വിധികൾ അറിയുന്നതിൽ സ്വഹാബത്തിന്‍റെ മാർഗ്ഗം
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 March 18, 26 Shaʻban, 1444 AH
അല്ലാഹുവിന്‍റെ ശരീഅത്ത് ജീവിതത്തിൽ നടപ്പിൽ വരുത്തുകയെന്ന ഭാരിച്ച ചുമതല ഏൽപ്പിച്ചുകൊണ്ടാണ് റസൂൽ صلى الله عليه وسلم സ്വഹാബത്തിനെ പിരിഞ്ഞ് കാലഗതി പ്രാപിച്ചത്. പിന്നീട് സ്വഹാബത്ത് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. അവയിൽ ചിലതിന്‍റെ വിധി ക്വുർആനിൽ നിന്നും ഹദീസിൽ നിന്നും അവർ ഗ്രഹിച്ചു. ഈ വിധം അവരിൽ എല്ലാവർക്കും ഒരുപോലെ അറിയുമായിരുന്നില്ല. മുമ്പില്ലാത്ത ചില പ്രശ്നങ്ങൾ ഉൽഭവിച്ചു. ക്വുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് ലഭിക്കുന്ന വിഷയങ്ങളിൽ സ്വഹാബത്ത് ആ നസ്സ്വിന്‍റെ വൃത്തത്തിൽ തന്നെ ഉറച്ചുനിന്നു. അതിന്‍റെ ശരിയായ വശം അറിയാൻ, നസ്സ്വിന്‍റെ ഉദ്ദേശമെന്തെന്ന് അറിയുന്നതിൽ പരിശ്രമത്തെ അവർ പരിമിതപ്പെടുത്തി. ഒരു നസ്സ്വ് തെളിവായി ലഭിച്ചില്ലെങ്കിൽ അവരുടെ ചിന്തയുടെ അടിസ്ഥാനത്തിലുള്ള (അഭിപ്രായത്തെ) അവർ ഉപയോഗപ്പെടുത്തി. നബി صلى الله عليه وسلم യോടൊപ്പം സഹവസിച്ചത് കൊണ്ടുണ്ടായ ശറഅ് കണ്ടെത്തുന്നതിനുള്ള കഴിവുകൊണ്ടും ശരീഅത്തിന്‍റെ അടിസ്ഥാനങ്ങളും രഹസ്യങ്ങളും അറിയുന്നതില്‍ ഊന്നിക്കൊണ്ടുമായിരുന്നു അവരുടെ ഇജ്തിഹാദ്. ചിലപ്പോൾ ഖിയാസ് ചെയ്തും മറ്റു ചിലപ്പോൾ പൊതുനന്മയ്ക്ക് അനുസൃതവുമായിട്ടായിരുന്നു അവർ തീരുമാനമെടുത്തിരുന്നത്. അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും رضي الله عنهما നസ്സ്വിൽ നിന്ന് അവർക്ക് തെളിവെടുക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടായാൽ വളരെ കൂടുതൽ കൂടിയാലോചന നടത്തുന്നവരായിരുന്നു. മതവിധികൾ കണ്ടെത്തുന്നതിന് സ്വഹാബത്തിന്‍റെ മൻഹജ് എങ്ങിനെയായിരുന്നുവെന്ന് ഇബ്നു ഖയ്യിം رحمه الله വിവരിക്കുന്നതിങ്ങിനെയാണ്:
അബൂബക്കർ رضي الله عنه വിന്‍റെയടുക്കൽ ഒരു പ്രശ്നം വന്നാൽ അദ്ദേഹം അല്ലാഹുവിന്‍റെ കിത്താബിൽ നോക്കും. തീരുമാനമെടുക്കേണ്ട വിധി അതിൽ കണ്ടെത്തിയാൽ അതുപ്രകാരം തീരുമാനിക്കും. അല്ലാഹുവിന്‍റെ കിത്താബിൽ കണ്ടില്ലെങ്കിൽ റസൂൽ صلى الله عليه وسلم യുടെ സുന്നത്തിൽ നോക്കും. വിധി അതിൽ കണ്ടെത്തിയാൽ അതുപ്രകാരം വിധിക്കും. അതു രണ്ടും അദ്ദേഹത്തെ ക്ഷീണിപ്പിച്ചാൽ (തെളിവ് ലഭിക്കാതിരുന്നാൽ) ജനങ്ങളോട് ചോദിക്കും. ഇത്തരം വിഷയങ്ങളിൽ നബി صلى الله عليه وسلم എന്ത് തീരുമാനമെടുത്തുവെന്ന് നിങ്ങൾക്കാർക്കെങ്കിലും അറിയാമോ? ചിലപ്പോൾ ആളുകൾ പറയും: നബി صلى الله عليه وسلم ഇന്നിന്ന പ്രകാരം വിധിച്ചിട്ടുണ്ട്. നബി صلى الله عليه وسلم യുടെ ചര്യയിലൊന്നും കാണാതിരുന്നാൽ ജനനേതാക്കളെ ഒരുമിച്ചു കൂട്ടി അവരുമായി കൂടിയാലോചിക്കും . അങ്ങിനെ അവർ ഒരു അഭിപ്രായത്തിൽ യോജിപ്പിലെത്തിയാൽ അതുപ്രകാരം വിധിക്കും. ഇങ്ങിനെത്തന്നെയായിരുന്നു ഉമർ رضي الله عنه വും ചെയ്തിരുന്നത്. ക്വുർആനിലും സുന്നത്തിലും കാണാതെ വിഷമിച്ചാൽ അദ്ദേഹം ചോദിക്കും, അബൂബക്കർ رضي الله عنه ഏതെങ്കിലും വിധി നടത്തിയതായി നിങ്ങൾക്ക് അറിയാമോ? അബൂബക്കർ رضي الله عنه വിധി നടത്തിയിട്ടുണ്ടെന്നറിഞ്ഞാൽ അതുപ്രകാരം വിധിക്കും. ഇല്ലെങ്കിൽ ജനങ്ങളെ ഒരുമിച്ചു കൂട്ടി അവരുമായി കൂടിയാലോചിക്കും. അങ്ങിനെ അവർ ഏകോപിച്ച് ഒരു തീരുമാനത്തിലെത്തിയാൽ അതുപ്രകാരം വിധിക്കും .
ഇതാണ് സ്വഹാബത്തിന്‍റെ നയമെന്ന് ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് رضي الله عنهم എന്നിവരിൽ നിന്നും മറ്റുമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഉമര്‍ رضي الله عنه അദ്ദേഹത്തിന്‍റെ ഖാളിയായ ശുറൈഹിനോട് ഇങ്ങിനെ ഉപദേശിക്കുകയുണ്ടായി, താങ്കള്‍ അല്ലാഹുവിന്‍റെ കിതാബില്‍ ആദ്യമായി പരിശോധിക്കുക. അതിലുണ്ടെന്ന് വ്യക്തമായാൽ പിന്നെ ആരോടും ചോദിക്കരുത്. ക്വുർആനിൽ നിന്ന് വ്യക്തമായില്ലെങ്കിൽ നബിചര്യയിൽ പരിശോധിക്കുക. സുന്നത്തിലും വ്യക്തമായില്ലെങ്കിൽ താങ്കളുടെ ബുദ്ധികൊണ്ട് ഇജ്തിഹാദ് ചെയ്യുക.
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله