അബൂബക്കര്‍(റളിയല്ലാഹു അന്‍ഹു)വിന്റെ പ്രബോധനം
അന്‍വര്‍ അബൂബക്കര്‍
Last Update 11 March 2026, 22 Ramadan, 1447 AH
ചോദ്യം: മുഹമ്മദ് നബിﷺയുടെ ഉമ്മത്തില്‍ പ്രവാചകനുശേഷം ആദ്യമായി അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ച വ്യക്തി ആരായിരുന്നു?
ഉത്തരം: അബൂബക്കര്‍ സിദ്ദീഖ് (റളിയല്ലാഹു അന്‍ഹു)
മുഹമ്മദ് നബിﷺയുടെ ജീവിതത്തിലെ പ്രബോധന ഘട്ടം പരിശോധിച്ചാല്‍ അവിടുത്തേക്ക് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആദ്യമായി ജനങ്ങളെ ക്ഷണിച്ച വ്യക്തി അബൂബക്‌ര്‍ (റളിയല്ലാഹു അന്‍ഹു) ആയിരുന്നെന്ന് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പ്രബോധനം വെറും വാക്കുകളായിരുന്നില്ല; മറിച്ച് രൂഢമായ അദ്ദേഹത്തിന്റെ വിശ്വാസവും സ്വഭാവവും ചേര്‍ന്ന മാതൃകാപരമായ പ്രബോധനമായിരുന്നു. ഇസ്‍ലാമിക ചരിത്രത്തില്‍ അശറതുല്‍ മുബശ്ശിരീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, സ്വര്‍ഗ്ഗത്തിന്റെ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് മഹത്തുക്കളായ ആളുകളുണ്ട്. ആ പത്താളുകളില്‍ അഞ്ചാളുകള്‍ അബൂബക്‌ര്‍(റളിയല്ലാഹു അന്‍ഹു)വിന്റെ ക്ഷണത്തിലൂടെയാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുളളത്. ഉസ്മാന്‍ ഇബ്ന് അഫ്ഫാന്‍, സുബൈര്‍ ഇബ്നുല്‍ അവ്വാം, അബ്ദുറഹ്മാന്‍ ഇബ്ന് ഔഫ്, സഅ്ദ് ഇബ്ന് അബീ വഖാസ്, തല്‍ഹ ഇബ്ന് ഉബൈദില്ലാഹ് (റളിയല്ലാഹു അന്‍ഹും അജ്മഈന്‍) എന്നിവരാണ് അവര്‍. ഇവരെല്ലാം പിന്നീട് ഇസ്‌ലാമിക ചരിത്രത്തിലെ നെടുംതൂണുകളായി മാറി. അബൂബക്‌ര്‍ (റളിയല്ലാഹു അന്‍ഹു) രഹസ്യപ്രബോധന കാലഘട്ടത്തില്‍ ഇവരെയെല്ലാം ഇസ്‍ലാമിലേക്ക് ക്ഷണിക്കുകയും, ഇസ്‍ലാം പഠിപ്പിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരെ മുഹമ്മദ് നബിﷺയുടെ അടുക്കലേക്ക് കൊണ്ടുവന്നു. പ്രവാചകന്റെ മുമ്പില്‍വെച്ചുകൊണ്ട് അവര്‍ ഇസ്‌ലാം സ്വീകരിച്ചു. ഇവരാണ് ഇസ്‌ലാമിക കുടുംബത്തിലേക്ക് ആദ്യമായി കടന്നുവന്ന വളരെ ശക്തമായ ആദ്യത്തെ സംഘം. ഇവര്‍ ചെറിയൊരു കൂട്ടമല്ല; മറിച്ച് ഭാവിയിലെ മുസ്‍ലിം ഉമ്മത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ പ്രാപ്തരായ ആളുകളായിരുന്നു.
അബൂബക്കര്‍(റളിയല്ലാഹു അന്‍ഹു) എന്ന ഒരു വ്യക്തിയുടെ സത്യസന്ധമായ വിശ്വാസം അഞ്ച് മഹത്തായ നേതാക്കളെയാണ് ജനിപ്പിച്ചത്. അബൂബക്കര്‍(റളിയല്ലാഹു അന്‍ഹു) ഇതിലൂടെ തെളിയിച്ചത്, അദ്ദേഹത്തിന്റെ ശരിയായ വിശ്വാസവും സത്‍സ്വഭാവവും അതിനനുസരിച്ചുകൊണ്ടുളള പ്രവര്‍ത്തനവും ഫലം കണ്ടു എന്നുളളതാണ്. അതുകൊണ്ട് തന്നെ രഹസ്യപ്രബോധനത്തിന്റെ ആ ഒരു കാലഘട്ടത്തില്‍ അബൂബക്കര്‍(റളിയല്ലാഹു അന്‍ഹു) ഒരു വിശ്വാസി മാത്രമല്ലായിരുന്നു, ഒരു പ്രസ്ഥാനത്തിന്റെ ആദ്യ സഹയാത്രികന്‍ കൂടിയായിരുന്നു.
ഇവിടെ പേരെടുത്ത് പറഞ്ഞ ഓരോരുത്തരും ഒരു കഥയാണ്, ജീവിച്ചിരിപ്പുളള ചരിത്രമാണ്. വിശ്വാസത്തിന്റെ, സഹനത്തിന്റെ, ത്യാഗത്തിന്റെ ചരിത്രം. അവരുടെ ഹൃദയങ്ങളില്‍ തെളിഞ്ഞ വിശ്വാസത്തിന്റെ ജ്വാല, അതൊരു സമൂഹത്തിന്റെ പ്രകാശമായി മാറിയ ചരിത്രം. ഈ പ്രാരംഭ വിശ്വാസികള്‍ പിന്നീട് തന്റെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി മക്കയില്‍ നിന്നും പാലയനം ചെയ്തിട്ടുണ്ട്, പീഡനങ്ങള്‍ സഹിച്ചിട്ടുണണ്ട്, യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, ഇസ്‌ലാമിക സമൂഹത്തിന്റെ തൂണുകളായി മാറിയിട്ടുണ്ട്. മഹത്തായ ചരിത്രങ്ങള്‍ കൊട്ടാരങ്ങളിലല്ല ജനിക്കുന്നത്; മറിച്ച് ശബ്ദരഹിതമായ നിമിഷങ്ങളിലാണ് അതിന്റെയൊക്കെ തുടക്കം. ഒരു ചെറിയ വീട്, ചില വിശ്വസ്ത ഹൃദയങ്ങള്‍, സത്യത്തിന്റെ ഒരു സന്ദേശം, അവിടെ നിന്നാണ് നവോത്ഥാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മാറ്റം ആദ്യം മനുഷ്യന്റെ ഉള്ളിലാണ് ജനിക്കുന്നത്; പിന്നീട് അത് ലോകത്തിന്റെ ദിശ തന്നെ മാറ്റി എടുത്തു എന്ന് വരും. ഈ രൂപത്തിലായിരുന്നു തുടക്കത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം മക്കയില്‍ ശബ്ദമില്ലാതെ വ്യാപിച്ചുകൊണ്ടിരുന്നത്. ജനങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് ദരിദ്രരായ ആളുകള്‍, സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരായ ആളുകള്‍, അവര്‍ ഇസ്ലാമിലേക്ക് അതിവേഗത്തില്‍ ആകര്‍ഷിക്കപ്പെട്ടു. അതൊരു സാമൂഹിക പ്രതിഭാസമായി മാറി. നീതിയും ഏകദൈവവിശ്വാസവും അവരുടെ ഹൃദയങ്ങളിരല്‍ പ്രത്യാശ നല്‍കി. ഈ ഒരു നിര്‍ണായക ഘട്ടത്തില്‍ പ്രവാചകന്റെ ക്ഷണത്തിന് ഹൃദയം തുറന്ന് മറുപടി നല്‍കിയ മഹത്തായ വ്യക്തികള്‍ അനേകമുണ്ടായിരുന്നു. ചരിത്രത്തില് അവര്‍ വെറും പേരുകളായല്ല അറിയപ്പെടുന്നത്; വിശ്വാസത്തിനായി ജീവിതം മാറ്റിയ ധീര ഹൃദയങ്ങളാണ് അവര്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുളളത്.
മുഹമ്മദ് നബിﷺയുടെ രഹസ്യ പ്രബോധനത്തിന്റെ ഈ ഒരു ഘട്ടത്തില്‍ ഏകദേശം എഴുപതോളം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്, സമൂഹത്തിലെ മാന്യന്‍മാരും സമ്പന്നരുമുണ്ട്, അടിമകളും ദുര്‍ബലരുമുണ്ട്. അവരെ പരസ്പരം കോര്‍ത്തിണക്കികൊണ്ട് ഹൃദയങ്ങളുടെ ഒരു പ്രസ്ഥാനമുണ്ടാക്കാന്‍ മുഹമ്മദ് നബിﷺക്ക് സാധിച്ചു. അങ്ങനെ അവരിലൂടെ മക്കയില്‍ ഇസ്‍ലാം വളറെ നിശബ്ദായി വ്യാപിച്ചു. മാത്രമല്ല, മക്കക്ക് പുറത്തുള്ള ചില പ്രദേശങ്ങളിലും ഈ വാര്‍ത്ത പരക്കെ പരന്നുകൊണ്ടിരുന്നു. ഇവിടെ എടുത്തുപറയേണ്ട ഏറ്റവു മാതൃകാപരമായ കാര്യം, ഇസ്‌ലാമിന്റെ പ്രചരണവുമായി ബന്ധപ്പെട്ട അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ, യജമാനനും അടിമയും ഒരേ നിരയില്‍ പരസ്പര സാഹോദര്യത്തോടുകൂടി നിലകൊണ്ടു. സമ്പന്നനും ദരിദ്രനും ഒരേ രൂപത്തില്‍ അല്ലാഹുവിനെ ആരാധിക്കാന്‍ തുടങ്ങി. സ്ത്രീകളും പുരുഷന്മാരും ഒരേ വിശ്വാസത്തില്‍ ഒന്നിക്കുന്നതായി ജനങ്ങള്‍ കണ്ടു. ഇതു തന്നെയാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ മനോഹരിത. ഈ ഒരു മാറ്റം ഏതെങ്കിലും തരത്തിലുളള ഒരു ശക്തികൊണ്ട് സംഭവിച്ചതല്ല, മറിച്ച് ഈ മാറ്റം വിശ്വാസത്താല്‍ അധിഷ്ഠതമായ ഉപദേശങ്ങളിലൂടെ സംഭവിച്ചതാണ്. ഈ ദൌത്യ നിര്‍വ്വഹണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സ്വഹാബിയാണ് അബൂബക്കര്‍ (റളിയല്ലാഹു അന്‍ഹു).
