വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

തയ്യാറാക്കിയത്: കുഞ്ഞുമുഹമ്മദ് പറപ്പൂര്‍

Last Update 2018 October 10, 1440 Safar 12

ചരിത്രകാലം മുതല്‍ അനേകം ബൃഹത് രചനകളെപ്പറ്റി മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജ്ഞാനികളുടെ സാരോപദേശങ്ങള്‍, രാഷ്ട്രപ്രമാണങ്ങള്‍, ബഹുവിജ്ഞാന കോശങ്ങള്‍, വിപ്ലവങ്ങള്‍ക്ക് വഴി തെളിച്ച സാഹിത്യ കൃതികള്‍....എന്നിങ്ങനെ പലതും. കഥകള്‍, കാവ്യങ്ങള്‍, ആഖ്യാനങ്ങള്‍ തുടങ്ങിയ ആവിഷ്കാര ശൈലികളും മാനവരാശി ധാരാളം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ കൃതികള്‍ ചരിത്രത്തില്‍ അതതു കാലത്ത് അമൂല്യങ്ങളും അപ്രമാദിത്വമുള്ളവയും ആയിരുന്നെങ്കിലും അല്‍പായുസ്സുള്ളവയായിരുന്നു. അഥവാ, കാലത്തെ അതിജീവിച്ച് മനുഷ്യന് പിന്തുടരാവുന്ന സന്ദേശം വഹിച്ചിരുന്നവയല്ല അവയില്‍ ഒന്നുപോലും. ക്വുര്‍ആനിന്‍റെ അവസ്ഥ അതല്ല. അത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലത്തെ അതിജീവിച്ച് കൊണ്ടേയിരിക്കുന്നു. കാരണം ക്വുര്‍ആന്‍ ദൈവികകൃതിയാണ്. അതിന്‍റെ ആശയങ്ങളും അക്ഷരങ്ങളും ആവിഷ്കാര ശൈലിയും അല്ലാഹുവിന്‍റേതാണ്. അവന്‍റെ മാത്രം. മുഹമ്മദ് നബി(ﷺ) ആ വചനങ്ങള്‍ മനുഷ്യരെ കേള്‍പ്പിച്ചുവെന്ന് മാത്രം. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണെന്നതിന് തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

ശുദ്ധമായ അറബി ഭാഷയാണ് ക്വുര്‍ആനിന്‍റേത്. പാരായണ ലാളിത്യവും ആശയസമ്പുഷ്ടവുമായ സൂക്തങ്ങള്‍. ആയിരത്തി നാനൂറ് വര്‍ഷങ്ങളായി കാലത്തെ അതിജീവിച്ച് തെളിച്ചം മങ്ങാതെ പ്രയോഗക്ഷമമായ സാഹിത്യ മാധ്യമമായി നിലനില്‍ക്കുന്ന ഭാഷ ക്വുര്‍ആനിന്‍റേതല്ലാതെ മറ്റേതാണ് ലോകത്ത്? അക്ഷരാഭ്യാസമില്ലാതെ, നാഗരികതയുടെ യാതൊരു പാരമ്പര്യവുമില്ലാതെ ജീവിച്ച ഒരു ജനതയെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മാനവരാശിക്ക് എല്ലാ അര്‍ത്ഥത്തിലും മാതൃകയാക്കാവുന്ന ഒരു വിഭാഗമാക്കി മാറ്റാന്‍-അതും വിജ്ഞാന വിപ്ലവത്തില്‍ കൂടി മാത്രം-മറ്റേത് ഗ്രന്ഥത്തിനാണ് ചരിത്രത്തില്‍ കഴിഞ്ഞത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം മനുഷ്യന്‍ കണ്ടു പിടിച്ച പ്രപഞ്ച സൃഷ്ടിപ്പിന്‍റെ, മനുഷ്യവളര്‍ച്ചയുടെ ഉള്ളറകളെ പറ്റി കണിശവും കൃത്യവുമായ വിവരങ്ങള്‍ നല്‍കിയ ക്വുര്‍ആന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റേതല്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? മനുഷ്യന്‍ ചെയ്യാന്‍ പാടില്ലാത്ത, അവനെ തീരാനഷ്ടത്തിലെത്തിക്കുന്ന ഒട്ടേറെ നിരോധന നിയമങ്ങളുണ്ട് ക്വുര്‍ആനില്‍. അപരിഷ്കൃത കാലത്ത് ജീവിച്ച, അക്ഷര വിവരം നേടാത്ത മുഹമ്മദ് നബി(ﷺ) ക്വുര്‍ആന്‍ ഓതിത്തന്നു കൊണ്ട് വെളിപ്പെടുത്തിയ ആ നിരോധന നിയമങ്ങള്‍ നാടിനും മനുഷ്യനും വേണ്ടപ്പെട്ടവയായിരുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക?. അപ്രകാരം ക്വുര്‍ആന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ അനാവശ്യവും മനുഷ്യ പുരോഗതിക്ക് തടസ്സവുമാണെന്ന് അവകാശപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക?. ക്വുര്‍ആനിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും എന്നും എവിടെയും പ്രസക്തമാണ്.

ഇന്നു നാം കാണുന്ന ഈ ക്രമത്തിലേ അല്ല ക്വുര്‍ആന്‍ അല്ലാഹു ഇറക്കിയത്. വിവിധ സാഹചര്യങ്ങളില്‍ സാന്ദര്‍ഭികമായി ഇറക്കിയ സൂക്തങ്ങള്‍ പിന്നീട് പ്രത്യേക അധ്യായങ്ങളില്‍ ഈ ക്രമത്തില്‍ ക്രോഡീകരിച്ച് പഠിപ്പിച്ചത് അല്ലാഹുവാണ്. ആ നിയമങ്ങള്‍ക്കനുസരിച്ച് വ്യക്തി-കുടുംബ-സമൂഹ ജീവിതം സംവിധാനിക്കേണ്ടത് എങ്ങനെയെന്ന് പ്രായോഗികമായി വിവരിക്കുകയും കാണിച്ച് തരികയുമാണ് നബി(ﷺ) ചെയ്തത്.

"അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല. സൂക്ഷമത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്" (2: 2).

"അതിന്‍റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ ഒരുവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്" (41: 42).

"നിശ്ചയം, ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു" (17:9).

നമ്മുടെ ബന്ധം?

ഒരു ഗ്രന്ഥത്തെയും അതിലെ ആശയങ്ങളെയും നിരാകരിക്കാന്‍ ബുദ്ധിപരമോ, തത്വപരമോ ആയ യാതൊരു ന്യായവുമില്ലെന്നിരിക്കെ പിന്നെ എന്ത് പറഞ്ഞാണ് അതിനെ നാം അവഗണിക്കുക? ധിക്കാരമല്ലാതെ.

"എന്‍റെ ഉദ്ബോധനത്തെ വിട്ടു വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം, തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അവനെ നാം അന്ധനായി ഹാജറാക്കുകയും ചെയ്യും. അവന്‍ പറയും: എന്‍റെ റബ്ബേ എന്തിന് നീയെന്നെ അന്ധനായി ഹാജറാക്കിക്കൊണ്ടുവന്നു? ഞാന്‍ കാഴ്ച്ചയുള്ളവനായിരുന്നുവല്ലോ? അല്ലാഹു പറയും: അങ്ങനെത്തന്നെ. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നിരുന്നുവല്ലോ. അപ്പോള്‍ നീയത് മറന്നു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അപ്രകാരം, അതിരുവിട്ട, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. പരലോകത്തെ ശിക്ഷ കൂടുതല്‍ കടുത്തതും നിതാന്തവുമായിരിക്കും" (20: 124-127).

നാം ക്വുര്‍ആനിനെ പരിഗണിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: "ഇഖ്റഅ്" (നീ വായിക്കുക) എന്ന്. നാം വായിച്ചുവോ?. എത്രയെത്ര നാം വായിക്കുന്നു. എന്തെല്ലാം നാം പഠിക്കുന്നു. പഠനത്തിന് വേണ്ടി നാം എത്ര പണവും സമയവും അധ്വാനവും ചിലവഴിക്കുന്നു. എന്നാല്‍, ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും ഇതില്‍ എത്ര നീക്കി വെച്ചിട്ടുണ്ട്?.

ക്വുര്‍ആന്‍ രണ്ടു വിഭാഗം ജനങ്ങളെ ഏറ്റവും രൂക്ഷമായ പ്രയോഗത്തില്‍ ആക്ഷേപിച്ചിട്ടുണ്ട്. ഒന്ന്, വേദം പഠിക്കാതെ അതിന്‍റെ ആളായി നടക്കുന്നവനെ. രണ്ട്, ക്വുര്‍ആന്‍ പഠിച്ചിട്ടും അതനുസരിച്ച് ജീവിക്കാത്തവനെ.

"തൗറാത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ടത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു......" (62:5).

"അപ്പോള്‍ അവര്‍ക്കെന്ത് പറ്റി? സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന വിളറി പിടിച്ച കഴുതകളെപ്പോലെ...." (74:49-51).

"നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ ചെകുത്താന്‍ പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗ്ഗികളില്‍ പെട്ടുപോകുകയും ചെയ്ത ഒരാളുടെ വൃത്താന്തം നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ(ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് തിരിയുകയും തന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടേത് പോലെയാണ്. നീ അതിനെ വിരട്ടിയാല്‍ അത് നാവ് തൂക്കിയിടും. അതിനെ നീ വെറുതെ വിട്ടാലും നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുകളുടെ ഉപമ. അത് കൊണ്ട് ഈ കഥ വിവരിച്ച് കൊടുക്കുക. അവര്‍ ചിന്തിച്ചേക്കാം" (7:175-176).

വേദഗ്രന്ഥത്തിനോട് നിഷേധ സമീപനം പുലര്‍ത്തിയ ജനങ്ങളെയാണ് അല്ലാഹു മേല്‍ വചനങ്ങളില്‍ ഉപമിച്ചത്. ക്വുര്‍ആനിനോട് നിഷേധ സമീപനം പുലര്‍ത്തുന്നവര്‍ ഈ ഉപമക്ക് പുറത്താവുകയില്ലല്ലോ.

നമ്മുടെ ന്യായം

അല്ലാഹുവിന്‍റെ വചനങ്ങളാണിത്. അത് പഠിക്കുന്നവര്‍ക്കും പകര്‍ത്തുന്നവര്‍ക്കും അല്ലാഹു എളുപ്പം നല്‍കിയിരിക്കുന്നു.

"നിശ്ചയം, ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?" (54:17,22,32,40).

"അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളുണ്ടോ?" (47:24).

പഠിക്കാന്‍ സമയമില്ല, പഠിച്ചാല്‍ മനസ്സിലാവില്ല എന്നിങ്ങനെ ക്വുര്‍ആന്‍ പഠനത്തെ അവഗണിക്കുന്നവര്‍ ന്യായീകരിച്ചൊഴിഞ്ഞു മാറുകയാണ്. ഒരു വിഭാഗം ആളുകളെ പറ്റി അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.

"നീ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ കാഴ്ച്ചയില്‍ പെടാത്ത ഒരു മറ നാം ഉണ്ടാക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും അവരുടെ കാതുകളില്‍ ഒരു തരം കട്ടി വെക്കുന്നതുമാണ്. ക്വുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെ പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതുമാണ്" (17: 45,46).

പരലോകത്തില്‍ വിശ്വാസമില്ലാത്ത, അല്ലാഹുവിന്‍റെ ഏകത്വത്തില്‍ അംഗീകരിക്കാത്തവരുടെ വിശ്വാസവും ക്വുര്‍ആനിനോടുള്ള നിലപാടും വ്യക്തമാക്കുന്നതാണ് മേല്‍ വചനങ്ങളെന്നിരിക്കെ, വിശ്വാസികളെന്ന് പറയുന്നവരുടെ നിലപാട് അവരുടേത് പോലെത്തന്നെ ആയിക്കൂടല്ലോ.

പൗരോഹിത്യം വന്ന വഴി

അതിനാല്‍ നാം ക്വുര്‍ആന്‍ പഠിക്കുക. അത് മന:ശാന്തി നല്‍കും. ജീവിതത്തില്‍ മാറ്റമുണ്ടാക്കും. സന്‍മാര്‍ഗ്ഗത്തിലേക്ക് വെളിച്ചം നല്‍കും. പഠനം ആത്മാര്‍ത്ഥമായിരിക്കണം. ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. ക്വുര്‍ആന്‍ പഠിച്ച് അത്കൊണ്ട് കാലക്ഷേപം കഴിക്കുന്ന പ്രൊഫഷനലുകളാവരുത്. നബി(ﷺ) പറഞ്ഞു. "നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമാണ്" (ബുഖാരി).

ഒരു കാലത്ത് ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് പുരോഹിതന്‍മാര്‍ വിലക്കിയിരുന്നു. ക്വുര്‍ആന്‍ എന്നും അജ്ഞതയില്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. എങ്കിലേ അന്ധവിശ്വാസങ്ങള്‍ സമുഹത്തില്‍ അവശേഷിക്കൂ എന്നതായിരിക്കണം അവരുടെ ആഗ്രഹം. കാരണം, അല്ലാഹുവിനോടല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരാണല്ലോ അവര്‍. ഉദാഹരണമായി സൂറ: സുഖ്റുഫിലെ താഴെ പറയുന്ന സൂക്തത്തിന്‍റെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കൊണ്ട് യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തെളിവുണ്ടെന്ന് വാദിക്കുന്നു.

"നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ച് നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്" (43:45).

ഇവിടെ പുരോഹിതന്‍മാര്‍ 'വസ്അല്‍' മുതല്‍ 'മിന്‍ റുസുലിനാ' വരെ ഉദ്ധരിക്കുകയും എന്നിട്ട് പ്രവാചകന്‍മാരോട് തേടാം, പ്രാര്‍ത്ഥിക്കാം എന്നിങ്ങനെ വ്യാജവ്യാഖ്യാനം നല്‍കിക്കൊണ്ട് നബിമാരോടും മറ്റ് മഹാന്‍മാരോടും പ്രാര്‍ത്ഥിക്കാമെന്ന് പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ ക്വുര്‍ആന്‍ പഠിച്ചവരാണെങ്കില്‍ ഈ പുരോഹിതന്‍മാരെ ഈ ദുര്‍വ്യാഖ്യാനത്തിനനുവദിക്കുകയില്ല. അല്ലാഹുവല്ലാത്ത മറ്റു ആരാധ്യന്‍മാരില്ല എന്ന ഇസ്ലാമിന്‍റെ അടിത്തറ ഖണ്ഡിതമായി വിവരിക്കുന്ന ക്വുര്‍ആന്‍ വചനത്തെയാണിവര്‍ നേര്‍ വിപരീതാര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കണം. ഇപ്രകാരം സൂറ: ആലുഇംറാനിലെ 52-ാം വചനവും ഈ പുരോഹിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാനായി തെളിവായി ഉദ്ധരിക്കാറുണ്ട്. ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആരും ക്വുര്‍ആന്‍ വ്യാഖ്യാനിക്കാതിരിക്കാന്‍ ക്വുര്‍ആന്‍ പഠനം മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ പ്രചാരം നേടേണ്ടിയിരിക്കുന്നു. എങ്കിലേ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് പൗരോഹിത്യം നാടുനീങ്ങുകയുള്ളൂ.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മാത്രമല്ല, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസങ്ങളെ അവഗണിച്ച് അതിനെ കേവല രാഷ്ട്രീയ-വിപ്ലവ പ്രത്യയശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരും പ്രവാചകന്‍മാരുടെ മുഅ്ജിസത്തുകളെ തങ്ങളുടെ ബുദ്ധിക്ക് വഴങ്ങാത്തതിന്‍റെ പേരിലോ ഭൗതിക പ്രസരം കൊണ്ടോ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരും എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇവരുടെ കെടുതികളില്‍ നിന്ന് രക്ഷപ്പെടണമെങ്കിലും ക്വുര്‍ആന്‍ പഠനം അനിവാര്യമാകുന്നു.

എങ്ങനെ വ്യാഖ്യാനിക്കണം?

ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അതിലെ ഉള്ളടക്കങ്ങളുടെ പ്രായോഗിക ജീവിതരീതി എങ്ങനെയെന്ന് അല്ലാഹു തന്നെയാണ് വിവരിക്കുന്നത്. അത് പലപ്പോഴായി നബി(ﷺ)ക്ക് വഹ്യ്യു മുഖേന വിശദീകരിച്ച് കൊടുത്തതാണ്. ഉദാഹരണത്തിന്, "നിങ്ങള്‍ നമസ്കാരം നില നിര്‍ത്തുക" എന്ന അല്ലാഹുവിന്‍റെ കല്‍പ്പനയുടെ പ്രായോഗിക രീതി വിവരിച്ച് തരാന്‍ നബി(ﷺ)ക്ക് മാത്രമേ കഴിയൂ. എത്ര നേരം, എങ്ങനെ, ഏത് വിധം എന്നിങ്ങനെ നമസ്കാരത്തിന്‍റെ വിശദാംശം നബി(ﷺ)ക്ക് ലഭിച്ചത് അവിടുന്ന് മനുഷ്യരെ പഠിപ്പിച്ചു. അതിനാല്‍, ക്വുര്‍ആനിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാതാവ് മുഹമ്മദ് നബി(ﷺ) തന്നെയാണ്. അതാവട്ടെ, വഹ്യ്യുമാണ്. അതാണ് നബിചര്യ(സുന്നത്തുറസൂല്‍). നബി(ﷺ)യില്‍ നിന്ന് നേരിട്ട് കേട്ടവരും കണ്ടവരുമായ സ്വഹാബികള്‍ ആ വ്യാഖ്യാനം മനുഷ്യലോകത്തിന് കൈമാറിയിട്ടുണ്ട്. സ്വഹീഹായ ഹദീസുകളില്‍ കൂടി ആ വ്യാഖ്യാനം നാം മനസ്സിലാക്കുന്നു. അപ്പോള്‍ ഹദീസുകളുടെ പിന്‍ബലമില്ലാത്ത, സ്വന്തമായ വ്യാഖ്യാനങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഹദീസ് നിഷേധികള്‍ക്ക് ക്വുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അര്‍ഹതയുമില്ല.

അപകടകരമായ പ്രവണതകള്‍

എന്നാല്‍, ക്വുര്‍ആന്‍ പഠന വ്യാഖ്യാന രംഗത്ത് അപകടം നിറഞ്ഞ പ്രവണതകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഹദീസുകളുടെയോ പ്രാമാണികരായ വ്യാഖ്യാതാക്കളുടേയോ അര്‍ത്ഥ വ്യാഖ്യാനങ്ങളെ അവഗണിച്ച് ഭാഷാനിഘണ്ഡുകള്‍ നോക്കി അര്‍ത്ഥം പറയുകയും തോന്നും പോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന അവലംബ നിലപാട് മഹാ കുറ്റകരമാണെന്ന് നാം അറിയണം. ക്വുര്‍ആന്‍ സര്‍വ്വലോക നിയന്താവായ അല്ലാഹുവിന്‍റെ വചനങ്ങളാണെന്നും നബി(ﷺ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണെന്നുമുള്ള ഗൗരവം ഈ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുമ്പോള്‍ നമുക്കുണ്ടാവണം. അക്ഷരസ്ഫുടമല്ലാത്ത പാരായണം, അസ്ഥാനത്ത് അത് പ്രയോഗിക്കല്‍, ആദരവില്ലാതെ അതിനെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അബദ്ധങ്ങള്‍ നാം സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

0
0
0
s2sdefault

ഉലൂമുൽ ക്വുർആൻ : മറ്റു ലേഖനങ്ങൾ