ക്വബ്റുകള്‍ക്കിടയില്‍ ചെരുപ്പ് ധരിച്ച് നടക്കല്‍
ജമാല്‍ ആറ്റിങ്ങല്‍
Last Update 2023 July 02, 14 Dhuʻl-Hijjah, 1444 AH
മയ്യിത്ത് മാറമാടുന്നതിനും ക്വബ്ര്‍ സന്ദര്‍ശിക്കുന്നതിനും സാധാരണയായി പാദരക്ഷ ധരിച്ചു കൊണ്ടാണ് ആളുകൾ ക്വബ്റുസ്ഥാനില്‍ പ്രവേശിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീസും പണ്ഡിതാഭിപ്രായങ്ങളും പലപ്പോഴും പരിഗണിക്കപ്പെടുന്നത് കാണാറില്ല.
ഇമാം ഇബ്നു ഖുദാമ അൽ മഖ്ദിസി തന്റെ മുഗ്നിയിൽ (2/224) പറയുന്നു:
“ക്വബ്റുകള്‍ക്കരികില്‍ പ്രവേശിക്കുമ്പോൾ ചെരുപ്പ് ഊരി വെക്കണം, അത് സുന്നത്താണ്, ബഷീർ ഇബ്നു ഖസാസിയ്യ (റളിയല്ലാഹു അന്‍ഹു) നിവേദനം: ഞാൻ റസൂൽ (സ്വല്ലല്ലാഹു അലൈഹിവസ്സലം) യുടെ കൂടെ നടക്കുമ്പോൾ ഒരാൾ ക്വബ്റുകള്‍ക്കരികിലൂടെ നടക്കുന്നത് കണ്ടു, അയാൾ ചെരുപ്പ് ധരിച്ചിട്ടുണ്ട്. അപ്പോൾ റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: ഹേയ് രണ്ട് ചെരിപ്പുകളുള്ളവനേ! നിന്‍റെ ചെരുപ്പുകള്‍ അഴിച്ചുവെക്കൂ. അന്നേരം ആ മനുഷ്യന്‍ തിരിഞ്ഞുനോക്കി. അത് റസൂലാണെന്ന് മനസ്സിലായപ്പോൾ ചെരുപ്പുകൾ അദ്ദേഹം അഴിക്കുകയും അത് രണ്ടും എറിഞ്ഞു കളയുകയും ചെയ്തു.” (അബു ദാവൂദ്)
ശൈഖ് സ്വാലിഹുൽ ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
“ക്വബ്റുകൾക്കിടയിൽ ചെരുപ്പ് ധരിച്ചു നടക്കൽ സുന്നത്തിനെതിരാണ്, ഒരാൾക്കു ഏറ്റവും ശ്രേഷ്ഠമായിട്ടുളളത് ക്വബ്റുകൾക്കിടയിൽ നടക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കലാണ്. ആവശ്യമുണ്ടെങ്കിലല്ലാതെ ചെരുപ്പ് ധരിക്കാൻ പാടില്ല,
അഥവാ ക്വബ്റുസ്ഥാനില്‍ മുള്ളുകൾ ഉണ്ടാവുക, കടുത്ത ചൂടുണ്ടാവുക, കാലിനു പരിക്ക് പറ്റുന്ന തരത്തിലുളള കല്ലുകള്‍ ഉണ്ടാവുക എന്നിങ്ങനെയുളള അവസ്ഥയാണെങ്കിൽ അത് ധരിക്കുന്നതിൽ കുഴപ്പമില്ല, അവനു പാദരക്ഷ ധരിച്ച് ക്വബ്റുകൾക്കിടയിലൂടെ നടക്കാവുന്നതാണ്.” (മജ്മൂഉൽ ഫതാവ ഇബ്നു ഉഥൈമിന്‍ 17/202)
ഈ വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) നൽകിയ മറുപടിയും സമാനമായതാണ്. അദ്ദേഹം പറഞ്ഞു:
നബി (സ്വല്ലല്ലാഹു അലൈഹിവസ്സലം)യില്‍ നിന്നും ഹദീസ് വന്നിരിക്കുന്നു, ക്വബ്റുകൾക്കിടയിലൂടെ ചെരുപ്പ് ധരിച്ചു നടന്ന ഒരാളെ നബി(സ്വല്ലല്ലാഹു അലൈഹിവസ്സല്ലം) കണ്ടു, അയാളോട് അത് അഴിച്ചു വെക്കാൻ നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) കല്‍പിച്ചുകൊണ്ട് പറഞ്ഞു: "ഹേയ് രണ്ട് ചെരുപ്പുകളുള്ളവനേ! നിന്‍റെ ചെരുപ്പുകള്‍ അഴിച്ചുവെക്കൂ...". ഈ ഹദീസിൽ നിന്ന് ക്വബ്റുകൾക്കിടയിലൂടെ ചെരുപ്പ് ധരിച്ചു നടക്കൽ വെറുക്കപ്പെട്ടതാണെന്ന് ഉലമാക്കൾ തെളിവ് പിടിച്ചിരിക്കുന്നു. ക്വബ്റുസ്ഥാനില്‍ മുള്ളുകളുണ്ടാവുക, കഠിനമായ ചൂടുണ്ടാവുക തുടങ്ങിയ അവസ്ഥയില്‍ അത്യാവശ്യമായി വന്നാല്‍ അത് ധരിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ കാരണം കൂടാതെ ചെരിപ്പ് ധരിച്ചു നടക്കുന്നത് വെറുക്കപ്പെട്ടതാണ്.
ക്വബ്റിനു മുകളിൽ ഇരിക്കുന്നതും അതിനു മുകളിൽ ചവിട്ടുന്നതും അതിനെ (തലയിണയാക്കി) വിശ്രമിക്കുന്നതും വെറുക്കപ്പെട്ടത് പോലെ. ഈ പറഞ്ഞതൊന്നും അനുവദനീയമല്ല. (ശൈഖ് ഇബ്നു ബാസ്, ഫതാവാ നൂറുന്‍ അലദ്ദര്‍ബ്)
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ക്വബ്റുസ്ഥാനുകളും കല്ലും മുള്ളും നിറഞ്ഞ കാടുകളാണ്. അത്തരം സ്ഥലങ്ങളില്‍ കാലിന് പരിക്ക് പറ്റുമെന്ന് പേടിക്കുന്ന അവസ്ഥയില്‍ ഒരു വ്യക്തിക്ക് ചെരുപ്പ് ധരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ചെരുപ്പ് ധരിക്കാതെ നടക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളിൽ ചെരുപ്പ് അഴിച്ചുവെച്ച് അവിടുങ്ങളിലേക്ക് പ്രവേശിക്കലാണ് സുന്നത്ത്.
അല്ലാഹു അഅ്‍ലം
അവലംബം: islamqa