റൂമോ സ്ഥലമോ പള്ളിയാകാനുളള അനിവാര്യമായ ഘടകങ്ങള്‍
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 May 23, 3 Dhuʻl-Qiʻdah, 1444 AH
ചോദ്യം: ഒരു റൂമോ സ്ഥലമോ പള്ളി എന്ന പേരിൽ വരാൻ അനിവാര്യമായ ഘടകങ്ങളും അളവുകോലും എന്തൊക്കെയാണ്. കൃത്യമായ അനുപാതത്തിൽ ഉള്ള സ്ഥലം അല്ലെങ്കിലും അഞ്ചു നേരത്തെ നമസ്കാരം അവിടെ വ്യവസ്ഥാപിതമായ നിലക്ക് നടത്തപ്പെടുന്നു എങ്കിൽ അതിന് പള്ളി എന്ന് പറയാമോ?.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
സ്ഥിരമായി അഞ്ച് നേരത്തെ നമസ്കാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ടതും അതിന് വേണ്ടി നിശ്ചയിക്കപ്പെട്ടതുമായ സ്ഥലങ്ങൾക്കാണ് പള്ളി (മസ്ജിദ്) എന്ന് പറയുന്നത്. ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണം ഇതാണ്. അതായത് നമസ്കാരം നിർവഹിക്കാൻ ജനങ്ങൾക്ക് അനുവാദം ലഭിക്കപ്പെട്ട സ്ഥലങ്ങളാണ് പള്ളികൾ. അത് അല്ലാഹുവിന്‍റെ മാർഗത്തിൽ വഖ്ഫ് ചെയ്യപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചതാണെങ്കിലും ശരി അല്ലെങ്കിലും ശരി. ശാഫിഈ മദ്ഹബിൽ ഈ നിർവചനത്തിൽ വീക്ഷണ വ്യത്യാസം ഉണ്ട്". (അൽമൗസൂഅതുൽഫിഖ്ഹിയ്യ: 37/220)
ഇബ്നു ഖുദാമ (റഹി) പറയുന്നു:
"വാക്കു കൊണ്ടും പ്രവർത്തനം കൊണ്ടും വഖ്ഫ് അനുവദനീയമാണ്. പള്ളി നിർമ്മിക്കുകയും ജനങ്ങൾക്ക് അതിൽ നമസ്കരിക്കാൻ അനുമതി നൽകുകയും ചെയ്താൽ വഖ്ഫ് ചെയ്തതു പോലെയായി (പറയണമെന്നില്ല). മഖ്ബറ ഉണ്ടാക്കുകയും അതിൽ മറമാടാൻ അനുമതി നൽകുന്നതും അപ്രകാരം തന്നെയാണ്. കാരണം നാട്ടു രീതി അങ്ങനെയാണ് നടന്നു വരുന്നത് (العرف). വാക്ക് പോലെ തന്നെ പ്രവർത്തനം കൊണ്ടും വഖ്ഫ് സ്ഥിരപ്പെടും". (അൽകാഫി: 2/250)
"പള്ളി, അതുണ്ടാക്കിയ ആളുടെ ഉടമസ്ഥതയിൽ നിന്നും നീങ്ങിപ്പോകും. കാരണം, അത് വഖ്ഫാണ്. അതു വിൽക്കാൻ അയാൾക്കു അനുവാദമില്ല. മദ്റസകളിലും മറ്റു സ്ഥലങ്ങളിലും ഇന്ന് നമസ്കാര സ്ഥലങ്ങളുണ്ട്. അവകൾക്ക് പള്ളിയുടെ വിധി നൽകപ്പെടുകയില്ല. കാരണം, അത് വഖ്ഫ് ചെയ്യപ്പെട്ടതല്ല. അതിന്‍റെ ഉടമസ്ഥന്‍റെ അധികാരത്തിൽ നിന്ന് അത് പുറത്ത് പോയിട്ടുമില്ല. ഇങ്ങനെയുള്ള പല സ്ഥലങ്ങളിലും അഞ്ച് നേരത്തെ നമസ്കാരം കൃത്യമായി നടത്തപ്പെടുന്നുമില്ല. (ഫതാവാ അല്‍ലജ്നത്തുദ്ദാഇമ 5/ 169)
അല്ലജ്നതുദ്ദാഇമയോട് ഇപ്രകാരം ചോദിക്കപ്പെട്ടു:
"എന്താണ് പള്ളിയും (مسجد) നമസ്‌കാര സ്ഥലവും [നമസ്കാരത്തിനായി തയ്യാറാക്കിയ സ്ഥലവും] (مصلى) തമ്മിലുള്ള വ്യത്യാസം?. അതായത് മുസ്വല്ലയിൽ എത്തിയാലും തഹിയ്യതുൽമസ്ജിദ് നിർബന്ധമാണോ? അതോ നിർബന്ധമെന്ന വിധിയിൽ നിന്നും പുറത്താണോ?.
ഉത്തരം:
"സ്ഥിരമായ രൂപത്തിൽ അഞ്ച് നേരത്തെ നിർബന്ധ നമസ്കാരത്തിന് വേണ്ടി പ്രത്യേകമാക്കപ്പെട്ട സ്ഥലത്തിനാണ് പള്ളി എന്ന് പറയുന്നത്. അത് വഖ്ഫ് ചെയ്യപ്പെട്ടതുമായിരിക്കും. എന്നാൽ പെരുന്നാൾ നമസ്കാരങ്ങൾ മയ്യിത്ത് നമസ്കാരം പോലുള്ള താൽക്കാലികമായ നമസ്കാരത്തിന് വേണ്ടി സ്വീകരിക്കുന്ന സ്ഥലമാണ് മുസ്വല്ല. അഞ്ച് നേരത്തെ നമസ്കാരത്തിന് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ടതല്ല അത്. മുസ്വല്ലയിൽ പ്രവേശിച്ചാൽ തഹിയ്യത് നമസ്കാരം സുന്നത്തില്ല. പളളിയിൽ കയറുകയും ഇരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നവർക്കുള്ളതാണത്. ഇരിക്കുന്നതിന് മുമ്പ് അത് നിർവഹിക്കുകയും വേണം. നബി(സ) പറയുന്നു: 'നിങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ രണ്ടു റക്അത്ത് നമസ്കരിക്കുന്നതു വരെ ഇരിക്കരുത്'. (ബുഖാരി, മുസ്‌ലിം) അല്ലാഹുവിനെ കൊണ്ടാണ് എല്ലാ തൗഫീഖും."
മസ്ജിദും മുസ്വല്ലയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ശൈഖ് ഇബ്നു ഉസൈമീനോട്(റഹി) ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"പൊതുവായ അർത്ഥത്തിൽ എടുത്താൽ ഭൂമി മുഴുവൻ പള്ളിയാണ്. നബി (സ) പറയുന്നു: "ഭൂമി എനിക്ക് മസ്ജിദും ശുദ്ധിയുള്ളതും ആക്കിത്തന്നിരിക്കുന്നു".
"എന്നാൽ പ്രത്യേകമായ അർത്ഥത്തിൽ എടുത്താൽ എപ്പോഴും നമസ്കാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ടതും അതിന് വേണ്ടി പ്രത്യേകമാക്കപ്പട്ടതുമാകുന്നു അത്. കല്ലോ മണ്ണോ സിമന്‍റോ എന്തുകൊണ്ട് ഉണ്ടാക്കിയാലും ശരി. ഇനി ബിൽഡിംഗ് ഇല്ലെങ്കിലും ശരി (അത് പള്ളിയാണ്). എന്നാൽ ആളുകൾ നമസ്കാരത്തിന് സ്വീകരിക്കുന്ന സ്ഥലമാണ് മുസ്വല്ല. അത് സ്ഥിര നമസ്കാരത്തിനുള്ള സ്ഥലമല്ല. നമസ്കാരത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ അവിടെ വെച്ച് നമസ്കരിക്കുന്നു എന്ന് മാത്രം. അത് മസ്ജിദിന്‍റെ പരിധിയിൽ വരുകയില്ല. കാരണം നബി(സ) തന്‍റെ വീട്ടിൽ സുന്നത്ത് നമസ്കാരം നിർവഹിക്കാറുണ്ട്. നബി(സ)യുടെ വീട് പള്ളിയായിരുന്നില്ല. തനിക്ക് നമസ്കാര സ്ഥലമായി സ്വീകരിക്കുന്നതിന് വേണ്ടി തന്‍റെ വീട്ടിൽ വന്ന് ഒരു സ്ഥലത്ത് നമസ്കരിക്കാൻ ഇത്ബാൻ(റ) നബി (സ) യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥലവും പള്ളിയായിരുന്നില്ല. അപ്പോൾ പൊതു പള്ളിയായി നിർണ്ണയിക്കാതെ ജനങ്ങൾ നമസ്കാരത്തിനായി സ്വീകരിക്കുന്ന സ്ഥലമാണ് മുസ്വല്ല".
ചുരുക്കത്തിൽ മൂന്ന് നിബന്ധനകൾ ഒത്തിട്ടുള്ളതാണ് പള്ളി
(1) വഖ്ഫ് ചെയ്യപ്പെട്ടതായിരിക്കുക. അത് ഉണ്ടാക്കിയ ആളുടെ ഉടമസ്ഥതയിൽ നിന്നും അത് നീങ്ങിപ്പോകണം.
(2) പൊതുവായ നിലക്ക് നമസ്കരിക്കാൻ അനുമതി നൽകപ്പെട്ടതായിരിക്കണം. അതിൽ നമസ്കരിക്കാൻ ഉദ്ദേശിക്കുന്നവരെ ഒരാളും തടയാൻ പാടില്ല.
(3) സ്ഥിരമായ നിലക്ക് അഞ്ച് നേരത്തെ നമസ്കാരത്തിന് വേണ്ടി പ്രത്യേകം ഒരുക്കപ്പെട്ടതായിരിക്കണം.
അല്ലാഹു അഅ്‌ലം.
അവലംബം: islamqa