സുജൂദിലേക്ക് പോകുമ്പോൾ കൈകളാണോ കാൽമുട്ടുകളാണോ ആദ്യം വെക്കേണ്ടത്?
ജമാല്‍ ആറ്റിങ്ങല്‍
Last Update 2023 July 16, 28 Dhuʻl-Hijjah, 1444 AH
പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുളള വിഷയമാണിത്. ഇത്തരം (أمر واسع) വിശാലമായ വിഷയത്തില്‍ നമ്മൾ തർക്കിച്ചു ഭിന്നിക്കാനോ എതരിഭിപ്രായം സ്വീകരിച്ചവനെ വിമർശിക്കാനോ പാടില്ല എന്ന് പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നത്. നമസ്കാരത്തിൽ തന്നെ ഇങ്ങനെയുളള നിരവധി വിഷയങ്ങൾ കാണാം; ഇഅ്ത്തിദാലിലെ കൈ കെട്ടലും കൈ തൂക്കിയിടലും, അത്തഹിയാത്തിൽ വിരൽ അനക്കലും അനക്കാതിരിക്കലും, സുജൂദിലേക്ക് പോകുമ്പോൾ കൈകളും കാൽമുട്ടുകളും വെക്കുന്നത് തുടങ്ങിയവ ഉദാഹരണങ്ങള്‍.
സുജൂദിലേക്ക് പോകുമ്പോൾ ആദ്യം ഏതു ഭാഗം നിലത്ത് വെക്കണം എന്ന വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്ന്: സുജൂദിലേക്ക് പോകുമ്പോൾ കാല്‍മുട്ടുകളാണ് ആദ്യം വെക്കേണ്ടത്.
ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹമദ് ബിൻ ഹമ്പൽ, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ, ഇമാം ഇബ്നുൽ ഖയ്യിം (رحمهم الله) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. അതിനവർ തെളിവ് പിടിച്ച ഹദീസാണ് താഴെ:
വാഇൽ ബിൻ ഹുജർ (റളിയല്ലാഹു അന്‍ഹു) പറഞ്ഞു: “റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം ) സുജൂദ് ചെയ്തപ്പോൾ അദ്ദേഹത്തിന്‍റെ കാല്‍മുട്ടുകൾ കൈകൾക്ക് മുമ്പേ നിലത്ത് വെച്ചത് ഞാൻ കണ്ടു, സുജൂദിൽ നിന്ന് എഴുന്നേറ്റപ്പോൾ കാല്‍മുട്ടുകൾക്ക് മുമ്പേ കൈകൾ ഉയർത്തുകയും ചെയ്തു.” (അബൂദാവൂദ്, തിര്‍മിദി, നിസാഈ, ഇബ്നുമാജ, ദാറുഖുത്‍നി)
ഈ ഹദീസ് ദഈഫ് ആണെന്ന് അൽബാനി(റഹിമഹുല്ലാഹ്) വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇബ്നുൽ ഖയ്യിം (റഹിമഹുല്ലാഹ്) അടക്കമുള്ള മുൻഗാമികൾ തെളിവ് പിടിക്കുന്നു.
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്), ശൈഖ് ഉസൈമീൻ (റഹിമഹുല്ലാഹ്) തുടങ്ങിയ ആധുനികരായ പണ്ഡിതന്മാരും മുട്ടുകൾ ആദ്യം വെക്കണം എന്ന അഭിപ്രായം സ്വീകരിച്ചവരാണ്.
രണ്ട്: കാൽ മുട്ടുകൾക്ക് മുമ്പേ കൈകൾ വെക്കണം.
ഇമാം മാലിക്, ഇമാം ഔസാഇ തുടങ്ങിയ പണ്ഡിതന്മാർ (رحمهم الله) ഈ അഭിപ്രായം സ്വീകരിച്ചവരാണ്. അവർക്കുള്ള തെളിവ് ഈ ഹദീഥാണ്:
അബുഹുറൈറ(റളിയല്ലാഹു അന്‍ഹു)യിൽ നിന്നും നിവേദനം, റസൂൽ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും സുജൂദ് ചെയ്യുകയാണെങ്കിൽ ഒട്ടകം മുട്ട് കുത്തുന്നത് പോലെ മുട്ട് കുത്തരുത്, അവൻ കൈകൾ മുട്ടുകൾക്ക് മുൻപ് നിലത്തു വെക്കട്ടെ.” (അഹ്‍മദ്, അബൂദാവൂദ്, തിര്‍മിദി, നസാഈ)
ആധുനിക പണ്ഡിതരില്‍പ്പെട്ട ശൈഖ് അൽബാനി (റഹിമഹുല്ലാഹ്) ഈ ഹദീസ് ആണ് തെളിവായി തന്‍റെ സ്വിഫതു സ്വലാത്ത് എന്ന ഗ്രന്ഥത്തിൽ കൊടുത്തിട്ടുള്ളത്. അദ്ദേഹം ആദ്യം കൈകൾ വെക്കണം എന്ന അഭിപ്രായക്കാരനാണ്.
അപ്പോൾ സ്വഭാവികമായും ഈ ഹദീസ് വ്യക്തമല്ലേ എന്ന ഒരു സംശയമുണ്ടാകും. പിന്നെ എന്ത് കൊണ്ട് ആദ്യം പറഞ്ഞ അഭിപ്രായം സ്വീകരിച്ച ഭൂരിപക്ഷം പണ്ഡിതന്മാരും ഈ ഹദീസ് തെളിവ് പിടിക്കുന്നില്ല അല്ലങ്കിൽ ഈ ഹദീസിനെ കുറിച്ച് അവരുടെ അഭിപ്രായം എന്താണ്?
ഈ ഹദീസ് വിശദീകരിക്കുന്നിടത്താണ് പണ്ഡിതന്മാർ അഭിപ്രായ വിത്യസത്തിലായത്. ആദ്യത്തെ അഭിപ്രായക്കാർ പറയുന്നത്, ഒട്ടകം ചെയ്യുന്ന പോലെ ചെയ്യരുത് എന്നാണല്ലോ, ഒട്ടകം ആദ്യം കൈകൾ ആണ് കുത്തുന്നത് അത് കൊണ്ട് സുജൂദിൽ പോകുമ്പോൾ കൈകൾ അല്ല കാൽ മുട്ടുകൾ ആണ് ആദ്യം വെക്കേണ്ടത്. ഹദീസിന്‍റെ ബാക്കി, കൈകൾ കാൽമുട്ടുകൾക്ക് മുമ്പ് നിലത്തു വെക്കട്ടെ എന്ന ഭാഗം റാവിക്ക് മാറിപ്പോയതാണു ( إنقلاب) കൈകൾക്ക് മുമ്പ് കാൽമുട്ടുകൾ നിലത്തു വെക്കട്ടെ എന്നാണ് ശരി എന്നും അവർ അഭിപ്രായപ്പെടുന്നു. വാഇലുബിനു ഹജറി(റലിയല്ലാഹു അന്‍ഹു)ന്‍റെ ഹദീസും ഇതിനോട് ചേർത്ത് വായിക്കുമ്പോൾ അവരുടെ അഭിപ്രായം ബലപ്പെടുന്നു. ഈ വിഷയം ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) വളരെ വിശദമായി വിവരിക്കുന്നുണ്ട്. ഭൂരിപക്ഷം ഉലമാക്കളും സ്വീകരിച്ച നിലപാട് കാൽമുട്ടുകൾ ആദ്യം വെക്കുക എന്നതാണ്. രണ്ടാമത്തെ അഭിപ്രായക്കാരാവട്ടെ, ഹദീസിൽ വന്നതിനെ അതേ പോലെ സ്വീകരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഈ വിഷയം ഇജ്തിഹാദിയായ ഒരു വിഷയമാണ്. രണ്ട് അഭിപ്രായത്തിനും തെളിവുകൾ ഉണ്ട്, അത് കൊണ്ട് ഏത് അഭിപ്രായം സ്വീകരിച്ചാലും എതിരഭിപ്രായം സ്വീകരിച്ചവരെ അതിന്‍റെ പേരില്‍ ആക്ഷേപിക്കാന്‍ പാടില്ലാത്തതാകുന്നു.
ഈ വിഷയത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റഹിമഹുല്ലാഹ്)യുടെ താഴെ പറയുന്ന അഭിപ്രായം ഏറെ പ്രസക്തമാണ്:
“ഈ രണ്ട് രൂപത്തിൽ എങ്ങിനെ നമസ്കരിക്കുന്നതും അനുവദനീയമാണെന്നത് ഉലമാക്കളുടെ ഏകോപിച്ച അഭിപ്രായമാണ്. നമസ്കരിക്കുന്നവൻ അവൻ ഉദ്ദേശിച്ചാൽ കൈകൾക്ക് മുൻപ് കാൽമുട്ടുകൾ വെക്കട്ടെ, അല്ലെങ്കിൽ കാൽമുട്ടുകൾക്ക് മൂമ്പ് കൈകൾ വെക്കട്ടെ, രണ്ടായാലും നമസ്കാരം സ്വഹീഹാകുമെന്നത് ഉലമാക്കള്‍ക്കിടയില്‍ ഇത്തിഫാഖ് ഉള്ള വിഷയമാണ്. ഏതാണ് അഫ്ദൽ (ശ്രേഷ്ഠത) എന്ന കാര്യത്തിലാണ് അവർക്ക് അഭിപ്രായ വിത്യാസമുള്ളത്.” (മജ്മൂഉൽ ഫത്താവ 22/449)
അല്ലാഹു അഅ്‍ലം.
അവലംബം: islamqa