ലഹരിയില്‍ മതിമറന്ന് അലഞ്ഞു നടക്കുന്നവര്‍
അന്‍വര്‍ അബൂബക്കര്‍
Last Update 23 July 2025, 28 Muharram, 1447 AH
ചോദ്യം: “നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ മതിമറന്ന് അലഞ്ഞു നടക്കുകയാണ്” എന്ന ക്വുര്‍ആന്‍റെ വാക്യം ഏത് തിന്മയെ സൂചിപ്പിച്ച് പറഞ്ഞിട്ടുള്ളതാണ്?
ഉത്തരം: സ്വവര്‍ഗ്ഗഭോഗം
സദൂം ഗോത്രത്തില്‍ നടമാടിയിരുന്ന സ്വവര്‍ഗ്ഗഭോഗം എന്ന ലൈംഗിക അരാചകത്വത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രവാചകനാണ് ലൂത്വ‍് നബി(അലൈഹിസ്സലാം). വ്യഭിചാരത്തേക്കാൾ മോശമായതും മനുഷ്യപ്രകൃതിക്കും നൈതികമൂല്യങ്ങൾക്കും സമ്പൂർണമായി വിരുദ്ധവുമായ ഈ തിന്മ, അഭിമാനത്തോടെ പരസ്യമായി ആഘോഷിക്കുകയും അതിനെ സ്വാഭാവികമെന്നോ അതിന്‍റെ നീചത്വം മറച്ച് വെക്കേണ്ടതില്ലെന്നോ കരുതുകയും ചെയ്ത ഒരു ജനതയായിരുന്നു അവർ. യാത്രക്കാരെയും അന്യദേശക്കാരെയും പിടികൂടി ലൈംഗിക അതിക്രമങ്ങൾ നടത്തുന്നത് അവര്‍ക്കിടയില്‍ പതിവായിരുന്നു. അതുകൊണ്ട് അത്തരം ദുർജ്ജനങ്ങളുടെ ക്രൂരകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ലൂത്വ് നബി (അലൈഹിസ്സലാം) അവര്‍ക്ക് അഭയം നല്‍കി. അതോടെ അദ്ദേഹത്തിന് നേരെ ആ അക്രമികള്‍ രൂക്ഷമായി പ്രതിഷേധിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ലൂത്വ് നബി(അലൈഹിസ്സലാം)യുടെ അതിഥികളായി സുന്ദരന്മാരും ചെറുപ്പക്കാരുമായവരുടെ രൂപത്തില്‍ മലക്കുകള്‍ വരുന്നത്. പതിവ് മാനുഷിക ബോധം നഷ്ടപ്പെട്ട അവരുടെ മനസ്സ് അത്രത്തോളം വഴിതെറ്റിയിരുന്നതിനാൽ, തങ്ങളുടെ ദുഷ്പ്രവര്‍ത്തനം തിരിച്ചറിയാനോ അതിന്‍റെ ഗൗരവം മനസ്സിലാക്കാനോ അവർക്കു കഴിഞ്ഞില്ല. അതിനാൽ, ആ മലക്കുകളെയും അവർ തങ്ങളുടെ ലജ്ജാശൂന്യമായ വികൃതവൃത്തിക്കായി സമീപിക്കാൻ ശ്രമിച്ചു. അതിനെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്:
إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ
“നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ മതിമറന്ന് അലഞ്ഞു നടക്കുകയാണ്!” (ഹിജ്ര്‍ 72)
മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരികൾ മാത്രമല്ല, അതിരുവിട്ട കാമഭോഗത്തിന്‍റെയും അനീതി നിറഞ്ഞ കാംക്ഷകളുടെയും ചതിയിൽ ആകൃഷ്ടരാകുന്നതും മനസ്സിന്‍റെ ലഹരിയാണ്. ലഹരി എന്ന പദം ക്വുർആനിൽ വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണം; ‘മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്' എന്ന പ്രയോഗം (ഖാഫ് 19). ഇവിടെ سَكْرَةُ الْمَوْتِ അഥവാ മരണത്തിന്‍റെ ലഹരി എന്നത്, മരണവേളയിൽ ഭൗതികകാഴ്ച്ചകൾ കണ്ണിൽനിന്ന് മറഞ്ഞു പരിസരബോധം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ലൂത്വ് നബി(അലൈഹിസ്സലാം)യുടെ സമുദായത്തെ കുറിച്ച് അവർ, അവരുടെ ലഹരിയിൽ മതിമറന്ന് അലഞ്ഞു നടക്കുകയാണെന്ന് പറഞ്ഞത് (ഹിജ്ര്‍ 72) മറ്റൊരു ഉദാഹരണമാണ്. ഈ ലഹരി പാപത്തിൽ അകപ്പെട്ട് യഥാര്‍ത്ഥബോധം നഷ്ടപ്പെട്ട അവസ്ഥയെ കുറിക്കുന്നതാണ്. അമിതകാമഭോഗത്തിന്‍റെയും അനീതിയുടെയും ലഹരിയിൽ മുഴുകിയ അവർ, ശരിയെയും തെറ്റിനെയും തിരിച്ചറിയാൻ പോലും അശക്തരായി. അവർക്ക് അത് ഹാനികരമാണോ എന്നതൊന്നും ചിന്തിക്കാൻ പോലുമുളള ബോധമില്ലാതെയായി.
ഇന്നത്തെ LGBTQ+ പ്രചാരണവും അതിനെ പിന്തുണക്കുന്നവരുടെ സമീപനങ്ങളും അന്നത്തെ ലൂത്വ് നബി(അലൈഹിസ്സലാം)യുടെ ജനതയുടെ നിലപാടുകളുമായി ഒരുപാട് സാമ്യതകളുണ്ട്. അല്ലാഹു നേരിട്ട് ശിക്ഷിച്ച ഒരു ജനതയുടെ തിന്മ ഇന്നത്തെ സമൂഹത്തിൽ വീണ്ടും പ്രോത്സാഹനം നേടുകയും സ്വീകാര്യത നേടുകയും ചെയ്യുന്നത് നമ്മളെ വാസ്തവത്തിൽ ഭീതിപ്പെടുത്തണം. ലൂത്വ് നബി(അലൈഹിസ്സലാം)യുടെ ജനത ഈ അനീതി മൂടിവെക്കാന്‍ ശ്രമിച്ചില്ല, മറിച്ച് അതിനെ തങ്ങളുടെ അഭിമാനലക്ഷണമായി കണക്കാക്കി പരസ്യമായി ആഘോഷിക്കുകയും, അതിനെ അവകാശവാദമാക്കി ന്യായീകരിക്കുകയുമാണ് ചെയ്തത്. ഇന്ന്, LGBTQ+ പ്രൈഡ് പരേഡുകൾ, പൊതുവേദികളിൽ സ്വീകാര്യതക്കായി നടത്തുന്ന ശക്തമായ പ്രചാരണങ്ങൾ, സാംസ്കാരികവും നിയമപരവുമായ പിന്തുണകൾ, ഇവയെല്ലാം ആ ജനതയുടെ അതേ നിലപാടുകളെയാണ് ഓർമ്മിപ്പിക്കുന്നത്. അവർക്കുള്ള ശിക്ഷ ചരിത്രത്തിൽ പാഠമാകുമ്പോൾ, അത് ആവർത്തിച്ച് സ്വീകാര്യമാക്കുന്ന ഇന്നത്തെ സമൂഹം അതിന്‍റെ ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു അവരോട് പറഞ്ഞു: "നിങ്ങൾ അതിരുകടക്കുന്ന ഒരു ജനതയാണല്ലോ" (അഅ്റാഫ് 81)
ലൂത്വ് നബി (അലൈഹിസ്സലാം)യുടെ ജനത തങ്ങളുടെ പാപം പരസ്യമായി പ്രചരിപ്പിക്കുകയും അതിനെ പൊതുവേദികളിൽ അഭിമാനത്തോടെ അംഗീകരിക്കുകയും ചെയ്തു. ഇന്ന്, LGBTQ+ വാദികളും അതേ ദിശയിലേക്കാണ് നീങ്ങുന്നത്. സ്കൂളുകളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സാംസ്കാരിക വേദികളിൽ, ഇത് പ്രചരിപ്പിക്കാനായി മാനസികമായും മനഃശാസ്ത്രപരമായും പുതുതലമുറയെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. ചെറുപ്പം മുതലേ കുട്ടികളുടെ മനസ്സിൽ പ്രകൃതിവിരുദ്ധതയെ ന്യായീകരിക്കാൻ പ്രചാരണം നടത്തി, അതിനെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നിയമങ്ങൾ പോലും കൊണ്ടുവരുന്നു. ഇത് അല്ലാഹു നിശ്ചയിച്ച പ്രകൃതിവിരുദ്ധതയുടെ അതിരുകൾ തകർക്കലാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ, LGBTQ+ അജണ്ടക്കെതിരെ സംസാരിക്കുന്നവരെ അസഹിഷ്ണുതയെന്ന പേരിൽ അടിച്ചമർത്തുന്നു. അവർക്ക് സമൂഹത്തിൽ സ്വതന്ത്രമായി നിലപാടറിയിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് പല രാജ്യങ്ങളിലും കാര്യങ്ങള്‍ നീങ്ങുന്നത്. LGBTQ+ വിരുദ്ധമായ പ്രഭാഷണങ്ങൾക്കെതിരെ നിയമനടപടികൾ പോലും എടുക്കുന്ന അവസ്ഥയിലേക്കത് മാറിയിരിക്കുന്നു. ലൂത്വ് നബി(അലൈഹിസ്സലാം)യുടെ പ്രബോധനത്തിന് നേരെയുളള അവരുടെ പ്രതികരണത്തെ കുറിച്ച് അല്ലാഹു അറിയിച്ചു തന്നത് നോക്കൂ: "അവർ പറഞ്ഞു: ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിന്‍; കാരണം നിശ്ചയമായും അവര്‍, ശുദ്ധത പാലിച്ചു വരുന്ന ഒരു തരം മനുഷ്യരാകുന്നു." (അഅ്റാഫ് 7:82)
നന്മയുടെ പാത പിന്തുടരുന്നവരേയും ദുർമ്മാർഗ്ഗങ്ങളെ വിമർശിക്കുന്നവരേയും ഉപദ്രവിക്കുന്ന പ്രവണത ഇന്നും തുടരുകയാണെന്നര്‍ത്ഥം. ഒരു സമൂഹം, പാപത്തെ നിയമവൽക്കരിക്കുമ്പോഴും അതിനെ പ്രതിരോധിക്കേണ്ടവർ മൌനം പാലിക്കുമ്പോഴും, ആരും അതിന്‍റെ പാപഭാരത്തില്‍നിന്നും രക്ഷപ്പെടില്ല. സത്യത്തെ അവഗണിച്ച് ആസ്വാദനം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവർ മയക്കത്തിലായിരിക്കാം! അവർക്കും അതിന്‍റെ ഭീകരത തിരിച്ചറിയാനോ അതിൽ നിന്ന് രക്ഷപ്പെടാനോ കഴിയില്ല! ചരിത്രം നമ്മെ പഠിപ്പിക്കുന്ന അതിവിശുദ്ധ പാഠം ഇതുതന്നെയാണ്!
