ടോയ്‍ലറ്റിന്‍റെ ദിശ
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ.
Last Update 2020 December 14 1442 Rabi Al-Akhar 29
അവലംബം: islamqa
ചോദ്യം: ഞാനിപ്പോൾ ഒരു വീട് നിർമ്മാണത്തിലാണ്. ഖിബ്‌ലയുടെ ഭാഗത്തേക്ക് ടോയ്‍ലറ്റ് വരാതിരിക്കൽ നിർബന്ധമാണ് എന്നു പറഞ്ഞു കേട്ടു. ഇതു ശരിയാണോ? മുന്നിൽ ചുമരിന്‍റെ മറയുളള അവസ്ഥയിൽ ഖിബ്‌ലക്ക് അഭിമുഖമതാകുന്നതുകൊണ്ട് വിരോധമുണ്ടോ?
ഉത്തരം: മലമൂത്ര വിസർജന സന്ദർഭങ്ങളിൽ ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കരുത് എന്നുള്ള നിരോധനം നബി صلى الله عليه وسلم യിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
തനിക്കും ഖിബ്‌ലക്കും ഇടയിൽ മറയില്ലാത്ത വിധം വിജനമായ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഈ നിരോധനം എന്ന അഭിപ്രായമാണ് ഭൂരിപക്ഷ പണ്ഡിതന്മാർക്കും (ഇമാം മാലിക് رَحِمَهُ ٱللَّٰهُ , ഇമാം ശാഫി رَحِمَهُ ٱللَّٰهُ , ഇമാം അഹ്‍മദുബ്നു ഹമ്പൽ رَحِمَهُ ٱللَّٰهُ ) ഉള്ളത്. എന്നാൽ ഒരു കെട്ടിടത്തിനകത്താണതെങ്കിൽ ഖിബ്‌ലക്കഭിമുഖമാകുന്നതിൽ വിരോധമില്ല എന്നാണ് ഇവരുടെ വീക്ഷണം. കെട്ടിടത്തിനകത്താണെങ്കിലും ഒഴിഞ്ഞ സ്ഥലത്താണെങ്കിലും ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കുവാൻ പാടില്ല എന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത്. ഇമാം അബൂഹനീഫ رَحِمَهُ ٱللَّٰهُ യും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ യും ഈ വീക്ഷണക്കാരാണ്.
നിങ്ങളിപ്പോൾ വീടിന്‍റെ പണി നടത്തുന്ന സാഹചര്യമായതുകൊണ്ട് ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ ടോയ്‍ലറ്റ് ആകാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ഏറ്റവും നല്ലത്. എങ്കിൽ ഭിന്നതയിൽ നിന്ന് ഒഴിവാകാമല്ലോ.
സൗദി അറേബ്യയിലെ ഫത്‌വാ സമിതിയായ ലജ്നതുദ്ദാഇമയോട് ഇപ്രകാരം ചോദിക്കപ്പെട്ടു.
കെട്ടിടത്തിനകത്ത് ഒഴിഞ്ഞ സ്ഥലത്ത് മലമൂത്ര വിസർജ്ജന സന്ദർഭങ്ങളിൽ ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കുന്നതിന്‍റെ വിധി എന്താണ്? ഖിബ്‌ലക്ക് അഭിമുഖമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള മലമൂത്ര വിസർജ്ജന സ്ഥലങ്ങൾ നിലവിലുള്ള കെട്ടിടങ്ങളിൽ എന്താണ് ചെയ്യേണ്ടത് ? ടോയ്‍ലറ്റിന്‍റെ ഒരു ഭാഗമോ മുഴുവനോ ആയി പൊളിച്ചാലല്ലാതെ അതിന്‍റെ ഭാഗം മാറ്റുവാൻ സാധിക്കുകയില്ല. ഖിബ്‌ലക്ക് അഭിമുഖമായിക്കൊണ്ടുള്ള ചില ടോയ്‌ലറ്റുകളുടെയും വീടുകളുടെയും പ്ലാനുകൾ ഞങ്ങളുടെ കൈകളിൽ ഉണ്ട്. അത് അങ്ങനെ തന്നെ തുടരാമോ അതോ മാറ്റേണ്ടതുണ്ടോ?
ഉത്തരം:
(ഒന്ന്)
ഉലമാക്കളുടെ അഭിപ്രായങ്ങളിൽ ഏറ്റവും സ്വഹീഹായത് ഇപ്രകാരമാണ്: ഒഴിഞ്ഞ സ്ഥലങ്ങളിൽ മലമൂത്ര വിസർജന സന്ദർഭങ്ങളിൽ ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ ഇരിക്കൽ ഹറാമാണ്. കെട്ടിടത്തിനകത്തും തനിക്കും ഖിബ്‌ലക്കും ഇടയിൽ തന്‍റെ തൊട്ടുമുമ്പിലായി മരം, മല .... തുടങ്ങിയവ പോലുള്ളതു കൊണ്ട് മറയുള്ള സ്ഥലത്തുമാണ് അത് അനുവദനീയമായിട്ടുള്ളത്.
ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. കാരണം വ്യത്യസ്തങ്ങളായ ഹദീസുകളിൽ ഇപ്രകാരം കാണാൻ സാധിക്കും:
(1) അബൂഹുറൈറ(റളിയല്ലാഹു അന്‍ഹു)യിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: ഒരാൾ തന്‍റെ ആവശ്യ നിർവഹണത്തിന് വേണ്ടി ഇരിക്കുമ്പോൾ ഖിബ്‌ലക്ക് മുന്നിട്ടോ പിന്നീട്ടോ ഇരിക്കരുത്. (മുസ്‌ലിം, അഹ്‌മദ്)
(2) അബു അയ്യൂബുൽഅൻസ്വാരി(റളിയല്ലാഹു അന്‍ഹു)വിൽ നിന്നും നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: നിങ്ങൾ വിസർജ്ജനാവശ്യത്തിന് വന്നാൽ ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ ഇരിക്കരുത്. മറിച്ച് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിഞ്ഞിരിക്കുക. (ബുഖാരി. മുസ്‌ലിം) {മദീനക്കാരെ സംബന്ധിച്ചെടുത്തോളമാണ് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക എന്ന് പറഞ്ഞത്. രാജ്യങ്ങളുടെ ദിശക്ക് അനുസരിച്ചുകൊണ്ട് ഭാഗങ്ങൾ മാറിക്കൊണ്ടിരിക്കും. ഖിബ്‌ലക്ക് അഭിമുഖമാകരുത് എന്നുള്ളതാണ് ഉദ്ദേശം)
(3) ഇബ്നു ഉമറിൽ(റളിയല്ലാഹു അന്‍ഹു) നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ഞാൻ ഒരിക്കൽ ഹഫ്സ(റളിയല്ലാഹു അന്‍ഹ)യുടെ വീടിനു മുകളിൽ കയറി. അപ്പോൾ ശാമിന്‍റെ ഭാഗത്തേക്ക് മുന്നിട്ടു കൊണ്ടും കഅ്‌ബയുടെ ഭാഗത്തേക്ക് പിന്നിട്ടു കൊണ്ടും നബി صلى الله عليه وسلم തന്‍റെ ആവശ്യം നിർവഹിക്കുന്നത് ഞാൻ കണ്ടു. (ബുഖാരി, മുസ്‌ലിം)
(3) മർവാനുൽഅസ്വ്‌ഫർ(റളിയല്ലാഹു അന്‍ഹു) പറയുന്നു: ഇബ്നു ഉമർ(റളിയല്ലാഹു അന്‍ഹു) തന്‍റെ ഒട്ടകത്തെ മുട്ടുകുത്തിക്കുകയും ഖിബ്‌ലക്കഭിമുഖമായി ഇരുന്നു മൂത്രം ഒഴിക്കുന്നതും ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു; അല്ലയോ അബൂ അബ്ദുറഹ്‍മാൻ, ഇത് നബി صلى الله عليه وسلم നിരോധിച്ചതല്ലേ?. അദ്ദേഹം പറഞ്ഞു: 'ഒഴിഞ്ഞ സ്ഥലത്താണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ നിങ്ങൾക്കും ഖിബ്‌ലക്കും ഇടയിൽ മറയായി വല്ലതുമുണ്ടെങ്കിൽ കുഴപ്പമില്ല.'
ഈ ഹദീസിനെ കുറിച്ച് ഇമാം അബൂദാവൂദ് رَحِمَهُ ٱللَّٰهُ മൗനം പാലിച്ചിട്ടുണ്ട്. ഇതിന്‍റെ പരമ്പര ഹസനാണ് എന്ന് ഇബ്നു ഹജറുൽ അസ്ഖലാനി رَحِمَهُ ٱللَّٰهُ ഫത്ഹുൽ ബാരിയിൽ പറയുന്നു.
(4) ജാബിറുബ്നു അബ്ദില്ല(റളിയല്ലാഹു അന്‍ഹു)യിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: 'മൂത്രമൊഴിക്കുന്ന സന്ദർഭത്തിൽ ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കുന്നതിനെ നബി صلى الله عليه وسلم നിരോധിച്ചിട്ടുണ്ട്. എന്നാൽ മരണത്തിന് ഒരു വർഷം മുമ്പ് ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. (അഹ്‍മദ്, അബൂദാവൂദ്, തുർമുദി)
അപ്പോൾ ഈ വീക്ഷണമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. എന്നാൽ അബൂഹുറൈറ(റളിയല്ലാഹു അന്‍ഹു)യുടെ ഹദീസിൽ നിരോധനം വന്നിട്ടുള്ളത് മറയില്ലാതെ ഇരിക്കുന്നതിനെ സംബന്ധിച്ചാണ്. ജാബിറുബ്നു അബ്ദില്ല(റളിയല്ലാഹു അന്‍ഹു)യുടെയും ഇബ്നു ഉമറിന്‍റെയും(റളിയല്ലാഹു അന്‍ഹു) ഹദീസുകളിൽ ഉള്ളത് കെട്ടിടത്തിനകത്തോ തനിക്കും ഖിബ്‌ലക്കും ഇടയിൽ മറയുള്ള അവസ്ഥയിലോ ആണ്.
കെട്ടിടത്തിനകത്ത് വെച്ചു കൊണ്ട് ഖിബ്‌ലക്ക് മുന്നിട്ടോ പിന്നീട്ടോ വിസർജന കർമ്മം നിർവ്വഹിക്കാം എന്ന് ഈ ഹദീസുകൾ അറിയിക്കുന്നു.
(രണ്ട്)
"فتاوى اللجنة الدائمة" (5/97)
നിർമ്മാണം പൂർത്തിയായിട്ടില്ലാത്ത പ്ലാനുകൾ ഉണ്ട് എങ്കിൽ ഖിബ്‌ലക്ക് അഭിമുഖമായി വരാതിരിക്കാൻ ഇപ്പോൾ തന്നെ മാറ്റുകയാണ് ഏറ്റവും നല്ലത്. എങ്കിൽ ഭിന്നതകളിൽ നിന്നും ഒഴിവാകമല്ലോ. ഇനി മാറ്റുന്നില്ല എങ്കിലും മുൻപ് സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തിൽ കുറ്റമൊന്നുമില്ല. (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍).