മസ്ജിദുല്‍ ഹറാമിലേക്കുള്ള ക്വിബ്‌ലമാറ്റം
അന്‍വര്‍ അബൂബക്കര്‍
Last Update 12 November 2025, 21 Jumada I, 1447 AH
ചോദ്യം:ക്വഅ്ബയിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പന മുഹമ്മദ് നബിﷺക്ക് അല്ലാഹു അവതരിപ്പിച്ചത് ഹിജ്റയുടെ എത്രാമത്തെ വര്‍ഷത്തിലാണ്?
ഉത്തരം: ഹിജ്‌റ രണ്ടാം വര്‍ഷം
അല്ലാഹു പറഞ്ഞു: “(നബിയേ), നിന്റെ മുഖം ആകാശത്തില്‍ നോട്ടമിട്ടു തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃയിലേക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്റെ മുഖത്തെ 'മസ്ജിദുല്‍ ഹറാമി'ന്റെ നേര്‍ക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങളെ അതിന്റെ നേര്‍ക്ക് തിരിച്ചുകൊള്ളുവിന്‍. നിശ്ചയമായും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അത് അവരുടെ റബ്ബിങ്കല്‍ നിന്നുള്ള യാഥാര്‍ത്ഥ്യമാകുന്നുവെന്ന്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.” (അല്‍ബക്വറഃ 144)
ഇബ്രാഹീം നബി(അലൈഹിസ്സലാം) നിര്‍മ്മിച്ച മക്കയിലെ ക്വഅ്ബയാണ് അദ്ദേഹത്തിന്റെ ക്വിബ്‌ലയും ആരാധനാകേന്ദ്രവും ആയിരുന്നത്. ഇബ്രാഹീം നബി(അലൈഹിസ്സാലം)യുടെ മാര്‍ഗം സ്വീകരിച്ച, അദ്ദേഹം പഠിപ്പിച്ച ഹനീഫിയ്യത്തിന്റെ വക്താക്കളായി നിലകൊണ്ട സത്യവിശ്വാസികളായ മുസ്‍ലിംകള്‍ക്കും, അതേ ക്വിബ്‌ല തന്നെയാണ് തങ്ങളുടെ ക്വിബ്‌ലയായിരിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നത്.
മദീനയില്‍ നബി(ﷺ)യുടെ സഹാബികള്‍ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഒന്നായിരുന്നു യഹൂദരുടെ എതിര്‍പ്പ്. അവര്‍ ഇബ്രാഹീം നബി(അലൈഹിസ്സാലം)യുടെ മാര്‍ഗത്തെ പൂര്‍ണമായും അവഗണിച്ച്, നബി(ﷺ)യെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും എതിര്‍ക്കുന്നവരായിരുന്നു. ഈ യഹൂദര്‍ മുസ്‍ലിംകളുടെ ഇടയില്‍ ധാരാളം ആശയക്കുഴപ്പങ്ങളും സംശയങ്ങളും സൃഷ്ടിച്ചു. പ്രത്യേകിച്ച് ക്വിബ്‌ലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ വലിയ കുപ്രചാരണങ്ങള്‍ മദീനയില്‍ പ്രചരിപ്പിച്ചു. “മുസ്‍ലിംകള്‍ ഞങ്ങളുടെ മതം സ്വീകരിച്ചില്ലെങ്കിലും, അവര്‍ ഞങ്ങളുടെ ക്വിബ്‌ല സ്വീകരിച്ചു. അതുകൊണ്ട് മുഹമ്മദ് നബി(ﷺ)യും അനുയായികളും യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മാര്‍ഗത്തെ തന്നെയാണ് പിന്തുടരുന്നത്” എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അവര്‍ സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. കാരണം, മുസ്‍ലിംകളുടെ ക്വിബ്‌ല ആ സമയങ്ങളില്‍ ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദസ് ആയിരുന്നു. ഇതുവഴി അവര്‍ മുസ്‍ലിം സമൂഹത്തില്‍ സംശയം വിതയ്ക്കാനും സത്യവിശ്വാസികളുടെ മനസ്സില്‍ അനാവശ്യമായ സന്ദേഹങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചു.
ഈ സന്ദര്‍ഭത്തില്‍ നബി(ﷺ)യുടെ ഹൃദയത്തില്‍ അതീവ ആഗ്രഹം നിറഞ്ഞിരുന്നു; മുസ്ലിംകളുടെ ക്വിബ്‌ല മസ്ജിദുല്‍ ഹറാമായിരിക്കണമെന്നത്. ഈ ആഗ്രഹം നിറവേറണമെന്ന പ്രതീക്ഷയോടെ നബി(ﷺ) എപ്പോഴും അല്ലാഹുവിലേക്കു മുഖം തിരിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും തന്റെ ഹൃദയത്തിലെ ആഗ്രഹം റബ്ബിനോട് പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് തഫ്സീര്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. ഇതാണ് അല്ലാഹു സൂചിപ്പിക്കുന്നത്: “നിന്റെ മുഖം ആകാശത്തില്‍ നോട്ടമിട്ടു തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്.” തുടര്‍ന്ന് അല്ലാഹു നബി(ﷺ)യുടെ ആ ആഗ്രഹം നിറവേറ്റാമെന്ന വാഗ്ദാനവും നല്‍കി: “അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃയിലേക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം.” (അല്‍ബക്വറഃ 144) ഇതിന് ശേഷമാണ് അല്ലാഹു മുസ്ലിംകളുടെ ക്വിബ്‌ല മസ്ജിദുല്‍ ഹറാമിലേക്കു നിശ്ചയിച്ചത്.
പരിശുദ്ധ ക്വുര്‍ആനില്‍ ആദ്യമായി നടപ്പിലാക്കിയ “നസ്‍ഖ്” (മതവിധി ദുര്‍ബലപ്പെടുത്തല്‍) ഈ വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിച്ചുതരുന്നു. മഹാനായ സ്വഹാബി ഇബ്നു അബ്ബാസ്(റളിയല്ലാഹു അന്‍ഹു) ഇക്കാര്യം വ്യക്തമാക്കിയതായി ഇബ്നു കഥീര്‍(റഹിമഹുല്ലാഹ്) തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ അത്യന്തം പ്രധാനപ്പെട്ട ഈ കല്‍പന ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലാണ് ഉണ്ടായത്. അല്ലാഹുവിന്റെ ഈ കല്പന വന്നതിനു ശേഷം, നബി(ﷺ) മസ്ജിദുല്‍ ഹറാമിനെ അഭിമുഖമായി തിരിഞ്ഞ് ആദ്യം നമസ്കരിച്ചത് അസര്‍ നമസ്കാരമായിരുന്നു.
ബര്‍റാഅ്ബിന്‍ ആസിബ് (റളിയല്ലാഹു അന്‍ഹുമാ) പറയുന്നു: “ഞങ്ങള്‍ നബി(ﷺ)യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. അതിനുശേഷമാണ് ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടത്.” (മുസ്‌ലിം)
ഇബ്‌നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) പറയുന്നു: “നബി(ﷺ) മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. അന്നേരം ക്വഅ്ബയെ നബി(ﷺ) മുമ്പിലാക്കിയിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം 16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് ക്വഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു.” (മുസ്നദ് അഹ്മദ്)
മക്കയില്‍ ആയിരിക്കെ നബി(ﷺ) ബൈതുല്‍ മുഖദ്ദസിനെ അഭിമുഖമായി നമസ്കരിക്കുമ്പോള്‍, ക്വഅ്ബയും ആ ദിശയില്‍ ഉള്‍പ്പെടുന്ന വിധത്തില്‍ നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ അവസ്ഥയില്‍ രണ്ടു ക്വിബ്‌ലകളും ഒരുമിച്ചുകിട്ടിയ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മദീനയില്‍ എത്തിയശേഷം ആ സൗകര്യം ഇല്ലാതായി; രണ്ട് ക്വിബ്‌ലകളെയും ഒരുമിച്ച് അഭിമുഖമായിനിന്ന് നമസ്കരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ നബി(ﷺ) നിരന്തരം പ്രാര്‍ത്ഥിക്കുകയും, കിബ്‌ല മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയോടെ വഹ്‌യിനായി ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെയാണ് ഒടുവില്‍ അല്ലാഹു ക്വിബ്‌ല മസ്ജിദുല്‍ ഹറാമിലേക്കായി മാറ്റി നിശ്ചയിച്ചത്.
