ഒരു മൃഗത്തിന്‍റെ മുന്നില്‍ വെച്ച് മറ്റൊരു മൃഗത്തെ അറുക്കുന്നതിന്‍റെ വിധി
നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി
Last Update 2023 June 28, 9 Dhuʻl-Hijjah, 1444 AH
ഒന്നാമതായി: ഒരു മൃഗത്തെ മറ്റൊന്നിന്‍റെ മുന്നില്‍ വെച്ച് അറുക്കാതിരിക്കല്‍ മര്യാദയുടെ ഭാഗമാണെന്ന് ഫുഖഹാക്കൾ ഏകകണ്ഠമായി സമ്മതിക്കുന്നു. (الموسوعة الفقهية 10 /221 കാണുക)
യഥാര്‍ത്ഥത്തില്‍ കാരുണ്യം, ദയ, നല്ല പെരുമാറ്റം എന്നിങ്ങനെയുളള ഗുണങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്‍റെ ഭംഗിക്ക് പൂര്‍ണ്ണത കൈവരുത്തുകയാണ് ചെയ്യുന്നത്. ഇബ്നു ഖുദാമ (റഹിമഹുല്ലാഹ്) പറഞ്ഞു:
“ഒരു ആട് നോക്കി നില്‍ക്കേ മറ്റൊരു ആടിനെ അറുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്.” (മുഗ്നി: 9/317)
ഔനുല്‍ മഅ്ബൂദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
“അറവ് മൃഗത്തെ ക്രൂരമായി കൈകാര്യം ചെയ്യുകയോ അറുക്കാനായി വലിച്ചിഴക്കുകയോ മറ്റൊരു മൃഗത്തിന്‍റെ സാന്നിധ്യത്തില്‍ അറുക്കുകയോ ചെയ്യരുത്.”
ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറഞ്ഞു: ويكره أن تذبح وأخرى تنظر
“ഒരു മൃഗം നോക്കി നില്‍ക്കേ മറ്റൊരു മൃഗത്തെ അറുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്.” مجموع فتاوى ابن باز (23 /73-74)
ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പറഞ്ഞു:
“മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ട് മൃഗത്തെ അറുക്കരുത്. അതിന്‍റെ കൂടെയുള്ള മൃഗത്തിന്‍റെ മുമ്പില്‍ വെച്ചുകൊണ്ടും അതിനെ അറുക്കരുത്. കാരണം അതിനെ പീഡിപ്പിക്കലാണത്. ” شرح سنن أبي داود (15 /212)
രണ്ടാമതായി :
ഒരു മൃഗത്തെ മറ്റൊരു മൃഗത്തിന് മുന്നിൽ വെച്ച് അറുക്കുകയാണെങ്കിൽ, അതിന്‍റെ മാംസം കഴിക്കുന്നത് ഹറാമാണെന്ന ധാരണ ചിലര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. അതിന് യാതൊരു അടിസ്ഥാനവുമില്ല. ഇസ്‍ലാമിക നിയമ പ്രകാരമാണ് അറവ് നടത്തിയിട്ടുള്ളതെങ്കില്‍, ഒരാള്‍ ഇപ്രകാരം ചെയ്താല്‍ ആ പ്രവൃത്തി വെറുക്കപ്പെട്ടതാണെങ്കിലും മാംസം കഴിക്കാന്‍ പറ്റാത്ത വിധം നിഷിദ്ധമായി മാറുന്നില്ല.
മൂന്നാമതായി:
യന്ത്രവത്കൃത അറവുശാലകളിലെന്നപോലെ, മൃഗങ്ങളെ ഒന്നിച്ച് അറുക്കുന്നതിനെ സംബന്ധിച്ചിടത്തോളം, അതിൽ തെറ്റൊന്നുമില്ല. കാരണം ഒരു മൃഗം അറുക്കുമ്പോൾ മറ്റൊന്ന് കാണുന്നില്ല; പകരം അവയെല്ലാം ഒരേ സമയം യന്ത്രത്തിന്‍റെ പ്രവര്‍നത്തിലൂടെ അറുക്കപ്പെടുന്നു.
സഊദി അറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തു ദാഇമയിലെ പണ്ഡിതര്‍ പറഞ്ഞു:
“ബ്ലേഡുകള്‍ മൂര്‍ച്ചയുള്ളതാവുക, അന്ന നാളവും ശ്വസന നാളവും മുറിയുക; ഈ രണ്ട് നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ആധുനിക ഉപകരണങ്ങള്‍കൊണ്ട് മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണ്.
ഉപകരസഹായത്തോടെ ഒരേസമയം കുറേ കോഴികളെ അറുക്കുകയാണെങ്കിൽ, പ്രസ്തുത ഉകപരണം പ്രവർത്തിപ്പിക്കുന്നവൻ അറുക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ തുടക്കത്തില്‍ ഒരു പ്രാവശ്യം മാത്രം ബിസ്മി ചൊല്ലിയാല്‍ മതിയാകുന്നതാണ്. അത് ചെയ്യുന്നവര്‍ ഒരു മുസ്‍ലിമോ അല്ലെങ്കിൽ അഹ്‍ലുല്‍ കിതാബില്‍ പെട്ടവനോ ആയിരിക്കണം എന്ന നിബന്ധനയുണ്ട്.” (ഫതാവാ ലജ്നത്തു ദാഇമ 22/463)
ചുരുക്കത്തില്‍, ഒന്നിന് പുറകെ മറ്റൊന്ന് എന്ന നിലയ്ക്ക് മൃഗങ്ങളെ അറുക്കുമ്പോള്‍ പരസ്പരം കാണാതിരിക്കാന്‍ ടാര്‍പ്പായ, ഷീറ്റ് പോലുള്ളവ കൊണ്ട് ഒരു മറയുണ്ടാക്കുന്നത് നന്നായിരിക്കും.
അവലംബം: islamqa