ഹദീസ് പഠനത്തിലെ ഒരു അമൂല്യ ഗ്രന്ഥം
അന്‍വര്‍ അബൂബക്കര്‍
Last Update May 20, 2026, 3 Dhul-Hijjah 1447 AH, 1447 AH
ചോദ്യം: “മുതഫഖുന്‍ അലൈഹി” എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥുകള്‍ മാത്രം ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. എന്താണ് ആ ഗ്രന്ഥത്തിന്റെ പേര്?
ഉത്തരം: അല്‍ ലുഅ്ലുഅ വല്‍മര്‍ജാന്‍ ഫീമാത്തഫഖ അലൈഹിശ്ശൈഖാന് (اللُّؤْلُؤُ وَالْمَرْجَانُ فِيمَا اتَّفَقَ عَلَيْهِ الشَّيْخَانِ)
ഹദീസ് വിജ്ഞാനശാഖയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്ക്കുന്ന രണ്ട് ഗ്രന്ഥങ്ങളാണ് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്ലിമും. ക്വുര്‍ആനിന് ശേഷം ഏറ്റവും പ്രാമാണികമായ ഗ്രന്ഥങ്ങള്‍ എന്ന ബഹുമതി ഇവക്കാണ് നല്കപ്പെടുന്നത്. മുഹമ്മദ് നബിﷺയുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും അത്യന്തം കര്‍ശനമായ മാനദണ്ഡങ്ങളിലൂടെ പരിശോധിച്ചാണ് ഈ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാമിക വിജ്ഞാനലോകത്തില്‍ ഈ രണ്ട് ഗ്രന്ഥങ്ങള്‍ക്കും അതുല്യമായ സ്ഥാനമുണ്ട്.
ഇമാം ബുഖാരി (റഹിമഹുല്ലാഹ്) ഹദീസ് ക്രോഡീകരണത്തില്‍ സ്വീകരിച്ച സൂക്ഷ്മതയും ഗവേഷണരീതിയും അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ ഹദീസും സ്വീകരിക്കുന്നതിന് മുമ്പ് പരമ്പരയിലെ എല്ലാ നിവേദകന്മാരുടെയും വിശ്വാസ്യത, ഓര്‍മ്മശക്തി, തമ്മിലുള്ള കൂടിക്കാഴ്ച എന്നിവ അദ്ദേഹം കൃത്യമായി പരിശോധിച്ചു. ലക്ഷക്കണക്കിന് ഹദീഥുകളില്‍ നിന്ന് വളരെ ചെറിയൊരു വിഭാഗം മാത്രമാണ് അദ്ദേഹം തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ “സ്വഹീഹുല്‍ ബുഖാരി”യെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാമാണികമായി പണ്ഡിതന്മാര് കണക്കാക്കുന്നു.
അതുപോലെ തന്നെ ഇമാം മുസ്ലിം (റഹിമഹുല്ലാഹ്) രചിച്ച “സ്വഹീഹ് മുസ്ലിം” ക്രമീകരണഭംഗിയിലും അവതരണരീതിയിലും ശ്രദ്ധേയമാണ്. ഒരേ വിഷയവുമായി ബന്ധപ്പെട്ട ഹദീഥുകള്‍ ഒരിടത്ത് സമാഹരിക്കുകയും, വിവിധ നിവേദനങ്ങള്‍ മനോഹരമായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹദീഥ് പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ശൈലി എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്. അതുകൊണ്ടുതന്നെ ബുഖാരിക്ക് ശേഷം ഏറ്റവും പ്രാമാണികമായ ഹദീഥ് ഗ്രന്ഥമായി സ്വഹീഹ് മുസ്ലിം പരിഗണിക്കപ്പെടുന്നു.
ഈ രണ്ട് ഗ്രന്ഥങ്ങളിലും ഒരുപോലെ വന്ന ഹദീസുകളെയാണ് “മുതഫഖുന്‍ അലൈഹി” (متفق عليه) എന്നു പറയുന്നത്. അതായത്, ഇമാം ബുഖാരിയും ഇമാം മുസ്ലിമും ഒരുപോലെ സ്വഹീഹായി അംഗീകരിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയ ഹദീഥുകള്‍. അതിനാല്‍ തന്നെ ഇത്തരം ഹദീഥുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പ്രാമാണികതയാണുള്ളത്. ഒരു ഹദീസ് “മുതഫഖുന്‍ അലൈഹി” ആണെന്ന് പറയപ്പെടുമ്പോള്‍ അതിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആത്മവിശ്വാസം കൂടുതല്‍ ശക്തമാവുന്നു.
ഇത്തരം ഹദീസുകള്‍ മാത്രം പ്രത്യേകം ക്രോഡീകരിച്ച പ്രശസ്ത ഗ്രന്ഥമാണ് اللُّؤْلُؤُ وَالْمَرْجَانُ فِيمَا اتَّفَقَ عَلَيْهِ الشَّيْخَانِ (അല്‍ ലുഅ്ലുഅ വല്‍മര്‍ജാന്‍ ഫീമാത്തഫഖ അലൈഹിശ്ശൈഖാന്). ഇത് സമാഹരിച്ചത് ഈജിപ്തുകാരനായ പണ്ഡിതന് മുഹമ്മദ് ഫുആദ് അബ്ദുല്‍ ബാഖി(റഹിമഹുല്ലാഹ്) ആണ്. ഇവിടെ ഗ്രന്ഥത്തിന്റെ പേരിലുളള “അശ്ശൈഖാന്” എന്നു പറയുന്നത് ഇമാം ബുഖാരിയും ഇമാം മുസ്ലിമും ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹദീസ് പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായ വായനക്കാര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണിത്.
ഈ ഗ്രന്ഥം എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര് ചില മനോഹരമായ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാധ്യമായാല്‍ ഒരു പ്രഗത്ഭനായ അധ്യാപകന്റെ കീഴില്‍ ഗ്രന്ഥം ആദ്യം മുതല്‍ അവസാനം വരെ വായിക്കുകയും, ഹദീസുകളുടെ അര്‍ത്ഥവും അപരിചിതമായ പദങ്ങളും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല രീതി. അധ്യാപകനെ ലഭിക്കാത്തവര്‍ വിശ്വസനീയമായ ഓഡിയോ ക്ലാസുകള്‍ കേട്ട് ഗ്രന്ഥത്തിന്റെ ശരിയായ ഉച്ചാരണവും പാഠവും മനസ്സിലാക്കണം. കാരണം ഹദീഥുകളുടെ വാക്കുകള്‍ കൃത്യമായി ഹൃദയത്തില്‍ പതിയുക എന്നതാണ് ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യം.
അതിന് ശേഷം ഗ്രന്ഥം പലതവണ ആവര്‍ത്തിച്ച് വായിക്കണമെന്ന് പണ്ഡിതന്മാര് ഉപദേശിക്കുന്നു. “ഒരു പുസ്തകം മൂന്ന് പ്രാവശ്യം വായിക്കുന്നത് മൂന്ന് പുസ്തകങ്ങള്‍ ഒരിക്കല്‍ വായിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്” എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. നബിﷺഒരു കാര്യം പറഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം ആവര്ത്തിക്കാറുണ്ടായിരുന്നുവെന്ന ഹദീഥും ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നു. ആവര്‍ത്തനം അറിവിനെ മനസ്സിലും ഹൃദയത്തിലും ഉറപ്പിക്കുന്നു. അതോടൊപ്പം ഗ്രന്ഥത്തിന്റെ മുഖവുര, അധ്യായശീര്ഷകങ്ങള്, അപരിചിത പദങ്ങളുടെ വിശദീകരണങ്ങള്‍ എന്നിവയും ശ്രദ്ധയോടെ വായിക്കണം. കൂടുതല്‍ ഉത്സാഹമുള്ളവര്ക്ക് ഗ്രന്ഥം മനഃപാഠമാക്കാനും, ഇടക്കിടെ അതിലേക്ക് മടങ്ങി നോക്കാനും പണ്ഡിതന്മാര് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഹദീസ് വിജ്ഞാനവുമായി ഹൃദയത്തെ ബന്ധിപ്പിക്കുന്ന ഒരു മഹത്തായ മാര്‍ഗമാണ് ഈ ഗ്രന്ഥപഠനം.
