പുരുഷന്‍മാര്‍ക്ക് സ്വര്‍ണ്ണം നിരോധിച്ചതിലുള്ള യുക്തി
തയ്യാറാക്കിയത്: ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹി), വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സാദിക് മദീനി
Last Update 2018 October 31, 1440 Safar 22
ചോദ്യം: പുരുഷന്‍മാര്‍ക്ക് സ്വര്‍ണം നിരോധിച്ചതിലുള്ള യുക്തിയെന്താണ്?
ഉത്തരം: ഈ ചോദ്യം ചോദിച്ച വ്യക്തിയും, ഈ ചോദ്യത്തിനുള്ള ഉത്തരം വായിക്കുന്നവരും മനസിലാക്കേണ്ട കാര്യം ശരീഅത്തിലെ ഓരോ വിധികളുടെയും കാരണം താഴെ വരുന്ന അല്ലാഹുവിന്‍റെ വചനമാണെന്ന് ഓരോ മുസ്ലിമും മനസിലാക്കേണ്ടതുണ്ട്.
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്: 36)
ഇസ്ലാമിക ശരീത്തിന്‍റെ ഏതെങ്കിലും നിര്‍ബ്ബന്ധ കാര്യങ്ങളുടെയോ, വിരോധിച്ച കാര്യങ്ങളുടെയോ യുക്തി ഖുര്‍ആനും തിരുസുന്നത്തുമാണ്. ഏതൊരു വിശ്വാസിക്കും ഈ കാരണം മതി, അത്കൊണ്ടാണ് ആയിശാ(റ)യോട് ആര്‍ത്തവമുള്ള സത്രീകള്‍ നോമ്പ് ക്വളാഅ് വീട്ടണം എന്നാല്‍ നമസ്കാരം ക്വളാഅ് വിട്ടേണ്ടതില്ല, അതിന്‍റെ കാരണമെന്താണ് എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായത്:
ഞങ്ങള്‍ക്കത് (ആര്‍ത്തവം) ഉണ്ടാകാറുണ്ട്, അപ്പോള്‍ നോമ്പ് ക്വളാഅ് വീട്ടാന്‍ കല്‍പിക്കുകയും, നമസ്കാരം ക്വളാഅ് വീട്ടാന്‍ ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നുമില്ല) (ബുഖാരി, മുസ്ലിം).
അത്കൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് ഒരു കാര്യം വ്യക്തമാക്കി കഴിഞ്ഞാല്‍ അത് സ്വീകരിക്കല്‍ ഓരോ വിശ്വാസിയുടെയും കടമയാണ്. എന്നാല്‍ അല്ലാഹു നിയമമാക്കിയതിലെ യുക്തി അന്വേഷിക്കുന്നതിന് പ്രശ്നമില്ല, കാരണം അതിലൂടെ മന:സമാധാനവും, ഇസ്ലാമിക ശരീഅത്തിന്‍റെ ഔന്നിത്യവും ബോധ്യപ്പെട്ടേക്കാം. എന്നാല്‍ എല്ലാ നിയമങ്ങളുടെയും യുക്തി നമുക്ക് കണ്ടെത്താന്‍ സാധിച്ചുവെന്ന് വരില്ല.
ചോദ്യത്തിന്‍റെ ഉത്തരമായി വ്യക്തമാക്കുവാനുള്ളത്: പുരുഷന്‍മാര്‍ സ്വര്‍ണം ധരിക്കുന്നത് നിഷിദ്ധമാണെന്നത് പ്രവാചകന്‍(ﷺ)യില്‍ നിന്ന് വ്യക്തമായി വന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വര്‍ണം ധരിക്കല്‍ അനുവദനീയമാണ്. സ്വര്‍ണമെന്ന് പറയുന്ന വസ്തു വിലപിടിപ്പുള്ളതാണ്, ഭംഗിക്കും, സൗന്ദര്യത്തിനും വേണ്ടി ധരിക്കുന്നതുമാണ്. പുരുഷന്‍ ഈ സംഗതിയില്‍ നിന്ന് ഒഴിവാണ്. പുരുഷന്‍ അവന്‍റെ പൗരുഷം കൊണ്ട് തന്നെ സൗന്ദര്യപരമായി പൂര്‍ണനാണ്. എന്നാല്‍ സ്ത്രീകള്‍ അപൂര്‍ണരാണ്. അതിനായി അവര്‍ക്ക് ഭംഗി കൂട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിലകൂടിയ ആഭരണങ്ങളും സ്വര്‍ണവും ധരിക്കാന്‍ അവള്‍ക്ക് അനുവാദം നല്‍കുകയും ചെയ്തിരിക്കുന്നു. തന്‍റെ ഇണയുടെ മുന്നില്‍ മാത്രം പ്രകടിപ്പിക്കേണ്ടതായ സ്ത്രീയുടെ സൗന്ദര്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുവാനായി അവള്‍ക്ക് സ്വര്‍ണം ഉപയോഗിക്കാവുന്നതാണ്. സ്ത്രീയുടെ വിശേഷണമായി അല്ലാഹു പറയുന്നു:
ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്?). (സുഖ്റുഫ്: 18)
ഇതാണ് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്ന കാരണവും, യുക്തിയും. ഈ അവസരത്തില്‍ ഒരു കാര്യം വളരെ പ്രാധാന്യത്തോടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു: മുസ്ലിം സമുദായത്തിലെ തന്നെ ചില പുരുഷന്‍മാര്‍ സ്വര്‍ണം ധരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയുമാണ് അവര്‍ ധിക്കരിച്ചിരിക്കുന്നത് എന്നവര്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ സ്ത്രീകളുടെ സ്വഭാവങ്ങളിലേക്കും, വിശേഷണങ്ങളിലേക്കും സ്വയം തരംതാഴ്ന്നിരിക്കുകയാണ്. അവര്‍ അവരുടെ ശരീരങ്ങളില്‍ നരകത്തില്‍ നിന്നുമുള്ള തീ കനലാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന ബോധം അവരെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതാണ് റസൂലുല്ലാഹ്(ﷺ) നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്കൊണ്ട്തന്നെ അങ്ങിനെയുള്ളവര്‍ അല്ലാഹുവിനോട് പശ്ചാതാപിക്കേണ്ടതുണ്ട്. അവര്‍ക്ക് അമിതവ്യയത്തിന്‍റെ പരിധിയില്‍ പെടാതെ വേണമെങ്കില്‍ വെള്ളിയോ, സ്വര്‍ണമല്ലാത്ത ലോഹങ്ങളോ ധരിക്കാവുന്നതാണ്.
അവലംബം: فتاوى أركان الإسلام