കബറിങ്കൽ പോയി മയ്യിത്ത് നമസ്കരിക്കാൻ കാല പരിധിയുണ്ടോ?
ജമാല്‍ ആറ്റിങ്ങല്‍
Last Update 2023 August 20, 18 Muharram, 1445 AH
നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ മരണപ്പെടുകയും അവരുടെ മയ്യിത്ത് നമസ്കാരത്തിന് എത്തിച്ചേരാൻ വൈകുകയും ചെയ്‌താൽ നമുക്ക് അവരുടെ ജനാസ മറമാടിയ കബറിങ്കൽ പോയി മയ്യിത്ത് നമസ്കരിക്കാം..
ഇതിനുള്ള തെളിവ് റസൂലി(സ്വല്ലല്ലാഹു അലൈഹിവസല്ലം)ന്‍റെ കാലത്ത് മദീന പള്ളി അടിച്ചുവാരിയിരുന്ന സ്ത്രീ മരണപെട്ടപ്പോൾ രാത്രി തന്നെ സ്വാഹാബാക്കൾ അവര്‍ക്കുവേണ്ടി മയ്യിത്ത് നമസ്കരിക്കുകയും മറമാടുകയും ചെയ്തു. ശേഷം രാവിലെയാണ് റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ വിവരം അറിയുന്നത്. ഉടനെ അവിടുന്ന് അവരുടെ ഖബർ കാണിച്ചു തരാൻ സ്വാഹാബികളോട് ആവശ്യപ്പെടുകയും അവരുടെ കബറിങ്കൽ പോയി മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു. ഇതുപോലെയുളള വേറെയും സംഭവങ്ങൾ ഹദീസുകളിൽ കാണാം.
ഉമ്മു സഅദ് (റളിയല്ലാഹു അന്‍ഹ) മരണപ്പെട്ടപ്പോൾ റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്ഥലത്തിലായിരുന്നു ഒരു മാസം കഴിഞ്ഞു തിരിച്ചെത്തിയിട്ടാണ് അവിടുന്ന് അവരുടെ ഖബറിൽ പോയി നമസ്കരിച്ചത്.
ഈ വിഷയത്തിൽ നമുക്കുണ്ടാവുന്ന ഒരു സംശയമിതാണ്; എത്ര സമയം വരെ അല്ലങ്കിൽ എത്ര കാലം വരെ ഇങ്ങനെ നമസ്കരിക്കാം? ഉദാഹരണം, ഒരാളുടെ ബാപ്പ മരണപ്പെടുമ്പോൾ അയാൾ ഗൾഫിലായിരുന്നു അയാൾ ഒരു വർഷം കഴിഞ്ഞു നാട്ടിൽ വന്നാൽ അയാൾക്ക് ബാപ്പയുടെ ഖബറിൽ പോയി മയ്യിത്ത് നമസ്കരിക്കാന്‍ ദീനില്‍ അനുവാദമുണ്ടോ?
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വിത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒരു കൂട്ടം പണ്ഡിതന്മാർ 3 ദിവസം വരെ ഇപ്രകാരം നമസ്കരിക്കാം എന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ ഒരു മാസം എന്നും പറയുന്നു. അതിനു തെളിവായി പറയുന്നത് ഉമ്മു സഅദി(റളിയല്ലാഹു അന്‍ഹ)ന്‍റെ കബറിങ്കൽ പോയി റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമസ്കരിച്ചത് ഒരു മാസം കഴിഞ്ഞായിരുന്നു എന്നാണ്. ഇമാം അഹ്‍മദ് ബിൻ ഹമ്പൽ (റഹിമഹുല്ലാഹ്),ശൈഖുല്‍ ഇസ്‍ലാം ഇബ്നുതൈമിയ (റഹിമഹുല്ലാഹ്), ഇബ്നു ഖുദാമ (റഹിമഹുല്ലാഹ്) തുടങ്ങിയവർ ഒരു മാസം വരെ നമസ്കരിക്കാം എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുളളത്.
ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ട പണ്ഡിതൻ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) അദ്ദേഹത്തിന്‍റെ ഫതാവയിൽ പറയുന്ന അഭിപ്രായം ഇങ്ങനെയാണ്:
“ഒരാൾക്ക് എത്തിപ്പെടാൻ കഴിയാത്ത കാരണം മയ്യിത്ത് നമസ്കാരം നഷ്ടപെട്ടാൽ, അവനു സാധിക്കുമെങ്കിൽ കബറിന്‍റെ അരികിൽ പോയി നമസ്കരിക്കൽ സുന്നത്താണ്. റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പലവട്ടം അപ്രകാരം ചെയ്തിട്ടുണ്ട്. ഉമ്മു സഅദിന്‍റെ മയ്യിത്ത് നമസ്കാരം ഒരു മാസത്തിനു ശേഷമാണ് റസൂൽ (സ്വല്ലല്ലാഹു അലൈഹവിസല്ലം) നിർവഹിച്ചത്! ഉലമാക്കൾ പറഞ്ഞിട്ടുള്ളത്, ഒരു മാസമോ അതിനടുത്തോ അതിൽ കുറവോ ആണെങ്കിലാണ് ഇങ്ങനെ നമസ്കരിക്കുന്നതില്‍ വിരോധമില്ലാത്തത്. (മരണം സംഭവിച്ചിട്ട്) ദീർഘകാലം ആയിട്ടുണ്ടെങ്കിൽ അതിന്‍റെ ആവശ്യമില്ല. കാരണം റസൂൽ അങ്ങിനെ ദീർഘകാലം കഴിഞ്ഞതിനു ശേഷം പരേതന് വേണ്ടി നമസ്കരിച്ചിട്ടില്ല. ഒരു മാസമോ അതിൽ കുറവോ ഉള്ളപ്പോൾ മാത്രമാണ് അവിടുന്ന് അങ്ങിനെ നമസ്കരിച്ചിട്ടുള്ളത്. മറമാടി ദീർഘകാലമായെങ്കിൽ മയ്യിത്തിനടുത്ത് ഇല്ലാതിരുന്ന വ്യക്തിക്ക് അങ്ങിനെ കബറിനടുത്ത് നമസ്കരിക്കല്‍ ശറആക്കപ്പെട്ടിട്ടില്ല.” ( മജ്മൂഉൽ ഫതാവ)
മറ്റൊരു അഭിപ്രായം പണ്ഡിതന്‍മാരുടേതായുളളത് അങ്ങിനെ കബറിങ്കൽ പോയി മയ്യിത്ത് നമസ്കരിക്കാൻ കാല പരിധി ഇല്ല എന്നാണ്. കാരണം, റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു മാസം കഴിഞ്ഞു നമസ്കരിച്ചു എന്നത് ശരി തന്നെയാണ്. പക്ഷെ, അങ്ങിനെ ഒരു മാസത്തിനു ശേഷം നമസ്കരിക്കാൻ പാടില്ല എന്ന് ആ സംഭവത്തിൽ നിന്ന് തെളിവ് പിടിക്കാൻ കഴിയുകയില്ല, ഒരു മാസം എന്നത് നിജപ്പെടുത്താൻ അതില്‍ തെളിവില്ല എന്നാണ് അവരുടെ അഭിപ്രായം.
ഇനി, മരണപ്പെട്ടയാള്‍ മരിക്കുന്ന സമയത്ത് പിന്നീട് നമസ്കരിക്കുന്ന വ്യക്തി വകതിരിവുള്ള മുസ്‍ലിമായ ആളായിരുന്നിരിക്കണം എന്ന് ഒരു ശർത്ത് ഈ വിഷയത്തിലുണ്ട് എന്നാണ് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്.
ശൈഖ് സ്വാലിഹുൽ ഉഥൈമീൻ (റഹിമഹുല്ലാഹ് ) ഇക്കാര്യം വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
“ഏറ്റവും ശെരിയായിട്ടുള്ളത് ഒരു മാസത്തത്തിന് ശേഷമായാലും നമുക്ക് നമസ്കരിക്കാം എന്നതാണ്. ചില ഉലമാക്കൾ അതിൽ നല്ലതായ ഏതാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മറവ് ചെയ്യപ്പെട്ട വ്യക്തി മരണപ്പെടുന്ന സമയത്ത് ഇപ്പോൾ നമസ്കരിക്കുന്ന വ്യക്തി അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കരിക്കാന്‍ യോഗ്യത ഉളള ആളായിരിക്കണം. അതിനു ഉദാഹരണമാണ്, ഒരാൾ ഇരുപത് കൊല്ലം മുമ്പ് മരപ്പെടുന്നു, 30 വയസ്സുള്ള ഒരാൾ ആ മയ്യിത്ത് നമസ്കരിക്കാൻ പോകുന്നു. അത് ശെരിയാണ് കാരണം മരിക്കുമ്പോൾ ഇപ്പോൾ നമസ്കരിക്കുന്ന ആൾക്ക് 10 വയസ്സുണ്ടാവും, അത് മയ്യിത്ത് നമസ്കാരം സ്വീകാര്യമാവാനുള്ള പ്രായമാണ്.
മറ്റൊരു ഉദാഹരണം: ഒരാൾ മുപ്പത് കൊല്ലം മുമ്പേ മരണപ്പെടുന്നു, ഇപ്പോൾ ഇരുപത് വയസ്സുള്ള ഒരാൾ അയാൾക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാൻ പുറപ്പെടുന്നു എങ്കിൽ അത് സ്വഹീഹല്ല. കാരണം, പരേതൻ മരണപ്പെടുമ്പോൾ ഇയാൾ ജീവിച്ചിരിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇയാൾ ആ മയ്യിത്തിന്‍റെ മേൽ നമസ്കാരം ബാധ്യതയുണ്ടായിരുന്ന ആളല്ല. അത് കൊണ്ടാണ് നമുക്ക് റസൂലിന്‍റെ ഖബറിൽ പോയി നമസ്കരിക്കൽ ശറആക്കപ്പെടാത്തത്. റസൂലിന്‍റെ (സ്വല്ലല്ലാഹു അലൈഹവിസല്ലം) കബറിനരികിലോ സ്വാഹാബത്തിന്‍റെ ഖബറിനരികിലോ പോയി നമസ്കരിക്കാമെന്ന് പറയുന്ന ഒരാളെയും നമുക്കറിയില്ല. മറിച്ച് അവരുടെ ഖബറിങ്കൽ നിന്നു അവര്‍ക്കുവേണ്ടി ദുആ ചെയ്യുകയാണ് വേണ്ടത്.” (അശ്ശറഹുല്‍ മുമ്തിഅ 5/436)
ലജ്നത്തുദ്ദാഇമയിലെ പണ്ഡിതന്മാർ എല്ലാ അഭിപ്രായങ്ങളും വിവരിച്ച ശേഷം ഈ അഭിപ്രായമാണ് കൂടുതൽ ശരിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
ചുരുക്കത്തിൽ നമുക്ക് മനസ്സിലാക്കാനുള്ള കാര്യങ്ങൾ
1. മയ്യിത്ത് നമസ്കരിക്കാൻ സാധിക്കാതിരുന്ന ഒരാൾക്ക് മരിച്ച ആളുടെ ഖബറിങ്കൽ പോയി മയ്യിത്ത് നമസ്കരിക്കൽ അനുവദനീയമാണ്.
2. ഒരു മാസം വരെ അങ്ങിനെ നമസ്കരിക്കാം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏറെ കുറെ അഭിപ്രായ ഐക്യമാണ് .
3. ഒരു മാസം കഴിഞ്ഞാലും നമസ്കരിക്കാമോ എന്ന വിഷയത്തിൽ മാത്രമാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത്. അതാകട്ടെ ഒരു ഇജ്തിഹാദിയായ വിഷയമാണ് താനും.
അല്ലാഹു അഅ്‍ലം
അവലംബം: islamqa