പെന്‍ഷന്‍ വാങ്ങിക്കുന്നതിന്‍റെ വിധി

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 May 13, 23 Shawwal, 1444 AH

അവലംബം: islamqa

ചോദ്യം: ഞാൻ ബ്രിട്ടനിലാണ് താമസിക്കുന്നത്. പെൻഷന് വേണ്ടി എന്‍റെ ശമ്പളത്തിൽ നിന്നും ഗവൺമെന്‍റ് എല്ലാ മാസവും ഒരു നിശ്ചിത തുക പിടിച്ചു വെക്കുന്നു. ഇത്തരം പെൻഷൻ തുകയുടെ വിധി എന്താണ്? ഇത്തരം പെൻഷൻ വ്യവസ്ഥകൾ ചില പ്രൈവറ്റ് കമ്പനികളും സ്വീകരിക്കുന്നുണ്ട്. അതായത് ഒരു നിശ്ചിത തുക എല്ലാ മാസവും അവർ ഈടാക്കുകയും അത് അവർ ഉപയോഗപ്പെടുത്തുകയും അറുപതിലോ അറുപത്തി അഞ്ചിലോ (പ്രായം) പെൻഷൻ ആയതിന് ശേഷം ആ സംഖ്യ ഞങ്ങൾക്ക് നൽകുകയും ചെയ്യുന്നു. ഈ വ്യവസ്ഥയുടെ മത വിധി എന്താണ്?

ഉത്തരം: സർവ്വസ്തുതിയും അല്ലാഹുവിന്.

ഗവൺമെന്‍റിന്‍റേതല്ലാത്ത ഇത്തരം പെൻഷൻ വ്യവസ്ഥയിൽ ചേരുന്നത് പാടില്ലാത്ത കാര്യമാണ്. ചൂതാട്ടത്തിന്‍റെ ഒരു ഇനമാകുന്നു ഇത്. കാരണം ചില മാസങ്ങളിൽ നാം തുക അടക്കുകയും ശേഷം ശാരീരിക ക്ഷയമോ മരണമോ സംഭവിച്ചാൽ തുക അടച്ച വ്യക്തിയോ അല്ലെങ്കിൽ അവന്‍റെ അനന്തരാവകാശികളോ ഈ വ്യക്തി അടച്ചതിനേക്കാൾ കൂടുതൽ സംഖ്യ വാങ്ങുന്നു. ചിലപ്പോൾ കൂടുതൽ മാസങ്ങൾ ഗഡുക്കളായി തുക അടക്കുകയും, ശേഷം അടച്ച സംഖ്യയെക്കാൾ കുറഞ്ഞ തുക ലഭിക്കുകയും ചെയ്യുന്നു. ഇതു തന്നെയാണ് ചൂതാട്ടം.

ഇനി ഇത്തരം കമ്പനികൾ മദ്യ നിർമ്മാണം പലിശക്ക് കടം കൊടുക്കൽ തുടങ്ങി ഹറാമിന്‍റെ മാർഗത്തിലാണ് ഗഡുക്കളായി വാങ്ങിയ തുക ഉപയോഗിക്കുന്നത് എങ്കിൽ ഇത് ഹറാമാകുവാനുള്ള മറ്റൊരു കാരണം കൂടിയാണിത്. കാരണം പാപത്തിനും ശത്രുതക്കും സഹായിക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. (ഇസ്‌ലാം ഇത് നിരോധിച്ചതാണ്).

സ്വന്തം ഇഷ്ടപ്രകാരം ഇത് ചെയ്യുമ്പോഴാണ് ഈ വിധി വരുന്നത്. അതിൽ പങ്കാളിയാകൽ അനുവദനീയമല്ല. അല്ലാഹുവിനു വേണ്ടി ആരെങ്കിലും വല്ലതും ഉപേക്ഷിച്ചാൽ അതിനേക്കാൾ ഉത്തമമായത് അല്ലാഹു പകരം നൽകും.

എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഒരു വ്യക്തി ഇതിന് നിർബന്ധിതനാവുകയാണ് എങ്കിൽ അവന്‍റെ മേലിൽ കുറ്റമില്ല. എന്നാൽ അടച്ച തുകയെക്കാൾ കൂടുതൽ നിങ്ങൾക്കോ നിങ്ങളുടെ അനന്തരാവകാശികൾക്കോ വാങ്ങാൻ പാടില്ല. ഒന്നുകിൽ അധികമുള്ളത് ഒഴിവാക്കുക. അല്ലെങ്കിൽ ഏതെങ്കിലും നന്മയുടെ മാർഗത്തിൽ ചിലവഴിക്കുക.

എന്നാൽ ഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്നുള്ള പെൻഷൻ സംവിധാനത്തിൽ പങ്ക് ചേരുന്നതിന്‍റെ വിധി മേൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. പ്രജകൾക്ക് ആവശ്യം നേരിടുമ്പോൾ അവർക്ക് വേണ്ടി ചിലവഴിക്കാൻ ഭരണകൂടവും പൊതുഖജനാവും ബാധ്യതപ്പെട്ടവരാണ്. അല്ലാഹു അഅ്‌ലം.

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ