ഖുവ്വത്തും അമാനത്തും: ഒരു ക്വുര്‍ആന്‍ പാഠം

അന്‍വര്‍ അബൂബക്കര്‍

Last Update 01 October 2025, 9 Rabiʻ II, 1447 AH

ചോദ്യം: ക്വുര്‍ആനില്‍ ‘അല്‍ഖവിയ്യ് - അല്‍അമീന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍ ആര്?

ഉത്തരം: മൂസാ നബി(അലൈഹിസ്സലാം)

പരിശുദ്ധ ക്വുര്‍ആന്‍ നമ്മോട് നേതൃഗുണങ്ങളായി പ്രത്യേകം സൂചിപ്പിച്ച രണ്ടു മഹത്തായ ഗുണങ്ങളുണ്ട്: ഖുവ്വത്ത് (ശക്തി/ശേഷി)യും അമാനത്ത് (വിശ്വാസ്യത/സത്യസന്ധത)യും. സൂറഃ അല്‍ഖസസില്‍ (28: 26) മൂസാ നബി (അലൈഹിസ്സലാം)യെ കുറിച്ച് പറയുമ്പോള്‍, “ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ പറഞ്ഞു: 'പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്.” എന്ന പാഠം വരുന്നു. ഇത്, വ്യക്തിപരമായും സാമൂഹികമായും ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് ആവശ്യമായ പ്രധാന ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ്.

മൂസാ നബി (അലൈഹിസ്സലാം) മിസ്‍റില്‍ നിന്നു രക്ഷപ്പെട്ട് മദ്‍യനിലെത്തുമ്പോഴായിരുന്നു ഈ സംഭവം. അവിടെ രണ്ടു പെണ്‍കുട്ടികള്‍ അവരുടെ കാലികള്‍ക്ക് വെള്ളം കൊടുക്കുന്നതില്‍ പ്രയാസപ്പെടുന്നത് കണ്ട മൂസാ നബി(അലൈഹിസ്സലാം) അവരെ സഹായിച്ചു. മൂസാ നബി(അലൈഹിസ്സലാം)യുടെ ഇടപെടലും പെരുമാറ്റവും കണ്ട് അവര്‍ പിതാവിനോടു പറഞ്ഞതാണ് അദ്ദേഹം ശക്തിമാനും വിശ്വസ്തനുമാണ് എന്ന കാര്യം. ഈ വിലയിരുത്തല്‍, മൂസാ നബി(അലൈഹിസ്സാലം)യുടെ ഉള്ളിലെ ഗുണങ്ങളെ തെളിയിക്കുന്നതും, ഭൗതിക ശേഷിയും (ഖുവ്വത്ത്) വിശ്വാസ്യതയും (അമാനത്ത്) തമ്മിലുള്ള സമന്വയം മനുഷ്യനെ വിലപ്പെട്ടവനാക്കുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഈ സംഭവത്തിനുശേഷം മൂസാ നബി (അലൈഹിസ്സലാം) ആ രണ്ട് സ്ത്രീകളുടെ പിതാവായ ശുഐബ് നബി(അലൈഹിസ്സലാം)യുടെ വീട്ടില്‍ താമസിക്കുകയും, അദ്ദേഹത്തിന്റെ പുത്രിമാരില്‍ ഒരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ നിന്ന് വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും, തൊഴില്‍ മേഖലകളിലും, നേതൃത്വം ഏറ്റെടുക്കുന്നിടത്തും ശക്തിയും വിശ്വാസ്യതയും കൈകോര്‍ക്കണം എന്നൊരു വലിയ പാഠമാണ് ക്വുര്‍ആന്‍ നല്‍കുന്നത്.

ഏതു കാലഘട്ടത്തിലും നേതൃത്വവും ഉത്തരവാദിത്തവുമുള്ള സ്ഥാനങ്ങളില്‍, ഖുവ്വത്ത് മാത്രം മതിയാകില്ല, അമാനത്ത് കൂടിയുണ്ടാകണം എന്നതാണ് ക്വുര്‍ആന്‍ നല്‍കുന്ന പാഠം. ശക്തിയും കഴിവും മാത്രമുള്ളവന്‍ വിശ്വാസ്യതയില്ലെങ്കില്‍ സമൂഹത്തിന് ഭീഷണിയാകും; അതുപോലെ സത്യസന്ധത മാത്രമുള്ളവന് ശക്തിയും കഴിവും ഇല്ലെങ്കില്‍, അദ്ദേഹത്തിന് സമൂഹത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, മൂസാ നബി (അലൈഹിസ്സലാം)യുടെ ചരിത്രത്തിലൂടെ, ക്വുര്‍ആന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു; ഖുവ്വത്തും അമാനത്തും ചേര്‍ന്നാല്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ നേതൃത്വം കൈകാര്യം ചെയ്യാന്‍ സാധിക്കുക.

ഇങ്ങനെ നോക്കുമ്പോള്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ(റഹിമഹുല്ലാഹ്) തന്റെ ‘സിയാസത്തു ശര്‍ഇയ്യ’ എന്ന കൃതിയില്‍ എടുത്തുകാട്ടുന്നതുപോലെ, സമൂഹത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രണ്ടു മഹത്തായ ഗുണങ്ങളാണ് പ്രധാനപ്പെട്ടത് — ഖുവ്വത്ത് (കഴിവും പ്രാപ്തിയും)യും അമാനത്ത് (വിശ്വാസ്യതയും). ഒരു ജോലിയിലേക്ക്‌ ഒരാളെ പരിഗണിക്കുമ്പോള്‍ അതില്‍ അയാള്‍ കഴിവുള്ള (competent) വ്യക്തിയാണോ എന്നായിരിക്കണം എപ്പോഴും പരിഗണന. ഇതാണ്‌ ഖവിയ്യ് എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. അയാള്‍ ഒരുപക്ഷെ വ്യക്തിപരമായി ചില ദൂഷ്യങ്ങള്‍ ഉള്ളവനാണെങ്കിലും ആ ജോലിക്ക്‌ യോഗ്യതയും അതില്‍ നൈപുണ്യവും ഉണ്ടെങ്കില്‍ അതിനായിരിക്കണം പ്രഥമ പരിഗണന. ചുരുക്കിപറഞ്ഞാല്‍ അമാനത്തില്‍ കുറവുണ്ടെങ്കിലും പ്രഥമ പരിഗണന നല്‍കേണ്ടത്‌ ആ ജോലിക്കാവശ്യമായ ഖുവ്വത്ത് (competence) തന്നെയാണ്‌. എന്നാല്‍ മറ്റു ചില ജോലികള്‍ക്ക്‌ അമാനത്തിനാവും പ്രഥമ പരിഗണന. അതിനുളള ഉദാഹരണമാണ് കണക്കുകള്‍ സൂക്ഷിക്കുക എന്ന ജോലി. ഇവിടെ അമാനത്തിനെ മുന്തിക്കല്‍ അനിവാര്യമാണ്. ഇത് രണ്ടും പൊതുജനങ്ങളെ സേവിക്കുന്നവര്‍ വെച്ചുപുലര്‍ത്തേണ്ട രണ്ടു ഗുണങ്ങളാണ്‌. രണ്ടും ഒത്തു ചേര്‍ന്നവര്‍ വിരളമായിരിമുക്കും എന്നതിനാല്‍ ജനങ്ങളെ സേവിക്കുവാനായി കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അവരെ നിയോഗിക്കണം. അതിനായി നമ്മുടെ സമൂഹം കൂട്ടായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്‌. യോഗ്യതയുള്ളവരെ ചില വ്യക്തിപരമായ ദൂഷ്യങ്ങള്‍ ഉള്ളതിന്റെ പേരില്‍ അവഗണിക്കാതിരിക്കുക. കാരണം, അയാളില്‍ നിന്നു ലഭിക്കുന്ന ഗുണം അവ സമൂഹത്തിനു മൊത്തത്തിലായിരിക്കും ലഭിക്കുക. എന്നാല്‍ അയാളിലുള്ള തിന്മ അത്‌ അയാളുടെ വ്യക്തിജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായിരിക്കും.

തസ്‌കിയ : മറ്റു ലേഖനങ്ങൾ