കർമ്മ ശാസ്ത്ര വിദ്യാലയങ്ങളുടെ രൂപീകരണം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 May 06, 16 Shawwal, 1444 AH

താബിഉകളുടെ കാലത്ത് നിരവധി വിജ്ഞാനകേന്ദ്രങ്ങൾ ഉടലെടുത്തു. മദീനയിലെയും കൂഫയിലെയും വിജ്ഞാനകേന്ദ്രങ്ങളായിരുന്നു അവയിൽ മുഖ്യമായവ.

1. മദീനയിലെ വിജ്ഞാനകേന്ദ്രം

മദീന ഹിജ്റാനന്തരം പ്രവാചകന്‍റെ വാസസ്ഥലമായിരുന്നു. ഇസ്ലാമിന്‍റെ വ്യാപനത്തോടെ അത് ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും തലസ്ഥാനവുമായിത്തീർന്നു. മുഹാജിറുകളും അൻസ്വാറുകളും ജീവിച്ചത് ആ പവിത്രഭൂമിയിലാണ്. പിന്നീട് ഖിലാഫത്തിന്‍റെ തലസ്ഥാനം അവിടെ നിന്ന് മാറ്റപ്പെട്ട ശേഷം മതനേതൃത്വം മാത്രമായി അവിടെ. അവിടത്തെ പണ്ഡിതന്മാർ പ്രവാചക വിജ്ഞാനത്തെ അനന്തരമെടുത്തവരായിരുന്നു. ഇബ്നു തൈമിയ്യ പറയുന്നു: മദീനത്തുന്നബവിയിലെ ആളുകളുടെ മദ്ഹബ് ഇസ്ലാമിന്‍റെ സുന്നത്തും നിയമങ്ങളുമായിരുന്നു. അവിടേക്കാണ് അല്ലാഹുവിനെയും റസൂലിനെയും ലക്ഷ്യം വെച്ച് മുഹാജിറുകൾ വന്നു ചേർന്നത്.

وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ

“അവർക്ക് മുമ്പ് ഭവനവും വിശ്വാസവും ഒരുക്കി വെച്ചവർ“ (59:9)

എന്ന് വിശേഷിപ്പിക്കപ്പെട്ട അനുസ്വാറുകൾ അവിടുത്തുകാരാണ്. സ്വഹാബത്തിന്‍റെയും താബിഉകളുടെയും കാലത്ത് അവരുടെ മദ്ഹബ് (ചിന്താ സരണി) ആയിരുന്നു ഇതര പ്രദേശങ്ങളിലുള്ളവരുടെ മദ്ഹബിനെക്കാൾ ഉത്തമവും ശരിയും.

(صحة عمل اهل المدينة ص: ١٧٠)

മറ്റൊരിടത്ത് മദീനക്കാരുടെ സവിശേഷത അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്. “നബി صلى الله عليه وسلم പ്രശംസിച്ചു പറഞ്ഞ നൂറ്റാണ്ടുകളിൽ മദീനക്കാരുടെ ചിന്താ സരണി ഇതര പ്രദേശങ്ങളിലുള്ളവരുടെ ശരിയായിരുന്നു പ്രവാചകന്‍റെ സുന്നത്തിൽ ആശ്വാസമടഞ്ഞവരായിരുന്നു അവർ. എന്നാൽ ഇതര പ്രദേശങ്ങളിലുള്ളവർ അവരേക്കാൾ അറിവിലും സുന്നത്തിനെ പിന്തുടരുന്നതിലും താഴെയായിരുന്നു. അതുകൊണ്ട് പണ്ഡിതന്മാർ മദീനയല്ലാത്ത പ്രദേശങ്ങളിലെ പണ്ഡിതന്മാരുടെ ഇജ്മാഅ് പിൻപറ്റാവുന്ന ഹുജ്ജത്താ(തെളിവാ)യി പരിഗണിച്ചിരുന്നില്ല.

(صحة عمل اهل المدينة ص: ٢٠)

സ്വഹാബത്തിന്‍റെ അനന്തരമെടുത്തവർ

സ്വഹാബത്തിനു ശേഷം മദീനയിൽ അവരുടെ രീതിയെ അനുധാവനം ചെയ്ത് വിജ്ഞാനത്തിന്‍റെ പതാക ഉയർത്തിപ്പിടിച്ചവർ ധാരാളമുണ്ട്. അവരിൽ മുഖ്യർ

1.സഈദ് ബ്നു മുസ്വയ്യബ് (മരണം ഹി: 94)

2. ഉർവത്ത് ബ്നു സുബൈർ (94)

3. അബൂബക്റു ബ്നു അബ്ദി റഹ്‍മാന്‍ ബ്നുൽ ഹാരിഥ് അൽമഖ്സൂമി (94)

4. ഉബൈദുള്ളാഹിബ്നു അബ്ദുല്ലാഹിബ്നു ഉത്ബത്തുബ്നു മസ്ഊദ് (98)

5. ഖാരിജത്ത്ബ്നു സൈദുബ്നു ഥാബിത് (99)

6. ഖാസിമുബ്നു മുഹമ്മദ്ബ്നു അബീബക്കർ (107)

7. സുലൈമാൻബ്നു യസാർ (107)

സപ്ത പണ്ഡിതർ(الفقهاء السبعة) എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേരുകൾ ചേർത്തി പറയുന്ന ഒരു കവിത ഇങ്ങിനെയാണ്.

إذا قيل من في العلم سبعة أبحر *** روايتهم عن العلم ليست خارجة
فقل هم عبيد الله عروة قاسم *** سعيد أبو بكر سليمان خارجة

8. അബ്ദുല്ലാഹിബ്നു അബ്ദുല്ലാഹിബ്നു ഉമർ

9. സാലിമുബ്നു അബ്ദുല്ലാഹിബ്നു ഉമർ

10. അബ്ബാനുബ്നു ഉസ്മാനുബ്നു അഫ്ഫാൻ

11. അബൂ സലമത്തുബ്നു അബ്ദുറഹ്മാനുബ്നു ഔഫ്

12. അലിയ്യുബ്നു ഹുസൈനുബ്നു അലിയ്യ്ബ്നു അബീത്വാലിബ്

13. നാഫിഅ് മൗലാ ഇബ്നു ഉമർ

ഇവർക്കു ശേഷം വന്ന ത്വബഖ (വിഭാഗം) ഇനി പറയുന്നവരാണ്.

1. അബൂബക്കർ മുഹമ്മദ്ബ്നു അംറ്ബ്നു ഹസം

2. 3, ഇദ്ദേഹത്തിന്‍റെ പുത്രന്മാരായ മുഹമ്മദും അബ്ദുല്ലയും

4. അബ്ദുല്ലാഹിബ്നു ഉഥ്മാനുബ്നു അഫ്ഫാൻ

5,6, മുഹമ്മദ്ബ്നുൽ ഹനഫിയ്യയുടെ രണ്ടു മക്കൾ

7. ജഅ്ഫർ ബ്നു മുഹമ്മദ്ബ്നുൽ ഹുസൈൻ

8. അബ്ദുല്ലാഹിബ്നുൽ ഖാസിമിബ്നു മുഹമ്മദ്ബ്നു അബൂബക്കർ സ്വിദ്ദീഖ്

9. മുഹമ്മദ്ബ്നു മുസ്‍ലിമുബ്നു ശിഹാബ്സ്സുഹരി

പിന്നീട് മദീനയിലെ വിജ്ഞാനത്തിന്‍റെ നേതൃത്വം ഇമാം മാലിക്കിൽ വന്നുചേർന്നു.

2. കൂഫയിലെ വിജ്ഞാന കേന്ദ്രം

കൂഫാ പട്ടണ നിർമ്മാണാനന്തരം കുറെ സ്വഹാബിമാർ അവിടേക്ക് മാറിത്താമസിച്ചു. ഇബ്നു മസ്ഊദ്, അബു മൂസൽ അശ്അരി , സഅ്ദ് ബ്നു അബീവഖാസ്, അമ്മാറു ബ്നു യാസിർ, ഹുദൈഫത്തുബ്നുൽ യമാനി, അനസ്ബ്നു മാലിക് رضي الله عنهم എന്നിവർ അവരിൽ പ്രമുഖരാണ്. ഇങ്ങനെ താമസിക്കാൻ ഉഥ്മാന്‍ബ്നു അഫ്ഫാൻ رضي الله عنه അനുമതി നൽകിയതോടെ ഈ കുടിയേറ്റം വർദ്ധിച്ചു. ഉഥ്മാന്‍ رضي الله عنه വിന്‍റെ വധത്തിനു ശേഷം നാട്ടിൽ കുഴപ്പം ഏറി വന്നപ്പോൾ പിന്നെയും ഈ കുടിയേറ്റം ഏറുകയാണുണ്ടായത്. കൂഫയിൽ എത്തിയ സ്വഹാബിമാർ മുന്നൂറിലേറെയാണ്. പിന്നീട് അലിയ്യ് رضي الله عنه തന്‍റെ ഖിലാഫത്ത് ആസ്ഥാനമായി തെരഞ്ഞെടുത്തത് ഈ പ്രദേശമാണ്. ഈ പ്രദേശത്തും സ്വഹാബത്തിനു ശേഷം തലയെടുപ്പുള്ള പണ്ഡിതന്മാരുണ്ടായി. അവരിൽ പ്രമുഖർ,

1. അൽഖമത്തുബ്നു ഖൈസുന്നഖ്ഈ (62)

2. അസ്‍വദു ബ്നു യസീദ് ന്നഖ്ഈ

3. അബുമൈസറത്തു അംറു ബ്നു ശറാഹീൽ അല്‍ഹമദാനി (63)

4. മസ്‍റഖ് ബ്നുൽ മുഅ്തമിറുസ്സുലമി

5. ഉബൈദത്തു സ്സൽമാനി

6. ശുറൈഹ്ബ്നുൽ ഹാരിസ് അൽകിന്ദി (82)

ഇവര്‍ക്കു ശേഷം വന്ന രണ്ടാം ത്വബഖയില്‍പ്പെട്ടവരാണ്

1. ഹമ്മാദ് ബ്നു അബീ സുലൈമാന്‍

2. മന്‍സൂറുബ്നുല്‍ മുഅ്തമിറുസ്സുലമി.

3. മുഗീഗത്തുബ്നു മുഖസിമുള്ളുബ്ബി

4. സുലൈമാനു ബ്നു മഹ്റാന്‍ അല്‍ അഅ്മശ് (148) എന്നിവര്‍.

ഈ വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വം പിന്നീട് ഇബ്നു അബീ ലൈലാ, ഇബ്നു ശുബ്റുമ, ശുറൈഹുല്‍ഖാളി, അബൂ ഹനീഫ എന്നിവരില്‍ എത്തിച്ചേര്‍ന്നു.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ