അല്ലാഹുവിന്‍റെ പേരുകള്‍ വിവര്‍ത്തനം ചെയ്യല്‍
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 August 11, 24 Muharram, 1445 AH
ചോദ്യം:അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും അറബിയല്ലാത്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്തു പറയൽ അനുവദനീയമാണോ? ഇംഗ്ലീഷിൽ God എന്നും കുർദി ഭാഷയിൽ خودي എന്നൊക്കെ പറയുന്നത് പോലെ?. അനറബി ഭാഷയിൽ അല്ലാഹുവിന്‍റെ നാമത്തിൽ സത്യം ചെയ്യൽ അനുവദനീയമാണോ?
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
(ഒന്ന്)
അനറബി ഭാഷയിൽ അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും വിവർത്തനം ചെയ്യൽ അനുവദനീയമാകണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
(1) വിവർത്തനം ചെയ്യുന്ന വ്യക്തി അറബി ഭാഷയിലും വിവർത്തനം ചെയ്യപ്പെടുന്ന ഭാഷയിലും ഉൾകാഴ്ച ഉള്ള ആളായിരിക്കണം.
(2) പരിഭാഷ ചെയ്യുന്നതിലും കൈമാറ്റം ചെയ്യുന്നതിലും വിശ്വസ്ഥനായിരിക്കണം.
(3) മത നിയമങ്ങളെ കുറിച്ച് അറിവുള്ളവനായിരിക്കണം. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്‍റെ വിശ്വാസങ്ങളിൽ ഉള്ള ആളായിരിക്കണം.
അല്ലാത്ത പക്ഷം അവന്‍റെ വിവർത്തനം വിശ്വസിക്കാൻ പാടില്ല. കാരണം, പിഴച്ചതും തെറ്റിപ്പോയതമായ വിശ്വാസങ്ങൾ കൊണ്ട് അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങളെ മലിനപ്പെടുത്താൻ സാധ്യതയുണ്ട്.
(രണ്ട്)
അല്ലാഹുവിന്‍റെ ഏത് നാമങ്ങൾ കൊണ്ടും വിശേഷണങ്ങൾ കൊണ്ടും സത്യം ചെയ്യാവുന്നതാണ്. അത് അനറബി ഭാഷയിൽ ആണെങ്കിലും ശരി. അല്ലാഹുവിനെ ഉദ്ദേശിച്ച് കൊണ്ട് ഏത് ഭാഷയിലുള്ള വാക്കുകൾ പറഞ്ഞാലും സത്യം ചെയ്യൽ സാധുവാകും. സത്യം ചെയ്ത് പറഞ്ഞ കാര്യം ലംഘിച്ചാൽ പ്രായശ്ചിത്തവും അനിവാര്യമാകും.
ഇബ്നു ഹസം (റഹിമഹുല്ലാഹ്) പറയുന്നു:
"അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യാൻ പാടില്ല. അത് അല്ലാഹുവിന്‍റെ നാമങ്ങൾ കൊണ്ടാകാം. അല്ലെങ്കിൽ അല്ലാഹുവിനെക്കുറിച്ച് അറിയിക്കുന്ന വാക്കുകൾ കൊണ്ടാകാം. എന്നാൽ അല്ലാഹുവിനെയല്ലാതെ മറ്റാരെയും അത് കൊണ്ട് ഉദ്ദേശിക്കാൻ പാടില്ല. ഉദാഹരണത്തിന്; ഹൃദയങ്ങളെ മാറ്റിമറിക്കുന്നവൻ തന്നെയാണ് സത്യം, ഭൂമിയെയും അതിലുള്ളതിനെയും അനന്തിരമെടുക്കുന്നവൻ തന്നെയാണ് സത്യം, എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ലോകങ്ങളുടെ റബ്ബിനെ തന്നെയാണ് സത്യം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാവുന്നതാണ്. അത് ഏത് ഭാഷയിലും ആകാം. അതു പോലെ തന്നെ അല്ലാഹുവിന്‍റെ അറിവ് (علم) കഴിവ് (قدرة) പ്രതാപം (عزة) ശക്തി (قوة) മഹത്വം (جلال) എന്നിവ കൊണ്ടും സത്യം ചെയ്യാവുന്നതാണ്. ഇപ്രകാരം പ്രമാണങ്ങളിൽ വന്നിട്ടുള്ള ഏതു കൊണ്ടും സത്യം ചെയ്യാം. ഇവ കൊണ്ട് ഒരാൾ സത്യം ചെയ്യുകയും ശേഷം ലംഘിക്കുകയും ചെയ്താൽ അവന്‍റെ മേലിൽ പ്രായശ്ചിത്തം നിർബന്ധമാണ്." (അൽമുഹല്ല- ഇബ്നു ഹസം : 8/30)
ഇബ്നു ഹുമാമുൽഹനഫി(റഹിമഹുല്ലാഹ്) പറയുന്നു:
"ഒരാൾ പേർഷ്യൻ ഭാഷയിൽ سوكندمي خورم بخداي എന്ന് പറഞ്ഞാൽ അത് സത്യം ചെയ്യലായി. കാരണം, ഇപ്പോൾ ഞാൻ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുന്നു എന്നാണ് അതിന്‍റെ അർത്ഥം." ( فتح القدير : 5 / 76 )
ഏതായാലും ഇത്തരം പദങ്ങൾ കൊണ്ട് റബ്ബുൽആലമീനെ ഉദ്ദേശിച്ചാൽ മതത്തിന്‍റെ എല്ലാ നിയമങ്ങളും അവനിൽ ബാധകമാകും. ഒരാൾ തന്‍റെ ഭാഷയിൽ ഏകനായ അല്ലാഹുവിനെ ഉദ്ദേശിച്ച് കൊണ്ട് ഒരു പദം ഉപയോഗിച്ചാൽ അല്ലാഹുവിനെ ഉദ്ദേശിച്ച നിയമം അവനിൽ നടപ്പിലാകും.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) പറയുന്നു:
"അപ്രകാരം അറബി ഭാഷയിൽ അല്ലാഹുവിനെ കുറിച്ച് അർറഹ്മാൻ, അർറഹീം എന്നും പേർഷ്യൻ ഭാഷയിൽ خداي بزرك (ഖുദായ് ബുസുർഗ്) എന്നും തുർക്കി ഭാഷയിൽ سركوي എന്നുമൊക്കെ പറയും. അല്ലാഹുവിനെ അറിയിക്കുന്നവ ധാരാളമുണ്ടെങ്കിലും അവൻ ഏകനാണ്". (അൽഫതാവാ അൽകുബ്റാ: 6/568)
എന്നാൽ ആരാധനകളിലും പ്രാർത്ഥനകളിലും മറ്റു എല്ലാ സന്ദർഭങ്ങളിലും മഹത്വമേറിയ അല്ലാഹുവിന്‍റെ അവകാശം മാനിച്ച് കൊണ്ട് "അല്ലാഹു" എന്ന അവന്‍റെ നാമം അതേ ഭാഷയിൽ (അറബി) തന്നെ ഉപയൊഗിക്കുന്നതാണ് അഭികാമ്യം. കാരണം, മുസ്‌ലിംകൾക്ക് അതൊരു അടയാളമാണ്. അത് അവർക്കൊരു വേർതിരിവാണ്. മാത്രവുമല്ല, അവർ ഉദ്ദേശിക്കുന്നതിൽ നിന്നും തെറ്റി മറ്റുള്ളവരുടെ ഉദ്ദേശത്തോട് ചേർന്ന് ആശയക്കുഴപ്പത്തിന് സാധ്യത വരാതിരിക്കാനും നല്ലതാണ്. God എന്ന പദം അല്ലാഹുവിനെക്കുറിച്ചും അല്ലാഹു അല്ലാത്തവരെക്കുറിച്ചും പറയപ്പെടാറുണ്ട്.
എന്നാൽ നാം ഈ പറഞ്ഞതെല്ലാം അറബി ഭാഷ നന്നായി അറിയാത്ത ആളുകളെക്കുറിച്ചാണ്. അറബി ഭാഷ അറിയാവുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ദീനിനെ മനസ്സിലാക്കിക്കൊടുക്കാനും വിശദീകരിച്ചു കൊടുക്കാനും വിവർത്തനം ചെയ്തു പറയുന്നതിൽ തെറ്റില്ല. പ്രാർത്ഥനാ സന്ദർഭങ്ങളിലും സത്യം ചെയ്യുന്ന സന്ദർഭങ്ങളിലും അറബി ഭാഷയിലുള്ളതും ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടു വന്നിട്ടുള്ളതുമായ അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങളല്ലാത്തവ ഉപയോഗിക്കുന്നതിൽ നിന്നും അകന്നു നിൽക്കുകയാണ് വേണ്ടത്.
അവലംബം: islamqa