ചെറിയ ആരാധനകള്‍ക്ക് വര്‍ദ്ധിച്ച പ്രതിഫലം

ശൈഖ് സ്വാലിഹ് ബ്‌നു ആലു ത്വാലിബ്‌ (ഇമാം, ഖത്വീബ് മസ്ജിദുല്‍ ഹറാം, മക്ക)

Last Update 2024 September 07 | 04 Rabiʻ I, 1446 AH

(ഹി: 1433 ശവ്വാല്‍ 6 വെള്ളിയാഴ്ച നടത്തിയ ജുമുഅ: ഖുത്വുബ)

ഹംദും സ്വലാത്തും, സലാമും, അതിനു ശേഷം,

മുസ്‌ലീങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക, അമ്പിയാക്കളുടെ വസ്വിയ്യത്തും, അല്ലാഹുവിന്റെ വലിയ്യുകളുടെ അടയാളവും, അവസാന നാളിലേക്കുള്ള ഉത്തമ വിഭവവും തഖ്‌വയാകുന്നു.

(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ) [الحشر: 18].

'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു' (ഹശ്ര്‍/18).

മുസ്‌ലീം സഹോദരങ്ങളെ, നമ്മുടെ മാസമായ റമളാനിന്‍റെ സുഗന്ധം നമ്മുടെ വസ്ത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല, വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റെ മാധുര്യം നമ്മുടെ മനസുകളില്‍ നിന്നും ഉണങ്ങി പോയിട്ടില്ല, വിശുദ്ധ റമളാനിന്‍റെ വിടവാങ്ങലിന്‍റെ ദു:ഖം നമ്മുടെ കണ്ണുകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. അത് ഉണങ്ങിപോയിയെന്ന് വിലപിക്കുന്നവര്‍ ആരാധനയുടെ ചൈതന്യവും, ആസ്വാദ്യതയും, മാധുര്യവും നഷ്ടപ്പെടുത്തിയവരാകുന്നു.

മനുഷ്യന്‍ ക്ഷമയവലംബിക്കുകയും, ദേഹേഛകളെ അതിജയിക്കുകയും ചെയ്താല്‍ റമളാനില്‍ ചെയ്തിരുന്ന വ്രതം, ഖിയാമുല്ലൈല്‍, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ ഐഛികമായ ആരാധനകള്‍ തുടര്‍ത്തി കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. അതിലൂടെ സീസണുകളില്‍ ജീവിതം നന്മയിലായതുപോലെ നിത്യമായി തന്‍റെ ജീവിതം നന്മയിലൂടെ മുന്നോട്ടു കൊണ്ടുപോകുവാനും, പതിവായുള്ള ആരാധനകള്‍ ചെയ്യുകയെന്ന പൂന്തോപ്പിലൂടെ തന്‍റെ ആത്മാവിനെ നയിക്കുവാനും സാധിക്കുന്നതാണ്. അല്ലാഹുവിന്‍റെ വചനം കാണുക:

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ [الأنعام: 162].

'പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു' (അന്‍ആം/162).

മുസ്‌ലീം സഹോദരങ്ങളെ, ഭൂമി അടിമകള്‍ക്കായി അല്ലാഹു നല്‍കിയ അനന്തരമാണ്, അതിലൂടെ പരലോകത്തേക്കായി സമ്പദിച്ച കൃഷിയുല്‍പന്നങ്ങള്‍ക്കനുസരിച്ചു പരലോകത്ത് സ്വര്‍ഗത്തിലുളളവരുടെ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു.

وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ [الزمر: 74]

'അവര്‍ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ ( സ്വര്‍ഗ ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി' (സുമര്‍/74).

യഥാര്‍ത്ഥ വിശ്വാസി അല്ലാഹുവിലേക്ക് സഞ്ചരിക്കുകയും, അവനെ കണ്ടുമുട്ടുവാന്‍ പരിശ്രമിക്കുകയും ചെയ്യുകയാണ്, ആ യാത്ര സ്വര്‍ഗത്തില്‍ എത്തുന്നതുവരെ തുടന്ന് കൊണ്ടിരിക്കും, അത് അവനെ മരണം പിടികൂടുന്നതുവരെ അവസാനിക്കുകയില്ല.

وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ [الحجر: 99].

'ഉറപ്പായ കാര്യം ( മരണം ) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക' (ഹിജ്‌റ്/99).

ആരാധനകള്‍ക്ക് വര്‍ദ്ധിച്ച പ്രതിഫലം ലഭിക്കുന്ന റമളാന്‍ നമ്മളില്‍ നിന്ന് വിടപറഞ്ഞെങ്കിലും ഉന്നതനായ അല്ലാഹു എല്ലാ മാസങ്ങളുടെയും രക്ഷിതാവാകുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള വിശാലമായ ചക്രവാളം തന്നെ നമ്മുടെ ജീവിതത്തിലുണ്ട്. വര്‍ദ്ധിച്ച പ്രതിഫലം ലഭിക്കപ്പെടും, അത് ലാഭകരമായ കച്ചവടമാണ്. അല്ലാഹുവിന്റെ ശരീഅത്തിലും, റസൂല്‍ﷺയുടെ ചര്യയിലും അല്ലാഹുവിലേക്കെത്തിക്കുന്ന നിരവധി അവസരങ്ങ(സല്‍കര്‍മ്മങ്ങ)ളും, അവന്റെ തൃപ്തി കരസ്ഥമാക്കുവാനുള്ള മാര്‍ഗങ്ങളും ഉണ്ട്. അതുപോലെ തന്നെ അല്ലാഹുവിന്റെ തൃപ്തിയും, അവന്റെ കാരുണ്യവും നമ്മിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമുണ്ട്. അതിനെല്ലാം പ്രതിഫലമായി സ്വര്‍ഗം ലഭിക്കും. എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ എവിടെ?!

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) പറഞ്ഞു:

( أخذ رسولُ الله - صلى الله عليه وسلم - بمنكبِي فقال: «كُن في الدنيا كأنَّك غريبٌ أو عابِرُ سبيلٍ». وكان ابنُ عمر يقول: "إذا أمسيتَ فلا تنتظِر الصباحَ، وإذا أصبحتَ فلا تنتظِر المساء، وخُذ من صحَّتك لمرضك، ومن حياتك لموتك"؛ رواه البخاري.

നബിﷺ എന്റെ ചുമലില്‍ പിടിച്ചുകൊണ്ടു പറയുകയുണ്ടായി: 'ഈ ദുന്‍യാവില്‍ നീ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ ഒരു വഴി യാത്രക്കാരനെ പോലെയാവുക'. ഇബ്‌നു ഉമര്‍(റ) പറയാറുണ്ടായിരുന്നു: 'നിനക്ക് വൈകുന്നേരമായാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത്, നിനക്ക് പ്രഭാതമായാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്, നിന്റെ ആരോഗ്യത്തെ രോഗം വരുന്നതിനു മുമ്പും, നിന്റെ ജീവിതത്തെ മരണം വന്നെത്തുന്നതിനു മുമ്പും പ്രയോജനപ്പെടുത്തുകയും ചെയ്യുക' (ബുഖാരി).

ചെറിയ ചെറിയ കര്‍മ്മങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രതിഫലമുണ്ടെന്ന കാര്യം പ്രവാചകന്‍ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു, വിചാരണ ദിവത്തേക്ക് വിഭവങ്ങള്‍ സമാഹരിക്കാനായി, റബ്ബുല്‍ അര്‍ബാബായ അല്ലാഹുവിനെ കണ്ടു മുട്ടുന്നത് വരെ സൂക്ഷിക്കാനായി സല്‍കര്‍മ്മങ്ങളുടെ വിശാലമായ കവാടമാണ് നമുക്ക് തുറന്ന് തന്നിരിക്കുന്നത്.

وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا [الإسراء: 19]

'ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും' (ഇസ്‌റാഅ്/19).

ഒരു ഹദീഥ് കാണുക:

عن أبي ذرٍّ - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: «يُصبِحُ على كل سُلامَى من أحدِكم صدقةٌ؛ فكلُّ تسبيحةٍ صدقة، وكلُّ تحميدةٍ صدقة، وكلُّ تهليلةٍ صدقة، وكلُّ تكبيرةٍ صدقة، وأمرٌ بالمعروف صدقة، ونهيٌ عن المُنكَر صدقة، ويُجزِئُ من ذلك: ركعتان يركعهُما من الضُّحَى»؛ رواه مسلم.

അബൂദര്‍റ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'നിങ്ങളിലൊരാളുടെ മുഴുവന്‍ സന്ധികള്‍ക്കും സ്വദഖയുണ്ട്, എല്ലാ തസ്ബീഹുകളും സ്വദഖയാണ്, എല്ലാ തഹ്‌മീദുകളും സ്വദഖയാണ്, എല്ലാ തഹ്‌ലീലുകളും സ്വദഖയാണ്, എല്ലാ തക്ബിറുകളും സ്വദഖയാണ്, നന്മ കല്‍പിക്കുന്നതും സ്വദഖയാണ്, തിന്മ കല്‍പിക്കുന്നതും സ്വദഖയാണ്, ളുഹാ സമയത്തുള്ള രണ്ടു റകഅത്ത് നമസ്‌കാരം ഇതിനെല്ലാം പകരമാവുന്നതാണ്' (മുസ്‌ലിം).

وعنه - رضي الله عنه - أن ناسًا قالوا: يا رسول الله! ذهبَ أهلُ الدُّثور بالأجور، يُصلُّون كما نُصلِّي، ويصومون كما نصُوم، ويتصدَّقون بفُضول أموالِهم. قال: «أولَيسَ قد جعلَ الله لكم ما تصدَّقون به؟ إن بكل تسبيحةٍ صدقة، وكل تكبيرةٍ صدقة، وكل تحميدةٍ صدقة، وكل تهليلةٍ صدقة، وأمرٌ بالمعروف صدقة، ونهيٌ عن المُنكَر صدقة، وفي بُضعِ أحدِكم صدقة». قالوا: يا رسول الله! أيأتي أحدُنا شهوتَه ويكونُ له فيها أجرٌ؟ قال: «أرأيتُم لو وضعَها في حرامٍ أكان عليه وِزرٌ؟ فكذلك إذا وضعَها في الحلال كان له أجرٌ»؛ رواه مسلم.

അബൂദര്‍റ്(റ) നിവേദനം: ചിലര്‍ പറയുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, പ്രതിഫലങ്ങളെല്ലാം പണക്കാര്‍ കൊണ്ടു പോയിരിക്കുന്നു, ഞങ്ങള്‍ നമസ്‌കരിക്കുന്നതു പോലെ അവരും നമസ്‌കരിക്കുന്നു, ഞങ്ങള്‍ നോമ്പനുഷ്ടിക്കുന്നതുപോലെ അവരും നോമ്പനുഷ്ടിക്കുന്നു, കൂടാതെ അവര്‍ അവരുടെ സമ്പത്തില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. പറഞ്ഞു: നിങ്ങള്‍ക്ക് സ്വദഖ ചെയ്യുവാന്‍ അല്ലാഹു ഒന്നും നല്‍കിയിട്ടില്ലെ? എല്ലാ തസ്ബീഹുകളും സ്വദഖയാണ്, എല്ലാ തഹ്‍മീദുകളും സ്വദഖയാണ്, എല്ലാ തഹ്‌ലീലുകളും സ്വദഖയാണ്, എല്ലാ തക്ബിറുകളും സ്വദഖയാണ്, നന്മ കല്‍പിക്കുന്നതും സ്വദഖയാണ്, തിന്മ കല്‍പിക്കുന്നതും സ്വദഖയാണ്, നിങ്ങളുടെ ലൈഗിക വേഴ്ചയും സ്വദഖയാണ്. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങളില്‍ ഒരാള്‍ അയാളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനും പ്രതിഫലമുണ്ടോ? പറഞ്ഞു: ഒരാള്‍ നിഷിദ്ധമായ മാര്‍ഗത്തിലാണത് വെക്കുന്നതെങ്കില്‍ അവനതിന് ശിക്ഷയുണ്ടാകുമോ, എന്താണ് നിങ്ങളുടെ അഭിപ്രായം? അതുപോലെ അനുവദനീയമായ മാര്‍ഗത്തിലൂടെയാണത് വെക്കുന്നതെങ്കില്‍ അതിന് പ്രതിഫലവും ഉണ്ടായിരിക്കും' (മുസ്‌ലിം).

ഒരു വിശ്വാസി ചെറിയ പ്രവര്‍ത്തനം മുഖേന ഒരിക്കലും വിചാരിക്കാത്ത ഉന്നതമായ സ്ഥാനത്തെത്തിയേക്കാം

عن أبي هريرة - رضي الله عنه - عن النبي - صلى الله عليه وسلم - قال: «لقد رأيتُ رجلاً يتقلَّبُ في الجنةِ في شجرةٍ قطَعَها من ظهر الطريق كانت تُؤذِي المُسلمين»؛ رواه مسلم.

അബൂഹുറയ്‌റ(റ) നിവേദനം: നബിﷺ പറഞ്ഞു: 'മുസ്‌ലീങ്ങള്‍ക്ക് വഴിയില്‍ ഉപദ്രവമുണ്ടാക്കിയിരുന്ന ഒരു മരം മുറിച്ച് കളഞ്ഞതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച ഒരാളെ ഞാന്‍ കാണുകയുണ്ടായി' (മുസ്‌ലിം)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഉള്ളത്; 'വഴി മധ്യത്തിലേക്ക് നിണ്ടു കിടക്കുന്ന മരത്തിന്റെ കൊമ്പിനരികിലൂടെ ഒരാള്‍ നടന്ന് പോവുകയുണ്ടായി, അത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: അല്ലാഹു തന്നെയാണ സത്യം! മുസലീങ്ങളെ ഉപദ്രവിക്കാതിരിക്കാനായി ഞാനിത് നീക്കം ചെയ്യുക തന്നെ ചെയ്യുന്നതാണ്, അത് അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു'. മറ്റൊരു റിപ്പോര്‍ട്ട് താഴെ വരുന്ന പ്രകാരമാണ്, 'ഒരാള്‍ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു, അപ്പോള്‍ മുള്ളുകളുള്ള ഒരു മരകൊമ്പ് കാണാനിടയായി, അതദ്ദേഹം അവിടെ നിന്ന് നീക്കം ചെയ്തു, അല്ലാഹു അതിന് നന്ദിയെന്ന രൂപത്തില്‍ അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയുണ്ടായി'.

മുസ്‌ലിം സഹോദരങ്ങളെ,

ഒരു ചെറിയ വാക്കു മുഖേന അടിമകള്‍ക്ക് ഔദാര്യവാനായ രക്ഷിതാവിന്റെ തൃപ്തി നേടിയെടുക്കുവാന്‍ സാധിക്കുന്നതാണ്,

عن أنسٍ - رضي الله عنه - قال: قال رسول الله - صلى الله عليه وسلم -: «إن اللهَ ليرضَى عن العبدِ أن يأكُل الأكلَةَ فيحمَده عليها، أو يشرَبَ الشربَةَ فيحمَده عليها»؛ رواه مسلم.

അനസ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ഭക്ഷണം കഴിച്ച് അതിന് അല്ലാഹുവിനെ സ്തുതിക്കുന്ന, അല്ലെങ്കില്‍ ഒരു പാനീയം കുടിച്ചിട്ട് അതിന് അല്ലാഹുവിനെ സ്തുതിക്കുന്ന ഒരു അടിമയെ നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നു' (മുസ്‌ലിം)

നമസ്‌കാരവും, വുദുവും ഒരു ദിവസം തന്നെ അനേകം തവണ ആവര്‍ത്തിച്ചു വരുന്നു, അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീഥ് കേള്‍ക്കുക:

أن رسولَ الله - صلى الله عليه وسلم - قال: «إذا توضَّأ العبدُ المُسلمُ - أو المؤمنُ - فغسلَ وجهه خرجَ من وجهه كلُّ خطيئةٍ نظرَ إليها بعينه مع الماء - أو مع آخر قطرِ الماء -، فإذا غسلَ يدَيه خرجَ من يدَيه كلُّ خطيئةٍ كان بطَشَتها يداه مع الماء - أو مع آخر قطرِ الماء -، فإذا غسلَ رجلَيْه خرجَت كل خطيئةٍ مشَتْها رِجلاه مع الماء - أو مع آخر قطرِ الماء - حتى يخرُج نقيًّا من الذنوب»؛ رواه مسلم.

റസൂലുല്ലാഹ്ﷺ പറഞ്ഞു: 'മുസ്‌ലിമായ ഒരു അടിമ അല്ലെങ്കില്‍ ഒരു വിശ്വാസി വുദു ചെയ്താല്‍ അവന്‍ തന്റെ മുഖം കഴുകുമ്പോള്‍ മുഖത്ത് നിന്ന് വീഴുന്ന വെള്ളത്തോ -അവസാനമായി വീഴുന്ന വെള്ള തുള്ളിയോടൊപ്പം അവന്റെ കണ്ണ് കൊണ്ട് ചെയ്ത പാപങ്ങള്‍ ഇറങ്ങിപോവുന്നു, അവന്‍ തന്റെ കൈകള്‍ കഴുകുമ്പോള്‍ കൈകളില്‍ നിന്ന് വീഴുന്ന വെള്ളത്തോ -അവസാനമായി വീഴുന്ന വെള്ള തുള്ളിയോ-ടൊപ്പം അവന്റെ കൈകൊണ്ടു പിടിച്ച മുഴുവന്‍ പാപങ്ങളും പുറത്തു പോകുന്നു, അവന്‍ തന്റെ കാലുകള്‍ കഴുകുമ്പോള്‍ കാലുകളില്‍ നിന്ന് വീഴുന്ന വെള്ളത്തോ -അവസാനമായി വീഴുന്ന വെള്ള തുള്ളിയോ-ടൊപ്പം പാപം ചെയ്യുവാനായി നടന്നുപോയ മുഴുവന്‍ പാപങ്ങളും പുറത്തു പോകുന്നു, അങ്ങിനെ പാപങ്ങളില്‍ നിന്നെല്ലാം ശുദ്ധിയായി പുറത്തു വരുന്നു' (മുസ്‌ലിം).

وعن أبي هريرة - رضي الله عنه - قال: قال رسولُ الله - صلى الله عليه وسلم -: «ألا أدلُّكم على ما يمحُو الله به الخطايا ويرفعُ به الدرجات؟». قالوا: بلى يا رسول الله. قال: «إسباغُ الوضوء على المَكارِه، وكثرةُ الخُطا إلى المساجد، وانتظارُ الصلاة بعد الصلاة، فذلكُم الرِّباط»؛ رواه مسلم.

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'അല്ലാഹു പാപങ്ങള്‍ മായ്ച്ചു കളയുകയും, പദവികള്‍ ഉയര്‍ത്തി തരികയും ചെയ്യുന്ന കാര്യം ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ? അവര്‍ (സ്വഹാബികള്‍) പറഞ്ഞു, അതെ പ്രവാചകരെ, പറഞ്ഞു: 'വെറുപ്പുള്ള സമയത്തും കൃത്യമായി വുളു പരിപൂര്‍ണമായി ചെയ്യുക, പള്ളികളിലേക്കുള്ള അധികരിച്ച കാല്‍പാടുകള്‍, ഒരു നമസ്‌കാരം കഴിഞ്ഞ് അടുത്ത നമസ്‌കാരം പ്രതീക്ഷിച്ചിരിക്കല്‍, അതാണ് ഉത്തമമായ സമ്പാദ്യം' (മുസ്‌ലിം)

وعن أبي هريرة - رضي الله عنه - عن رسول الله - صلى الله عليه وسلم - قال: «الصلواتُ الخمسُ، والجُمعةُ إلى الجُمعة، ورمضان إلى رمضان مُكفِّراتٌ لما بينهنَّ إذا اجتُنِبَت الكبائرُ»؛ رواه مسلم.

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'അഞ്ചു നേരത്തെ നമസ്‌കാരവും, ഒരു ജുമുഅ: അടുത്ത ജുമുഅ: വരെയും, ഒരു റമളാന്‍ അടുത്ത റമളാന്‍ വരെയുമുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു, വന്‍ പാപങ്ങള്‍ വെടിയുകയാണെങ്കില്‍' (മുസ്‌ലിം)

وعن أبي هريرة - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: «لو يعلمُ الناسُ ما في النداء والصفِّ الأولِ ثم لم يجِدوا إلا أن يستهِموا عليه لاستهَموا عليه، ولو يعلَمون ما في التهجير لاستبَقوا إليه، ولو يعلَمون ما في العتَمة والصبحِ لأتَوهُما ولو حَبوًا»؛ متفق عليه.

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ബാങ്കിനും ഒന്നാമത്തെ സ്വഫ്ഫിനുമുള്ള പ്രതിഫലം ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അത് കരസ്ഥമാക്കുവാനായി നറുക്കിടേണ്ടി വന്നാല്‍ അതിനായി അവര്‍ നറുക്കിടുമായിരുന്നു, (നമസ് കാരത്തിനായി) വളരെ നേരത്തെ പോകുന്നതിന്റെ പ്രതിഫലം അറിഞ്ഞിരുന്നുവെങ്കില്‍ അവരതിന് മത്‌സരിക്കുമായിരുന്നു, ഇശാഇന്റെയും സുബഹിയുടെയും പ്രതിഫലം അറിഞ്ഞിരുന്നുവെങ്കില്‍ അവരതിന് (നടക്കാന്‍ കഴിയാത്തവര്‍ പോലും) മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും സന്നിഹിദരാകുമായിരുന്നു'. (മുത്തഫഖുന്‍ അലൈഹി)

عن ثوبان - قال: سمِعتُ رسول الله - صلى الله عليه وسلم - يقول: «عليك بكثرة السُّجود؛ فإنك لن تسجُد لله سجدةً إلا رفعَك الله بها درجةً، وحطَّ عنك بها خطيئةً»؛ رواه مسلم.

ഥൗബാന്‍(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'താങ്കള്‍ അധികമായി സുജൂദ് (നമസ്‌കാരം) അധികരിപ്പിക്കുക, താങ്കള്‍ അല്ലാഹുവിനായി ഒരോ സുജൂദ് ചെയ്യുമ്പോഴെല്ലാം അല്ലാഹു താങ്കളുടെ പദവി ഉയര്‍ത്താതിരിക്കുകയില്ല, അതുമുഖേന പാപങ്ങള്‍ മായ്ച്ചു കളയാതിരിക്കുകയുമില്ല' (മുസ്‌ലിം)

ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുകയെന്നത് വിജയത്തിന്റെ മേല്‍വിലാസവും, നന്മയുടെയും തൗഫീഖിന്റെയും അടയാളവുമാകുന്നു.

عن عبد الله بن بُسْرٍ - رضي الله عنه - أن رجلاً قال: يا رسول الله! إن شرائِعَ الإسلام قد كثُرَت عليَّ، فأخبِرني بشيءٍ أتشبَّثُ به. قال: «لا يزالُ لسانُك رطبًا من ذِكرِ الله»؛ رواه الترمذي.

അബ്ദുല്ലാഹ് ഇബ്‌നു ബുസ്‌റ്(റ) നിവേദനം: ഒരാള്‍ പറയുകയുണ്ടായി: 'അല്ലാഹുവിന്റെ തിരുദൂതരെ, ഇസ്‌ലാമിക ശരീഅത്ത് എനിക്ക് അധികമായി തോന്നുന്നു, ഞാന്‍ പതിവായി ചെയ്യേണ്ട കാര്യങ്ങള്‍ എനിക്ക് അറിയിച്ചു തന്നാലും. പറഞ്ഞു: നിന്റെ നാവിനെ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ എപ്പോഴും നനവുള്ളതാക്കുക' (തിര്‍മിദി).

وعن أبي الدرداء - رضي الله عنه - قال: قال رسول الله - صلى الله عليه وسلم -: «ألا أُنبِّئُكم بخيرِ أعمالِكم، وأزكاها عند مليكِكم، وأرفعِها في درجاتِكم، وخيرٍ لكم من إنفاقِ الذهبِ والفضة، وخيرٌ لكم من أن تلقَوا عدوَّكم فتضرِبوا أعناقَهم ويضرِبوا أعناقَكم؟». قالوا: بلى. قال: «ذِكرُ الله تعالى»؛ رواه الترمذي، وقال الحاكمُ: إسنادُه صحيحٌ.

അബൂദര്‍റ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തമമായതും, നിങ്ങളുടെ ഉടമസ്ഥന് ഏറ്റവും ഇഷ്ടമുള്ളതും, നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉന്നതമായതും, സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാളും ഉത്തമമായതും, നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കണ്ടുമുട്ടി അവര്‍ നിങ്ങളുടെ പിരടികളും, നിങ്ങള്‍ അവരുടെ പിരടികളും വെട്ടുന്നതിനേക്കാളും ഖൈറായ കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ച് തരട്ടെയോ? അവര്‍ (സ്വഹാബാക്കള്‍) പറഞ്ഞു: അതെ, പറഞ്ഞു: 'ഉന്നതനായ അല്ലാഹുവിനെ സ്മരിക്കലാണത്' (തിര്‍മിദി, ഇതിന്റെ സനദ് സ്വഹീഹാണെന്ന് ഹാഖിം പ്രസ്താവിച്ചിരിക്കുന്നു).

وعن ابن عباسٍ - رضي الله عنهما - قال: قال رسولُ الله - صلى الله عليه وسلم -: «من لزِم الاستغفارَ جعلَ الله له من كل ضيقٍ مخرجًا، ومن كل همٍّ فرَجًا، ورزَقَه من حيثُ لا يحتسِب»؛ رواه أبو داود.

ഇബ്‌നു അബ്ബാസ്(റ) നിവേദനം; റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ആരെങ്കിലും പാപമോചനം പതിവാക്കുകയാണെങ്കില്‍ അല്ലാഹു അവന് എല്ലാ കുടുസതയില്‍ നിന്നും മോചനം നല്‍കുകയും, എല്ല പ്രയാസങ്ങളില്‍ നിന്നും വിടുതല്‍ നല്‍കുകയും, അവന്‍ ഉദ്ദേശിക്കാത്ത മാര്‍ഗത്തിലൂടെ ഉപജീവനം നല്‍കപ്പെടുകയും ചെയ്യുന്നതാണ്' (അബൂദാവൂദ്).

وعن شدَّاد بن أوسٍ - رضي الله عنه - عن النبي - صلى الله عليه وسلم - قال: «سيدُ الاستغفار أن يقولَ العبدُ: اللهم أنت ربِّي لا إله إلا أنت، خلَقتَني وأنا عبدُك، وأنا على عهدك ووعدِك ما استطعتُ، أعوذُ بك من شرِّ ما صنعتُ، أبوءُ لك بنعمتِك عليَّ وأبوءُ بذنبي، فاغفِر لي؛ فإنه لا يغفِرُ الذنوبَ إلا أنت. من قالَها في النهار مُوقِنًا بها فمات من يومه قبل أن يُمسِي فهو من أهل الجنة، ومن قالَها من الليل وهو مُوقِنٌ بها فمات قبل أن يُصبِح فهو من أهل الجنة»؛ رواه البخاري.

ശദ്ദാദുബ്‌നു ഔസ്(റ) നിവേദനം, നബിﷺ പറഞ്ഞു: 'പാപമോചനത്തിന്റെ നേതാവ്, അതിങ്ങനെ പറയലാണ്; അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാന്‍.എനിക്ക് സാധ്യമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല'. ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് പ്രഭാതത്തില്‍ പറഞ്ഞ് വൈകുന്നേരമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്, ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് വൈകുന്നേരം പറഞ്ഞ് പ്രഭാതമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്. (ബുഖാരി).

സഹജീവികളോട് നന്മ കാണിക്കുന്നതില്‍ യാതൊരു വിധ വിമുഖതയും കാണിക്കാവതല്ല, എത്ര ചെറിയ നന്മയാണെങ്കിലും അതിനെ കുറച്ച് കാണിക്കരുത്. അദിയ്യുബ്‌നു ഹാതിം(റ) പറയുന്നു:

يقول عديُّ بن حاتمٍ - رضي الله عنه -: سمعتُ النبيَّ - صلى الله عليه وسلم - يقول: «اتَّقُوا النارَ ولو بشقِّ تمرةٍ»؛ متفق عليه.

നബിﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: 'ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക' (മുത്തഫഖുന്‍ അലൈഹി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:

قال رسول الله - صلى الله عليه وسلم -: «ما منكم من أحدٍ إلا سيُكلِّمُه ربُّه ليس بينه وبينه ترجُمان، فينظُر أيمنَ منه فلا يرَى إلا ما قدَّم، وينظُر أشأمَ منه فلا يرى إلا ما قدَّم، وينظُر بين يدَيه فلا يرى إلا النارَ تلقاءَ وجهه، فاتَّقوا النارَ ولو بشقِّ تمرةٍ، فمن لم يجِد فبكلمةٍ طيبةٍ».

റസൂലുല്ലാഹ്ﷺ പറഞ്ഞു: 'നിങ്ങളില്‍ ഒരാളോടും തന്നെ ദ്വിഭാഷാ സഹായിയില്ലാതെ തന്നെ അല്ലാഹു സംസാരിക്കാതിരിക്കുകയില്ല, അങ്ങിനെ വലത് ഭാഗത്തേക്ക് നോക്കുമ്പോള്‍ അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, ഇടതു ഭാഗത്തേക്ക് നോക്കുമ്പോഴും അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, മുന്നിലേക്ക് നോക്കുമ്പോള്‍ മുഖത്തിന് അഭിമുഖമായി നരകമല്ലാതെ കാണുകയില്ല, ഒരു കാരക്ക ചീളു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക, അത് ലഭിച്ചില്ലെങ്കില്‍ നല്ല ഒരു വാക്ക് കൊണ്ടെങ്കിലും'.

وعن أبي موسى - رضي الله عنه - عن النبي - صلى الله عليه وسلم - قال: «على كل مسلمٍ صدقة». قال: أرأيت إن لم يجِد؟ قال: «يعملُ بيديه، فينفعُ نفسَه ويتصدَّق». قال: أرأيتَ إن لم يستطِع؟ قال: «يُعينُ ذا الحاجةِ الملهوف». قال: أرأيتَ إن لم يستطِع؟ قال: «يأمرُ بالمعروف أو الخيرِ». قال: أرأيتَ إن لم يفعل؟ قال: «يُمسِكُ عن الشرِّ؛ فإنها صدقةٌ»؛ متفق عليه.

അബൂമൂസാ(റ) നിവേദനം: നബിﷺ പറഞ്ഞു: 'ഓരോ മുസ്‌ലിമിനും സ്വദഖ നിര്‍ബ്ബന്ധമാണ്'. ചോദിച്ചു: (സ്വദഖ) ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ജോലി ചെയ്ത് സ്വന്തത്തിന് ചെലവഴിച്ച് സ്വദഖ ചെയ്യുക, ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ആവശ്യക്കാരെ സഹായിക്കുക. ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: പുണ്യമോ, നന്മയോ കല്‍പിക്കുക. ചോദിച്ചു: അങ്ങിനെ ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ഉപദ്രവിക്കാതിരിക്കുക, കാരണമത് സ്വദഖയാണ്' (മുത്തഫഖുന്‍ അലൈഹി).

അല്ലാഹുവിന്റെ അടിമകളെ,

സമൂഹത്തിന്റെ പരസ്പരമുള്ള ബന്ധത്തിന് അനിവാര്യ ഘടകങ്ങളായ മാതാപിതാക്കള്‍, ഇണകള്‍, കുടുംബക്കാര്‍, അയല്‍വാസികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട സല്‍കര്‍മ്മങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രതിഫലമാണ് ലഭിക്കുക.

عن عبد الله بن مسعودٍ - رضي الله عنه - قال: جاء رجلٌ إلى رسول الله - صلى الله عليه وسلم - فقال: يا رسولَ الله! من أحقُّ الناسِ بحُسن صحابَتي؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أبوك»؛ متفق عليه.

അബ്ദുല്ലാഹ്ബ്‌നു മസ്ഊദ്(റ) നിവേദനം: റസൂലുല്ലാഹ്ﷺയുടെ അരികിലേക്ക് ഒരാള്‍ കടന്ന് വന്ന് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ പിതാവ്' (മുത്തഫഖുന്‍ അലൈഹി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:

وفي روايةٍ: يا رسول الله! من أحقُّ الناس بحُسن الصُّحبَةِ؟ قال: «أمُّك، ثم أمُّك، ثم أمُّك، ثمُّ أباك، ثم أدناك أدناك».

'അല്ലാഹുവിന്റെ തിരുദൂതരെ, നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്നെ പിതാവ്, ശേഷം അതിന് താഴെ വരുന്നവര്‍'.

وعن أنسٍ - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: «من أحبَّ أن يُبسَطَ له في رِزقِه، ويُنسَأَ له في أثَره فليصِل رحِمَه»؛ متفق عليه.

അനസ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ആരെങ്കിലും ഉപജീവന വിശാലതയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ക്കട്ടെ' (മുത്തഫഖുന്‍ അലൈഹി).

وعن أبي هريرة - رضي الله عنه - قال: قال رسولُ الله - صلى الله عليه وسلم -: «أكملُ المؤمنين إيمانًا أحسنُهم خُلُقًا، وخيارُكم خيارُكم لنسائهم»؛ رواه الترمذي، وقال: "حديثٌ حسنٌ صحيحٌ".

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'സല്‍സ്വഭാവികളാണ് വിശ്വാസികളില്‍ ഈമാന്‍ പൂര്‍ത്തിയായവര്‍, നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തന്റെ കുടുംബത്തോട് നല്ല നിലയില്‍ പെരുമാറുന്നവരാകുന്നു' (തിര്‍മിദി, ഈ ഹദീഥ് ഹസനുന്‍ സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു).

وعن ابن عمر وعائشة - رضي الله عنهما - قالا: قال رسول الله - صلى الله عليه وسلم -: «ما زالَ جبريلُ يُوصِيني بالجارِ حتى ظننتُ أنه سيُورِّثُه»؛ متفق عليه.

ഇബ്‌നു ഉമര്‍, ആയിശാ(റ) എന്നിവര്‍ നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'അയല്‍വാസിയുടെ വിഷയത്തില്‍ ജിബ്‌രീല്‍ എന്നോട് ഒസ്യത്ത് ചെയ്യുകയുണ്ടായി, അനന്തരസ്വത്തില്‍ പോലും അയല്‍വാസിക്ക് പങ്കുണ്ടാവുമോ എന്ന് തോന്നിപോകുന്നതുവരെ അത് തുടര്‍ന്ന് കൊണ്ടിരുന്നു' (മുത്തഫഖുന്‍ അലൈഹി).

وعن عبد الله بن مسعود - رضي الله عنه - أن رسولَ الله - صلى الله عليه وسلم - قال: «من كان يُؤمنُ بالله واليوم الآخِر فليُكرِم ضيفَه، ومن كان يُؤمنُ بالله واليوم الآخِر فليصِل رحِمَه، ومن كان يُؤمنُ بالله واليوم الآخِر فليقُل خيرًا أو ليصمُت»؛ متفق عليه.

അബ്ദുല്ലാഹ്ബ്‌നു മസ്ഊദ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ വിരുന്നുകാരനെ ആദരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനമായിരിക്കട്ടെ' (മുത്തഫഖുന്‍ അലൈഹി).

ജനങ്ങളുടെ ന്യൂനത മറച്ചുവെക്കുന്നതിനെ കുറിച്ചു പറയുകയുണ്ടായി:

قال رسولُ الله - صلى الله عليه وسلم -: «لا يستُر عبدٌ عبدًا في الدنيا إلا ستَرَه الله يوم القيامة»؛ رواه مسلم.

റസൂലുല്ലാഹ്ﷺ പറഞ്ഞു: 'ഒരു അടിമ മറ്റൊരു അടിമയുടെ ദുന്‍യാവിലെ ന്യൂനത മറച്ചുവെക്കുന്നില്ല, അല്ലാഹു അവന്റെ പരലോകത്തെ ന്യൂനത മറച്ച് വെക്കാതെ' (മുസ്‌ലിം).

وعن أبي هريرة - رضي الله عنه - قال: سُئِل رسول الله - صلى الله عليه وسلم - عن أكثر ما يُدخِلُ الناسَ الجنة. قال: «تقوى الله وحُسن الخُلُق». وسُئِل عن أكثر ما يُدخِلُ الناسَ النار. فقال: «الفمُ والفرْجُ»؛ رواه الترمذي، وقال: "حديثٌ صحيحٌ".

അബൂഹുറയ്‌റ(റ) നിവേദനം: റസൂലുല്ലാഹ്ﷺ ചോദിക്കപ്പെടുകയുണ്ടായി: അധിക ജനങ്ങളെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച്, പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്ക(തഖ്‌വ)ലും, സല്ല സ്വഭാവവുമാകുന്നു. അധിക ജനങ്ങളെയും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനെ കുറിച്ചും ചോദിക്കപ്പെട്ടു, പറഞ്ഞു: വായയും, ഗുഹ്യാവയവുമാണ്' (തിര്‍മിദി, ഈ ഹദീഥ് ഹസനുന്‍ സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു).

മുസ്‌ലിം സഹോദരങ്ങളെ,

റമളാന്‍ മാസം നോമ്പനുഷ്ടിക്കാന്‍ അല്ലാഹു അനുഗ്രഹിച്ചവരെ, ശവ്വാലില്‍ ആറു നോമ്പുകൂടി അനുഷ്ടിക്കല്‍ പ്രവാചക സുന്നത്തില്‍ സ്ഥിരപ്പെട്ടതാണ്,

قال النبي - صلى الله عليه وسلم -: «من صامَ رمضان وأتبَعَه ستًّا من شوال كان كصيامِ الدهرِ»؛ رواه مسلم.

നബിﷺ പറഞ്ഞു: 'ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിച്ച് അതിനോടൊപ്പം ശവ്വാലില്‍ ആറ് നോമ്പുകൂടി തുടര്‍ത്തുകയാണെങ്കില്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിച്ചത് പോലെയാണ്' (മുസ്‌ലിം).

അത് ഒന്നിച്ചും, ഇടവിട്ടും അനുഷ്ടിക്കാവുന്നതാണ്.

സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും, പതിവാക്കുകയും, തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുക.

وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا) [النحل: 92]

'ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്.' (നഹ്ല്‍/92)

അല്ലാഹു ആരെയെങ്കിലും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവന്‍ തെറ്റുകളിലേക്ക് മടങ്ങാതിരിക്കട്ടെ, അങ്ങിനെ മടങ്ങുകയാണെങ്കില്‍ തെറ്റുകളെ നിസ്സാരവല്‍ക്കരിക്കാനും പാപങ്ങളെ ചെറുതായി കാണാനും അത് കാരണമാകും.

നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക, പ്രാര്‍ത്ഥന...

വിവര്‍ത്തനം:

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി, ജിദ്ദ

0
0
0
s2sdefault