പ്രവാചകന്‍റെ കാലത്തെ നിയമനിർമാണത്തിന്‍റെ രീതി
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 March 02, 10 Shaʻ-ban, 1444 AH
മൂന്നു പോയിന്‍റുകളിലായി ഈ വിഷയം നമുക്ക് ചർച്ച ചെയ്യാം.
(എ). നിയമങ്ങൾ (വിധികൾ) വിവരിച്ചുകൊടുക്കുന്നതിൽ പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ രീതി ശാസ്ത്രം.
(ബി). തശ്‍രീഅ് സന്ദർഭങ്ങൾ അനുസരിച്ചും, സന്ദർഭങ്ങൾക്കനുസൃതമല്ലാതെയും
(സി). തശ്‍രീഅ് ക്രമാനുഗതമായി; എന്നിങ്ങനെയാണവ.
(എ) നിയമങ്ങൾ വിവരിക്കുന്നതിൽ പ്രവാചകന്‍റെ രീതിശാസ്ത്രം.
ശരീഅത്തിന്‍റെ അഹ്കാമുകൾ (വിധികൾ) വിവരിച്ചു കൊടുക്കാനുള്ള അവകാശം അല്ലാഹു അവൻറെ ദാസനായ മുഹമ്മദ് നബി صلى الله عليه وسلم ക്ക് നൽകി.
"താങ്കൾക്ക് നാം ഉദ്ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് താങ്കൾ അവർക്ക് വിവരിച്ചു കൊടുക്കാൻ വേണ്ടിയും; അവർ ചിന്തിക്കാൻ വേണ്ടിയും." (16/44)
അപ്പോൾ ക്വുർആനിലെ വിധികളും ഈ കാലഘട്ടത്തിലെ പ്രവാചക വിധികളും മാത്രമാണ് തശ്‍രീഅ്. ഈ തശ്‍രീഅ് ആണ് മതത്തിന്‍റെ അടിത്തറയും. തശ്‍രീഅ് മിക്കപ്പോഴും ഉടലെടുക്കുന്നത് സമ്പൂർണ്ണമായ തത്വത്തിന്‍റെ രൂപത്തിലാണ്. ചിലപ്പോൾ വിധികളും അവയുടെ കാരണങ്ങളും വിവരിക്കുന്നു. ഒരു 'നസ്സിലെ' ഹുകുമകളെന്തെന്ന് മനസ്സിലാക്കേണ്ടതെങ്ങിനെ (دلالة النصوص على الاحكام) യെന്ന് നിദാനശാസ്ത്ര (ഉസൂലി) ഗ്രന്ഥങ്ങളിൽ പൂർണമായി വിവരിച്ചിട്ടുണ്ട്.
പിൽക്കാലഘട്ടങ്ങളിൽ കർമശാസ്ത്ര പണ്ഡിതന്മാർ ചർച്ച ചെയ്തതുപോലെ പ്രവാചകന്‍റെ കാലഘട്ടത്തിൽ ഹുകുമുകളിൽ ചർച്ചയുണ്ടായിട്ടില്ല. കർമശാസ്ത്രജ്ഞന്മാർ റുകുനുകൾ, ശർത്വുകൾ, ആദാബുകൾ (ഫർദുകൾ, നിബന്ധനകൾ, മര്യാദകൾ) എന്നിവയെല്ലാം പരമാവധി വിവരിക്കാവുന്ന വിധം വിവരിച്ചിട്ടുണ്ട്. അങ്ങിനെ തെളിവുസഹിതം ഒന്നു മറ്റൊന്നിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. സംഭവിക്കുന്നതും സംഭവിക്കാവുന്നതുമായ കാര്യങ്ങൾ അവർ സങ്കൽപിച്ച് എഴുതിയിട്ടുണ്ട്. അങ്ങിനെ സംഭവിച്ചാൽ എന്ത് പോംവഴിയെന്ന് ചിന്തിച്ച് അവക്കും വിധി കണ്ടെത്തിയിട്ടുണ്ട്.
റസൂൽ صلى الله عليه وسلم വുദു ചെയ്യും; സ്വഹാബാക്കൾ ആ വുദൂഇന്‍റെ രൂപം കാണും; അവരും അതേ പോലെ വുദു ചെയ്യും; അതിലെ ഇന്നത് ഫർദാണ് ഇന്നത് സുന്നത്താണ് എന്ന് വിവരിച്ചു കൊടുക്കപ്പെടാതെയായിരുന്നു അവരത് ചെയ്തിരുന്നത്. നബി صلى الله عليه وسلم നമസ്കരിക്കും. നബിയുടെ നമസ്കാരം അവർ കാണും; നബി صلى الله عليه وسلم നമസ്കരിച്ചതു കണ്ടതുപോലെ അവർ നമസ്കരിക്കും. അതിലെ ഇന്നത് ഫർദാണ്, ഇന്നത് സുന്നത്താണ് എന്നു വിവരിച്ചു കൊടുക്കപ്പെടാതെയായിരുന്നു അവരത് നിർവഹിച്ചിരുന്നത്. പ്രവാചകൻ ഹജ്ജ് നിർവഹിച്ചു. പ്രവാചകൻ ഹജ്ജ് ചെയ്യുന്നത് സൂക്ഷ്മമായി അവർ നോക്കിക്കണ്ടു. അങ്ങിനെ പ്രവാചകന്‍ ചെയ്യുന്നതുപോലെ അവരും ഹജ്ജിലെ പ്രവർത്തനങ്ങൾ ചെയ്തു. ഇതായിരുന്നു അധിക കാര്യങ്ങളിലും പ്രവാചകന്‍റെ രീതി, വുദൂഇന്‍റെ ഫർദ് ആറാണെന്നോ, നാലാണെന്നോ നബി صلى الله عليه وسلم അവരെ പഠിപ്പിച്ചിട്ടില്ല. തുടർച്ച കൂടാതെ (الموالاة) ഒരാൾ വുദു എടുക്കുമെന്ന് നബി صلى الله عليه وسلم സങ്കൽപ്പിച്ചില്ല; അപ്രകാരം വുദു വെള്ളത്തിന്‍റെ രുചിയോ, നിറമോ, മണമോ, മാറ്റം വരും തദടിസ്ഥാനത്തിൽ വുദു ശരിയാകും; അല്ലെങ്കിൽ ശരിയാവുകയില്ല എന്നൊന്നും നബി صلى الله عليه وسلم പറഞ്ഞില്ല. ഇത്തരം കാര്യങ്ങൾ സ്വഹാബാക്കൾ ചോദിക്കലും നന്നേ കുറവായിരുന്നു.
(ബി) തശ്‍രീഅ് സന്ദർഭം അനുസരിച്ചും അല്ലാതെയും
ഈ കാലഘട്ടത്തിലെ മത നിയമങ്ങളുടെ (الأحكام) ഉറവിടം നബി صلى الله عليه وسلم ക്ക് അവതരിപ്പിക്കപ്പെട്ട വഹ്‍യും, അതിനു പ്രവാചക വഹ്‍യിന്‍റെ അടിസ്ഥാനത്തിൽ തന്നെ നൽകുന്ന വിവരണങ്ങളുമായിരുന്നു.
ഇസ്ലാമിക നിയമങ്ങൾ (التشريعات الإسلاميه) ഒന്നിച്ചിറങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ക്വുർആൻ അവതരിപ്പിക്കപ്പെട്ടത് ഗഡുക്കളായിട്ടാണ്. ഇവയ്ക്ക് പ്രവാചകൻ നൽകിയ വിവരണങ്ങളും ഇരുപത്തിമൂന്ന് വർഷങ്ങളിലായിട്ടാണ്. ശരീഅത്ത് നിയമങ്ങളിൽ ചിലതുണ്ടായത് ഒരു സംഭവത്തെയോ വിവരണം ആവശ്യപ്പെടലിനെയോ തുടർന്നല്ല. അതുപോലെ ഒരു ചോദ്യം ഉന്നയിച്ച് മറുപടിയായിട്ടോ അല്ല. ആരാധനാ കർമ്മങ്ങളും ചില ഇടപാടു (معاملات) സംബന്ധമായ കാര്യങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.
ഉദാഹരണമായി:
"സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക". (5:6)
‘’സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ് (2: 183,184)
“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് താങ്കള്‍ വാങ്ങുക” (9:103)
താഴെ പറയും വിധത്തിൽ വന്നിട്ടുള്ള പ്രവാചകൻ വചനങ്ങൾ എത്രയോ ഉണ്ട്. ഉദാഹരണമായി പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:
"നിങ്ങൾ എല്ലാവരും ഒരാളെന്ന പോലെ ഐക്യത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ ഐക്യം തകർക്കാനോ, നിങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാനോ ഒരാൾ വന്നാൽ അവനെ നിങ്ങൾ കൊന്നുകളയുക."
അനുപേക്ഷണീയമായ സന്ദർഭങ്ങളിൽ നിയമമാക്കപ്പെട്ട വിധികളുടെ ഒരിനവുമുണ്ട്. മുമ്പ് പറഞ്ഞതിനേക്കാൾ കൂടുതൽ ആ വിഭാഗത്തിൽ പെട്ടവയാണ്. ചോദ്യങ്ങൾക്ക് മറുപടിയായി വന്നവ ഈ ഗണത്തിൽപെടുന്നു. ഉദാഹരണമായി:
“ആര്‍ത്തവത്തെപ്പറ്റി അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ് (2: 222)
“വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു” (2/211).
സമുദ്രജലം കൊണ്ട് വുദു എടുക്കുന്നതിനെ സംബന്ധിച്ച് റസൂൽ صلى الله عليه وسلم ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്നു പറഞ്ഞു:
"അതിലെ ജലം ശുദ്ധമാണ്, അതിലെ ശവം അനുവദനീയമാണ്"
മരുഭൂമിയിലെ തുറസ്സായ സ്ഥലത്തുള്ള ജലത്തിൽ വന്യമൃഗങ്ങൾ വന്ന് തലയിട്ടു കുടിച്ചാൽ ആ ജലത്തിന്‍റെ സ്ഥിതിയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്നു പറഞ്ഞു: "ജലം രണ്ടു ഖുല്ലത്തു" ണ്ടായാൽ അതിൽ മാലിന്യം ചേരുകയില്ല."
ആ കാലഘട്ടത്തിൽ ഒരു പ്രശ്നം നേരിട്ടാൽ അത് സംബന്ധമായി വഹ്‍യ് ഇറങ്ങുന്നവയും ഈ വിഭാഗത്തിൽപ്പെടുന്നു. ഔസു ബ്നു സ്വാമിത് رضي الله عنه തന്‍റെ ഭാര്യ ഖൌല ബിൻത് ഥഅലബ رضي الله عنها യെ മുളാഹറത്ത് (ഒരു തരം വിവാഹമോചനം) നടത്തിയപ്പോൾ അവർ പ്രവാചകന്‍റെ അടുത്ത് വന്ന് തർക്കിക്കുകയാണുണ്ടായത് ഇതിനു ഉദാഹരണമാണ്. അപ്പോൾ അല്ലാഹു ഈ വചനമിറക്കി.
(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്.” (58/1-2)
മത നിയമങ്ങളുടെ ക്രമപ്രവൃദ്ധത (التدرج في التشريع)
രണ്ടു വിധത്തിലാണ് നിയമ രൂപീകരണത്തിന്‍റെ വളർച്ച. (ഒന്ന്). നിയമം പൂർണ്ണമായി അവതരിക്കാതെ അല്പാല്പമായി അവതരിക്കുന്ന വിധം. ഹിജ്റയുടെ ഒരു വർഷം മുമ്പ് നമസ്കാരം നിർബന്ധമാക്കപ്പെട്ടു. ഹിജ്റ ഒന്നാം വർഷത്തിൽ ബാങ്ക് നിയമമാക്കപ്പെട്ടു. ആ വർഷത്തിൽ തന്നെ യുദ്ധം, വിവാഹത്തിലെ മഹ്‍റ്, വലീമത്ത് എന്നിവയും രണ്ടാം വർഷത്തിൽ നോമ്പും, രണ്ടു പെരുന്നാൾ നമസ്കാരവും, ബലിയറുക്കലും, സക്കാത്തും, ഖിബ്‍ല മാറ്റവും, യോദ്ധാക്കൾക്ക് ഗനീമത്ത് എടുക്കാമെന്ന നിയമവും, മൂന്നാം വർഷത്തിൽ അനന്തരാവകാശ നിയമവും ത്വലാഖിന്‍റെ വിധികളും, യാത്രയിലും ഭയസമയത്തും നമസ്കാരം ചുരുക്കാമെന്ന നിയമവും, നാലാം വർഷത്തിൽ വ്യഭിചാരത്തിനുള്ള ശിക്ഷയും നിയമമാക്കപ്പെട്ടു.
അപ്രകാരം ആറാം വർഷത്തിൽ സുൽഹ് (സമാധാന സന്ധി), ഉപരോധ നിയമം, എന്നിവ നിയമമായി. അതേ വർഷത്തിൽ തന്നെ അല്ലാഹു മദ്യവും ചൂതാട്ടവും, പ്രതിഷ്ഠകളും, ഭാഗ്യം നോക്കലും നിഷിദ്ധമാക്കി. ഏഴാം വർഷത്തിൽ നാടൻ കഴുതയുടെ മാംസം ഹറാമാക്കി. കൃഷി, ജലസേചന നിയമങ്ങൾ അവതരിച്ചു. എട്ടാം വർഷത്തിൽ മോഷണത്തിനു ശിക്ഷ നിശ്ചയിക്കപ്പെട്ടു. ഒമ്പതാം വർഷത്തിൽ "ലിആൻ" സംബന്ധമായ നിയമമിറങ്ങി. അവിശ്വാസികൾ മക്കയിൽ പ്രവേശിക്കുന്നത് തടഞ്ഞു. പത്താം വർഷം പലിശ പൂർണ്ണമായി നിരോധിച്ചു.
(രണ്ട്) ഒരു ഹുകുമിന്‍റെ ക്രമാനുഗതമായ ഭൗതീകരണം ഒട്ടേറെ മതനിയമങ്ങൾ ഇന്നത്തെ പോലെ ഇസ്ലാമിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അല്ലാഹു പടിപടിയായിട്ടാണത് പൂർത്തിയാക്കിയത്. ഉദാഹരണമായി നമസ്കാരം ആദ്യം നിർബന്ധമാക്കപ്പെട്ടത് രണ്ടു റകഅത്തായിട്ടായിരുന്നു. പിന്നീട് റസൂൽ صلى الله عليه وسلم ഹിജ്റ പോയ ശേഷമാണ് നാലു റകഅത്തായി നിശ്ചയിക്കപ്പെട്ടത്. ആയിഷ رضي الله عنها നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു. അവർ പറയുന്നു നമസ്കാരം രണ്ടു റകഅത്തായി നിർബന്ധമാക്കപ്പെട്ടു. ആദ്യത്തെ ആ ഫര്‍ദ് യാത്രാവേളയിലെ നമസ്കാരമായി നിശ്ചയിക്കപ്പെടുകയും ചെയ്തു. (മിശ്കാത് 1/425).
അല്ലാഹു ഒരു കാര്യം നിർബന്ധമാക്കുകയും പിന്നെ അതിന്‍റെ രൂപം വിശദീകരിക്കുകയും ചെയ്യുന്നു. അതായത് മക്കയിൽ വെച്ച് സക്കാത്ത് നിർബന്ധമാക്കപ്പെട്ടു. പക്ഷേ അതിന്‍റെ അളവോ വിഹിതമോ വിവരിക്കപ്പെട്ടിട്ടില്ലായിരുന്നു; മദീനയിൽ വച്ചാണ് അതൊക്കെ വിവരിക്കപ്പെട്ടത്. നിസ്കാരത്തിന്‍റെ വിധികളും ഒന്നിച്ചു വിവരിച്ചിട്ടില്ല; അല്‍പാപാൽപമായിട്ടാണവ വിവരിക്കപ്പെട്ടത്. നോമ്പും അങ്ങിനെ തന്നെ.
മുസ്‌നദ് അഹ്‍മദ് ബ്നു ഹമ്പലിൽ മുആദു ബ്നു ജബൽ رضي الله عنه വിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു: നമസ്കാരത്തിനു മൂന്ന് അവസ്ഥകൾ ഉണ്ടായിട്ടുണ്ട്; നോമ്പിനുമുണ്ട് മൂന്ന് അവസ്ഥകൾ. നബി صلى الله عليه وسلم മദീനയിൽ വന്നു പതിനേഴ് മാസം ബൈത്തുൽ മഖദ്ദസിലേക്ക് തിരിഞ്ഞു നമസ്കരിച്ചു. പിന്നെ അല്ലാഹു ഈ വചനം ഇറക്കി. "നിൻറെ മുഖം ആകാശത്തേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കണ്ടിട്ടുണ്ട് തീർച്ചയായും നീ തൃപ്തിപ്പെടുന്ന ഖിബ്‍ലയിലേക്ക് നിന്നെ നാം തിരിക്കുക തന്നെ ചെയ്യും." (2:144). അങ്ങിനെ ഖിബ്‍ല മാറ്റപ്പെട്ടു. ഇതാണ് നമസ്കാരത്തിന്‍റെ ഒരവസ്ഥ.
മുആദ് رضي الله عنه പറയുന്നു "ആളുകൾ നമസ്കാരത്തിന് ഒരുമിച്ചു കൂടുമായിരുന്നു. അതിന് അവർ പരസ്പരം വിളിക്കും അവർ കുഴൽ ഊതി അറിയിക്കാൻ ഒരുങ്ങി; അങ്ങനെയിരിക്കെ അബ്ദുല്ലാഹി ബ്നു സൈദ് رضي الله عنه എന്ന അൻസാരി സ്വഹാബി റസൂലിന്‍റെ അടുത്തുവന്നു പറഞ്ഞു ദൈവദൂതരേ ഞാൻ ഉറക്കത്തിൽ ഇങ്ങനെ കണ്ടു; ഞാൻ ഉറക്കത്തിന്‍റെയും ഉണർവിന്‍റെയും ഇടയ്ക്കായിരിക്കവേ, പച്ച വർണ്ണമുള്ള രണ്ടു വസ്ത്രമുടുത്ത ഒരാളെ ഞാൻ കണ്ടു; എന്നിട്ട് അദ്ദേഹം ഖിബ്‍ലക്ക് അഭിമുഖമായി നിന്നു. പിന്നെ ഇപ്രകാരം പറഞ്ഞു അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്... തുടർന്ന് ബാങ്കിന്‍റെ പദങ്ങൾ രണ്ടു തവണ പറഞ്ഞു. അതുകഴിഞ്ഞ് അല്പസമയം കഴിഞ്ഞ് ഇഖാമത്തിന്‍റെ പദങ്ങൾ പറഞ്ഞു. ഖദ്‍ഖാമതി സ്സ്വലാത്ത് എന്നു രണ്ടു തവണ പറഞ്ഞു. നബി صلى الله عليه وسلم പറഞ്ഞു ഈ പദങ്ങൾ ബിലാലിന് പഠിപ്പിച്ചു കൊടുക്കുക ബിലാൽ അതു പറഞ്ഞു ബാങ്ക് വിളിക്കട്ടെ. ബിലാൽ رضي الله عنه ആയിരുന്നു ആദ്യമായി ബാങ്ക് വിളിച്ചത്. അദ്ദേഹം പറയുന്നു ആ സമയത്ത് ഉമറു ബ്നുൽ ഖത്താബ് رضي الله عنه അവിടെ വന്നു. എന്നിട്ട് പറഞ്ഞു അല്ലാഹുവിൻറെ റസൂലേ അദ്ദേഹത്തിന് സ്വപ്നദർശനം ഉണ്ടായതുപോലെ എനിക്കും സ്വപ്നദർശനം ഉണ്ടായിട്ടുണ്ട് പക്ഷേ അദ്ദേഹം എനിക്കു മുമ്പേ താങ്കളുടെ അടുത്ത് വന്നു പറഞ്ഞു.
ഇതാണ് രണ്ടാമത്തെ അവസ്ഥ
അദ്ദേഹം പറയുന്നു നബി صلى الله عليه وسلم നമസ്കരിച്ചു കൊണ്ടിരിക്കെ ചിലർ നമസ്കാരത്തിന് വന്നിരുന്നു അപ്പോൾ ഒരാൾ മറ്റൊരാളോട് നബി صلى الله عليه وسلم എത്ര നമസ്കരിച്ചു എന്ന് ആംഗ്യം കൊണ്ട് ചോദിച്ചിരുന്നു. അപ്പോൾ അവർ ഒന്ന്, രണ്ട് എന്നു പറയും. അപ്പോൾ ആ രണ്ട് റക്അത്ത് നമസ്കരിച്ച് ജനങ്ങളോടൊപ്പം ചേർന്ന് നമസ്കരിക്കും. അങ്ങനെ ഒരു ദിവസം മുആദ് رضي الله عنه വൈകി വന്നു. നബി صلى الله عليه وسلم കുറച്ചു നമസ്കരിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം നബിയെ തുടരുകയും ചെയ്തു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു; മുആദ്, നിങ്ങൾ ഒരു മാതൃകചര്യയാക്കി തന്നിരിക്കുന്നു. ഇനി ഇപ്രകാരം നിങ്ങളും ചെയ്യുക. ഇതാണ് മൂന്നാമത്തെ അവസ്ഥ.
ഇനി നോമ്പിന്‍റെ അവസ്ഥകൾ നോക്കുക, നബി صلى الله عليه وسلم മദീനയിൽ വന്നപ്പോൾ ഓരോ മാസവും മൂന്നു നോമ്പുകൾ നോറ്റിരുന്നു. മുഹർറം പത്തിനും നോമ്പനുഷ്ഠിച്ചിരുന്നു. പിന്നെ അല്ലാഹു വ്രതം നിർബന്ധമാക്കി നിശ്ചയിച്ച് ഇപ്രകാരം അറിയിച്ചു
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (2: 183, 184)
ഈ ഘട്ടത്തിൽ നോമ്പനുഷ്ഠിക്കുവാൻ ഉദ്ദേശിക്കുന്നവർ നോമ്പനുഷ്ഠിക്കുകയും, അല്ലാത്തവർ സാധുവിന് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. പിന്നെ അല്ലാഹു ഈ വചനമിറക്കി.
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ് (2:185)
ഇതനുസരിച്ച് നാട്ടിൽ പാര്‍ക്കുന്ന ആരോഗ്യവാന്മാർക്ക് വ്രതം നിർബന്ധമാക്കി; രോഗിക്കും യാത്രക്കാരനും ഇളവനുവദിച്ചു. നോമ്പനുഷ്ഠിക്കാൻ കഴിയാത്ത വൃദ്ധർക്ക് സാധുവിന് ഭക്ഷണം നൽകിയാൽ മതിയെന്ന് നിശ്ചയിച്ചു.
ഇങ്ങിനെ രണ്ട് അവസ്ഥകൾ
അന്ന് ആളുകൾ ഉറങ്ങാതിരിക്കുമ്പോൾ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും സ്ത്രീ സംസർഗ്ഗത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഉറങ്ങിക്കഴിഞ്ഞാൽ അതെല്ലാം ഉപേക്ഷിച്ചിരുന്നു അങ്ങിനെ സർമ: എന്ന സ്വഹാബി വ്രതമനുഷ്ഠിച്ച് വൈകുന്നേരം വരെ ജോലി ചെയ്തിരുന്നു. എന്നിട്ട് തന്‍റെ വീട്ടുകാരിയുടെ അടുത്തേക്ക് ചെല്ലും; ഇഷാ നമസ്കാരം കഴിഞ്ഞു ഉറങ്ങിക്കളയും. പുലരുന്നത് വരെ വെള്ളം പോലും കുടിക്കുകയില്ല. പിന്നെ നേരം പുലരുന്നത് നോമ്പുകാരനായിട്ടാണ്. അദ്ദേഹം വളരെ ക്ഷീണിച്ച് തളർന്നതായി നബി صلى الله عليه وسلم കണ്ടു. നബി ചോദിച്ചു നീ എങ്ങിനെ നീ ഇങ്ങനെ ക്ഷീണിച്ചു തളർന്നതായി കാണുന്നതെന്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞു ദൈവദൂതരേ ഇന്നലെ ഞാൻ വളരെ കൂടുതൽ ജോലി ചെയ്തു വീട്ടിൽ ചെന്ന് വേഗത്തിൽ കിടന്നുറങ്ങി നേരം പുലർന്നത് നോമ്പുള്ളവനായിട്ടാണ്.
ഉമർ رضي الله عنه ഉറങ്ങിയതിനു ശേഷം ഭാര്യയുമായി ബന്ധപ്പെട്ടു എന്നിട്ട് നബി صلى الله عليه وسلم യുടെ അടുത്ത് ചെന്ന് ഇങ്ങനെ സംഭവിച്ചെന്ന് പറഞ്ഞു. അപ്പോൾ അല്ലാഹു ഈ വചനമിറക്കി.
“നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക.”
മദ്യം ഹറാമാക്കിയ വിധം (التدرج في تحريم الخمر)
അറബികൾ പുരാതനകാലം മുതൽ മദ്യപാനത്തിൽ അതീവ തൽപരരായിരുന്നു. അവർ അതിനെ വർണ്ണിച്ച് കവിത പാടും, അതിഥികൾക്കത് സൽക്കരിക്കും. നികൃഷ്ടതകളെ ശ്രേഷ്ഠതകളായും രോഗത്തെ മരുന്നായും കാണുന്ന സ്ഥിതി ഒരു സമൂഹത്തിൽ വന്നുഭവിച്ചാൽ ആ രോഗത്തെ ചികിത്സിക്കുക വളരെ ദുഷ്കരമാണ്. തങ്ങളുടെ പ്രവർത്തനങ്ങൾ കുറ്റകരവും നാശകരവുമാണെന്നു കരുതുന്നവരിലാണ് ചികിത്സ എളുപ്പമാവുക. അതിനാൽ മദ്യനിരോധനത്തിൽ ക്വുർആൻ സ്വീകരിച്ചത് അപൂർവ്വമായൊരു നിലപാടാണ്.
മദ്യം മോശമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ വിഷയത്തിൽ ആദ്യത്തെ വചനം ഇറങ്ങിയത്
“ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്നും നിങ്ങൾക്ക് നാം പാനീയം നൽകുന്നു. അതിൽ നിന്ന് ലഹരിപദാർത്ഥവും ഉത്തമമായ ആഹാരവും നിങ്ങൾ ഉണ്ടാക്കുന്നു.” (16: 67)
അപ്പോൾ മദ്യത്തെ നല്ല ഭക്ഷണത്തിൽ ഉൾപ്പെടുത്താതെയാണ് അല്ലാഹു എണ്ണിയത്. പിന്നീട് ഈ വചനമിറങ്ങി.
“നബിയേ, താങ്കളോട് അവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക അവർ രണ്ടിലും ഗുരുതരമായ പാപമുണ്ട് ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അവയിലെ പാപത്തിന്‍റെ അംശമാണ് പ്രയോജനത്തിന്‍റെ അംശത്തേക്കാൾ വലുത്. (2/219)
മദ്യപാനം ഉൽകൃഷ്ടമാണെന്ന് കരുതിയിരുന്ന സത്യവിശ്വാസികളുടെ മനസ്സിൽ ഈ വചനം മാറ്റമുണ്ടാക്കി. ചികിത്സയുടെ മുഖ്യ വശം ഇവിടെതന്നെയാണ്. അങ്ങിനെ മദ്യപാനം മോശമായ കാര്യമാണെന്ന് മുസ്‌ലിംകൾ മനസ്സിലാക്കി. മദ്യത്തിലടങ്ങിയ ദോഷം അതിലെ ഗുണത്തേക്കാൾ കൂടുതലാണെന്നും അവർ അറിഞ്ഞു. അതിനാൽ കുറച്ചാളുകൾ സ്വമേധയാ മദ്യം ഒഴിവാക്കി, വേറെ ചിലർ പൂർവസ്ഥിതിയിൽ തന്നെ തുടരുകയും ചെയ്തു. പിന്നീട് മദ്യപാനികളെ അൽപാൽപമായി അതിൽ നിന്നകറ്റാനുതകുന്ന വചനമിറങ്ങി.
“സത്യവിശ്വാസികളേ, നിങ്ങൾ ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്കാരത്തെ സമീപിക്കരുത്.” (4: 43)
ഈ വചനമിറങ്ങിയതോടെ, നമസ്കാര സമയത്തിന് മുമ്പ് ബോധം തെളിയാൻ ഉതകുന്ന സമയങ്ങളിൽ മാത്രം മദ്യപാനം അവർ പരിമിതപ്പെടുത്തി. പിന്നീട് മദ്യം പാടെ വർജിക്കണമെന്ന് ആജ്ഞാപിക്കുന്ന വചനമാണിറങ്ങിയത്.
يَاأَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ . إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ .
“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?” (5: 90, 91)
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله