ക് കാരണമാകുന്ന വല്ല തിന്മയും ആരെങ്കിലും ചെയ്താൽ ഭരണാധികാരിയുടെ അടുക്കൽ അവൻ സ്വയം സമ്മതിക്കൽ നിർബന്ധമോ സുന്നത്തോ ആയ കാര്യമല്ല. കാരണം, നബി صلى الله عليه وسلم പറയുന്നു. അല്ലാഹു മറച്ചു വെക്കുന്നവനാണ്. തന്‍റെ അടിമകളിൽ മറച്ചു വെക്കലിനെ അവൻ ഇഷ്ടപ്പെടുന്നു." (മത്വാലിബു ഉലിന്നുഹാ: 6/168).
أما إذا لم تبلغ العقوبة السلطان : فعلى العبد المسلم أن يستتر بستر الله ، ويتوب إلى الله توبة صادقة ، عسى الله أن يقبل منه" انتهى من "فتاوى اللجنة الدائمة"
( 22 / 15(
" ഇസ്‌ലാമിക ശിക്ഷാ നിയമങ്ങൾ നടപ്പിലാക്കേണ്ട ഒരു കേസ് ഇസ്‌ലാമിക ഭരണാധികാരിയുടെ അടുക്കൽ എത്തുകയും മതിയായ തെളിവുകൾ സ്ഥിരപ്പെടുകയും ചെയ്താൽ ആ ശിക്ഷ നടപ്പിലാക്കൽ നിർബന്ധമാണ്. തൗബ കൊണ്ട് ശിക്ഷ ഒഴിവാക്കപ്പെടുകയില്ല. ഇത് (إجماع) ഐക്യാഭിപ്രായം ഉള്ള വിഷയമാണ്. ഗാമിദിയ്യക്കാരി (നബി صلى الله عليه وسلم യുടെ കാലഘട്ടത്തിൽ വ്യഭിചരിച്ച ഒരു സ്ത്രീ) തൗബ ചെയ്തതിനു ശേഷവും ശിക്ഷ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നബി(സല്ലല്ലാഹു അലൈഹിവസ്സലം)യുടെ അടുക്കലേക്ക് വന്നപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: അവൻ തൗബ ചെയ്തിട്ടുണ്ട്. അവളുടെ തൗബ മദീനക്കാർക്ക് മുഴുവൻ വീതം വച്ചാലും മതിയായതാണ്. എന്നിട്ടും നബി صلى الله عليه وسلم അവരിൽ ശിക്ഷ നടപ്പിലാക്കി. ഇസ്‌ലാമിക ഭരണാധികാരി അല്ലാതെ മറ്റാർക്കും അതിൽ അവകാശമില്ല. എന്നാൽ ശിക്ഷക്ക് ആവശ്യമായ വിഷയത്തെക്കുറിച്ച് ഭരണാധികാരിക്ക് അറിവ് കിട്ടിയിട്ടില്ല എങ്കിൽ മുസ്‌ലിമായ ഒരു അടിമ ആത്മാർത്ഥമായ നിലക്ക് അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുകയും അല്ലാഹുവിന്‍റെ മറക്കൽ കൊണ്ട് മറച്ചുവെക്കുകയുമാണ് വേണ്ടത്". (ഫതാവാ ലജനതുദ്ദാഇമ: 15/22).
തന്നിൽ ശിക്ഷ നടപ്പിലാക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത് ഒരു വ്യക്തി തന്‍റെ കാര്യത്തിലുള്ള വിഷയങ്ങളെ മറച്ചുവെക്കലാണ് എന്ന് മുകളിൽ വിശദീകരിച്ചതിൽ നിന്ന് നമുക്ക് വ്യക്തമായി. ഇഹലോകത്ത് ശിക്ഷ നടപ്പിലാക്കപ്പെടുക എന്നുള്ളത് തൗബ സ്വീകരിക്കാനുള്ള നിബന്ധന അല്ല. അതില്ലാതെ തന്നെ തൗബ അംഗീകാരയോഗ്യമാണ്. ശിക്ഷ നടപ്പിലാക്കപ്പെടാതെ തന്നെ വ്യക്തി ചെയ്യുന്ന മറ്റു സൽകർമങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാണ് എന്നുള്ളത് ഇതിനേക്കാൾ വ്യക്തമായ കാര്യമാണ്. കാരണം, ശിക്ഷ നടപ്പിലാക്കപ്പെടലും അവൻ ചെയ്യുന്ന മറ്റു സൽകർമങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല.
ചുരുക്കത്തിൽ, ഒരു വ്യക്തി വ്യഭിചരിക്കുകയും മറ്റോ ചെയ്താൽ അല്ലാഹുവിന്‍റെ മറക്കൽ കൊണ്ട് അവൻ മറച്ചു വെക്കുകയും തനിക്കും തന്‍റെ റബ്ബിനും ഇടയിൽ ഉണ്ടായ വിഷയത്തിൽ അവൻ തൗബ ചെയ്യുകയുമാണ് വേണ്ടത്. തന്‍റെ പാപത്തെക്കുറിച്ച് ആരെയും അറിയിക്കേണ്ട ആവശ്യം ഇല്ല. ഇനി ആരെങ്കിലും അത് അറിയുകയാണെങ്കിൽ അവനും അക്കാര്യം മറച്ചു വെക്കുകയാണ് വേണ്ടത്. അത് മറച്ചു വെക്കാൻ വേണ്ടി പാപം ചെയ്തവനെ പ്രേരിപ്പിക്കുകയും വേണം. അവൻ തൗബ ചെയ്താൽ അല്ലാഹു അവന്‍റെ തൗബ സ്വീകരിക്കും. അവന്‍റെ മേലിൽ ഇസ്‌ലാമിക ശിക്ഷ നടപ്പിലാക്കപ്പടാതിരിക്കുക എന്നുള്ളത് അവന്‍റെ തൗബ സ്വീകരിക്കപ്പെടാതിരിക്കാനോ അവൻ ചെയ്യുന്ന മറ്റു കർമ്മങ്ങൾ സ്വീകരിക്കപ്പെടാതിരിക്കാനോ ഒരിക്കലും കാരണമായി മാറുന്നില്ല.
അല്ലാഹു അഅ്‍ലം