അന്ധമായ അനുകരണത്തിന്‍റെയും മുരടിപ്പിന്‍റെയും കാലം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 September 19, 4 Rabiʻ I, 1445 AH

വെള്ളം ദീർഘകാലം കെട്ടി നിന്നാൽ അത് നിറം മാറി ചീത്തയാകും. രുചിഭേദം വരും. ഉപയോഗിക്കാൻ കൊള്ളാത്തതാകും. ചിലപ്പോൾ അത് ഉപയോഗിക്കുന്നവന് ദോഷം വരുത്തും. മനുഷ്യജീവിതവും ഇങ്ങിനെ തന്നെ. അതിനെ ചങ്ങലക്കിട്ടാൽ, ചിന്തകളെയും ബുദ്ധിയെയും തടഞ്ഞാൽ, കണ്ടുപിടിത്തത്തെയും ആവിഷ്കാരത്തെയും നിയന്ത്രിക്കുകയും അതിനോട് എതിർക്കുകയും ചെയ്താൽ മനുഷ്യ ജീവിതം ജീർണ്ണിച്ചു പോകും. ബുദ്ധി മുരടിച്ചു ഉറച്ചു പോകും. സ്വന്തം ആത്മാവും ബുദ്ധിയും നിമിത്തം മനുഷ്യൻ ഭാഗ്യം കെട്ടവനായിത്തീരും. ഈ കാലഘട്ടത്തിൽ സംഭവിച്ചത് അതാണ്.

പൂര്‍വ്വീകരുടെ വിജ്ഞാനം പൂർണമായും സ്വായത്തമാക്കിയ പണ്ഡിതന്മാരെ കൊണ്ടും വിജ്ഞാനങ്ങളെക്കൊണ്ടും പ്രശോഭിതമായ ഇസ്ലാമിക ലോകം ആ പണ്ഡിതന്മാർ അവർ അഭിമുഖീകരിച്ചിരുന്ന ജീവിതത്തിലെ മുഴുവൻ പ്രശ്നങ്ങളെയും വിശുദ്ധ ഖുർആനിലൂടെയും തിരുസുന്നത്തിലൂടെയും നോക്കിക്കൊണ്ട് സംതൃപ്തമായ വിധികളിൽ എത്തിയിരുന്നു - ഈ കാലത്ത് വിജ്ഞാനം കെട്ടടങ്ങി നിശ്ചലമാകുന്നതാണ് നാം കാണുന്നത്. അണപൊട്ടി കുത്തിയൊഴുകുന്ന നദി പെട്ടെന്ന് നിന്നു പോകുന്നതുപോലെയായി ജീവിതം. പൂർവ്വകാലത്ത് ഇസ്‍ലാം കൊണ്ട് വിധിക്കപ്പെട്ടിരുന്നു. ജീവിതം മുന്നോട്ടു നീങ്ങിയിരുന്നു. പ്രതിസന്ധികളും പ്രശ്നങ്ങളും ആ കാലത്ത് നേരിട്ടിരുന്നെങ്കിലും പണ്ഡിതന്മാർ അവയ്ക്കെല്ലാം പരിഹാരം ഇസ്‍ലാമിലൂടെ കണ്ടിരുന്നു. അതിനാൽ മുസ്ലിംകൾക്ക് അന്ന് ഇടുക്കം അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ ഈ കാലത്ത് അവർ തന്നെ അവർക്ക് ബന്ധനങ്ങളും അതിർവരമ്പുകളും ഉണ്ടാക്കി സ്വയം പീഡനം അനുഭവിക്കുന്നതായി നാം കാണുന്നു.

അബ്ബാസിയ ഖിലാഫത്തിന് ഹിജ്റ നാലാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് മൃത പ്രായമായി. അതിന്‍റെ പേശികളെല്ലാം ചിന്നഭിന്നമായി. കൊച്ചു രാജ്യങ്ങളായി നാട് വിഭജിക്കപ്പെട്ടു. ഈ മുരടിപ്പ് കാലത്ത് മറ്റൊരു വിപത്ത് കൂടി ഒപ്പം ചേർന്നു. അന്ധമായ (التقليد) അനുകരണമായിരുന്നു അത്. കാലം നീളും തോറും ഇരുട്ട് കൂടുകയാണ് ചെയ്തത്. മുസ്‍ലിംകൾ തഖ്‍ലീദിൽ മുഖംകുത്തി വീണു. തഖ്‍ലീദിന്‍റെ കാലത്തെ ചവിട്ടിന്‍റെ ശക്തിയുടെ പിടച്ചിലും വേദനയും ഇന്നും മുസ്ലിം ലോകത്തു നിന്ന് മാറിയിട്ടില്ല.

മുജ്തഹിദുകളായ ഇമാമുകളുടെ കാലം അവസാനിച്ച് തഖ്‍ലീദിനെ കാലം തുടങ്ങിയതിനെ 'ഹജ്‍വി ' വിവരിക്കുന്നത് ഇങ്ങനെയാണ്:

പണ്ഡിതന്മാരിൽ തഖ്‍ലീദ് വ്യാപകമായി അതാണ് അവരുടെ പദ്ധതിയെന്ന് അവർ ആശ്വസിച്ചു-ഈ കാലത്ത് തഖ്‍ലീദ് കൂടിക്കൊണ്ടിരുന്നു. നാലാം നൂറ്റാണ്ട് എത്തിയപ്പോൾ ഇജ്തിഹാദ് കുറഞ്ഞു. ആ കാലത്തിലെ പണ്ഡിതന്മാർ ഭൂരിഭാഗവും തഖ്‍ലീദിൽ സംതൃപ്തരായി. അബു ഹനീഫ, മാലിക്, ശാഫിഈ, ഇബ്നു ഹമ്പൽ തുടങ്ങിയവർ അവർ അവരുടെ കാലത്ത് കൈകാര്യം ചെയ്തിരുന്ന കർമശാസ്ത്രത്തെ തേടിക്കൊണ്ടിരുന്നു അവർ. ആ മദ്ഹബുകൾക്ക് ഉസൂലുകളുണ്ടാക്കി അതിന് വൃത്തമുണ്ടാക്കാൻ ശ്രമിച്ചു. ഓരോ വിഭാഗവും ആ വൃത്തത്തിനകത്ത് കിടന്നു പിടഞ്ഞു കൊണ്ടിരുന്നു. അതിനു പുറത്തേക്ക് ചാടാൻ അവർക്കായില്ല. ഇമാമുകളുടെ വാക്കുകൾക്ക് ക്വുർആനിന്‍റെയും സുന്നത്തിന്‍റെയും സ്ഥാനം നൽകി, തന്നിമിത്തം ക്വുർആനിനും സുന്നത്തിനും സമുദായത്തിനുമിടക്ക് മറവുകൾ സൃഷ്ടിക്കപ്പെട്ടു. മതിൽക്കെട്ടുകൾ അൽപാല്‍പമായി വർദ്ധിച്ച് വലിയ പാറക്കെട്ടായി. അങ്ങിനെ സുന്നത്ത് വിസ്മരിക്കപ്പെട്ടു. ഭാഷയുടെ പുറകോട്ടുള്ള ഗമനം വർദ്ധിച്ചപ്പോൾ ക്വുർആനിൽ നിന്നുള്ള അകൽച്ചയും വർദ്ധിച്ചു. അങ്ങിനെ ശരീഅത്ത് എന്നാൽ ഫുഖഹാക്കളുടെ വാക്കുകളായി; ജനങ്ങളിലേക്ക് അയക്കപ്പെട്ട റസൂലിന്‍റെ വാക്കുകളല്ല. ഇമാമിന്‍റെ അഭിപ്രായങ്ങൾ മനസ്സിലാക്കാൻ കഴിയലായി മാനവശക്തി. അതിൽ നിന്ന് പുതിയ മേഖലകൾ കണ്ടെത്തൽ തടയപ്പെട്ടു. അങ്ങിനെ ഇജ്തിഹാദ് തന്നെ വിസ്മരിക്കപ്പെട്ടു. ഈ അവസ്ഥ കണ്ട്, ഇമാം നവവി ശറഹുൽ മുഹദ്ദബിൽ പറഞ്ഞു: ‘അത് മുസ്‍ലിമിന്‍റെ അഭിപ്രായമല്ല’. ( 2: 6الفكر السامي)

കാലം മുന്നേറുംതോറും തഖ്‍ലീദ് കൂടി വരികയും മുസ്ലിങ്ങൾ വിജ്ഞാനത്തിന്‍റെ പ്രഭയിൽ നിന്ന് അകലുകയും ചെയ്തു. മദ്ഹബുകളുടെ മുഖല്ലിദുകൾ അവരുടെ ഇമാമുകളുടെ ഗ്രന്ഥങ്ങൾ പരിശോധിക്കുന്നത് നിർത്തുകയും ആ മദ്ഹബിലെ പിൻഗാമികളുടെ ഗ്രന്ഥങ്ങളിൽ ചിന്തിക്കുന്നതിൽ പരിമിതരാവുകയും ചെയ്തു. ഇബ്നുൽ അറബി തന്‍റെ (العواصم من القواصم) എന്ന ഗ്രന്ഥത്തിൽ തന്‍റെ കാലത്ത് സ്പെയിനിൽ വിജ്ഞാനത്തിന്‍റെ തകർച്ചയെക്കുറിച്ച് പറയുന്നത് കാണുക. ' ... സ്ഥിതി ഈ നിലയിലായി, ഏതാനും വ്യക്തികളെ ഒഴിച്ചാൽ വിജ്ഞാനം മൃതിയടഞ്ഞു. വിജ്ഞാനം മൃതിയടഞ്ഞ് നൂറ്റാണ്ടുകൾ ആ സ്ഥിതിയിൽ തുടർന്നു. അജ്ഞത പ്രകടമായി. അത് അല്ലാഹുവിന്‍റെ വിധിയായിരുന്നു. അവരിലെ പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്നു. മാലിക്കിന്‍റെയും അദ്ദേഹത്തിന്‍റെ അനുയായികളിൽ പെട്ട പ്രഗൽഭരുടെ വാക്കുകൾ പോലും നോക്കാതായി. ഇങ്ങനെ പറയുന്ന അവസ്ഥ വന്നു: ഈ പ്രശ്നത്തിൽ ‘ക്വുർത്തബ’ക്കാർ ഇങ്ങിനെ പറയുന്നു. ‘ത്വൽമൻക്ക’ക്കാര്‍ ഇങ്ങിനെ പറയുന്നു . ‘ത്വുലൈത്വല’ക്കാർ ഇങ്ങിനെ പറയുന്നു. ഒരു കുട്ടി ബുദ്ധിമാനാകുന്ന പ്രായമെത്തിയാൽ അവനും അവരുടെ പാന്ഥാവിൽ പ്രവേശിക്കുന്നു. അതായത് ആദ്യം ക്വുർആൻ പഠിക്കുന്നു. പിന്നെ ഭാഷാ ഗ്രന്ഥങ്ങൾ, പിന്നെ മുവത്വഅ്, പിന്നെ മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങൾ, പിന്നെ ഇബ്നുൽ അത്വാറിന്‍റെ ‘വഥാഇഖ്’ പിന്നെ പഠനം അവസാനിപ്പിക്കുന്നത് ഇബ്നു സഹ്‍ലിന്‍റെ അഹ്കാമു പഠിച്ചുകൊണ്ടാണ്. പിന്നെ ആ കുട്ടിയോട് പറയപ്പെടുന്നു, ഇന്ന വിഷയത്തിൽ ത്വുലൈത്വലക്കാരനായ ഇന്ന പണ്ഡിതന്‍ ഇങ്ങിനെ പറഞ്ഞു. മുജ്‍രീത്വിക്കാരനായ പണ്ഡിതന്‍ ഇങ്ങിനെ പറഞ്ഞു… അങ്ങിനെ അവന്‍ പിറകോട്ട് സഞ്ചരിക്കുന്നു. വിജ്ഞാന നഗരങ്ങളില്‍ ചില ആളുകള്‍ക്ക് അല്ലാഹു ഗുണം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ഈ മതത്തിന്‍റെ സ്ഥിതി എന്താകുമായിരുന്നു! നിര്‍ജ്ജീവമായ ഹൃദയങ്ങളില്‍ അവര്‍ വിജ്ഞാനത്തിന്‍റെ ജലം തെളിച്ചു. സമുദായത്തിനവര്‍ ഉത്തമ നൂറ്റാണ്ടിലെ മത തനിമയുടെ സുഗന്ധം പൂശി. ( 2: 177 الفكر السامي)

മാലികി മദ്ഹബ് പ്രചരിച്ച പ്രദേശങ്ങളിലെ ഫിഖ്ഹിന്‍റെ സ്ഥിതി മാത്രമായിരുന്നില്ല ഇത്. എല്ലാ മുസ്ലിം പ്രദേശങ്ങളിലെയും സ്ഥിതി ഇതുതന്നെ. ശാഫിഈ മദ്ഹബിലെ പൂർവികരായ കർമ്മശാസ്ത്രജ്ഞരുടെ മുഴുവൻ ശ്രദ്ധയും ശാഫിഈയുടെ ഗ്രന്ഥങ്ങളിലായിരുന്നു. അവർ അത് പഠിച്ച് അതിൽ നിന്ന് വളരെയേറെ പ്രയോജനങ്ങൾ നേടി. അതിനുമാത്രം വിജ്ഞാനം അതിലുണ്ട്. പിന്നീട് മുസ്നിയുടെ മുഖ്ത്വസറിലായിരുന്നു അവരുടെ ശ്രദ്ധ. അത് ശാഫിഈയുടെ ഗ്രന്ഥത്തിന്‍റെ രീതിയിൽ എഴുതപ്പെട്ടതാണ്. പക്ഷേ മുരടിപ്പിന്‍റെയും തഖ്‍ലീദിന്‍റെയും കാലത്ത് ശാഫിഈ ഫുഖഹാക്കള്‍ പൂർവികരുടെ ഗ്രന്ഥങ്ങൾ വിസ്മരിക്കുകയും അബൂ ഇസഹാഖ് ശീറാസിയുടെയും, അബൂ ഹാമിദിൽ ഗസ്സാലിയുടെയും ഗ്രന്ഥങ്ങളിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. ജനങ്ങൾ അവക്കു മുമ്പിൽ തപസ്സിരുന്നു. ഈ രണ്ട് ഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങി കഴിയുന്ന പക്ഷപാതികൾ വർദ്ധിച്ചു. സർവ്വവിജ്ഞാനങ്ങളും നേടിയവർ പോലും ഈ രണ്ടുപേരുടെ ഗ്രന്ഥങ്ങൾക്ക് ക്വുർആനിന്‍റെയും സുന്നത്തിന്‍റെയും പവിത്രത കൽപ്പിച്ചു. ഇവകളിൽ നിന്ന് പുറത്തുചാടാൻ ശാഫിഈ പണ്ഡിതന്മാർക്ക് കഴിഞ്ഞില്ല. അവർ പറഞ്ഞതിനെതിരായി ശാഫിഈ ഇമാമുകൾ തന്നെ പറഞ്ഞാലും അവർ സ്വീകരിക്കാത്ത സ്ഥിതി വന്നു. കാലം മുന്നേറുംതോറും കനപ്പെട്ട വിജ്ഞാന ഗ്രന്ഥങ്ങളിൽ നിന്ന് ആളുകൾ അകന്നുകൊണ്ടിരുന്നു. ശാഫിഈ ഫുഖഹാക്കൾ അബിശ്ശുജാഇനെ പോലുള്ളവരുടെ മുഖ്തസ്വറിൽ മുഴുകുന്നവരായി. ശാഫിഈ ഫിഖ്ഹിൽ വിരചിതമായ പരമാവധി ചുരുക്കി എഴുതിയ ഗ്രന്ഥമാണത്. ചുരുക്കത്തിന്‍റെ കാഠിന്യം നിമിത്തം അതിന്‍റെ പദങ്ങൾ അപഗ്രഥിക്കേണ്ടിവന്നു. . അതിനാൽ ശിർബീനി അബിശ്ശുജാഇന്‍റെ പദങ്ങൾ കെട്ടഴിച്ച് ഇഖ്നാഅ് (الإقناع) എന്ന വ്യാഖ്യാനമെഴുതി. പിന്നീട് ഇബ്നാഇന് ശബറാവി ഒരു ഹാശിയ എഴുതുകയുണ്ടായി. (مختصر المؤمل: مجموعة الرسائل المنبرية ٣/٣٥)

ഹമ്പലി മദ്ഹബില്‍ ഇബ്നു ഖുദാമ: അല്‍ മുഖ്നിഅ് (المقنع) എന്ന ഒരു ഗ്രന്ഥമെഴുതി. അതില്‍ രണ്ട് രിവായത്തുകള്‍ ഉള്‍പ്പെടുത്തി. വായനക്കാര്‍ക്ക് ഏതിന് പ്രാമുഖ്യം(തര്‍ജീഹ്) നല്‍കാമെങ്കില്‍ അതു ചെയ്യാമെന്ന ഉദ്ദേശത്തോടെ. പിന്നീട് ശറഫുദ്ദീന്‍ അബുന്നാജാ (മരണം 960) അത് ചുരുക്കിയെഴുതി. സാദുല്‍ മുസ്തഖ്നഅ് (زاد المستقنع) എന്നാണതിന്‍റെ പേര്. പിന്നീട് ഹമ്പലികളുടെ ശ്രദ്ധ മുഴുവന്‍ ഈ ചുരുക്ക ഗ്രന്ഥത്തിലായി. ഈ ചുരുക്കത്തിന് മന്‍സൂറു ബ്നു യൂനുസുല്‍ ബഹൂതി ഒരു വിശദീകരണ ഗ്രന്ഥമെഴുതുകയുണ്ടായി.

ഹനഫി മദ്ഹബിൽ ആദ്യമായി ഒരു സംക്ഷിപ്ത ഗ്രന്ഥം എഴുതിയത് ത്വാഹാവിയാണ് (321). പിന്നീട് കർഖി (كرخي) - (340) മറ്റൊരു മുഖ്തസ്വര്‍ എഴുതി. പിന്നെ അദ്ദേഹത്തിന്‍റെ ശിഷ്യൻ ജസ്സ്വാസ് അർറാസി (370) വേറൊന്നെഴുതി. പിന്നെ അബുല്‍ ഹസന്‍ അല്‍ഖുഖൂരി (428) മറ്റൊന്നെഴുതി. പിന്നെ ഹനഫി ഫുഖഹാക്കൾ മുഖ്തസ്വറുകൾ രചിക്കുന്നതിൽ മത്സരിക്കുന്നതാണ് നാം കാണുന്നത്. അവർ അവരുടെ ആദ്യകാല പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ ഒഴിവാക്കി. ഇബ്നു ആബിദീൻ തന്‍റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ഹാശിയത്തു ഇബ്നു ആബിദീനിൽ (حاشية ابن العابدين) അതിന്‍റെ മൂലകൃതിയായ (در المختار) ലെ പദങ്ങളുടെ കട്ടിയെ കുറിച്ച് പരാതിപ്പെടുന്നുണ്ട്. പഴഞ്ചൊല്ലിന് സമാനമാണത്രേ അതിലെ പദങ്ങൾ.

തഖ്‍ലീദ് പെട്ടന്ന് ഉണ്ടായതല്ല

ഇസ്‌ലാമിക ജീവിതത്തെ തഖ്‍ലീദ് ആവരണം ചെയ്തതും, മുസ്‌ലിം പണ്ഡിതന്മാരുടെ ബുദ്ധിയോട് തഖ്‍ലീദ് യുദ്ധം ചെയ്തതും പെട്ടെന്നുണ്ടായതല്ല. അത് കാലത്തോടൊപ്പം സഞ്ചരിച്ചെത്തിയതാണ്. ഈ കാലത്തിന്‍റെ തൊട്ടുമുമ്പുള്ള കാലത്തു തന്നെ ചില ഇമാമുകളോട് ചിലർക്ക് ആഭിമുഖ്യവും പക്ഷപാതിത്വവും ഉണ്ടായിരുന്നതായി നാം കാണുന്നു. അതുകൊണ്ടാണ് ഇമാം മാലികിന് ഇഷ്ടമില്ലാതെ തന്നെ ഈജിപ്തിലെയും സ്പെയിനിലെയും (مصر والاندلس) ചിലർ അദ്ദേഹത്തിന്‍റെ മസ്അലകളിൽ പക്ഷം പിടിക്കുന്നത് കണ്ടപ്പോൾ ഇമാം ശാഫിഈ തന്‍റെ ഗുരുനാഥനായ മാലികിന്‍റെ അഭിപ്രായങ്ങളോട് വിയോജിപ്പ് തോന്നിയത് ഉറക്കെ തുറന്നു പറഞ്ഞത്. പക്ഷേ ആ കാലത്ത് തഖ്‍ലീദ് പ്രചരിച്ചിരുന്നില്ല. എന്നാൽ ഈ കാലത്ത്, അതായത് തഖ്‍ലീദിന്‍റെ കാലത്ത് സ്ഥിതി അങ്ങനെയായിരുന്നില്ല. ഇതിന്‍റെ തുടക്കത്തിൽ പണ്ഡിതന്മാർ അവർ അനുധാവനം ചെയ്യുന്ന മദ്ഹബിന്‍റെ അകത്തുനിന്ന് ഇജ്തിഹാദ് ചെയ്തിരുന്നു. ഹി: 656 ൽ ഇസ്ലാമിക ഖിലാഫത്തിന്‍റെ തലസ്ഥാനനഗരി താർത്താരികൾ കടന്നാക്രമണം നടത്തി. ഇസ്ലാമിക രാഷ്ട്രം തകർന്നപ്പോൾ ഫുഖഹാക്കള്‍ ഇജ്തിഹാദിന്‍റെ എല്ലാ ഭാഗങ്ങളും ഉപേക്ഷിച്ചു. പൂർവികർ പറഞ്ഞ അഭിപ്രായങ്ങളിൽ ശക്തിയുള്ളവയേത് ശക്തി കുറഞ്ഞവയേത് എന്ന് തരംതിരിക്കുന്ന ജോലി മാത്രമായി പണ്ഡിതന്മാർക്ക്. അവർ സ്വന്തമായും ചില ഗ്രന്ഥ രചനകൾ നടത്തി. അതാവട്ടെ പൂർവികരുടെ ഗ്രന്ഥങ്ങളുടെ സംക്ഷിപ്തങ്ങൾ ആയിരുന്നു. ചുരുക്കി എഴുതുന്നതിൽ അവർ അവരുടെ പ്രാഗൽഭ്യം പ്രകടിപ്പിച്ചു. അങ്ങിനെ ചില ‘മുഖ്തസ്വറുകൾ’ പഴഞ്ചൊല്ലു പോലെ ചുരുങ്ങിപ്പോയി. അതെന്തന്നറിയാനും ആ പദങ്ങൾ അപഗ്രഥിക്കാനും ഏറെ ശ്രമങ്ങൾ വേണ്ടിവന്നു. വളരെ സമയം അതിനു വേണ്ടി ചെലവഴിക്കപ്പെട്ടു. എന്നിട്ട് ഒരു വിദ്യാർത്ഥിക്ക് അവസാനം ലഭിക്കുന്നതോ പുറം തോടും.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ