കൈക്കൂലി
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 November 25, 1442 Rabi Al-Akhar 10
അവലംബം: islamqa
ചോദ്യം: ഗവൺമെന്‍റ് സ്ഥാപനങ്ങളിൽ എനിക്ക് ചില ആവശ്യങ്ങളുണ്ട്. അവിടുത്തെ ഉദ്യോഗസ്ഥന് ഞാൻ കൈക്കൂലി നൽകിയില്ലെങ്കിൽ എന്‍റെ കാര്യങ്ങൾ സാധിച്ചു തരികയില്ല. അപ്പോൾ അദ്ദേഹത്തിന് കൈക്കൂലി നൽകൽ അനുവദനീയമാണോ?.
ഉത്തരം: സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു. കൈക്കൂലി വാങ്ങൽ മഹാപാപങ്ങളിൽ പെട്ട ഒന്നാണ്. ഹദീസിൽ ഇപ്രകാരം കാണാം;
“അബ്ദുല്ലാഹിബ്നു അംറ് رضي الله عنه വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹുവിന്‍റെ പ്രവാചകൻ ശപിച്ചിരിക്കുന്നു”
കൈക്കൂലി കൊടുക്കാതെ നിങ്ങളുടെ കാര്യങ്ങൾ നിർവഹിക്കുവാൻ സാധിക്കുമെങ്കിൽ കൈക്കൂലി കൊടുക്കൽ നിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ തന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ കൈക്കൂലി നല്‍കലല്ലാതെ മറ്റു മാർഗങ്ങളില്ലാ എങ്കിൽ കൈക്കൂലി കൊടുക്കൽ അനുവദനീയമാണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഹറാം (ഹറാമിന്‍റെ കുറ്റം) വരുന്നത് വാങ്ങുന്ന വ്യക്തിക്കാണ് കൊടുക്കുന്ന വ്യക്തിക്കല്ല.
അതിന് അവർ പറയുന്ന തെളിവ് ഇപ്രകാരമാണ്.
“ഉമറുബ്നുൽഖത്വാബ് رضي الله عنه വിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു; അല്ലാഹുവിന്‍റെ പ്രവാചകൻ ﷺ പറഞ്ഞിരിക്കുന്നു: എന്നോട് ചില ആളുകൾ ചിലത് ചോദിക്കുന്നു. അപ്പോൾ ഞാൻ അത് അവർക്ക് കൊടുക്കുന്നു. അതു തന്‍റെ കക്ഷത്തിൽ വച്ച് അവൻ പോകുന്നു. അത് അവർക്ക് നരകം മാത്രമാണ്. ഉമർ رضي الله عنه ചോദിച്ചു: അപ്പോൾ പിന്നെ എന്തിനാണ് അല്ലാഹുവിന്‍റെ പ്രവാചകരെ നിങ്ങൾ അവർക്ക് അത് കൊടുക്കുന്നത്. നബി ﷺ പറഞ്ഞു: അവർ എന്നോട് ചോദിക്കാതെ അടങ്ങുന്നില്ല. അല്ലാഹുവാകട്ടെ ഞാൻ പിശുക്ക് കാണിക്കുന്നത് ഇഷ്ടപ്പെടുന്നുമില്ല.”
തന്നെക്കുറിച്ച് പിശുക്കിന്‍റെ ആരോപണം വരാതിരിക്കാൻ വേണ്ടിയാണ് അവർക്ക് അത് ഹറാമായിട്ടുപോലും നബി ﷺ നൽകുന്നത്.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു;
“മറ്റൊരാളുടെ അക്രമത്തെ തടയുവാനോ തന്‍റെ നിർബന്ധമായ അവകാശം ലഭിക്കുവാനോ വേണ്ടി അയാൾക്ക് സമ്മാനമായി വല്ലതും കൊടുക്കേണ്ടി വന്നാൽ അത് വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഹറാമാണ്. കൊടുക്കുന്ന വ്യക്തിക്ക് അത് കൊടുക്കൽ അനുവദനീയമാണ്. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "എന്നോട് ചില ആളുകൾ ചിലത് ചോദിക്കുന്നു. അപ്പോൾ ഞാൻ അത് അവർക്ക് കൊടുക്കുന്നു..."
ശൈഖുൽ ഇസ്‌ലാം തുടരുന്നു:
“പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: അക്രമത്തെ തടയുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കൽ അനുവദനീയമാണ്. (മറ്റുള്ളവരുടെ) അവകാശങ്ങളെ തടയാനല്ല. കൈകൂലി വാങ്ങൽ ഹറാം തന്നെയാണ്... ഒരു ഉദാഹരണം നമുക്ക് അതിനു മനസ്സിലാക്കാം; ഒരു വ്യക്തി കവിക്കോ മറ്റോ കൈ കൂലി നൽകുന്നു. കവി മറ്റുള്ളവരെക്കുറിച്ച് ആക്ഷേപത്തിലൂടെ കളവ് പറയാതിരിക്കാനും തന്‍റെ അഭിമാനവുമായി ബന്ധപ്പെട്ടു കൊണ്ട് മറ്റുള്ളവർക്ക് പറയൽ നിഷിദ്ധമായ കാര്യം പറയാതിരിക്കുവാനും വേണ്ടിയാണ് ഇപ്രകാരം കൈക്കൂലി നൽകുന്നത്. ഇവിടെ കൈക്കൂലി കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമാണ്. എന്നാൽ വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധമാണ്. കാരണം മറ്റൊരുത്തനോട് അക്രമം കാണിക്കാതിരിക്കാൻ വേണ്ടിയാണ് അവരിൽ നിന്നും കൈക്കൂലി വാങ്ങുന്നത്. മാത്രമല്ല മറ്റൊരുത്തനെ ആക്രമിക്കാതിരിക്കുക എന്നുള്ളത് ഈ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിർബന്ധമായ കാര്യവുമാണ്. അതു കൊണ്ടു തന്നെ ജനങ്ങളുടെ പേരിൽ കളവ് പറയാതിരിക്കാനും അക്രമം കാണിക്കാതിരിക്കാനും വേണ്ടി ഒരു വ്യക്തി ജനങ്ങളിൽ നിന്ന് പണം വാങ്ങിയാൽ അത് വൃത്തികെട്ടതും മ്ലേച്ചവുമായ സമ്പാദ്യമാണ്. കാരണം മറ്റുള്ളവരെ കുറിച്ച് കളവു പറയലും അവരെ അക്രമിക്കലും ഹറാമായ കാര്യമാണ്. മറ്റുള്ളവരിൽ നിന്ന് ഒന്നും വാങ്ങാതെയാണ് ഇത്തരം തിന്മകൾ ഒരാൾ ഒഴിവാക്കേണ്ടത്. എന്നാൽ മർദ്ദിതനിൽ നിന്ന് വല്ലതും വാങ്ങിക്കൊണ്ട് ഇത്തരം തിന്മകൾ ഒരാൾ ഒഴിവാക്കാൻ തയ്യാറായാൽ അവൻ വളരെ മോശമായ സമ്പാദ്യമാണ് ഉണ്ടാക്കുന്നത്.”
മറ്റൊരു സ്ഥലത്ത് ശൈഖുൽ ഇസ്‌ലാം ഇപ്രകാരം പറയുന്നു:
“പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്: അനുവദനീയമല്ലാത്ത ഒരു കാര്യം ചെയ്യാൻ വേണ്ടി ഭരണ കർത്താവിന് വല്ലവരും സമ്മാനം നൽകിയാൽ കൊടുക്കുന്ന വ്യക്തിക്കും വാങ്ങുന്ന വ്യക്തിക്കും അത് ഹറാമാണ്. 'കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു' എന്ന് നബി ﷺ പറഞ്ഞ വചനത്തിൽ ഇത്തരം ആളുകൾ ഉൾപ്പെടും. എന്നാൽ അക്രമത്തെ തടയുവാനും തന്‍റെ അവകാശം ലഭിക്കുവാനും വേണ്ടി സമ്മാനമായി വല്ലതും നൽകിയാൽ അത് വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. കൊടുക്കുന്ന വ്യക്തിക്ക് അത് അനുവദനീയവുമാണ്. കാരണം, നബി ﷺ പറയുന്നു: "എന്നോട് ചില ആളുകൾ ചിലത് ചോദിക്കുന്നു. അപ്പോൾ ഞാൻ അത് അവർക്ക് കൊടുക്കുന്നു..." (31/278)
അതുപോലെ തന്നെ ജനങ്ങളോട് അക്രമം കാണിക്കുന്ന വ്യക്തിയുടെ അക്രമത്തെ തടയുന്നതിനു വേണ്ടി വല്ലവനും കൊടുത്താൽ വാങ്ങുന്ന വ്യക്തിക്ക് അത് നിഷിദ്ധവും കൊടുക്കുന്ന വ്യക്തിക്ക് അനുവദനീയവുമാണ്.”
“ശുപാർശ നടത്താൻ വേണ്ടി ഹദ്‌യ സ്വീകരിക്കൽ:
ഉദാഹരണമായി, ഭരണാധികാരിയുടെ അടുക്കൽ ഒരു വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്യുന്നു. ആ വ്യക്തിയെ അക്രമിക്കാതിരിക്കുവാനോ അവന്‍റെ അവകാശങ്ങൾ ലഭിക്കുവാനോ അവന് അർഹമായ പദവികളിൽ എത്തിക്കുവാനോ യുദ്ധം ചെയ്യുന്ന സൈന്യത്തോടൊപ്പം ചേർക്കുവാനോ (അവനതിന് അർഹനാണ്) ദരിദ്രന്മാർ പണ്ഡിതന്മാർ ഓത്തുകാർ തുടങ്ങിയവർക്ക് വേണ്ടി മാറ്റി വെച്ചത് തനിക്ക് നൽകുവാനോ (അവനും അതിന് അർഹനാണ്) വേണ്ടിയാണ് ശുപാർശ ചെയ്യുന്നത്. ഈ സന്ദർഭത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കൽ അനുവദനീയമല്ല. കാരണം, നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യത്തിന്‍റെ പേരിലോ ഒഴിവാക്കേണ്ടുന്ന ഒരു ഹറാമിന്‍റെ പേരിലോ ആണ് ഈ സഹായം നൽകുന്നത്. ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കൽ അനുവദനീയമല്ല. എന്നാൽ കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം തന്‍റെ അവകാശങ്ങൾ കിട്ടാവുന്ന അളവിലും തന്നിൽ നിന്ന് അക്രമങ്ങൾ ഒഴിവാക്കപ്പെടാവുന്ന അളവിലും കൊടുക്കൽ അനുവദനീയമാണ്. ഇപ്രകാരമാണ് മുൻഗാമികളിൽ നിന്നും മഹാന്മാരായ പണ്ഡിതന്മാരിൽ നിന്നും വന്നിട്ടുള്ളത്.” (മജ്മൂഉൽഫതാവാ: 31/278)
തഖിയ്യുദ്ധീനുസ്സുബ്കി رَحِمَهُ ٱللَّٰهُ പറയുന്നു:
“നാം ഇവിടെ സൂചിപ്പിച്ച കൈക്കൂലി കൊണ്ട് ഉദ്ദേശിക്കുന്നത് ഹഖായ ഒന്നിനെ തടയുവാനും ബാത്വിലായ ഒന്ന് നേടാനും വേണ്ടി നൽകുന്നതിനെ കുറിച്ചാണ്. സത്യപ്രകാരം വിധി നടപ്പിലാക്കുന്നതിനു വേണ്ടി ഒരു വ്യക്തിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നാൽ വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധമാണ്. അവകാശത്തിലേക്കു എത്താൻ വേണ്ടി കൈക്കൂലി കൊടുക്കുകയല്ലാതെ മറ്റു നിർവാഹമില്ലാത്ത സാഹചര്യത്തിൽ ഒരു വ്യക്തി കൊടുക്കേണ്ടി വന്നാൽ അവൻ അത് കൊടുക്കൽ അനുവദനീയമാണ്. എന്നാൽ കൈക്കൂലി ഇല്ലാതെ തന്നെ തന്‍റെ ഹഖിലേക്ക് എത്താൻ സാധിക്കുമെങ്കിൽ അത് കൊടുക്കൽ അനുവദനീയമല്ല”.
(ഫതാവാ സുബ്കി: 1/204)
സയൂത്വി പറയുന്നു:
27-മത്തെ നിയമം: "വാങ്ങൽ നിഷിദ്ധമായത് കൊടുക്കലും നിഷിദ്ധമാണ്": പലിശ, വ്യഭിചാരത്തിന്‍റെ പ്രതിഫലം, ജോത്സ്യ പണിയുടെ പ്രതിഫലം, കൈക്കൂലി, വിലാപത്തിന്‍റെ പ്രതിഫലം വാങ്ങൽ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ചില രൂപങ്ങൾ അതിൽ നിന്നും ഒഴിവാക്കപ്പെട്ടതാണ്. ബന്ധിയാക്കപ്പെട്ടവരെ മോചിപ്പിക്കുവാനോ തന്‍റെ അവകാശങ്ങൾ ലഭിക്കുവാനോ വേണ്ടി ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കൽ, തന്നെ കുറിച്ച് ആക്ഷേപിച്ചു പറയുന്ന ആളുകളുടെ (വായ മൂടി കെട്ടാൻ) എന്തെങ്കിലും കൊടുക്കൽ തുടങ്ങിയവ അതിന് ഉദാഹരണമാണ്.”
ഇതേ കാര്യങ്ങൾ തന്നെ ഹനഫി പണ്ഡിതന്മാരായ ഹംവി തന്‍റെ ഗ്രന്ഥത്തിലും (غمز عيون البصائر) ഇബ്നു നുജൈം "الأشباه" ലും ശാഫിഈ പണ്ഡിതനായ زركشي തന്‍റെ "المنثور" ലും പറയുന്നുണ്ട്.
ഡോക്ടർ വഹബതുസ്സുഹൈലി പറയുന്നു:
“കൈക്കൂലിയാണ് എന്ന് വ്യക്തമായി കഴിഞ്ഞാൽ അത് തന്‍റെ ലക്ഷ്യത്തിലേക്ക് എത്തുവാൻ വേണ്ടിയാണ് എങ്കിൽ നിർബന്ധ സാഹചര്യത്തിൽ കൊടുക്കൽ അനുവദനീയമാണ്. വാങ്ങുന്നവന് ഹറാമുമാണ്”
ചുരുക്കത്തിൽ, താങ്കൾക്ക് (ചോദ്യ കർത്താവിനോട്) കൈക്കൂലി കൊടുക്കൽ അനുവദനീയമാണ്. അതു വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഹറാമിന്‍റെ പരിധിയിൽ വരുന്നത്. പക്ഷെ രണ്ടു നിബന്ധനകളോട് കൂടി മാത്രമേ നിങ്ങൾക്ക് അത് കൊടുക്കലും അനുവദനീയമാകുന്നുള്ളൂ.
1. താങ്കളുടെ അവകാശം ലഭിക്കുവാനും താങ്കളിൽ നിന്ന് അക്രമത്തെ തടയുവാനും വേണ്ടിയായിരിക്കണം. അതേ സ്ഥാനത്ത് താങ്കൾക്ക് അർഹതയില്ലാത്തത് നേടുവാൻ വേണ്ടിയാണ് എങ്കിൽ അത് ഹറാമാണ്. മഹാപാപവുമാണ്.
2. താങ്കളുടെ അവകാശം ലഭിക്കുവാനും താങ്കളുടെ നേരെയുള്ള അക്രമങ്ങളെ തടയുവാനും കൈക്കൂലി കൊടുത്തു കൊണ്ടല്ലാതെ മറ്റൊരു മാർഗവും താങ്കളുടെ മുൻപിൽ ഇല്ലാതിരിക്കണം. (മറ്റു മാർഗങ്ങൾ ഉണ്ടെങ്കിൽ കൈക്കൂലി കൊടുക്കാതെ ആ മാർഗങ്ങൾ സ്വീകരിക്കണം)
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.