സൂഫികളുടെ ഖുതുബും അബ്‍ദാലും
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 July 13, 25 Dhuʻl-Hijjah, 1444 AH
ചോദ്യം:അബ്ദാല് അഖ്താബ് തുടങ്ങിയ പേരുകൾ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. സത്യത്തിൽ ഇങ്ങനെ ചിലർ നമുക്കിടയിൽ ഉണ്ടോ? "ശാമുകാരെ നിങ്ങൾ ചീത്ത പറയരുത്. നിശ്ചയം, അവരിൽ അബ്ദാലുകളുണ്ട്" എന്ന ഹദീസ് സ്വഹീഹാണോ?.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
(ഒന്ന്) വിശുദ്ധ ഖുർആനിൽ അല്ലാഹു വിശദീകരിച്ചിട്ടുള്ളവരാണ് അഹ്‌ലുസ്സുന്നയുടെ അടുക്കൽ യഥാർത്ഥ ഔലിയാക്കൾ.
"ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം." (യൂനുസ്: 62-64)
അപ്പോൾ അല്ലാഹുവിനെ സ്നേഹിക്കുകയും അവനെ സഹായിക്കുകയും അവന്‍റെ തൃപ്തിക്കനുസരിച്ച് നീങ്ങുകയും അവന്‍റെ നിയമങ്ങൾ പാലിക്കുകയും അവന്‍റെ ദീനിനെയും മത നിയമങ്ങളെയും നിലനിർത്തുകയും ചെയ്യുന്ന മുത്തഖികളായ സത്യവിശ്വാസികളാണ് അഹ്‌ലുസ്സുന്ന പഠിപ്പിക്കുന്ന അല്ലാഹുവിന്‍റെ വലിയ്യ്. അല്ലാഹുവിന്‍റെ അടിമകൾ തന്നെയാണ് അവർ. അല്ലാഹുവിന്‍റെ ആധിപത്യത്തിൽ നിന്നും നിയന്ത്രണത്തിൽ നിന്നും അവർ ഒരിക്കലും പുറത്തല്ല. സ്വന്തം കാര്യത്തിൽ പോലും ഉപകാരമോ ഉപദ്രവമോ ഉടമപ്പടുത്തുന്നില്ല. അവരുടെ കാര്യത്തിൽ അല്ലാഹു എന്താണ് വിധിചിട്ടുള്ളത് എന്നും അവർക്കറിയില്ല.
നിർബന്ധ കർമ്മങ്ങൾ കൃത്യമായി നിർവഹിക്കുകയും ശേഷം സുന്നത്തായ കർമ്മങ്ങൾ കൂടുതലായി ചെയ്ത് കൊണ്ടുമാണ് ഒരു വ്യക്തി അല്ലാഹുവിന്‍റെ വലിയ്യായിത്തീരുന്നത്. അങ്ങനെ അല്ലാഹു അവനെ സ്നേഹിക്കുന്നു. അല്ലാഹു സ്നേഹിച്ചു കഴിഞ്ഞാൽ അവൻ യഥാർത്ഥ വലിയ്യായി മാറി. ഹദീസിൽ ഇപ്രകാരം കാണാം:
"അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ജിബ്‍രീലിനെ വിളിച്ചു കൊണ്ട് പറയും: ഞാൻ ഇന്ന വ്യക്തിയെ സ്നേഹിച്ചിരിക്കുന്നു. നീയും അവനെ സ്നേഹിക്കണം. അങ്ങനെ ജിബ്‍രീലും അദ്ദേഹത്തെ സ്നേഹിക്കും. പിന്നീട് ആകാശ ലോകത്ത് ജിബ്‌രീൽ ഇപ്രകാരം വിളിച്ചു പറയും; അല്ലാഹു ഇന്ന വ്യക്തിയെ സ്നേഹിച്ചിരിക്കുന്നു നിങ്ങളും സ്നേഹിച്ചു കൊള്ളുക. അങ്ങനെ ആകാശത്തുള്ളവരും അവനെ സ്നേഹിക്കും. ശേഷം അവന് ഭൂമിയിൽ സ്വീകാര്യത നൽകപ്പെടും." (മുസ്‌ലിം 2637)
(രണ്ട്) വിലായത് എന്ന് പദത്തിന് സൂഫികളുടെ അടുക്കൽ ബിദ്അത്തായ നിർവചനമുണ്ട്. അഹ്‌ലുസ്സുന്നയുടെ നിർവചനത്തിൽ നിന്നും വ്യത്യസ്തമാണത്. അല്ലാഹു തെരഞ്ഞെടുക്കുന്ന ആളുകളാണ് ഔലിയാക്കൾ. അല്ലാഹുവിന്‍റെ സ്നേഹത്തിന് കാരണമാകുന്ന നന്മ, തഖ്‌വ തുടങ്ങിയ കാര്യങ്ങൾ ആ വ്യക്തിയിൽ ഇല്ലെങ്കിലും ശരി. അപ്പോൾ യാതൊരു കാരണമോ ലക്ഷ്യമോ കൂടാതെ അല്ലാഹു നൽകുന്ന ദൈവിക ദാനമാണ് സൂഫികളുടെ അടുക്കൽ വിലായത്ത്. അതു കൊണ്ട് തന്നെ അക്രമികളും നീചന്മാരും മോശക്കാരും ഭ്രാന്തന്മാരുമായിട്ടുള്ള ചില ആളുകളെ സൂഫികൾ ഔലിയാക്കളായി വിശ്വസിക്കുന്നു. അവരുടെ കൈകളിലൂടെ പതിവിന് വിരുദ്ധമായി ചില അത്ഭുതങ്ങൾ സംഭവിച്ചു എന്നതാണ് അതിന് കാരണം. കത്തി കൊണ്ട് കൈ മുറിക്കുക, പാമ്പുകളെ കൊണ്ടും തീ കൊണ്ടും കളിക്കുക തുടങ്ങിയവ ഉദാഹരണം മാത്രം. മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഇവർ ഔലിയാക്കളായി കാണാറുണ്ട്. സത്യസന്ധനായ ഒരു വലിയ്യ് എന്തു തെറ്റ് ചെയ്താലും കുഴപ്പമില്ല എന്ന വാദമാണ് അവർക്കുള്ളത്.
സൂഫികളുടെ നിർവചനം ഇതിൽ മാത്രം അവസാനിച്ചില്ല. അവർ പറയുന്നതിങ്ങിനെ; "ഔലിയാക്കൾക്ക് പ്രപഞ്ചത്തെ നിയന്ത്രിക്കാൻ സാധിക്കും. ഒരു വസ്തുവിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാൽ അതുണ്ടാകും. സ്രഷ്ടികളുടെ ഓരോ മേഖലകളും നിയന്ത്രിക്കാൻ അല്ലാഹു ഔലിയാക്കളെ ഏൽപ്പിച്ചിട്ടുണ്ട്. നാലു ഔലിയാക്കൾ ലോകത്തിന്‍റെ നാലു ഭാഗത്തു നിന്നായി അതിനെ പിടിച്ചു കൊണ്ടിരിക്കുന്നു. അവരാണ് ഔതാദുകൾ. ഏഴ് ഔലിയാക്കൾ ഏഴു വൻകരകളിലായിക്കൊണ്ടാണുള്ളത്. ഇവരാണ് അബ്ദാലുകൾ. (ഒരാൾ മരിച്ചാൽ മറ്റൊരാൾ പകരം വരുന്നതു കൊണ്ടാണ് അബ്ദാൽ എന്ന പേരിട്ടത്) പീന്നെ ഓരോ ഭൂഖണ്ഡങ്ങളിലും മറ്റു ചില ഔലിയാക്കളുമുണ്ട്. (43 ആളുകൾ മിസ്റിൽ. 43 ആളുകൾ ശാമിൽ. 43 ആളുകൾ ഇറാഖിൽ. ഓരോരുത്തരും ഓരോ പണികൾ ഏൽപിക്കപ്പെട്ടവരാണ്. ഇവർക്കെല്ലാം മുകളിൽ ഒരാളുണ്ട്. അതാണ് "അൽഖുതുബ്" അല്ലെങ്കിൽ "അൽഗൗസ്" എന്നൊക്കെ പറയുന്നത്. ഇയാളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്."
ഈ രൂപത്തിൽ അദൃശ്യ ലോകത്ത് ഔലിയാക്കളുടെ ഒരു ഭരണകൂടം സൂഫികൾ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ കാര്യങ്ങൽ അവർ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നാണ് സൂഫികളുടെ വിശ്വാസം. ഈ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്നത് ഖുത്ബോ ഗൗസോ ആയിരിക്കും. അവർക്ക് കീഴിൽ രണ്ടു മന്ത്രിമാർ. പിന്നെ നാല് ഔതാദും ഏഴ് അബ്ദാലുകളും [ഇതാണ് അദൃശ്യ ലോകത്തെ മന്ത്രിസഭ].
സൂഫികളുടെ ഈ വിലായത്തിന് (ഔലിയാ സ്ഥാനം) ഖുർആൻ പഠിപ്പിച്ച ഇസ്‌ലാമിക വിലായത്തുമായി അടുത്തു നിന്നോ ദൂരെ നിന്നോ ഒരു ബന്ധവുമില്ല. ഇസ്‌ലാമിലെ വലിയ്യ് അല്ലാഹു ഹിദായത്ത് നൽകുകയും തൗഫീഖ് നൽകുകയും ചെയ്ത അടിമയാണ്. സ്വന്തം കാര്യത്തിൽ കാപട്യത്തെയും ചീത്ത പര്യവസാനത്തെയും അവർ ഭയപ്പെടുന്നു. അല്ലാഹു തന്‍റെ കർമ്മങ്ങൾ സ്വീകരിക്കുമോ എന്നു പോലും അവർക്കറിയില്ല. എന്നാൽ സൂഫികളുടെ അടുക്കൽ ഔലിയാക്കളെന്ന് പറഞ്ഞാൽ ദൈവികമായ പ്രത്യേകതകൾ ഉള്ളവരാണ്. പ്രപഞ്ചത്തിന്‍റെ നിയന്ത്രണങ്ങളിൽ പങ്കുള്ളവരവാണ്. അല്ലാഹുവിന്‍റെ ശരീഅത്തിനെ മുറുകെ പിടിക്കുന്നവരല്ല അവര്‍. മലക്കുകൾ പോലും ഈ ഔലിയാക്കളുടെ ഉദ്ദേശങ്ങൾക്ക് കീഴിലാണത്രെ പ്രവർത്തിക്കുന്നത്.
പൗരാണിക ഗ്രീക്ക് ഫിലോസഫിയിൽ നിന്നാണ് സൂഫീ വിലായത്തിന്‍റെ ചിന്തകൾ കടന്ന് വരുന്നത്. ഗ്രീക്ക് ഫിലോസഫിയുടെ അടിസ്ഥാനം ബഹുദൈവാരധനയാണ്. ഹിജ്റ 3ാം നൂറ്റാണ്ടിന്‍റെ അവസാനങ്ങളിൽ മുഹമ്മദുബ്നു അലിയ്യുബ്നുൽ ഹസൻ അത്തിർമിദി എന്ന വ്യക്തിയാണ് സൂഫികളുടെ ഔലിയാ ചിന്താഗതി ആദ്യമായി കൊണ്ട് വരുന്നത്. അൽ ഹകീം എന്നായിരുന്നു സൂഫികൾ അദ്ദേഹത്തെ വിളിച്ചിരുന്നത് (ഹദീസ് ഗ്രന്ഥം രചിച്ചിട്ടുള്ള ഇമാം തിർമിദി അല്ല ഇത്). ശേഷം സൂഫികളുടെ വാക്കുകൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ച് തുടങ്ങി. ഈ ചിന്തകളും സാങ്കേതിക പ്രയോഗങ്ങളും നിറഞ്ഞു നിൽക്കുന്ന ഗ്രന്ഥങ്ങൾ വന്ന് തുടങ്ങി. ഇവരുടെ വാക്കുകളും പൊള്ളത്തരങ്ങളും നമ്മൾ എഴുതിത്തുടങ്ങിയാൽ സ്ഥലം മതിയാകാതെ വരും. നമ്മൾ അവരെക്കുറിച്ച് ഇല്ലാത്തതു പറയുകയാണ് എന്ന് തോന്നാതിരിക്കാൻ അവരുടെ ചില ഗ്രന്ഥങ്ങളുടെ പേരുകൾ ഇവിടെ നൽകുകയാണ്. അവരുടെ ദുഷിച്ച ചിന്തകൾ ഈ പുസ്തകങ്ങളിൽ ഒട്ടനവധി കാണാൻ സാധിക്കും.
(2) كتاب "اليواقيت والجواهر "لعبد الوهاب الشعراني (2/79)
(3) المعجم الصوفي" لسعاد الحكيم 189-191، 909-913
(4) الفكر الصوفي" للشيخ عبد الرحمن عبد الخالق (343-383)
(മൂന്ന്) ചോദ്യ കർത്താവ് സൂചിപ്പിച്ച ഹദീസ് ദുർബലമാണ് (ضعيف). ഒരു നിലക്കും അത് സ്വഹീഹല്ല. സൂഫികളുടെ അടുക്കലുള്ള വിലായത്തിന്‍റെ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഒരു ഹദീസ് പോലും സ്വഹീഹായ വഴിയിലൂടെ വന്നിട്ടില്ല. ഇമാം ഇബ്നുൽ ഖയ്യിം (റഹിമഹുല്ലാഹ്) المنار المنيف എന്ന ഗ്രന്ഥത്തിൽ (പേജ്: 136) പറയുന്നു:
"അബ്‍ദാൽ, അഖ്താബ്, ഗൗസുകൾ, നുഖബാഅ്, നുജബാഅ് തുടങ്ങിയവരെക്കുറിച്ചുള്ള എല്ലാ ഹദീസുകളും നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ മേൽ (ഉണ്ടാക്കപ്പെട്ട) വ്യാജങ്ങളാണ്. "ശാമുകാരെ നിങ്ങൾ ചീത്ത പറയരുത്. നിശ്ചയം, അവരിൽ അബ്ദാലുകളുണ്ട്. അവരിൽ ഒരാൾ മരിച്ചാൽ അല്ലാഹു മറ്റൊരാളെ പകരം കൊണ്ട് വരും" എന്ന ഹദീസ് ദുർബലമാണ്. അതിന്‍റെ പരമ്പര കണ്ണി മുറിഞ്ഞതാണ്".
ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥുകളുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ അബൂ മുഹമ്മദുൽ അൽഫിയുടെ "അൽമഖാലാതുൽ ഖിസ്വാർ എന്ന ഗ്രന്ഥം (പേജ്: 69-81) വായിക്കുക.
അബ്‍ദാലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിനെപ്പറ്റിയും അബ്‍ദാലുകളെപ്പറ്റിയും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) യോട് ചോദിക്കപ്പെട്ടു. അബ്‍ദാലുകൾ ശാമിൽ മാത്രം പ്രത്യേകമാണോ? അതോ ക്വുർആനും സുന്നത്തും കൊണ്ട് ഇസ്‌ലാമിന്‍റെ ചിഹ്നങ്ങൾ നിലനിൽക്കുന്നേടത്തെല്ലാം അബ്‍ദാലുകൾ ഉണ്ടാകുമോ? ശരീരം മറഞ്ഞു കൊണ്ട് ഔലിയാക്കൾ ആളുകളോടൊപ്പം ഇരിക്കുമോ? മതത്തിലേക്ക് ചേർക്കപ്പെടുന്ന ചില ആളുകളെ കുറിച്ച് ഗൗസുൽ അഗ്‌വാസ് (غوث الأغواث) ഖുതുബുൽ അഖ്താബ്, ഖുതുബുൽ ആലം, ഖുതുബുൽ കബീർ, ഖാതമുൽ ഔലിയാഅ് എന്നൊക്കെ ചിലർ പറയുന്നു. ഇതിനെക്കുറിച്ച് പണ്ഡിതന്മാർ എന്താണ് പറയുന്നത്? ശൈഖുൽ ഇസ്‌ലാം (റഹിമഹുല്ലാഹ്) മറുപടി പറഞ്ഞു:
"പൊതു ജനങ്ങളുടെയും പുരോഹിതൻമാരുടേയും നാവിലൂടെ പല പേരുകളും വന്നു കൊണ്ടിരിക്കുന്നുണ്ട്. മക്കയിലെ ഗൗസ്, നാലു ഔതാദുകൾ, ഏഴു ഖുതുബുകൾ, നാൽപത് അബ്‍ദാലുകൾ, മുന്നൂറ് നുജബാഉകൾ, തുടങ്ങിയവയൊന്നും ക്വുർആനിലോ സുന്നത്തിലോ വന്ന നാമങ്ങളല്ല. സ്വഹീഹായ സനദോ ളഈഫായ സനദോ ഈ വിഷയത്തിലില്ല; അബ്‍ദാൽ എന്ന വാക്കല്ലാതെ. ശാമുമായി ബന്ധപ്പെട്ട് കൊണ്ട് പരമ്പര മുറിഞ്ഞ ഒരു ഹദീസുണ്ട്. അലി(റളിയല്ലാഹു അന്‍ഹു)വിൽ നിന്നാണ് അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. - ശാമുകാരിൽ നാൽപത് അബ്ദാലുകൾ ഉണ്ട്. ഒരാൾ മരിച്ചാൽ അയാളുടെ സ്ഥാനത്ത് മറ്റൊരാളെ അല്ലാഹു പകരം കൊണ്ട് വരും- എന്നാണ് ആ ഹദീസ്".
"ഇത്തരം പേരുകളൊന്നും ഈ ഒരു ക്രമത്തോടുകൂടി മുൻഗാമികളുടെ വാക്കുകളിൽ കാണാൻ കഴിയില്ല. ഈ സമുദായത്തിന്‍റെ അടുക്കൽ സ്വീകാര്യമായ പണ്ഡിതന്മാരുടെ വാക്കുകളിലും സൂഫികൾ പറയുന്നത് പോലെയുള്ള ക്രമത്തിലും അർത്ഥത്തിലും കാണുക സാധ്യമല്ല. അതിനു താഴെയുള്ള മശായിഖന്മാരുടെ വാക്കുകളിലാണ് ഇത്തരം പേരുകൾ കാണപ്പെട്ടു തുടങ്ങിയത്. മറ്റു ചിലരിൽ നിന്നുണ്ടായ സ്വാധീനത്തിന്‍റെ ഫലമായിരുന്നു അത്. എന്നാൽ ഗൗസ്, ഗിയാസ് (الغوث والغياث) തുടങ്ങിയ പദങ്ങൾക്ക് അർഹൻ അല്ലാഹു മാത്രമാണ്. കാരണം അവനാണ് സഹായം തേടുന്നവർക്ക് സഹായം നൽകുന്നവൻ. അല്ലാഹു അല്ലാത്ത മറ്റൊരാളോടും ഇസ്തിഗാസ നടത്താൻ പാടില്ല. അത് നബിയോടോ മലക്കിനോടോ പാടില്ല. ഭുമിയിലുള്ളവരുടെ പ്രയാസങ്ങൾ എടുത്ത് കളയാനും അനുഗ്രഹം ചൊരിയാനും തങ്ങളുടെ ആവശ്യങ്ങൾ മുന്നൂറ് നുജബാഉകളോടും അവർ എഴുപത് പോരോടും അവർ നാൽപത് അബ്‍ദാലുകളോടും അവർ ഏഴ് ഔലിയാക്കളോടും അവർ നാല് ഔതാദുകളോടും അവർ ഗൗസിനോടും പറയണമെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ നുണയനും പിഴച്ചവനും മുശ്‍രിക്കുമാണ്."
"മുശ്‌രികുകൾ പോലും ആപൽ ഘട്ടത്തിൽ അല്ലാഹുവോട് പ്രാർഥിക്കുന്നവരായിരുന്നു. "കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു."
"അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.".
"പിന്നെ എങ്ങനെയാണ് സത്യ വിശ്വാസികൾ അപ്രത്യക്ഷരായ ആളുകളെ ഇടയാളന്മാരാക്കിക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ പറയുക.?!. അല്ലാഹുവല്ലേ ഇപ്രകാരം പറയുന്നത്;"
"നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്". "മുസ്‌ലിംകളും അവരുടെ അറിയപ്പെട്ട മശാഇഖന്മാരും ഇത്തരം അദൃശ്യ പുരുഷൻമാരെ ഇടയാളന്മാരാക്കി പ്രത്യക്ഷമായോ പരോക്ഷമായോ പ്രാർത്ഥിക്കുന്നവരല്ല എന്ന് ഏത് മുസ്‌ലിമിനും അറിയാവുന്ന കാര്യമാണ്. ഈ അക്രമികൾ പറയുന്നത് പോലെ രാജാക്കന്മാരാകുന്ന സൃഷ്ടികളോട് സാദൃശ്യപ്പടുത്തുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധവാനാണ്. അല്ലാഹുവിന്‍റെ ഒരു തെളിവായിക്കൊണ്ട് എല്ലാ കാലത്തും പാപമുക്തനായ ഒരു ഇമാം വേണം എന്ന് വാദിക്കുന്ന ശിയാക്കളുടെ വിശ്വാസം പോലെയാണിത്. ഈ വിശ്വാസം ഇല്ലെങ്കിൽ ഈമാൻ പോലും പൂർത്തിയാവുകയില്ല എന്നാണവരുടെ വാദം. ഇസ്മാഈലിയ്യ നസ്വീരീയ്യ തുടങ്ങിയ കക്ഷികൾ കൊണ്ടു വന്നിട്ടുള്ള ക്രമമാണ് സൂഫികൾ ഉണ്ടാക്കിയിട്ടുള്ള ഈ ക്രമവും. അല്ലാഹുവാകട്ടെ അതിന് യാതൊരു തെളിവും ഇറക്കിയിട്ടില്ല."
"എന്നാൽ ചിലരുടെ വാക്കുകളിൽ ഔതാദ് എന്ന പദം കാണാവുന്നതാണ്. അതായത് ഇന്ന വ്യക്തി ഔതാദുകളിൽ പെട്ടയാളാണെന്ന് പറയാറുണ്ട്. അത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയെ അതിന്‍റെ ആണികൾ കൊണ്ട് ഉറപ്പിക്കുന്നത് പോലെ അല്ലാഹു ഹിദായത്ത് നൽകുന്ന ആളുകളുടെ ഹൃദയങ്ങളിൽ ദീനിനെയും ഈമാനിനെയും അല്ലാഹു ചിലരെക്കൊണ്ട് ഉറപ്പിക്കുന്നു. ഈ അർത്ഥത്തിൽ ഇത് എല്ലാ പണ്ഡിതന്മാർക്കും ഉള്ള പേരാണ്. അപ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് ആർക്കെങ്കിലും ഈമാനും അറിവും ഉറച്ചു കിട്ടിയാൽ വലിയ ആണികളുടെയും (ഔതാദ്) വലിയ മലകളുടെയും സ്ഥാനത്താണ്. ഇനി ആരെങ്കിലും അതിന് താഴെയാണെങ്കിൽ അവന് ആ സ്ഥാനമുണ്ട്. അതല്ലാതെ നാലോ നാലിൽ കൂടുതലോ കുറവോ വ്യക്തികളിൽ മാത്രം പരിമിതപ്പടുന്ന ഒന്നല്ല ഈ പേര്. ഭൂമിയുടെ നാല് ആണികൾ എന്ന് ജ്യോതിഷികൾ പറയുന്ന വാക്ക് പോലെയാണ് സൂഫികളുടെ ഈ വാക്കുകൾ."
"അതേപോലെ തന്നെ ചില ആളുകളെ കുറിച്ച് അവർ ഖുതുബുകളിൽ പെട്ട ആളാണെന്ന് പറയാറുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ദീനിന്‍റെയോ ദുൻയാവിന്‍റെയോ കാര്യങ്ങളിൽ ചുറ്റിപ്പറ്റി കഴിയുന്ന ആളുകൾക്ക് അവൻ അതിന്‍റെ ഖുതുബാണെന്ന് പറയും (നെടും തൂൺ എന്നാണ് ഖുതുബ് എന്ന വാക്കിന്‍റെ അർത്ഥം). ആ അർത്ഥത്തിൽ ഇത് ഏഴോ അതിൽ കുറവോ കൂടുതലോ ആളുകളിൽ മാത്രം പരിമിതമായ ഒരു പേരല്ല. എന്നാൽ ദീനിന്‍റെയും ദുൻയാവിന്‍റെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണവർ. ദുൻയാവിന്‍റെ നന്മക്ക് വേണ്ടി മാത്രമല്ല. ഇതാണ് ചില മശായിഖന്മാരുടെ പ്രയോഗങ്ങളിൽ ഖുത്ബ് എന്നതിന്‍റെ വിവക്ഷ. അപ്രകാരം തന്നെയാണ് ബദ്ൽ (അബ്‍ദാൽ) എന്ന പ്രയോഗവും. ചില മശായിഖന്മാരുടെ വാക്കുകളിൽ ഈ പദം വന്നിട്ടുണ്ട്".
"എന്നാൽ ഈ വിഷയത്തിൽ വന്ന ഹദീസ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വാക്കുകളിൽ പെട്ടതല്ല. കാരണം ശാം പിടിച്ചടക്കുന്നതിന് മുമ്പ് ഹിജാസിലും യമനിലുമെല്ലാം ഈമാൻ ഉണ്ടായിരുന്നു.
കുഫ്റിന്‍റെ രാജ്യങ്ങളായിരുന്നു ഇറാഖും ശാമുമെല്ലാം. അലി(റളിയല്ലാഹു അന്‍ഹു) ആണ് അവരോട് യുദ്ധം ചെയ്യുന്നത്. നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞിട്ടുണ്ട്: "മുസ്‌ലിംകളിൽ നിന്ന് ഒരു സംഘം തെറിച്ചു പോകും. സത്യത്തിലേക്ക് ഏറ്റവും അടുത്ത ആളുകൾ അവരോട് യുദ്ധം ചെയ്യും". അപ്പോൾ ശാമിൽ നിന്നും യുദ്ധത്തിന് വന്ന ആളുകളെക്കാൾ സത്യത്തിന് അർഹരായവർ അലി (റളിയല്ലാഹു അന്‍ഹു)വും അനുയായികളുമാണ്. അലി(റളിയല്ലാഹു അന്‍ഹു)വിന്‍റെ കൂടെ ഉണ്ടായിരുന്നവർ സ്വഹാബികളായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അമ്മാറുബ്നു യാസിർ (റളിയല്ലാഹു അന്‍ഹു) സഹ്‌ലുബ്നു ഹുനൈഫ്(റളിയല്ലാഹു അന്‍ഹു) തുടങ്ങിയവരായിരുന്നു അവർ. മുആവിയ (റളിയല്ലാഹു അന്‍ഹു) വിന്‍റെ കൂടെയുണ്ടായിരുന്നവരെക്കാൾ ശ്രേഷ്ഠരായിരുന്നു ഇവർ."
"അപ്പോൾ പിന്നെ എങ്ങനെയാണ് ശാമിലുണ്ടായിരുന്നവരെല്ലാം ഏറ്റവും ഉത്തമ സൃഷ്ടികളായ അബ്‍ദാലുകളായിരുന്നു എന്ന് പറയുന്നത്?. ഇത് വ്യക്തമായ അസത്യമാണ്. ഇനി ശാമിനെക്കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും വല്ല മഹത്വവും വന്നിട്ടുണ്ടെങ്കിൽ തന്നെ അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിട്ടുണ്ട്. അറിവോടെയും നീതിയോടെയും കൂടിയായിരിക്കണം സംസാരങ്ങൾ".
"അബ്‍ദാൽ എന്ന പേരിനെക്കുറിച്ച് പറഞ്ഞവർ പല അർത്ഥങ്ങളിൽ അതിനെ വിശദീകരിച്ചിട്ടുണ്ട്. أبدال الأنبياء (അമ്പിയാക്കളുടെ പകരക്കാർ) എന്ന് പറഞ്ഞവരുണ്ട്. ഒരു വ്യക്തി മരണപ്പെട്ടാൽ അയാൾക്ക് പകരമായി അല്ലാഹു നിശ്ചയിക്കുന്ന മറ്റൊരാൾ എന്ന പറഞ്ഞവരുണ്ട്. ചീത്ത സ്വഭാവങ്ങളെയും കർമ്മങ്ങളെയും വിശ്വാസങ്ങളെയും നല്ലതാക്കി മാറ്റിയവർ എന്ന് അർത്ഥം പറഞ്ഞവരുണ്ട്. എന്നാൽ ഈ സവിശേഷതകൾ നാൽപതോ അതിൽ കുറവോ കൂടുതലോ ആളുകളിൽ മാത്രം പരിമിതമായതല്ല. ഭൂമിയിലുള്ള അത്തരം ആളുകളെ എണ്ണിക്കണക്കാക്കാൻ പോലും സാധ്യമല്ല. (മജ്മൂഉൽ ഫതാവാ, ഇബ്നു തൈമിയ്യ 13/433-444)
(നാല്) മുൻഗാമികളുടെയും പിൻഗാമികളുടെയും ചില വാക്കുകളിൽ അബ്‍ദാൽ എന്ന വാക്ക് വന്നിട്ടുണ്ട്. ഇന്ന വ്യക്തി അബ്‍ദാലൻമാരിൽ പെട്ടയ്യാളാണെന്ന് പറയാറുണ്ട്. ഇമാം ബുഖാരി (റഹിമഹുല്ലാഹ്) യുടെ التاريخ الكبير എന്ന ഗ്രന്ഥത്തിൽ (7/127) ഫർവതുബ്നു മുജാലിദിന്‍റെ ജീവചരിത്രം പറഞ്ഞിടത്ത് ഇത് പ്രയോഗിച്ചിട്ടുണ്ട്. അതേ പോലെ ഇമാം അഹ്‍മദ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: 'ഇറാഖിൽ അബ്‍ദാലുകളിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അത് അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ഇബ്നു ഹാനിഅ് ആണ്.’ (അൽഇലൽ: 6/29)
എന്നാൽ ഇവരൊന്നും സൂഫികൾ ഉദ്ദേശിച്ചത് പോലെ അവരുടെ ബിദ്അത്തായ പ്രയോഗത്തിലൂടെ പറയുന്ന അദൃശ്യ പുരുഷൻമാരായ അബ്‍ദാലുകളല്ല. മറിച്ച് ഭാഷാപരമായ അർത്ഥമാണ് അവർ ഉദ്ദേശിച്ചത്. പണ്ഡിതരായ ആരെക്കുറിച്ചെങ്കിലും അബ്‍ദാലുകൾ എന്ന് പറയപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അടുക്കലുള്ള മതം, വിജ്ഞാനം തുടങ്ങിയ കാരണത്താൽ അമ്പിയാക്കളുടെ അനന്തരാവകാശികൾ എന്ന അർത്ഥത്തിൽ പറഞ്ഞതാണ്. വഹ്‌യ് എത്തിച്ചു കൊടുക്കുന്നതിലും ജനങ്ങൾക്ക് നന്മ പഠിപ്പിച്ചു കൊടുക്കുന്നതിലും അവർ അമ്പിയാക്കളുടെ പകരക്കാരാണ് എന്നതു പോലെയാണത്.
ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) പറയുന്നു:
"പണ്ഡിതന്മാരെക്കുറിച്ച് അബ്‍ദാലുകൾ എന്ന് പറയാറുണ്ട്. കാരണം അവർ അമ്പിയാക്കളുടെ പകരക്കാരാണ്. അക്ഷരാർത്ഥത്തിൽ തന്നെ അവരുടെ സ്ഥാനത്ത് നിലകൊള്ളുന്നവരാണ്. യാഥാർഥ്യം പോലും അറിയാത്ത വിധത്തിൽ അദൃശ്യരല്ല അവർ. മറിച്ച് ഓരോരുത്തരും ഏറ്റെടുത്തിട്ടുള്ള തോതനുസരിച്ച് കൊണ്ട് അമ്പിയാക്കളുടെ സ്ഥാനത്ത് അവർ നിൽക്കുന്നു. ചിലർ വിജ്ഞാന മേഖലയിലാണെങ്കിൽ മറ്റു ചിലർ ആരാധനയുടെ മേഖലയിലാണ്. മറ്റു ചിലരാകട്ടെ രണ്ടിലും കൂടിയാണ്. അവരാണ് ഖിയാമത് നാൾ വരെ നിലനിൽക്കുന്ന അത്ത്വാഇഫതുൽമൻസൂറ (വിജയിക്കുന്ന കക്ഷി), സത്യത്തിൽ നിലകൊള്ളുന്നവർ. അല്ലാഹു തന്‍റെ പ്രവാചകൻമാരെ നിയോഗിച്ചയച്ച ഹുദയും സത്യമതവും ഈ ആളുകളുടെ കൂടെയുണ്ട്. അതാകട്ടെ എല്ലാ മതങ്ങളെയും അതിജയിച്ച് നിലകൊള്ളും എന്നത് അല്ലാഹു നൽകിയ വാഗ്ദാനമാണ്. സാക്ഷിയായി അല്ലാഹു മതി". (മജ്മൂഉൽ ഫതാവാ- ഇബ്നു തൈമിയ്യ :4/97)
അവലംബം: islamqa