ദജ്ജാലിന്റെ ഫിത്നയില്‍ നിന്ന് സംരക്ഷണം

അന്‍വര്‍ അബൂബക്കര്‍

Last Update June 24, 2026, 8 Muharram 1447 AH

ചോദ്യം: ഏത് സൂറഃത്തിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ ഓതിയാലാണ് ദജ്ജാലിന്റെ ഫിത്നയില്‍നിന്ന് സംരക്ഷണം ലഭിക്കുക എന്ന് നബിﷺ പറഞ്ഞത്?

ഉത്തരം: സൂറത്തുല്‍ കഹ്ഫ്

മുഹമ്മദ് നബിﷺ പറഞ്ഞു: “സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ആരെങ്കിലും മനഃപാഠമാക്കിയാല്‍ ദജ്ജാലിന്റെ ഫിത്നയില്‍ നിന്നും അവന്‍ സംരക്ഷിക്കപ്പെടും” (മുസ്‍ലിം)

വിശുദ്ധ ക്വുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. അത് അല്ലാഹുവിലേക്ക് എത്താനുളള ബലവത്തായ കയറും മനുഷ്യരെ സത്യത്തിലേക്ക് നയിക്കുന്ന പ്രകാശവുമാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് മനസ്സമാധാനവും ആത്മീയ ശക്തിയും ലഭിക്കുന്നു. അതോടൊപ്പം ജീവിതത്തിലെ പ്രയാസങ്ങളില്‍ നിന്നും പരലോകത്തിലെ ഭയാനക സാഹചര്യങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗവും ക്വുര്‍ആനില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ക്വുര്‍ആനുമായുള്ള ബന്ധം അനിവാര്യമാണ്.

ഈ പശ്ചാത്തലത്തിലാണ് നബിﷺ സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നത്. സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപാഠമാക്കിയവന്‍ ദജ്ജാലിന്റെ ഫിത്നയില്‍ നിന്നും സംരക്ഷിക്കപ്പെടും എന്ന് നബിﷺ പഠിപ്പിച്ചത് ഗൌരവമറിയിക്കുന്ന ഒന്നാണ്. അവസാനകാലത്ത് പ്രത്യക്ഷപ്പെടുന്ന ദജ്ജാല്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും. ആ ദുഷ്ടന്‍ ദിവ്യത്വം അവകാശപ്പെടുകയും അത്ഭുതകരമായ ചില കാര്യങ്ങള്‍ കാണിച്ചുകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ആദം നബി (അലൈഹിസ്സലാം) മുതല്‍ അന്ത്യനാള്‍ വരെയുള്ള കാലയളവില്‍ ഭൂമിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ദജ്ജാലിന്റെ ഫിത്നയെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ പരീക്ഷണമായി അവന് ചില അസാധാരണ കഴിവുകള്‍ നല്‍കപ്പെടും. അതിനാല്‍ ശക്തമായ വിശ്വാസവും ശരിയായ അറിവും ഇല്ലാത്തവര്‍ അവന്റെ വഞ്ചനയില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്.

സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ദജ്ജാലിന്റെ ഫിത്നയില്‍ നിന്ന് സംരക്ഷണമാകുന്നതിന്റെ കാരണമായി പണ്ഡിതന്മാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. ഈ ആയത്തുകളില്‍ അല്ലാഹുവിന്റെ മഹത്വവും അവന്റെ വഹ്‌യിന്റെ സത്യതയും അത്ഭുതകരമായ ദൈവിക സംഭവങ്ങളും പരാമര്‍ശിക്കപ്പെടുന്നു. അവയുടെ അര്‍ത്ഥം മനസ്സിലാക്കി പഠിക്കുന്ന ഒരാള്‍ക്ക് ദജ്ജാല്‍ കാണിക്കുന്ന അസാധാരണ കാര്യങ്ങള്‍ പുതുമയുള്ളതോ ദൈവികതയുടെ തെളിവോ ആയി തോന്നുകയില്ല. അതുവഴി അവന്റെ വഞ്ചനയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

ദജ്ജാലിന്റെ ഫിത്നയില്‍ നിന്ന് സംരക്ഷണം നേടാന്‍ ഹദീഥുകളില്‍ മറ്റ് മാര്‍ഗങ്ങളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും ശരിയായി മനസ്സിലാക്കുക എന്നതാണ് അതിലൊന്ന്. ദജ്ജാല്‍ ഒരു മനുഷ്യനാണ്; അവന്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യും. എന്നാല്‍ അല്ലാഹു ഇത്തരം എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണ്. ദജ്ജാല്‍ ഒറ്റക്കണ്ണനാണ്; എന്നാല്‍ അല്ലാഹുവിനെക്കുറിച്ച് അത്തരം കുറവുകള്‍ ചിന്തിക്കാനാവില്ല. ഈ അറിവ് വിശ്വാസിയെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കും.

നമസ്കാരങ്ങളില്‍ ദജ്ജാലിന്റെ ഫിത്നയില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നതും വളരെ പ്രധാനപ്പെട്ടതാണ്. നബിﷺ തന്റെ നമസ്കാരങ്ങളില്‍ “അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു” എന്ന് പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീഥുകളില്‍ കാണാം. കൂടാതെ ദജ്ജാലിന്റെ കാലഘട്ടം അനുഭവിക്കുന്നവര്‍ അവനില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും നബിﷺ ഉപദേശിച്ചിട്ടുണ്ട്. കാരണം, അവന്‍ ഇളക്കിവിടുന്ന സംശയങ്ങളും അസാധാരണ സംഭവങ്ങളും മനുഷ്യരെ വലിയ പരീക്ഷണത്തിലകപ്പെടുത്താന്‍ ഇടയാക്കും.

അതുകൊണ്ട് ഓരോ മുസ്‌ലിമും സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപാഠമാക്കുകയും അവയുടെ അര്‍ത്ഥം മനസ്സിലാക്കുകയും ജീവിതത്തില്‍ പതിവായി പാരായണം ചെയ്യുകയും വേണം. ഇത് ദജ്ജാലിന്റെ ഫിത്നയില്‍ നിന്നുള്ള സംരക്ഷണത്തിന് മാത്രമല്ല, ക്വുര്‍ആനുമായുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്തുന്നതിനും കാരണമാകും. അല്ലാഹു നമ്മെയും നമ്മുടെ കുടുംബങ്ങളെയും എല്ലാ ഫിത്നകളില്‍ നിന്നും, പ്രത്യേകിച്ച് ദജ്ജാലിന്റെ മഹാപരീക്ഷണത്തില്‍ നിന്നും കാത്തുരക്ഷിക്കട്ടെ.

തസ്‌കിയ : മറ്റു ലേഖനങ്ങൾ