ഈത്തപ്പനപോലുള്ള വിശ്വാസി
അന്‍വര്‍ അബൂബക്കര്‍
Last Update May 27, 2026, 10 Dhul-Hijjah 1447 AH, 1447 AH
ചോദ്യം: ഉഷ്ണകാലത്തും ശൈത്യകാലത്തും ഇലകൊഴിയാതെ നിലനില്‍ക്കുകയും, റബ്ബിന്റെ അനുമതിപ്രകാരം എല്ലാകാലത്തും ഫലം നല്‍കുകയും ചെയ്യുന്ന, മുസ്‍ലിമിനോട് സാമ്യമുള്ള വൃക്ഷം ഏതാണെന്ന് നബിﷺ അനുചരന്‍മാരോട് ചോദിച്ച വൃക്ഷം ഏതാണ്?
ഉത്തരം: ഈത്തപ്പനവൃക്ഷം
അല്ലാഹു പറഞ്ഞു: “നീ കണ്ടില്ലേ, അല്ലാഹു എങ്ങിനെയാണ് ഒരു ഉപമ വിവരിച്ചിരിക്കുന്നതെന്ന്? അതായതു, നല്ല ഒരു വാക്കിനെ നല്ല ഒരു വൃക്ഷം പോലെ ഉപമിച്ചതു! അതിന്റെ മുരട് ഉറച്ചു നില്‍ക്കുന്നതും, അതിന്റെ ശാഖ ആകാശത്തിലും [വളരെ ഉയര്‍ന്നു നില്‍ക്കുന്നതും] ആകുന്നു. അതിന്റെ റബ്ബിന്റെ ഉത്തരവു പ്രകാരം അതിന്റെ കനി എല്ലാ സമയത്തും അതു നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അല്ലാഹു അവര്‍ക്കു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു.” (ഇബ്‍റാഹിം 24-25)
അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു) നിവേദനം: ഞങ്ങള്‍ നബിﷺയുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ അവിടുന്നു ചോദിച്ചു: ‘മുസ്‍ലിമായ മനുഷ്യനോട് സാമ്യമുള്ള ഒരു വൃക്ഷത്തെക്കുറിച്ച് നിങ്ങള്‍ പറഞ്ഞാലും. ഉഷ്ണകാലത്തും ശൈത്യകാലത്തും അതിന്റെ ഇലകള്‍ കൊഴിഞ്ഞുപോകുകയില്ല. മാത്രമല്ല, എല്ലാ കാലത്തും തന്റെ റബ്ബിന്റെ ഉത്തരവനുസരിച്ച് അത് ഫലം നല്‍കിക്കൊണ്ടിരിക്കും.’ അപ്പോള്‍ അത് ഈത്തപ്പനയാണെന്ന് എന്റെ മനസ്സില്‍ തോന്നി. എന്നാല്‍, അബൂബക്കറും (റളിയല്ലാഹു അന്‍ഹു), ഉമറും (റളിയല്ലാഹു അന്‍ഹു) ഒന്നും ഒന്നും പറയാതെ ഇരിക്കുന്നതു കണ്ടപ്പോള്‍, ഞാനും പറയാന്‍ മടിച്ചു. എന്നിരിക്കെ, ഞാനത് പറയാന്‍ മടിച്ചു. അന്നേരം നബിﷺ പറഞ്ഞു: അതു ഈത്തപ്പനയാണ്. ഞങ്ങള്‍ എഴുന്നേറ്റ് മടങ്ങിപ്പോകുമ്പോള്‍ ഞാന്‍ ഉമറിനോടു (റളിയല്ലാഹു അന്‍ഹു) പറഞ്ഞു: ‘പിതാവേ, അല്ലാഹുവാണ! അതു ഈത്തപ്പനയാണെന്നു എന്റെ മനസ്സിലുണ്ടായിരുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അങ്ങനെയെങ്കില്‍ നീ എന്തുകൊണ്ട് അത് പറഞ്ഞില്ല?” ഞാന്‍ പറഞ്ഞു: ‘“നിങ്ങളൊക്കെ ഒന്നും പറയാതിരിക്കുന്നതു കണ്ടപ്പോള്‍, എനിക്കും പറയാന്‍ മടിയായി.’ ഉമര്‍ പറഞ്ഞു: ‘അത് പറഞ്ഞത് നീ ആയിരുന്നുവെങ്കില്‍, എനിക്കു ഇന്നിന്നതൊക്കെ ലഭിക്കുന്നതിനെക്കാള്‍ അതാണ് കൂടുതല്‍ പ്രിയമായിരുന്നത്.’ (ബുഖാരി; മുസ്‍ലിം).
ഈ സംഭവത്തിലൂടെ മുഹമ്മദ് നബിﷺയുടെ മഹത്തായ അധ്യാപനരീതി പ്രകടമാകുന്നുണ്ട്. ജനങ്ങളുടെ ചിന്തയെ ഉണര്‍ത്തുകയും അവരെ ആലോചിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പഠിപ്പിക്കല്‍. വെറും ഉപദേശം നല്‍കുന്നതില്‍ ഒതുങ്ങാതെ, ചോദ്യങ്ങളിലൂടെ സഹാബിമാരുടെ ഗ്രഹണശേഷിയും നിരീക്ഷണശക്തിയും വളര്‍ത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ നബിﷺ മനുഷ്യരാശി കണ്ട ഏറ്റവും മികച്ച അധ്യാപകനും പരിശീലകനുമായിരുന്നു എന്ന് നിസ്സംശയം പറയാം.
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റളിയല്ലാഹു അന്‍ഹു)വിന്റെ നിലപാട് സഹാബിമാരുടെ വിനയത്തെയും സ്വഭാവ മര്യാദയെയും വ്യക്തമാക്കുന്നു. ശരിയായ ഉത്തരം മനസ്സിലുണ്ടായിരുന്നിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ ആദരവോടെ മൗനം പാലിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് സദസ്സില്‍നിന്ന് എഴുന്നേറ്റശേഷം പിതാവായ ഉമര്‍ (റളിയല്ലാഹു അന്‍ഹു)വിനോട് തന്റെ മനസ്സിലുണ്ടായിരുന്ന കാര്യം പറഞ്ഞപ്പോള്‍, “അത് പറഞ്ഞത് നീ ആയിരുന്നുവെങ്കില്‍, എനിക്കു ഇന്നിന്നതൊക്കെ ലഭിക്കുന്നതിനെക്കാള്‍ അതാണ് കൂടുതല്‍ പ്രിയമായിരുന്നത്” എന്നു ഉമര്‍ (റളിയല്ലാഹു അന്‍ഹു) മറുപടി നല്‍കി. മക്കള്‍ അറിവിലും ഗ്രഹണശേഷിയിലും മുന്നേറുന്നതില്‍ സന്തോഷിക്കുന്ന ഒരു പിതാവിന്റെ ഹൃദയമാണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ഈത്തപ്പനയും വിശ്വാസിയും തമ്മിലുള്ള സാമ്യം വളരെ ആഴമുള്ളതാണ്. ഈത്തപ്പനയുടെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്; അതിന്റെ തണലും ഫലവും മനുഷ്യര്‍ക്ക് സ്ഥിരമായ ഗുണം നല്‍കുന്നു. അതുപോലെ ഒരു യഥാര്‍ഥ മുസ്‍ലിം സമൂഹത്തിന് നന്മയുടെ ഉറവിടമായിരിക്കണം. അവന്റെ വിശ്വാസം ഉറച്ചതും, സ്വഭാവം ഉന്നതവുമായിരിക്കണം. അവന്റെ നാവില്‍നിന്നും പ്രവൃത്തികളില്‍നിന്നും മറ്റുള്ളവര്‍ക്ക് നന്മ ലഭിക്കണം. ഇമാന്‍, സല്‍കര്‍മം, നല്ല സ്വഭാവം, ദാനധര്‍മം, ആരാധന; ഇവയൊക്കെയാണ് വിശ്വാസിയുടെ ഫലങ്ങള്‍.
ഈ പ്രവാചകവചനം വിശ്വാസത്തിന്റെ സമഗ്രതയെയും നമ്മെ ഓര്‍മപ്പെടുത്തുന്നു. ഹൃദയത്തിലെ വിശ്വാസം, നാവിലെ സാക്ഷ്യം, ശരീരത്തിലെ സല്‍കര്‍മങ്ങള്‍; ഈ മൂന്ന് ഘടകങ്ങളോടെയാണ് ഇമാന്‍ പൂര്‍ണമാകുന്നത്. അതുപോലെ വേരും തണ്ടും ശാഖകളും ചേര്‍ന്നാലേ ഒരു വൃക്ഷം പൂര്‍ണമാകൂ. അതിനാല്‍ യഥാര്‍ഥ വിശ്വാസി അകത്തും പുറത്തും നന്മ നിറഞ്ഞ വ്യക്തിയായിരിക്കണം. ഈ സംഭവത്തില്‍നിന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പാഠങ്ങളുണ്ട്. പഠനം വെറും കേള്‍വിയല്ല; ചിന്തയും നിരീക്ഷണവും പങ്കാളിത്തവും ആവശ്യമാണ്. അതോടൊപ്പം മുതിര്‍ന്നവരോടുള്ള ആദരവും വിനയവും വിശ്വാസിയുടെ മഹത്തായ ഗുണങ്ങളാണെന്നും ഇത് പഠിപ്പിക്കുന്നു.
ഒരു മുസ്ലിം ഈത്തപ്പനപോലെ ആയിരിക്കണം; ഉറച്ച വിശ്വാസമുള്ളവന്‍, സ്ഥിരമായി നന്മ നല്‍കുന്നവന്‍, സമൂഹത്തിന് ഉപകാരപ്രദനായവന്‍. കാലാവസ്ഥകള്‍ മാറിയാലും ഈത്തപ്പന തന്റെ ഫലം നല്‍കുന്നതുപോലെ, സാഹചര്യങ്ങള്‍ മാറിയാലും വിശ്വാസിയുടെ നന്മ നിലച്ചുപോകരുത്. അവന്റെ ജീവിതം എപ്പോഴും അല്ലാഹുവിനോടുളള അനുസരണയിലും മനുഷ്യരുടെ നന്മയിലും സമര്‍പ്പിതമായിരിക്കണം. അത്തരത്തിലുള്ള വിശ്വാസികളെയാണ് അല്ലാഹു “നല്ല വൃക്ഷം” എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
