സ്വഹാബികളുടെ കാലഘട്ടത്തിലെ തശ്‍രീഇന്‍റെ പ്രമാണങ്ങൾ
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 April 02, 11 Ramadan, 1444 AH
ഈ കാലത്ത് തശ്‍രീന്‍റെ ഉറവിടം ക്വുർആനും സുന്നത്തുമായിരുന്നു. പുതുതായുണ്ടായ റഅ്‍യ് എന്ന ഉറവിടവും. ഇജ്തിഹാദാണ് റഅ്‍യ് കൊണ്ടുദ്ദേശിക്കുന്നത്. സ്വഹാബത്ത് വിവിധ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തിയ ഈ പ്രമാണം പിൽക്കാലത്ത് വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെട്ട ഖിയാസ്, ഇസ്തിഹ്സാന്‍, ഇസ്തിസ്‍ലാഹ് എന്നിവകളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. നാട്ടുസമ്പ്രദായത്തെ അവർ ഒരിക്കലും അവഗണിച്ചിരുന്നുമില്ല.
സ്വഹാബത്തിന്‍റെ ഇജ്തിഹാദുകൾ
(أمثلة من اجتهاد الصحابة)
സ്വഹാബികൾ ഇജ്തിഹാദ് ചെയ്തതിന്‍റെ മാതൃകകൾ ചിലത് നാം പരാമർശിച്ചിരുന്നു. ചിലതുകൂടി നോക്കുക.
1. നബി യുടെ മരണാനന്തരം ഭരണ ചുമതല ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ സ്വഹാബത്ത് ഭിന്നിച്ചു. ബനൂ സാഇദയുടെ താവളത്തില്‍ വച്ചുണ്ടായ കുടിയാലോചന തുടർന്ന് അബൂബക്കർ رضي الله عنه വിനെ ഖലീഫയാക്കാൻ ഏകകണ്ഠമായ തീരുമാനമുണ്ടായി
2. സക്കാത്ത് നൽകാത്തവരോട് യുദ്ധം ചെയ്യുന്ന കാര്യത്തിൽ അബൂബക്കർ رضي الله عنه വിനോട് ചിലർ വിയോജിച്ചു അവരോട് യുദ്ധം ചെയ്യൽ നിർബന്ധമാണെന്നായിരുന്നു അബൂബക്കർ رضي الله عنه വിന്‍റെ തീരുമാനം. സക്കാത്തിനെ നമസ്കാരത്തോട് അദ്ദേഹം ഖിയാസാക്കി.
3. ക്വുർആൻ ക്രോഡീകരിക്കുന്ന കാര്യത്തിൽ ഉമർ رضي الله عنه വിന്‍റെ അഭിപ്രായത്തോട് അബൂബക്കർ رضي الله عنه യോജിച്ചു.
4. ഉമർ رضي الله عنه തറാവീഹ് നമസ്കാരം ഒരു ഇമാമിന്‍റെ നേതൃത്വത്തിലായി സംഘടിപ്പിച്ചു. അതുവരെ പള്ളിയിൽ വ്യത്യസ്ത സംഘങ്ങളായി തനിച്ചായിരുന്നു അവർ നമസ്കരിച്ചിരുന്നത്.
5. മുസ്ലിംകൾ ജയിച്ചടക്കിയ പ്രദേശങ്ങള്‍ യോദ്ധാക്കൾക്കിടയിൽ ഭാഗിക്കണമെന്നായിരുന്നു യോദ്ധാക്കളുടെ ആവശ്യം. എന്നാൽ ദീർഘമായ ചർച്ചക്കൊടുവിൽ അത് പൊതുസ്വത്തായി നിലനിർത്താൻ തീരുമാനമായി.
6. ഉസ്മാൻ رضي الله عنه മുസ്‌ലിംകളെ ഒരു മുസ്ഹഫിനെ പിന്തുടരുവാൻ ഐക്യപ്പെടുത്തി. ബാക്കിയുള്ളവയെല്ലാം കരിച്ചു കളഞ്ഞു.
7. അബൂബക്കർ رضي الله عنه ദാനം എല്ലാവർക്കും തുല്യമായി നൽകി. ഉമർ رضي الله عنه ചിലർക്ക് കൂടുതൽ നൽകി.
8. വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ മദ്യപാനിക്കും ഉമർ رضي الله عنه നിശ്ചയിച്ചു. സ്വഹാബത്ത് അത് അംഗീകരിച്ചു.
9. ഒരാൾക്ക് ബദലായി ഒരു സംഘമാളുകളെ വധിക്കാൻ ഉമർ رضي الله عنه വിധിക്കുകയുണ്ടായി.
ഇങ്ങിനെയുള്ള നിരവധി ഇജ്തിഹാദുകൾ ഇബ്നുൽ ഖയ്യിം رحمه الله രേഖപ്പെടുത്തിയിട്ടുണ്ട്. ആനുകാലിക സംഭവങ്ങളെ അവയ്ക്ക് തുല്യമായവയോട് സാദൃശ്യപ്പെടുത്തി മതവിധി കണ്ടെത്തുകയായിരുന്നു സ്വഹാബത്ത് ചെയ്തിരുന്നത്. അങ്ങിനെ ഇജ്തിഹാദിന് അവർ കവാടം തുറന്നു കൊടുത്തു. ശരിയായ മൻഹജ് കാണിച്ചുകൊടുത്തു. അതിൻറെ മാർഗ്ഗങ്ങൾ വിവരിച്ചു കൊടുത്തു.
സ്വഹാബികളിലെ കർമ്മശാസ്ത്ര പണ്ഡിതന്മാർ
(فقهاء الصحابة أهل الفتيا)
ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു; സ്വഹാബാക്കളിൽ ഫത്‍വ പറഞ്ഞിരുന്നവർ നൂറ്റിമുപ്പതില്‍പരം പേരുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും.
അവരിൽ കൂടുതൽ ഫത്‍വ നൽകിയത് ഏഴു പേരാണ്. ഉമർ, അലിയ്യു ബ്നു അബീത്വാലിബ്, അബ്ദുല്ലാഹി ബ്നു മസ്ഊദ്, ആഇശ, സൈദു ബ്നു ഥാബിത്, അബ്ദുല്ലാഹി ബ്നു അബ്ബാസ്, അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنهم എന്നിവരാണവർ. ഇവർ ഓരോരുത്തരുടെയും ഫത്‍വകൾ ബൃഹത് ഗ്രന്ഥങ്ങളിൽ ശേഖരിക്കാമെന്ന് അബൂ മുഹമ്മദ് ബ്നു ഹസം പറയുന്നു.
അബൂബക്കർ സിദ്ദീഖ്, ഉമ്മു സലമ, അനസ് ബ്നു മാലിക്, അബു സഈദിൽ ഖുദ്‍രി, അബൂ ഹുറൈറ, ഉസ്മാൻ ബ്നു അഫ്ഫാൻ, അബ്ദുല്ലാഹിബ്നു അംറു ബ്നുല്‍ ആസ്വ്, അബ്ദുല്ലാഹി ബ്നു സുബൈര്‍, അബൂമൂസ അല്‍ അശ്അരി, സഅദ് ബ്നു അബീ വഖാസ്, സൽമാനുല്‍ ഫാരിസി, ജാബിറു ബ്നു അബ്ദില്ല, മുആദു ബ്നു ജബല്‍ رضي الله عنهم ഈ പതിമൂന്നു പേർ ആദ്യം പറഞ്ഞവരുടെ താഴെ നിൽക്കുന്നു. ഇവരുടെ ഫത്‍വകള്‍ ചെറിയ ചെറിയ ഗ്രന്ഥങ്ങളിൽ ശേഖരിക്കുന്നാവത്രയുണ്ട്.
ഇനി ബാക്കിയുള്ളവരിൽ നിന്ന് കുറച്ചു ഫത്‍വകളേ ഉണ്ടായിട്ടുള്ളൂ. ചിലരിൽ നിന്നും ഒന്നോ രണ്ടോ മാത്രം.
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله