നബി(സ്വ)യുടെ കാലത്തെ തശ്‍രീഇന്‍റെ ഉറവിടങ്ങൾ

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 March 07, 15 Shaʻ-ban, 1444 AH

(ഒന്ന്) വിശുദ്ധ ക്വുർആൻ

ഇസ്ലാമിക ശരീഅത്തിന്‍റെ പ്രഥമ ഉറവിടം വിശുദ്ധ ക്വുർആനാണ്. ക്വുർആൻ അല്ലാഹുവിന്‍റെ വചന(കലാ)മാണ്. അല്ലാഹുവിന്‍റെ ദൂതനും അടിമയുമായ മുഹമ്മദിന്‍റെ മനസ്സിലേക്ക് അതിറങ്ങി. അതിന്‍റെ പദത്തിൽ അമാനുഷികത്വമുണ്ട്. അത് പാരായണം ചെയ്ത് ജനങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നു. ഇന്ന് ക്വുർആൻ ഒരു ഗ്രന്ഥത്തിലായി പ്രിന്‍റ് ചെയ്യപ്പെടുന്നു. സാധാരണ കടലാസിൽ അത് അഞ്ഞൂറോളം പേജു വരും. ഓരോ പേജിലും പതിനഞ്ചു വരി ഉണ്ടാകാം. 114 അധ്യായങ്ങളായി അത് വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചു വരിയിലൊതുങ്ങുന്ന സൂറ: ഫാത്വിഹക്ക് ശേഷം സൂറത്തുകള്‍ അതിന്‍റെ ക്രമപ്രകാരം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ ദീർഘമായ അധ്യായങ്ങളാണ്; പിന്നെ ചെറു അധ്യായങ്ങൾ, ചിലത് ഒരു വരിയേ ഉള്ളൂ. ഇന്ന് നമ്മുടെ കൈവശമുള്ള മുസ്ഹഫ്, പുള്ളി, അകാര, ഇകാര, ഉകാര അടയാളങ്ങൾ എല്ലാം ഇട്ട് വായിക്കാൻ സൗകര്യത്തിനാണുള്ളത്. പ്രവാചകന്‍റെ കാലത്ത് ആ വിധത്തിലായിരുന്നില്ല മുസ്ഹഫ്. എങ്കിലും പ്രവാചകന്‍ പറഞ്ഞുകൊടുത്തതു പ്രകാരമാണ് സഹാബികൾ ക്വുർആൻ എഴുതിയത്. പക്ഷേ ഈ രൂപത്തിലല്ല എഴുതിയതെന്ന് മാത്രം. അതായത് ക്വുർആൻ ഉപരിലോകത്തുനിന്ന് ഇറങ്ങിയത് ഘട്ടംഘട്ടമായിട്ടായിരുന്നു.

وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلًا

“നിങ്ങൾക്ക് സാവകാശത്തിൽ ഓതിക്കൊടുക്കേണ്ടതിനായി ഖുർആനിനെ നാം (പല ഭാഗങ്ങളായി) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.” (17: 106)

മുഹമ്മദ് നബിയുടെ صلى الله عليه وسلم മനസ്സിന് ആശ്വാസം പകരുക എന്നതായിരുന്നു ഈ ഇടവിട്ട ഇറങ്ങലിന്‍റെ ഉദ്ദേശം.

وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلًا

“സത്യനിഷേധികൾ പറഞ്ഞു: ഇദ്ദേഹത്തിന് ക്വുർആൻ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണ്? അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിച്ചത്) അതുകൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുവാൻ വേണ്ടിയായിരുന്നു. ശരിയായ സാവകാശത്തോടുകൂടി നാമത് പാരായണം ചെയ്തു കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. (25: 32)

അതോടൊപ്പം ആശയ ഗ്രഹണത്തിനു ഹൃദിസ്ഥമാക്കാനും അത് കൊണ്ട് സാധിക്കുകയും ചെയ്യും. മാത്രമല്ല ഇസ്ലാമിക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും.

പ്രവാചകന്‍ صلى الله عليه وسلم ജിബിരീലിന്‍റെ പക്കൽ നിന്ന് സ്വീകരിച്ചു, അദ്ദേഹം സ്വഹാബത്തിനത് ഓതികേൾപ്പിച്ചു. അതവര്‍ ഹൃദിസ്ഥമാക്കി. നബി صلى الله عليه وسلم ചിലരെ ക്വുര്‍ആനിന്‍റെ എഴുത്തുകാരായി നിശ്ചയിച്ചു. അബൂബക്കർ, ഉമർ, ഉസ്മാൻ, സൈദു ബ്നു സാബിത്, മുആവിയത്തു ബ്നു അബീ സുഫ് യാൻ رضي الله عنهم തുടങ്ങിയവർ അതിൽപ്പെടുന്നു. ഓരോ വചനം ഇറങ്ങുമ്പോഴും അവരോടത് എഴുതിവെക്കാൻ ആവശ്യപ്പെടും. ആ കാലഘട്ടത്തിൽ അറബികൾ എഴുതിയിരുന്ന രൂപത്തിലായിരുന്നു അവരെഴുതിയിരുന്നത്. തോലിലും, എല്ലിൻകഷ്ണങ്ങളിലും, ഈന്തപ്പനയോലകളിലും അവരത് എഴുതിവച്ചു. എന്നാൽ ഇവയൊന്നും പൂർണമായ ഒരു മുസ്ഹഫ് രൂപത്തിലായിരുന്നില്ല. എഴുതപ്പെട്ട ഈ രേഖകൾ സ്വഹാബികൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

വിശുദ്ധ ക്വുർആൻ മനസ്സുകളിൽ ഹൃദിസ്ഥമാക്കപ്പെട്ടതുമാണ്. പ്രവാചകന്‍റെ വിയോഗത്തിന്‍റെ സമീപകാലത്ത് അതും പൂർത്തിയാക്കപ്പെട്ടിട്ടുണ്ട്. ക്വുർആന്‍ ഇറങ്ങുന്ന വേളയിൽ തന്നെ അല്ലാഹു അവന്‍റെ ദൂതനോട് ആ വചനങ്ങൾ ഇന്ന ഇന്ന ഭാഗങ്ങളിൽ വെക്കണമെന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. മഹാന്മാരായ സ്വഹാബികളുടെ ഹൃദയങ്ങളിൽ ക്വുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കപ്പെടാതെ പ്രവാചകന്‍ صلى الله عليه وسلم മരണപ്പെട്ടിട്ടില്ല. എഴുപത് അധ്യായങ്ങൾ പ്രവാചകന്‍റെ തിരുവായില്‍ നിന്ന് ഞാന്‍ കേട്ടു പഠിച്ചുവെന്ന് ഇബ്നു മസ്ഊദ് رضي الله عنه അഭിമാനം കൊള്ളുമായിരുന്നു. അദ്ദേഹം അറിയപ്പെട്ട ക്വുർആൻ മനഃപാഠമുള്ളവരിൽപ്പെടുന്നു.

(രണ്ട്) പ്രവാചക ചര്യ

ഇസ്ലാമിന്‍റെ രണ്ടാമത്തെ പ്രമാണം എന്ന നിലയിൽ സുന്നത്തിന്‍റെ നിർവചനം ഇങ്ങനെയാണ്; പ്രവാചകന്‍റെ വാക്കുകളും, പ്രവർത്തികളും, അംഗീകാരങ്ങളുമാണ് അത്. ക്വുആനിന്‍റെ നസ്സ്വ് പ്രകാരം പ്രവാചകചര്യ ദീനിൽ തെളിവാണ്.

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا

“പ്രവാചകൻ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക.” (59: 7)

പ്രവാചകചര്യ മനസ്സിലാക്കാനും അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനും നബി صلى الله عليه وسلم സ്വഹാബത്തിനെ പ്രേരിപ്പിച്ചിരുന്നു. പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: “ഒരു വചനം എങ്കിലും എന്നിൽ നിന്ന് സ്വീകരിച്ച് നിങ്ങൾ ജനങ്ങൾക്ക് എത്തിക്കുക. ബനു ഇസ്രായീല്യരില്‍ നിന്ന് നിങ്ങൾ ഉദ്ധരിച്ചു കൊള്ളുക. അതിനു കുറ്റമില്ല. എന്നെക്കുറിച്ച് മനപ്പൂർവ്വം ആരെങ്കിലും കളവു പറഞ്ഞാൽ അവൻ നരകത്തിൽ അവന്‍റെ ഇരിപ്പിടം തയ്യാറാക്കി (ഉറപ്പിച്ചു) കൊള്ളട്ടെ. (ബുഖാരി, അഹ്‍മദ്, തിർമുദി, അംറ് ബ്നു ആസിൽ നിന്ന്)

റസൂൽ صلى الله عليه وسلم വളരെ വ്യക്തവും വിശദവുമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. തന്നിൽ നിന്ന് കേൾക്കുന്ന സ്വഹാബികൾ നന്നായി മനസ്സിലാക്കത്തക്കവിധം സാവകാശത്തിലായിരുന്നു അവിടുത്തെ സംസാരം. തന്‍റെ ചര്യ മനസ്സിലാക്കുകയും അതു ശ്രദ്ധിക്കുകയും അത് ജനങ്ങൾക്കെത്തിക്കുകയും ചെയ്യുന്നവർക്ക് വേണ്ടി صلى الله عليه وسلم പ്രാർത്ഥിക്കാറുണ്ടായിരുന്നു. പ്രവാചകൻ صلى الله عليه وسلم പറഞ്ഞതായി ഇബ്നു മസ്ഊദ് رضي الله عنه നിവേദനം ചെയ്യുന്നു: “എന്‍റെ സംസാരം കേൾക്കുന്നവനെ അല്ലാഹു പ്രശോഭിതമാക്കട്ടെ, എന്നിട്ട് അത് മനപ്പാഠമാക്കുകയും ശ്രദ്ധിക്കുകയും അത് മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യുന്നവർക്ക്” ( ശാഫിഈ, ബൈഹഖി)

“നമ്മിൽ നിന്ന് കേട്ട്, കേട്ടതുപോലെ മറ്റുള്ളവർക്കെത്തിച്ചവനെ അല്ലാഹു പ്രശോഭിതമാക്കട്ടെ. ശ്രവിച്ചവനെക്കാൾ ശ്രദ്ധിച്ചു ജീവിക്കുന്നവർ എത്തിക്കപ്പെട്ടവരിൽ എത്രയോ ഉണ്ട്.” (അബൂ ദാവൂദ് , തിർമുദി)

സ്വഹാബികൾ നബിചര്യ മനസ്സിലാക്കുന്നതിൽ വളരെ തല്പരരായിരുന്നു. അതുകൊണ്ടാണ് അവർ പ്രവാചകനോടൊപ്പം വിടാതെ കൂടിയിരിക്കുന്നതും; അവിടുത്തെ വാക്കുകൾ മനഃപ്പാഠമാക്കിയിരുന്നതും. അവിടുത്തെ വാക്കുകളും പ്രവർത്തികളും അവർ സൂക്ഷ്മ നിരീക്ഷണം നടത്തിയിരുന്നു. പ്രവാചകന്‍റെ ഫത്‌വകൾ, വിധിപ്രസ്താവനവകൾ, തീരുമാനങ്ങൾ എന്നിവക്ക് അവർ സാക്ഷികളായിരുന്നു. പ്രവാചകസന്നിധിയിൽ ഹാജരാകാതിരുന്നവർ ഹാജരായവരിൽ നിന്ന് പഠിക്കുമായിരുന്നു.

അബ്ദുല്ലാഹി ബ്നു അബ്ബാസ് ഉമറു ബ്നുൽഖത്താബ് رضي الله عنهما പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു: ബനൂ ഉമയ്യത്ത് ബ്നു സൈദ് വംശത്തിലെ -മദീനയുടെ ഉപരിഭാഗത്താണ് അവർ താമസിച്ചിരുന്നത് – എന്‍റെ ഒരു അയൽവാസിയും ഞാനും ഊഴം വെച്ചായിരുന്നു നബിയുടെ അടുത്തേക്ക് പോയിരുന്നത്. അതായത് ഒരു ദിവസം ഞാൻ പോകും. അടുത്തദിവസം മറ്റയാള്‍ പോകും. ഞാൻ പോകുന്ന ദിവസം കേട്ടത് അയാൾക്ക് പറഞ്ഞു കൊടുക്കും അപ്രകാരം അയാൾ കേട്ടത് എനിക്കും പറഞ്ഞുതരും. (ബുഖാരി)

ഈ രീതി സ്വീകരിച്ചിരുന്നതിനാൽ ഒരു ദിവസം ഉപജീവനമാർഗത്തിൽ പ്രവർത്തിക്കാനും ഒരു ദിവസം പഠിക്കാനും അവർക്ക് കഴിഞ്ഞിരുന്നു. ബറാഅ് ബ്നു ആസിബ് പറയുന്നു: “എല്ലാ ഹദീസുകളും ഞങ്ങൾ നബിയിൽ നിന്ന് കേട്ടതല്ല; ഞങ്ങളുടെ സുഹൃത്തുക്കളാണ് ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നിരുന്നത്. ഞങ്ങൾ ഒട്ടകങ്ങളെ മേയ്ക്കുന്നതിൽ വ്യാപൃതരായിരുന്നു. നബിയുടെ സ്വഹാബികൾ അവർക്ക് നഷ്ടപ്പെട്ടത് അന്വേഷിക്കുമായിരുന്നു. അങ്ങിനെ അവരുടെ സ്നേഹിതന്മാരിൽ നിന്നും കൂടുതൽ മനഃപ്പാഠമാക്കിയവരിൽ നിന്നും കേട്ട് പഠിക്കുമായിരുന്നു.”

നബി صلى الله عليه وسلم യുടെ കൂടെ സദാസമയവും ഉണ്ടായിരുന്ന ഒരു സംഘം അനുയായികളെ അല്ലാഹു നബിക്ക് ഒരുക്കി കൊടുത്തു. ഇമാം മുഹമ്മദ് ഇബ്‌നു അബ്ദില്ല അൽ ഹാകിം നൈസാബൂരി المدخل الى كتاب الإكليل (അൽ മദ്ഖലു ഇലാ കിതാബിൽ ഇക്‍ലീൽ) എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഹിജ്റക്ക് മുമ്പ് മക്കയിലും, ശേഷം മദീനയിലും ഇരുപതില്‍പരം വർഷം പ്രവാചകനെ അനുഗമിച്ച നാലായിരത്തിലേറെ വരുന്ന സ്ത്രീപുരുഷ അനുയായികൾ പ്രവാചകന്‍റെ ചര്യ നിവേദനം ചെയ്തു. പ്രവാചകന്‍റെ വാക്കുകളും പ്രവർത്തികളും അവർ മനഃപ്പാഠമാക്കി. അവിടുത്തെ ഉറക്കവും, ഉണർവും, ചലനവും, അടക്കവും, നിറുത്തവും, ഇരുത്തവും, ഇജ്തിഹാദും, ആരാധനയും, ചര്യയും, യുദ്ധവും, തമാശയും ഗൗരവവും പ്രസംഗവും, ഭക്ഷണപാനീയവും, നടത്തവും, കിടത്തവും, പത്നിമാരോടുള്ള സല്ലാപവും, കുതിരയെ പരിശീലിപ്പിക്കുന്നതും, മുസ്ലിംകൾക്കും ബഹുദൈവവിശ്വാസികൾക്കുമുള്ള കത്തയക്കലുകളും, കരാറുകളും, ഉടമ്പടികളും, നോട്ടങ്ങളും, ശ്വസനവും, ഗുണവിശേഷങ്ങളും, സ്വഭാവ മഹിമകളും എല്ലാം അവർ ഒന്നൊഴിയാതെ മനസ്സിലാക്കി. ഇവകളെല്ലാം ശരീഅത്തിന്‍റെ വിധികൾ മനസ്സിലാക്കിയതിനു പുറമേയുള്ളവയാണ്. അപ്രകാരം പ്രവാചകനോട് അവർ ചോദിച്ചറിഞ്ഞ ഹലാലുകളും ഹറാമുകളും കൂടാതെയുള്ളവയുമാണ്. (അൽ മദ്ഖൽ... 7,8)

പ്രവാചക പത്നിമാർ പ്രവാചകന്‍റെ സ്വകാര്യ ജീവിതത്തിലെ വാക്കുകളും പ്രവർത്തികളും തിട്ടപ്പെടുത്തി ഗ്രഹിച്ചു. അഹ്‍ലു സ്സുഫ്ഫ: എന്ന പേരിൽ മസ്ജിദുന്നബവിയിൽ ഒരു സംഘം ദരിദ്രർ താമസിച്ചിരുന്നു. എഴുപതോളം വരുന്ന അവരിലെ പ്രമുഖ വ്യക്തിയായിരുന്നു അബൂഹുറൈറرضي الله عنه . നബി صلى الله عليه وسلم മദീനയിൽ നിന്ന് പുറത്തു പോകുമ്പോൾ നൂറുകണക്കിന് ആളുകൾ നബി صلى الله عليه وسلم യെ അനുഗമിച്ചിരുന്നു. ബദർ യുദ്ധത്തിൽ പങ്കെടുത്തവർ മുന്നൂറിലേറെ പേരുണ്ടായിരുന്നു. പതിനായിരം പേരാണ് മക്കാവിജയ സംഭവത്തിൽ പങ്കെടുത്തത്. തബൂക്കിൽ മുപ്പതിനായിരത്തോളംപേർ. ഹജ്ജത്തുൽ വിദാഇൽ ഒരു ലക്ഷം.

നബിചര്യയുടെ ക്രോഡീകരണം

അറബികൾ പ്രവാചകന്‍റെ കാലഘട്ടത്തിൽ എഴുതാൻ അറിയാത്ത സമുദായമായിരുന്നു. ഒരു ഗ്രന്ഥവും അവർ പാരായണം ചെയ്തിരുന്നില്ല. ഓരോ ഗോത്രങ്ങളിലും എഴുതാനോ വായിക്കാനോ അറിയുന്നവർ വളരെ കുറച്ചുപേർ മാത്രം. അതേ അവസരത്തിൽ ഹൃദിസ്ഥമാക്കാനവർക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു. ഒരു കാവ്യമോ, പ്രസംഗമോ, കേട്ട മാത്രയിൽ തന്നെ ഹൃദിസ്ഥമാക്കിയിരിക്കും അവർ. ഉമറു ബ്നു അബീ റബീഅയുടെ

أَمِن آلِ نُعمٍ أَنتَ غادٍ فَمُبكِرُ غَداةَ غَدٍ أَم رائِحٌ فَمُهَجِّرُ

എന്ന് തുടങ്ങുന്ന കവിത ഇബ്നു അബ്ബാസ് കേട്ട ഉടനെ മനപ്പാഠമാക്കി. എഴുപതോളം വരികളുണ്ട്. (دفاع عن الحديث النبوي ص/١٢) അതിനാല്‍ ക്വുർആനും സുന്നത്തും ഇടകലരാതിരിക്കുന്നതിനും ജനങ്ങളുടെ ശ്രമങ്ങള്‍ ക്രോഡീകരണത്തിൽ മുഴുകിയാൽ സഹാബത്ത് സുപ്രധാന ചുമതല നിർവഹണത്തിൽ നിന്ന് അകന്നുപോയേക്കാമെന്നതിനാലും, ഹദീഥുകൾ ക്രോഡീകരിക്കുന്നതിനെ നബി صلى الله عليه وسلم തടഞ്ഞു. ക്വുർആൻ അല്ലാത്തതൊന്നും എഴുതുവാൻ അനുവാദം നൽകിയില്ല.

റസൂൽ صلى الله عليه وسلم പറഞ്ഞതായി അബൂ സഈദിൽ ഖുദ്‍രി رضي الله عنه പറയുന്നു: “ക്വുർആൻ അല്ലാത്തത് ആരെങ്കിലും എന്നിൽ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മായിച്ചു കളയുക” (മുസ്ലിം)

തിർമുദിയുടെ റിപ്പോർട്ട് ഇങ്ങനെയാണ്, “ഞങ്ങൾ എഴുതിവെക്കാൻ നബി صلى الله عليه وسلم യോട് അനുമതി ചോദിച്ചു. ഞങ്ങൾക്ക് അവിടുന്ന് അനുമതി തന്നില്ല” (جامع الاصول ٨/٣٣)

പിന്നീട് ചില സ്വഹാബിമാർക്ക് തന്‍റെ വാക്കുകളും ചര്യയും എഴുതിവെക്കാൻ നബി صلى الله عليه وسلم അനുമതി നൽകി. അബ്ദുല്ലാഹി ബ്നി അംറു ബ്നു ആസ്വ് അവരിൽപ്പെടുന്നു. അദ്ദേഹം പറയുന്നു: നബി صلى الله عليه وسلم യില്‍ നിന്ന് കേട്ട് മനഃപ്പാഠമാക്കാന്‍ ഉദ്ദേശിച്ചിരുന്നതെല്ലാം ഞാന്‍ എഴുതിവെക്കാറുണ്ടായിരുന്നു: ഖുറൈശികള്‍ എന്നെ അതില്‍ നിന്ന് വിലക്കി. അവര്‍ ചോദിച്ചു: നബി കോപഘട്ടത്തിലും സന്തോഷഘട്ടത്തിലും പറയുന്നതൊക്കെ നീ എഴുതിവെക്കുകയാണോ? അപ്പോള്‍ ഞാന്‍ എഴുതിവയ്ക്കുന്നത് നിര്‍ത്തി. ഞാനിത് നബി صلى الله عليه وسلم യോട് പറഞ്ഞു; അപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ എഴുതിവച്ചുകൊള്ളുക; നല്ലതല്ലാതെ എന്നില്‍ നിന്നും പുറത്തുവരികയില്ല. അവിടുത്തെ വായിലേക്ക് വിരല്‍ ചൂണ്ടി ആംഗ്യം കാണിച്ചു.

(جامع بيان العلم: ١/٧١ ، السنن لأبي داود: المسند لأحمد ٢: ١٦٢)

അബുല്ലാഹിബ്നു അംറ് എഴുതിവച്ചതിനെ സ്വാദിഖ: (الصادقة) എന്നാണ് പേരിട്ടത്.

അബ്ദുല്ലാഹിബ്നു മസ്ഊദ്, സഅദു ബ്നു ഉബാദത്ത് എന്നിവരും ഹദീഥ് എഴുതി വച്ചിരുന്നു. ഹാഫിള്‍ ഇബ്നു അബ്ദില്‍ ബര്‍റ് മിസ്അറില്‍ നിന്നും ഉദ്ധരിക്കുന്നു; മഅനു പറയുന്നു: അബ്ദു റഹ്‍മാനു ബ്നു അബ്ദില്ലാഹിബ്നു മസ്ഊദ് ഒരു ഗ്രന്ഥം പുറത്തെടുത്തു ശപഥം ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു: ഇത് എന്‍റെ പിതാവിന്‍റെ സ്വന്തം കൈപ്പടയിലുള്ളതാണ്. (جامع بيان العلم: ١/٧١) സഅദു ബ്നു ഉബാദത്ത്رضي الله عنه വിന്‍റെ ഗ്രന്ഥം കണ്ടെത്തുകയുണ്ടായെന്ന് അഹ്‍മദ് ബ്നു ഹസന്‍ ഇസ്മാഈലുബ്നു അംറുബ്നുല്‍ ഖൈസില്‍ നിന്ന് ഉദ്ധരിചിട്ടുണ്ട്. സ്വഹാബിയായ അബൂശാഹ് പ്രവാചകനോട് അദ്ദേഹത്തിനോട് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: “നിങ്ങള്‍ അബൂ ശാഹിന് എഴുതിക്കൊടുക്കുവിന്‍ “ അംറു ബ്നു ഹസമിനും എഴുതിക്കൊടുക്കയുണ്ടായിട്ടുണ്ട്. (جامع الأصول: ٨/٢٥: صحة أهل السنة ٢٤ ) യസീദ് ബ്നു ശുറൈശിൽ നിന്ന് തിര്‍മുദിയും, മുസ്ലിമും, ബുഖാരിയും റിപ്പോർട്ട് ചെയ്യുന്നു: അലി رضي الله عنه മിമ്പറിൽ വച്ച് പ്രസംഗിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. ഇല്ല അല്ലാഹുവാണ് സത്യം! അല്ലാഹുവിന്‍റെ ഗ്രന്ഥം അല്ലാതെ പാരായണം ചെയ്യുന്നതിന് ഞങ്ങളുടെ പക്കൽ ഒന്നുമില്ല. ഈ ഏട്ടിൽ ഉള്ളതും; അല്ലാതെ; അത് അദ്ദേഹം വിടർത്തി കാണിച്ചു കൊടുത്തു. അതിൽ ഇപ്രകാരമുണ്ടായിരുന്നു. മദീന ഐറ് മുതൽ ഥൌർ വരെ. അവിടെവച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അല്ലെങ്കിൽ അങ്ങിനെയുള്ളവർക്ക് അഭയം നൽകിയാൽ അവന്‍റെ മേൽ അല്ലാഹുവിന്‍റെ മലക്കുകളുടെയും അഖില ജനങ്ങളുടെയും ശാപം ഉണ്ടാവട്ടെ! അന്ത്യനാളിൽ അവന്‍റെ പക്കൽ നിന്ന് ഒരു പ്രവർത്തനവും സ്വീകരിക്കുകയോ അവന് സഹായം നൽകുകയോ ഇല്ല. ഈ പറഞ്ഞതെല്ലാം വ്യക്തിപരമായ വളരെ കുറഞ്ഞ രേഖപ്പെടുത്തൽ മാത്രമാണ് . നബിചര്യ പൂർണമായും ക്രോഡീകരിച്ചിരുന്നില്ല. ഹദീസ് സംരക്ഷിക്കാൻ അന്ന് ആശ്രയിച്ചിരുന്നത് മനഃപ്പാഠത്തെയായിരുന്നു. നബിചര്യ പൂര്‍ണ്ണമായും മനഃപ്പാഠമാക്കിയവരാരും തന്നെ സ്വഹാബികൾക്കിടയിൽ ഇല്ലായിരുന്നു. അതേ അവസരത്തിൽ സഹാബാക്കൾ മൊത്തമായി നബിചര്യയെ ഹൃദിസ്ഥമാക്കി സംരക്ഷിച്ചവരുമായിരുന്നു. മാത്രവുമല്ല മനപാഠമാക്കുന്നതിൽ അവർക്കിടയിൽ ഏറ്റക്കുറച്ചിലുകളുമുണ്ടായിരുന്നു.

നബി صلى الله عليه وسلم യുടെ ഇജ്തിഹാദ്

ഈ കാലഘട്ടത്തിലെ തശ്‍രീഇന്‍റെ ഉറവിടം അല്ലാഹുവിന്‍റെ ഗ്രന്ഥവും റസൂൽ صلى الله عليه وسلم യുടെ ചര്യയുമാണെന്ന് നാം പറഞ്ഞു കഴിഞ്ഞു. റസൂൽ صلى الله عليه وسلم ക്ക് വഹ്‍യായി ലഭിച്ചതല്ലാത്ത സ്വന്തമായ ഇജ്തിഹാദ് നബിയിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? നബി صلى الله عليه وسلم ക്കും ഇതര പ്രവാചകന്മാർക്കും ഭൗതിക നന്മ ഉദ്ദേശിക്കുന്ന കാര്യങ്ങളും, യുദ്ധസംബന്ധമായ കാര്യങ്ങളും, ഇജ്തിഹാദ് ചെയ്ത് പറയാമെന്ന് മുസ്ലിം സമുദായം ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. ഇബ്നുഹസമും മറ്റു പലരും ഈ ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇജ്തിഹാദ് നബിയില്‍ صلى الله عليه وسلم നിന്നും ഉണ്ടായിട്ടുണ്ട്. മദീനയിലെ വിളവിന്‍റെ മൂന്നിലൊന്ന് തരണമെന്ന് ഗ്വത്ഫാൻ ഗോത്രവുമായി സന്ധിയുണ്ടാക്കിയതും, ഈത്തപ്പനക്ക് കൃത്രിമ പരാഗണം ചെയ്യേണ്ടെന്ന് സ്വഹാബത്തിനെ ഉപദേശിച്ചതും ഇതിനു ഉദാഹരണങ്ങളാണ്. ഭൗതിക കാര്യങ്ങളിൽ ഇജ്തിഹാദ് ആവാം എന്നും മതകാര്യങ്ങളിൽ പാടില്ലെന്നും ഭിന്നാഭിപ്രായമുണ്ട്. പാടില്ലെന്ന് പറയുന്നവർ തെളിവായി ഈ വചനമുദ്ധരിക്കുന്നു.

وَمَا يَنْطِقُ عَنِ الْهَوَى (٣) إِنْ هُوَ إِلَّا وَحْيٌ يُوحَى (٤)

"അദ്ദേഹം സ്വന്തം ഇച്ഛപ്രകാരം ഒന്നും സംസാരിക്കുകയില്ല അദ്ദേഹത്തിന് ഉൾബോധിപ്പിക്കപ്പെടുന്ന വഹ്‍യ് കൊണ്ടു മാത്രമല്ലാതെ" (അന്നജ്മ് 3,4) അവർ പറയുന്നു നബി صلى الله عليه وسلم ഒരു വിഷയത്തെക്കുറിച്ച് ചോദിക്കപ്പെട്ടാൽ വഹ്‍യ് വരുന്നത് കാത്തിരിക്കും. ഉദാഹരണമായി സുഗന്ധം പുരട്ടി ജുബ്ബ ധരിച്ച് ഉംറക്ക് ഇഹ്റാം ചെയ്ത് ഒരാൾ വന്ന് നബിയോട് ചോദിച്ചു: തന്‍റെ ഇഹ്റാമിലെ ഈ വേഷത്തെക്കുറിച്ച്; അപ്പോൾ നബി അദ്ദേഹത്തിന്‍റെ നേരെ നോക്കി, ഒന്നും പറഞ്ഞില്ല. ആ സമയത്ത് നബിക്ക് വഹ്‍യ് ഇറങ്ങി. നബി ബോധം ഉണർന്നപ്പോൾ ചോദ്യകർത്താവിനെ ചോദിച്ചു; അപ്പോൾ ലഭിച്ച വഹ്‍യിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചു: ‘’എന്നാൽ നിന്‍റെ മേലുള്ള സുഗന്ധം മൂന്നു തവണ കഴുകിക്കളയുക, ജുബ്ബ അഴിച്ചു മാറ്റുക, പിന്നെ നീ ഹജ്ജിൽ ചെയ്യുന്നതുപോലെ നിന്‍റെ ഉംറയിലും ചെയ്തു കൊള്ളുക.’’ (ബുഖാരി മുസ്ലിം)

ഇബ്നു ഹസമിനും ളാഹിരിയാക്കൾക്കും ഈ അഭിപ്രായമാണ്. എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാർക്കുമുള്ള അഭിപ്രായം ഇഹപര കാര്യങ്ങളെക്കുറിച്ച് നബിക്ക് صلى الله عليه وسلم ഇജ്തിഹാദ് ആകാമെന്നാണ്.

وَمَا يَنْطِقُ عَنِ الْهَوَى (٣) إِنْ هُوَ إِلَّا وَحْيٌ يُوحَى (٤)

എന്ന വചനത്തെക്കുറിച്ച് അവരുടെ അഭിപ്രായം ഇങ്ങനെയാണ്.

അത് ക്വുർആനിനെ സംബന്ധിച്ചാണ്. അതായത് മുഹമ്മദ് നബിക്ക് صلى الله عليه وسلم വഹ്‍യ് ഇറങ്ങുന്നതിനെ മക്കാ മുശ്‍രിക്കുകൾ നിഷേധിച്ചിട്ടില്ല. അതിനാൽ വഹ്‍യായിട്ടല്ലാതെ പ്രവാചകൻ ക്വുർആൻ സ്വന്തമായി പറയുന്നതല്ല. സൂറഃ നജ്മിലെ ഈ വചനവും തൊട്ടുമുമ്പും പിമ്പുമുള്ള വചനങ്ങളും പരിശോധിച്ചാൽ ഈ ആശയം ഗ്രഹിക്കാം. ഇങ്ങനെയല്ലാതെ നബി صلى الله عليه وسلم മൊഴിയുന്നതൊക്കെ വഹ്‍യായിട്ടാണ് എന്ന അർത്ഥം വരാവതല്ല. ചിലപ്പോൾ നബി صلى الله عليه وسلم ചോദിക്കപ്പെടുമ്പോൾ നിശബ്ദനായിരുന്നത് സത്യമേതെന്ന് നബിക്ക് صلى الله عليه وسلم വ്യക്തമാവാത്തതു കൊണ്ടായിരുന്നു.

സത്യവിശ്വാസികളെ അല്ലാഹു സംബോധന ചെയ്തതുപോലെ പ്രവാചകനെയും സംബോധന ചെയ്തിട്ടുണ്ടെന്നത് അവർ തെളിവായി ഉദ്ധരിക്കുന്നു. പ്രവാചകനോട് ചിന്തിക്കാനും ആലോചിക്കാനും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ഏറ്റവും വലിയ ചിന്തകനും ആലോചിച്ച് വസ്തുത കണ്ടെത്തുന്നതും നബി صلى الله عليه وسلم തന്നെയാണല്ലോ

മാത്രമല്ല തെറ്റുപറ്റാൻ സാധ്യതയുള്ള മുസ്ലീം സമുദായത്തിന് ഇജ്തിഹാദിന് അനുമതി ഉണ്ടെന്നിരിക്കെ തെറ്റു പറ്റാത്ത പ്രവാചകൻ തന്നെയാണ് ഇജ്തിഹാദ് ചെയ്യാൻ കൂടുതൽ അർഹൻ.

താഴെപ്പറയുന്നതുപോലുള്ള ഇജ്തിഹാദുകൾ പ്രവാചകന്‍റെ പക്കൽ നിന്നുണ്ടായിട്ടുണ്ടെന്ന് അവർ തെളിവായി പറയുന്നു.

1. അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: എന്‍റെ സമുദായത്തിന് പ്രയാസകരമാവുകയില്ലായിരുന്നുവെങ്കിൽ എല്ലാ നമസ്കാര സന്ദർഭത്തിലും വുദുവെടുക്കുവാൻ ഞാൻ കൽപ്പിക്കുമായിരുന്നു. എല്ലാ വുദുവിന്‍റെ കൂടെ ദന്തശുദ്ധീകരണം നടത്തുവാനും (അഹ്‍മദ്, അൽമുൻതഖ 1/59)

ഇവിടെ തെളിവിലെ പൊരുൾ: വുദു എടുക്കുവാനും അതോടൊപ്പം ദന്ത ശുദ്ധീകരണം നടത്താനും പ്രവാചകൻ കൽപ്പിക്കാതിരിക്കുന്നത് ആ കൽപ്പന തന്റെ പക്കൽ നിന്നുള്ളതാണെന്നതുകൊണ്ടാണ്. കൽപ്പിച്ചു കഴിഞ്ഞാൽ ജനങ്ങൾക്ക് അത് നിർബന്ധമായി തീരും അപ്പോഴത് പ്രയാസകരവുമായി ഭവിക്കും.

2. ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മക്കാ വിജയ ദിനത്തിൽ പറഞ്ഞു: ഈ രാജ്യം പാവനമാണ്, അവിടത്തെ മുള്ള് മുറിക്കരുത്, പുല്ലറുക്കരുത്, വേട്ട മൃഗത്തെ ഓടിക്കരുത്, വീണു പോയത് എടുക്കരുത്. (ആളെ കണ്ടെത്താൻ) വിളംബരം ചെയ്യുന്നവനല്ലാതെ. അപ്പോൾ അബ്ബാസ് رضي الله عنه പറഞ്ഞു ‘ഇദ്ഖ്ർ’ പുല്ല് ഒഴികെ എന്നു പറയണം. അത് ഖബറുകളിൽ വിരിക്കാനും വീടുകൾ മേയാനും അവർക്ക് അത്യാവശ്യമാണ്. നബി صلى الله عليه وسلم പറഞ്ഞു ഇദ്ഖ്ർ ഒഴികെ. (ബുഖാരി , മുസ്ലിം)

ഇവിടെ തെളിവെന്താണെന്ന് വെച്ചാൽ അബ്ബാസ് رضي الله عنه വിന്‍റെ അഭിപ്രായത്തിന് ഉടൻ പ്രവാചകൻ യോജിച്ചു മറുപടി നൽകി. വഹ്‍യ് കാത്തിരുന്നില്ല. അതിനാൽ അത് പ്രവാചകന്‍റെ ഇജ്തിഹാദ് കൊണ്ടായിരുന്നു.

3. ബദർ യുദ്ധത്തടവുകാരുടെ പ്രശ്നത്തിൽ മോചനം മൂല്യം സ്വീകരിച്ച് അവരെ മോചിപ്പിക്കാമെന്ന് ഇജ്തിഹാദ് ചെയ്തു. പിന്നീട് അതിനെ ക്വുർആൻ വിമർശിക്കുകയും ചെയ്ത് ഇങ്ങിനെ വചനമിറങ്ങി.

مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَى حَتَّى يُثْخِنَ فِي الْأَرْضِ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الْآخِرَةَ وَاللَّهُ عَزِيزٌ حَكِيمٌ (٦٧) لَوْلَا كِتَابٌ مِنَ اللَّهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ (٦٨)

“ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. (8: 67-68)

അപ്പോൾ പ്രവാചകന് ഇജ്തിഹാദ് ചെയ്യാൻ അല്ലാഹു അനുമതി നൽകിയിട്ടുണ്ട്. ആ ഇജ്തിഹാദിന്‍റെ ഫലം അനുയോജ്യമല്ലെങ്കിൽ (തെറ്റാണെങ്കിൽ) വഹ്‍യുകൊണ്ട് അതിനെ തിരുത്തും.

പ്രവാചകന്‍റെ കാലത്ത് സ്വഹാബത്തിന്‍റെ ഇജ്തിഹാദ്

സ്വഹാബത്ത് ശറഈ ഹുക്മുകൾ മനസ്സിലാക്കുന്നതിന് ഇജ്തിഹാദ് ചെയ്തിരുന്നുവെന്നതിൽ സംശയമില്ല. അതു നടപ്പിലാക്കുന്നതിലും അവർ ഇജ്തിഹാദ് ചെയ്തിരുന്നു. അവരില്‍ ഒരാൾക്ക് ഒരു പ്രശ്നം നേരിടുകയും പ്രവാചകനില്‍ നിന്ന് വിദൂരത്താവുകയും ചെയ്യുമ്പോൾ അവർ ഇജ്തിഹാദ് ചെയ്യാറുണ്ടായിരുന്നു. ചില സ്വഹാബിമാർ ഖിബ്‍ല അവ്യക്തമാകുമ്പോൾ ഇജ്തിഹാദ് ചെയ്തു മനസ്സിലാക്കി നമസ്കരിച്ചിരുന്നു. ചിലർ വലിയ അശുദ്ധി ഉണ്ടാവുകയും എന്നിട്ട് തണുത്ത രാത്രിയിൽ മൃഗം മണ്ണിൽ കിടന്നുരുളുന്നതുപോലെ കിടന്നുരുണ്ട് നമസ്കരിക്കുകയും ചെയ്തിരുന്നു. തയമ്മുമിനെക്കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നില്ല. അതുകൊണ്ട് നസ്സ്വിനെക്കുറിച്ച് ഇജ്തിഹാദ് ചെയ്തു. ഖന്തക്ക് യുദ്ധാനന്തരം ബനൂഖുറൈളയിലേക്ക് പുറപ്പെടുമ്പോൾ നബി صلى الله عليه وسلم പറഞ്ഞു: ‘അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവർ ബനൂഖുറൈളയിലെത്തിയിട്ടല്ലാതെ അസ്വ്ർ നമസ്കരിക്കരുത്.’ അങ്ങിനെ വഴിയിൽവെച്ച് അസ്വ്ർ ആയപ്പോൾ ചിലർ പറഞ്ഞു: നമസ്കാരം അതിന്‍റെ വഖ്ത്തിൽ നമസ്കരിക്കൽ നിർബന്ധമാണ്. റസൂൽ صلى الله عليه وسلم നമ്മോട് നിർദ്ദേശിച്ചതിന്‍റെ പൊരുൾ ബനൂഖുറൈളയിൽ വേഗമെത്തണമെന്നാണ്. നമസ്കാരം പിന്തിക്കണമെന്ന് നബി صلى الله عليه وسلم ഉദ്ദേശിച്ചിട്ടില്ല. മറ്റൊരു സംഘം പറഞ്ഞു ഞങ്ങൾ നമസ്കരിക്കുകയില്ല. പ്രവാചകന്‍ صلى الله عليه وسلم ബനൂഖുറൈളയിലെത്തിട്ടേ നമസ്കരിക്കാവൂവെന്നാണ് പറഞ്ഞത്. അവിടെ ഒരു സംഘം പദത്തിലേക്കും മറ്റൊരു സംഘം ആശയത്തിലേക്കും നോക്കി ചിന്തിച്ചു. എന്നാൽ നബി صلى الله عليه وسلم യാകട്ടെ ഈ ഇരുവിഭാഗത്തെയും തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് ആക്ഷേപിച്ചതുമില്ല.

നബി صلى الله عليه وسلم സ്വഹാബാക്കളെ ഇജ്തിഹാദിന് പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കഴുതയുടെ സക്കാത്തിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു ഈ വിഷയത്തിൽ എല്ലാം അടങ്ങിയ ഈ വചനം അല്ലാതെ അല്ലാഹു എനിക്കിറക്കിത്തന്നിട്ടില്ല.

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ

‘ആർ ഒരു മണിത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനതു കാണും’. (99: 7)

ഭാഗികമായ കാര്യങ്ങൾ പൊതുവായ കാര്യങ്ങളിൽ എങ്ങിനെ ഉൾപ്പെടുമെന്ന് നബി ഇവിടെ പഠിപ്പിക്കുകയാണ്.

ഒരാൾ വന്ന് നബി صلى الله عليه وسلم യോട് പറഞ്ഞു: എൻറെ ഭാര്യ ഒരു കറുത്ത കുട്ടിയെ പ്രസവിച്ചിരിക്കുന്നു! ഞാൻ അവളെ മുലാഅനത്ത് (ശാപം) ചെയ്യാൻ പോവുകയാണ്. നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു നിനക്ക് ചുവന്ന ആൺ ഒട്ടകങ്ങളുണ്ടോ ? അവർക്കിടയിൽ ചാരനിറമുള്ള ഒട്ടകമുണ്ടോ ? അയാൾ പറഞ്ഞു ; ഉണ്ട്. അത് അതിൻറെ ഞരമ്പിന്‍റെ സാദൃശ്യമാണ്. നബി صلى الله عليه وسلم പറഞ്ഞു അപ്രകാരം തന്നെയാണവനും.

ഇവിടെ പിതാവിൻറെ നിറമില്ലാത്തത് കുട്ടിക്ക് ഉണ്ടാകാമെന്ന് നബി صلى الله عليه وسلم പഠിപ്പിക്കുകയാണ്. 'ഖിയാസ്ശ്ശബ്ഹ്' എന്നാണ് ഉസൂലി പണ്ഡിതന്മാർ ഇതിന് പറയുക.

ചുരുക്കത്തിൽ റസൂൽ صلى الله عليه وسلم യുടെ കാലത്ത് സ്വഹാബികൾ ഇജ്തിഹാദ് ചെയ്തിരുന്നു. പക്ഷേ അവരുടെ ഇജ്തിഹാദ് ഒരു അവലംബാര്‍ഹമായ ഉറവിടമായി പരിഗണിക്കപ്പെട്ടില്ല. ഇജ്തിഹാദ് നബി അറിഞ്ഞ് അതിനോട് യോജിച്ചാൽ നബി صلى الله عليه وسلم യുടെ അംഗീകാരമായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ