ഇരുന്നു നിസ്‍കരിക്കുന്ന വ്യക്തി പ്രാരംഭ തക്ബീറില്‍ നില്‍ക്കേണ്ടതുണ്ടോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 July 05, 17 Dhuʻl-Hijjah, 1444 AH
ചോദ്യം:ഇരുന്ന് നിസ്കരിക്കുന്ന ഒരു വ്യക്തി തക്ബീറതുൽഇഹ്റാം നിന്ന് കൊണ്ട് നിർവഹിക്കുകയും ശേഷം ഇരിക്കുകയും ചെയ്യേണ്ടതുണ്ടോ? തക്ബീറതുൽഇഹ്റാം നിന്ന് നിർവഹിക്കാൻ മറക്കുകയും ഇരുന്ന് കൊണ്ട് തക്ബീറതുൽഇഹ്റാം നിർവഹിക്കുകയും ചെയ്താൽ ആ നമസ്കാരം മടക്കി നിർവഹിക്കേണ്ടതുണ്ടോ? എന്‍റെ പിതാവ് ഇരുന്ന് കൊണ്ടായിരുന്നു ളുഹ്റിന്‍റെ സുന്നത്ത് നിർവഹിച്ചിരുന്നത്. കാരണം അദ്ദേഹത്തിന്‍റെ കാൽമുട്ടിന് വേദനയുണ്ടായിരുന്നു. റുകൂഉം സുജൂദും നിർവഹിക്കാൻ സാധിക്കുമായിരുന്നെങ്കിലും ദീർഘ നേരമുള്ള നിറുത്തം അദ്ദേഹത്തെ ക്ഷീണിപ്പിക്കുമായിരുന്നു. പിന്നീട് അദ്ദേഹം ഫർള് നമസ്കാരവും ഇരുന്ന് നിർവഹിച്ചു. എന്നാൽ തക്ബീറതുൽഇഹ്റാം നിന്ന് നിർവഹിച്ചതുമില്ല. അദ്ദേഹത്തിന്‍റെ മേലിൽ അതിന് വല്ല കുറ്റവുമുണ്ടോ?.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
നിർബന്ധ നമസ്കാരം നിന്ന് നിർവഹിക്കൽ അതിന്‍റെ റുക്നുകളിൽ പെട്ടതാണ്. അല്ലാതെ നമസ്കാരം ശരിയാവുകയില്ല. നിൽക്കാൻ കഴിയാത്ത ഒരു വ്യക്തിക്കല്ലാതെ ഇരുന്ന് നമസ്കരിക്കൽ അനുവദനീയമല്ല.
തക്ബീറതുൽഇഹ്റാം നിന്ന് നിർവഹിക്കൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം നവവി (റഹിമഹുല്ലാഹ്) പറയുന്നു:
"തക്ബീറതുൽഇഹ്റാമിന്‍റെ ഓരോ അക്ഷരങ്ങളും നിന്ന് കൊണ്ട് തന്നെ പറയൽ നിർബന്ധമാണ്. തക്ബീറതുൽ ഇഹ്റാമിലെ ഏതെങ്കിലും അക്ഷരം നിന്നു കൊണ്ടല്ലാതെ പറഞ്ഞാൽ അവന്‍റെ നിർബന്ധ നമസ്കാരം അംഗീകരിക്കപ്പെടുകയില്ല. (ശറഹുൽ മുഹദ്ദബ്: 3/296)
മാലികീ പണ്ഡിതനായ അഖ്ളരി (الأخضري) പറയുന്നു:
“നിശ്ചിത നമസ്കാരത്തിന്‍റെ നിയ്യത്ത്, തക്ബീറതുൽഇഹ്റാം, അതിനു വേണ്ടി നിൽക്കൽ, ഫാതിഹ, അതിന് വേണ്ടി നിൽക്കൽ, റുകൂഅ് തുടങ്ങിയവ നമസ്കാരത്തിലെ വാജിബുകളാകുന്നു."
നമസ്കാരത്തിലെ ഫർളുകൾ വിശദീകരിച്ചു കൊണ്ട് ഇമാം ഖിറശി (റഹിമഹുല്ലാഹ്) (മാലികീ പണ്ഡിതൻ) പറയുന്നു: "കഴിവുള്ള വ്യക്തി നിർബന്ധ നമസ്കാരങ്ങളിൽ നിന്ന് കൊണ്ട് തക്ബീറതുൽഇഹ്റാം നിർവഹിക്കുക. ഇരുന്ന് കൊണ്ടോ കുനിഞ്ഞു നിന്ന് കൊണ്ടോ നിർവ്വഹിച്ചാൽ മതിയാവുകയില്ല. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ പ്രവർത്തനത്തെ പിൻപറ്റലാണത്". (ശറഹു മുഖ്തസ്വറു ഖലീൽ: 1/264).
"നിർബന്ധ നമസ്കാരങ്ങളിൽ നിന്ന് കൊണ്ട് തക്ബീറതുൽഇഹ്റാം നിർവഹിക്കൽ നിർബന്ധമാണ്. മൂലക്കുരുവിന്‍റെ പ്രയാസം അനുഭവിച്ചിരുന്ന ഇംറാനുബ്നു ഹുസ്വൈൻ (റളിയല്ലാഹു അന്‍ഹു)വിനോട് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: 'നിന്ന് നമസ്കരിക്കുക. അതിന് സാധിക്കാത്ത പക്ഷം ഇരുന്ന് കൊണ്ട് നമസ്കരിക്കുക. അതിനും സാധ്യമല്ലാ എങ്കിൽ പാർശ്വത്തിൽ കിടന്ന് നമസ്കാരം നിർവഹിക്കുക'. 'അതിനും സാധ്യമല്ല എങ്കിൽ മലർന്നു കിടന്നു കൊണ്ട് നമസ്കരിക്കുക' എന്ന് ഇമാം നസാഇയുടെ റിപ്പോർട്ടിലും കാണാം. മുതുക് വളയാതെ നിവർത്തി നിർത്തുമ്പോഴാണ് നിർത്തം പൂർണമാകുന്നത്. ഇരുന്ന് കൊണ്ടോ കുനിഞ്ഞു നിന്ന് കൊണ്ടോ തക്ബീറതുൽഇഹ്റാം മതിയാവുകയില്ല." الموسوعة الفقهية الكويتية" (13/ 220)
നമസ്കാരത്തിലെ വാജിബാതുകൾ, റുക്നുകൾ തുടങ്ങിയവയിലെ കഴിയാവുന്നത്ര കാര്യങ്ങൾ ചെയ്യൽ നിർബന്ധമാണ്. കഴിയാത്ത കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഇത് രോഗികളുടെ നമസ്കാരത്തിലെ പൊതുനിയമമാണ്. അപ്പോൾ നിന്ന് കൊണ്ട് നമസ്കാരം തുടങ്ങൽ സാധ്യമാണെങ്കിൽ അങ്ങിനെ തന്നെ ചെയ്യേണ്ടതുണ്ട്. പിന്നീട് നിർത്തം പ്രയാസകരമായി തോന്നിയാൽ ഇരിക്കൽ അനുവദനീയമാണ്.
മുഖ്തസ്വറു ഖലീലിൽ ഇപ്രകാരം കാണാം;
"നിന്നു കൊണ്ട് ഫാതിഹ ഓതാൻ കഴിയില്ലെങ്കിൽ ഇരിക്കാവുന്നതാണ്".
ഇബ്നു അബ്ദിസ്സലാം (റഹിമഹുല്ലാഹ്) പറയുന്നു:
"ഇവിടെ അനിവാര്യമായിട്ടുള്ളത് ഇപ്രകാരമാണ്; അതായത്, അൽപമെങ്കിലും നിൽക്കാൻ സാധിക്കുമെങ്കിൽ നിൽക്കണം. തക്ബീറതുൽ ഇഹ്റാമിന്‍റെ അത്രയും അളവിലാണെങ്കിലും ശരി അതിനെക്കാൾ കൂടുതലാണെങ്കിലും ശരി. കാരണം, ഖുർആൻ പാരായണം ചെയ്യപ്പെടുന്ന സന്ദർഭത്തിൽ നിൽക്കുക എന്നുള്ളതാണ് ഇവിടെ ലക്ഷ്യം. അതിൽ നിൽക്കാൻ കഴിയുന്ന അത്രയും ഭാഗം നിൽക്കണം.
കഴിയാത്ത ഭാഗം അയാളിൽ നിന്ന് ഒഴിവുമാണ് (ഇരിക്കാവുന്നതാണ്)."
ഇബ്നു ഫർഹൂൻ (റഹിമഹുല്ലാഹ്) പറയുന്നു:
"നിന്ന് കൊണ്ട് ഫാതിഹ പൂർത്തിയാക്കാൻ സാധിക്കാതിരിക്കുകയും ഇരുന്ന് കൊണ്ട് അത് സാധിക്കുകയും ചെയ്യുന്നു എങ്കിൽ കഴിയുന്നത്ര നിന്നു കൊണ്ട് പാരായണം ചെയ്യുകയും ബാക്കിയുള്ളത് ഇരുന്ന് നിർവഹിക്കുകയും വേണം".
അൽഫതാവാ അൽഹിന്ദിയ്യയിൽ (ഹനഫീ മദ്ഹബ്) ഇപ്രകാരം കാണാം: الْبَابُ الرَّابِعَ عَشَرَ فِي صَلَاةِ الْمَرِيضِ: (അദ്ധ്യായം 14. രോഗിയുടെ നമസ്കാരം)
"രോഗിക്ക് നിൽക്കാൻ കഴിയാതെയായാൽ ഇരുന്ന് നമസ്കരികണം. റുകൂഉം സുജൂദും ചെയ്യണം. ഇപ്രകാരമാണ് ഹിദായയിലുള്ളത് (ഹനഫീ ഗ്രന്ഥം), നിൽക്കാൻ കഴിയാതിരിക്കുക എന്നതിന് പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങളിൽ ഏറ്റവും സ്വഹീഹായത് 'നിൽക്കുക കാരണത്താൽ അപകടം ബാധിക്കുന്നത്' എന്നാണ്. എന്നാൽ നിൽക്കുന്നത് കൊണ്ട് ചെറിയ നിലക്കുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത് കൊണ്ട് നിർത്തം ഒഴിവാക്കാൻ പാടില്ല. ഇപ്രകാരമാണ് അൽകാഫിയിൽ (ഹനഫീ ഗ്രന്ഥം) ഉള്ളത്.
"പൂർണമായിട്ടല്ലെങ്കിലും നിർത്തത്തിന്‍റെ ചില ഭാഗങ്ങൾ നിന്നു കൊണ്ട് നിർവഹിക്കാൻ സാധിക്കുമെങ്കിൽ കഴിയുന്ന ഭാഗം നിന്ന് കൊണ്ട് തന്നെ നിർവഹിക്കാൻ കൽപിക്കണം. എത്രത്തോളമെന്നാൽ നിന്ന് കൊണ്ട് തക്ബീറതുൽ ഇഹ്റാം സാധ്യമാണെങ്കിൽ അത് ചെയ്യണം. പൂർണമായിട്ടല്ലെങ്കിലും അൽപം ഖുർആൻ പാരായണം നിന്ന് കൊണ്ട് നിർവഹിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യാൻ കൽപിക്കണം. കഴിയുന്നത്ര നിന്ന് ഓതണം. കഴിയാതെ വന്നാൽ ഇരിക്കണം." (അൽഫതാവാ അൽഹിന്ദിയ്യ)
ശൈഖ് മുഹമ്മദ് മുഖ്താർ അശ്ശൻഖീത്വി (റഹിമഹുല്ലാഹ്) പറയുന്നു:
"നിന്ന് നമസ്കരിക്കാൻ കഴിയാത്തവൻ ഇരുന്ന് നമസ്കരിക്കണം. തക്ബീറതുൽ ഇഹ്റാം നിന്ന് നിർവഹിക്കാൻ കഴിയുന്ന വ്യക്തി നേരിട്ട് വന്ന് ഇരുന്ന് തക്ബീറതുൽ ഇഹ്റാം നിർവഹിക്കരുത്. മറിച്ച് നിന്ന് കൊണ്ടാണ് തക്ബീറതുൽ ഇഹ്റാം നിർവഹിക്കേണ്ടത്. കാരണം, നിന്ന് കൊണ്ട് തക്ബീറതുൽ ഇഹ്റാം നിർവഹിക്കാൻ ആ വ്യക്തിക്ക് സാധിക്കും. അതിനു ശേഷം നിർത്തം പ്രയാസകരമായി തോന്നിയാൽ ആ വ്യക്തിക്ക് ഇരിക്കാവുന്നതാണ്. എന്നാൽ തളർച്ച പോലുള്ള രോഗങ്ങൾ ബാധിച്ച് എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത ആളുകളാണെങ്കിൽ ഇരുന്ന് കൊണ്ട് തക്ബീറതുൽ ഇഹ്റാം നിർവഹിക്കാവുന്നതാണ്. നിൽക്കാൻ കഴിയുന്ന ഒരു വ്യക്തി നിൽക്കുകയും തന്‍റെ പിറകിൽ കസേര വെക്കുകയും ചെയ്യുക. പ്രയാസം തോന്നുമ്പോൾ ആ വ്യക്തിക്ക് ഇരിക്കാവുന്നതാണ്. നിർബന്ധാവസ്ഥകളെ അതിന്‍റെ തോതനുസരിച്ച് കൊണ്ട് ഉപയോഗപ്പെടുത്തണമെന്നത് ഫിഖ്ഹിലെ പൊതു നിയമമാണ്. ആവശ്യങ്ങൾക്ക് അനുവദിക്കപ്പെട്ട ഇളവുകളും അതിന്‍റെ തോതനുസരിച്ചേ ഉപയൊഗിക്കാവൂ എന്നുള്ളതും ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്.
നിർത്തം പ്രയാസമാണ് എന്നതാണ് ഒരു വ്യക്തിയുടെ നിർബന്ധിതാവസ്ഥ എങ്കിൽ നിന്നു കൊണ്ട് തക്ബീറതുൽ ഇഹ്റാം നിർവഹിക്കുകയും ശേഷം ഇരിക്കുകയും ചെയ്തു കൊള്ളുക എന്നാണ് നമുക്ക് പറയാനുള്ളത്. എന്നാൽ നിർത്തം പോലും പ്രയാസകരമായിട്ടുള്ള നിർബന്ധാവസ്ഥയിലാണുള്ളതെങ്കിൽ ഇരുന്ന് കൊണ്ട് തക്ബീറതുൽഇഹ്റാം നിർവഹിച്ചു കൊള്ളുക. അതില്‍ കുഴപ്പമില്ല".
"അപ്പോൾ ഇതിനും ഒരു കണക്കുണ്ട്. അതിനും ഒരു കണക്കുണ്ട്. ജനങ്ങളെ അത് ഉണർത്തണം. നിൽക്കാൻ കഴിവുണ്ടായിട്ടു പോലും ഇരുന്ന് കൊണ്ട് തക്ബീറതുൽ ഇഹ്റാം നിർവഹിക്കുന്ന ആളുകളെ കാണാം. നിൽക്കുകയും കസേരയും ചുമന്ന് നടക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്. ഇത്തരം ആളുകൾക്കൊന്നും നമസ്കാരത്തിന്‍റെ റുക്നായ തക്ബീറതുൽ ഇഹ്റാം ഇരുന്ന് നിർവഹിക്കാൻ ഇളവ് നൽകപ്പെടുകയില്ല. ജനങ്ങളെ ഉണർത്തേണ്ട ഒരു വിഷയമാണിത്. എന്നാൽ നിൽക്കാൻ കഴിയാത്തവൻ ഇരുന്ന് കൊള്ളട്ടെ". (ശറഹു സാദുൽ മുസ്തഖ്നിഅ്: 2/91- [ശാമിലയിലെ ക്രമ നമ്പർ പ്രകാരം])
മേൽ സൂചിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ താങ്കളുടെ പിതാവ് നിന്നു കൊണ്ട് തക്ബീറതുൽ ഇഹ്റാം നിർവഹിക്കാൻ മറന്ന് പോയ നമസ്കാരം മടക്കി നിർവഹിക്കേണ്ടതുണ്ട്. തക്ബീറതുൽ ഇഹ്റാം നിർവഹിക്കേണ്ടത് നിന്ന് കൊണ്ടാണ് നിർവഹിക്കേണ്ടത് എന്ന് താങ്കളുടെ പിതാവിന് അറിയുമെങ്കിൽ. എന്നാൽ ഈ മത വിധി അറിയാതെയാണ് അദ്ദേഹം അപ്രകാരം ചെയ്തത് എങ്കിൽ - അതായത്; ഇരുന്ന് നമസ്കരിക്കുന്ന വ്യക്തി ഇരുന്ന് കൊണ്ട് തന്നെയാണ് തക്ബീറതുൽ ഇഹ്റാം നിർവഹിക്കേണ്ടത് എന്ന ധാരണയോടെയാണ് അപ്രകാരം ചെയ്തത് എങ്കിൽ- അദ്ദേഹം നമസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല.
അല്ലാഹു അഅ്‌ലം.
അവലംബം: islamqa