ദുല്‍ഹിജ്ജയിലെ തക്ബീറിന്റെ മഹത്വം

അന്‍വര്‍ അബൂബക്കര്‍

Last Update June 3, 2026, 17 Dhū al-Ḥijjah 1447 AH, 1447 AH

ചോദ്യം: ഓരോ ഫര്‍ള് നമസ്‌കാരത്തിന്റെയും ശേഷം തക്ബീറുല്‍ മുഖയ്യദായി ദുല്‍ഹിജ്ജ മാസത്തില്‍ പഠിപ്പിക്കപ്പെട്ട തക്ബീര്‍ ചൊല്ലുന്നത് ദുല്‍ഹിജ്ജയിലെ ഏത് ദിവസത്തെ നമസ്‌കാരത്തിന് ശേഷമാണ് ആരംഭിക്കുന്നത്?

ഉത്തരം: ദുല്‍ഹിജ്ജ ഒമ്പതിന് ഫജര്‍ നമസ്കാര ശേഷം

ഹിജ്റ കലണ്ടറിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍. അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ ഈ ദിവസങ്ങളെ പ്രത്യേകം പരാമര്‍ശിക്കുകയും അവയെക്കൊണ്ട് സത്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: “പ്രഭാതംതന്നെ സത്യം; പത്ത് രാത്രികളാണ സത്യം.” (ഫജ്ര്‍ 1, 2) ഈ പത്ത് രാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളാണെന്ന് ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു), ഇബ്നു സുബൈര്‍ (റളിയല്ലാഹു അന്‍ഹു), മുജാഹിദ് (റഹിമഹുല്ലാഹ്) തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു കാര്യത്തെക്കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നത് അതിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു.

ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവയാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. “ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങളെക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ട മറ്റൊരു ദിവസങ്ങളിലെ സല്‍കര്‍മങ്ങളില്ല” എന്നാണ് നബിﷺയുടെ അധ്യാപനം. സഹാബികള്‍ ജിഹാദിനേക്കാളും ശ്രേഷ്ഠമാണോ എന്ന് ചോദിച്ചപ്പോള്‍, സ്വന്തം ജീവനും സമ്പത്തും സമര്‍പ്പിച്ച് തിരിച്ചുവരാത്ത വ്യക്തിയുടെ ജിഹാദ് ഒഴികെ മറ്റെല്ലാ ജിഹാദുകളേക്കാളും ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങള്‍ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കി.

ഈ ദിവസങ്ങളില്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട ആരാധനകളില്‍ ഒന്നാണ് അല്ലാഹുവിനെ ധാരാളമായി സ്മരിക്കല്‍. പ്രത്യേകിച്ച് തക്ബീര്‍, തഹ്‌ലീല്‍, തഹ്‍മീദ് എന്നിവ പറയുക. അല്ലാഹു പറയുന്നു: "അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു (അത്)...." (ഹജ്ജ്: 28). ഇവിടെ പറഞ്ഞിരിക്കുന്ന “നിശ്ചിത ദിവസങ്ങള്‍” ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതുപോലെ അയ്യാമുത്തശ്‍രീഖിന്റെ ദിവസങ്ങളിലും അല്ലാഹുവിന്റെ സ്മരണ വര്‍ധിപ്പിക്കാന്‍ ക്വുര്‍ആനും സുന്നത്തും പ്രേരിപ്പിക്കുന്നു.

അയ്യാമുത്തശ്‍രീഖിനെക്കുറിച്ച് നബിﷺ പറഞ്ഞു: "അയ്യാമുത്തശ്രീഖ് ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും അല്ലാഹുവിന്റെ സ്മരണയുടെയും ദിവസങ്ങളാണ്." (മുസ്‍ലിം). അതിനാല്‍ ഈ ദിനങ്ങളില്‍ മുസ്‌ലിംകള്‍ തക്ബീറും മറ്റു ദിക്‌റുകളും ധാരാളമായി വര്‍ധിപ്പിക്കേണ്ടതാണ്. ഇത് അല്ലാഹുവിന്റെ മഹത്വത്തെ പ്രഖ്യാപിക്കുകയും ഹൃദയത്തില്‍ തഖ്‌വയും നന്ദിയും വളര്‍ത്തുകയും ചെയ്യുന്നു.

ദുല്‍ഹിജ്ജയിലെ തക്ബീറിന് നിശ്ചിതമായ ഒരേയൊരു രൂപം നബിﷺയില്‍നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. അതിനാല്‍ പണ്ഡിതന്മാര്‍ പല രൂപങ്ങളും അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണയായി പറയപ്പെടുന്ന രൂപം: "الله أكبر الله أكبر لا إله إلا الله، والله أكبر الله أكبر ولله الحمد" എന്നതാണ്. അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും അവന്റെ ഏകത്വം പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ മഹത്തായ വാക്കുകള്‍ ഈ ദിനങ്ങളില്‍ ആവര്‍ത്തിക്കുന്നത് ഏറെ പുണ്യമുള്ള കാര്യമാണ്.

തക്ബീര്‍ രണ്ടു തരമുണ്ട്: മുത്വ്‌ലഖ് (പൊതുവായ തക്ബീര്‍) എന്നും മുഖയ്യദ് (നമസ്‌കാരശേഷമുള്ള തക്ബീര്‍) എന്നും പണ്ഡിതന്‍മാര്‍ അതിനെ വിശദീകരിച്ചു. മുത്വ്‌ലഖായ തക്ബീര്‍ ദുല്‍ഹിജ്ജ മാസം പ്രവേശിക്കുന്നതോടെ ആരംഭിക്കുകയും അയ്യാമുത്തശ്‍രീഖിന്റെ അവസാന ദിവസം സൂര്യാസ്തമയം വരെ തുടരുകയും ചെയ്യുന്നു. എന്നാല്‍ മുഖയ്യദായ തക്ബീര്‍ ഫര്‍ള് നമസ്‌കാരങ്ങള്‍ക്കുശേഷം ചൊല്ലുന്നതാണ്. ഹജ്ജ് ചെയ്യാത്തവര്‍ക്ക് ഇത് അറഫാ ദിവസത്തെ ഫജര്‍ നമസ്‌കാരത്തിന് ശേഷം ആരംഭിച്ച് ദുല്‍ഹിജ്ജ 13-ാം തീയതി അസര്‍ നമസ്‌കാരത്തിന് ശേഷമുള്ള തക്ബീറോടെ അവസാനിക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മുഖയ്യദായ തക്ബീര്‍ ഈദുല്‍ അദ്ഹാ ദിനത്തിലെ ളുഹ്‌ര്‍ നമസ്‌കാരത്തില്‍നിന്നാണ് ആരംഭിക്കുന്നത്.

അതിനാല്‍ ദുല്‍ഹിജ്ജയിലെ ഈ മഹത്തായ ദിനങ്ങള്‍ അല്ലാഹുവിന്റെ സ്മരണയും ആരാധനകളും വര്‍ധിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ്. തക്ബീറും തഹ്‌ലീലും തഹ്‍മീദും ധാരാളമായി ചൊല്ലി, നന്മകള്‍ വര്‍ധിപ്പിച്ച്, ഈ ശ്രേഷ്ഠ ദിവസങ്ങളുടെ അനുഗ്രഹം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണം.

തസ്‌കിയ : മറ്റു ലേഖനങ്ങൾ