ഹദീഥ് ഗ്രന്ഥങ്ങളുടെ ത്വബക്വകള്‍
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 June 24, 6 Dhuʻl-Hijjah, 1444 AH
ഹദീഥ് ഗ്രന്ഥങ്ങള്‍ അവയുടെ സ്വിഹ്ഹത്ത് അനുസരിച്ച് അഞ്ച് ത്വബക്വയാക്കപ്പെട്ടിരിക്കുന്നു.
1. സ്വഹീഹുല്‍ ബുഖാരി, മുസ്‌ലിം, മുവത്വഅ്. പരിപരിശോധനയ്ക്ക് ശേഷം മുഹദ്ദിഥുകൾ തരംതിരിച്ചതാണിത്. പരിശുദ്ധ ക്വുർആൻ കഴിഞ്ഞാൽ സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമുമാണ് ഏറ്റവും ശരിയായ ഗ്രന്ഥങ്ങളെന്ന് മുസ്‌ലിം പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അതോടൊപ്പം മുസ്‌ലിമിനേക്കാൾ സ്വീകാര്യം ബുഖാരി ആണെന്നും അവർ പറയുന്നു. മുസ്‌ലിമാണ് ഏറ്റവും സ്വീകാര്യമെന്ന് പറയുന്നവർ അതിന്‍റെ പദഭംഗിയിലും ക്രോഡീകരണ ക്രമത്തിലുമാണ് ശ്രേഷ്ഠത കാണുന്നത്. ഹദീഥിന്‍റെ പദങ്ങൾ ശേഖരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യപ്രദമായത് മുസ്‌ലിമാണ്. ഇവർ രണ്ടുപേരിൽ ആരാണുത്തമരെന്ന് ഈ കവിതയിൽ നിന്ന് വ്യക്തമാണ്.
ബുഖാരി തനിച്ച് റിപ്പോർട്ട് ചെയ്ത സനദിലെ ആളുകളെക്കാൾ ശ്രേഷ്ഠർ മുസ്‌ലിം തനിച്ച് റിപ്പോർട്ട് ചെയ്തതിലെ ആളുകളാണെന്ന് പറഞ്ഞവർക്ക് തെറ്റുപറ്റിയിരിക്കുന്നു. മുസ്‌ലിമിനേക്കാൾ ഹദീഥ്, അതിന്‍റെ ന്യൂനതകൾ, ചരിത്രം എന്നിവ കൂടുതൽ അറിയുന്നത് ബുഖാരിയാണെന്നതിൽ ആരും സംശയിക്കുന്നില്ല. കാരണം ബുഖാരിയും അബൂ ദാവൂദും സ്വിഹ്ഹത്തു കൂടുതൽ അറിയുന്നവരാണ്. ഒരുപക്ഷേ വളരെ ചുരുക്കം ചില സനദുകൾ മുസ്‌ലിമിൽ മാത്രമുള്ളത് ബുഖാരിയിലുള്ളതിനേക്കാൾ ശ്രേഷ്ഠമായേക്കാം. അധികവും നേരെമറിച്ചാണ്.
ആകാശത്തിനു താഴെ അല്ലാഹുവിന്‍റെ കിതാബ് കഴിഞ്ഞാൽ ഏറ്റവും ശരിയായ കിതാബ് മാലികിന്‍റെ മുവത്വഅ് ആണെന്ന് ഇമാം ശാഫിഈ ബുഖാരിയും മുസ്‌ലിമും ഉണ്ടാകുന്നതിന്‍റെ മുമ്പ് പറഞ്ഞതാണ്. (صحة عمل اهل المدينة ص: ٣٤) ഇമാം ശാഫിഈ ബുഖാരിയുടെയും മുസ്‌ലിമിന്‍റെയും മുമ്പ് ജീവിച്ചയാളാണ്. അദ്ദേഹം തന്‍റെ കാലത്ത് ക്രോഡീകരിച്ച ഗ്രന്ഥങ്ങളെ അപഗ്രഥിച്ചു കൊണ്ട് പറഞ്ഞ അഭിപ്രായമാണത്. അദ്ദേഹത്തിന്‍റെ കാലത്ത് ഹദീഥ് ക്രോഡീകരണം തുടങ്ങിവച്ചിട്ടേയുള്ളൂ. ഇബ്നു ജുറൈജിന്‍റെയും സഈദുബ്നു അബീ അറൂബയുടെയും ഹമ്മാദ് ബ്നു സലമയുടെയും മഅ്മറിന്‍റെയും മുസന്നഫാത്തുകൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അവർ ഒരധ്യായത്തിൽ ഹദീഥുകളും സ്വഹാബത്തിന്‍റെയും താബിഉകളുടെയും വാക്കുകളും ക്രോഡീകരിച്ചിരുന്നു. ആ രീതിയിൽ തന്നെയാണ് മുവത്വഅ് രചിക്കപ്പെട്ടത്. ആ മാർഗ്ഗം പിന്തുടർന്ന് അബ്ദുല്ലാഹിബ്നു മുബാറക്, അബ്ദുല്ലാഹിബ്നു വഹബ്, വകീഉ ബ്നുൽ ജർറാഹ്, അബ്ദുറഹ്‍മാനു ബ്നു മഹ്ദി, അബ്ദു റസാഖ്, സഈദ് ബ്നു മൻസൂർ എന്നിവരും ഗ്രന്ഥരചന നടത്തി. ഈ ഗ്രന്ഥങ്ങളെയെല്ലാം ചൂണ്ടിക്കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത് ആകാശത്തിനുകീഴെ ക്വുര്‍ആന്‍ കഴിഞ്ഞാൽ ഏറ്റവും ശരിയായ ഗ്രന്ഥം മുവത്വഅ് ആണെന്ന്.
2. ബുഖാരിയുടെയും മുസ്‌ലിമിന്‍റെയും മുവത്വയുടെയും നിലവാരത്തിൽ എത്തിയിട്ടില്ലെങ്കിലും അവയുടെ അടുത്ത് നിൽക്കുന്നവ: സുനനു അബീ ദാവൂദ്, സുനനു ത്തിർമിദി, സുനനു ന്നസാഈ എന്നിവയാണ്. മുസ്നദു അഹ്‍മദും അതിൽ ഉൾപ്പെടുത്താവുന്ന നിലവാരത്തിലാണ്.
3. ബുഖാരിക്കും മുസ്‌ലിമിനും മുമ്പും പിമ്പും രചിക്കപ്പെട്ട മസാനീദുകളും, ജവാമിഉകളും, മുസ്വന്നഫാത്തുകളും. ഇവകളിൽ സ്വഹീഹ്, ഹസൻ, ദഈഫ്, മഅ്റൂഫ്, ഗ്വരീബ്, ശാദ്ദ്, മുൻകർ, ക്വത്വഅ്, സ്വവാബ്, ഥാബിത്, മഖ്‌ലൂബ് എന്നിങ്ങനെ എല്ലാ സ്വഭാവങ്ങളുള്ള ഹദീഥുകളും ഉണ്ട്. മുസ്നദു അബീയഅ്‍ല, മുസ്വന്നഫു അബ്ദിറസാഖ്, ബൈഹഖി, ത്വഹാവി, ത്വബ്റാനി എന്നിവ ഈ ഗണത്തിൽപെടുന്നു. ലഭ്യമായ ഹദീഥുകൾ ക്രോഡീകരിക്കലായിരുന്നു അവരുടെ ലക്ഷ്യം. അവയെ പ്രവർത്തികളുമായി (عمل) അടുപ്പിക്കലോ തെറ്റുകളിൽ നിന്ന് ശുദ്ധീകരിച്ചെടുക്കലോ ആയിരുന്നില്ല.
4. ആദ്യം പറഞ്ഞ രണ്ട് ത്വബക്വയിലും ഉൾപ്പെട്ടിട്ടില്ലാത്ത ഹദീഥുകൾ. കുറെ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്. ഇവ കഴിഞ്ഞകാല മുഹദ്ദിഥുകൾ ക്രോഡീകരിച്ചിട്ടില്ലാത്തവയും ആളുകളുടെ നാവുകളിലൂടെ കൈമാറി വന്നവയുമാണ്. കഥാകാരന്മാർ, ഉപദേഷ്ടാക്കൾ, സ്വാർത്ഥതാല്പര്യക്കാർ തുടങ്ങിയവരാണ് ഇവ അധികവും പ്രചരിപ്പിച്ചിരുന്നത്. ഇബ്നുൽ ജൗസിയുടെ الموضوعات (വ്യാജ ഹദീഥുകൾ) എന്ന ഗ്രന്ഥത്തിൽ പരാമർശം ഇത്തരം ഹദീഥുകളാണ്.
5. ഫുഖഹാക്കളുടെയും സൂഫികളുടെയും ചരിത്രകാരന്മാരുടെയും അവരെപ്പോലെയുള്ളവരുടെയും നാവുകളിലൂടെ പ്രചരിച്ചതും ഒരു അസ്‍ലും ഇല്ലാത്തവയുമായ ഹദീഥുകൾ. (ഹുജ്ജത്തുള്ള: 280-285)
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله