ഉദ്ഹിയ്യത്ത് അറുക്കുന്ന മൃഗത്തിൽ അഖീഖ കൂടി നിയ്യത്ത് വെക്കാമോ?
ജമാല്‍ ആറ്റിങ്ങല്‍
Last Update 2023 June 21,3 Dhuʻl-Hijjah, 1444 AH
ഈ വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ രണ്ട് അഭിപ്രങ്ങളുണ്ട്.
1. ഉദ്ഹിയ്യത്തും, അഖീഖയും രണ്ട് വ്യത്യസ്ഥ ആരാധനകളായതിനാല്‍ രണ്ടും വേറെ വേറെ ആണ് ചെയ്യേണ്ടത്, ഒരുമിച്ചു ചെയ്യാൻ പാടില്ല. ഇതാണ് ഷാഫി മദ്ഹബിലെയും മാലികി മദ്ഹബിലെയും അഭിപ്രായം.
2. ഈ രണ്ട് ആരാധനകളും അറവു കൊണ്ടു അല്ലാഹുവിന്‍റെ സാമീപ്യം ആഗ്രഹിക്കലായതിനാല്‍ ഒരുമിച്ച് ചെയ്യാവുന്നതാണ്. ഉദാഹരണം, പള്ളിയിലേക്ക് പ്രവേശിക്കുന്ന ഒരാൾ ഫർളോ, റവാത്തിബോ ആയ നിസ്കാരം നിര്‍വ്വഹിക്കുമ്പോൾ തഹിയ്യത്തിന്‍റെ നിസ്കാരത്തിന് കൂടി നിയ്യത്ത് കരുതാവുന്നതാണ് (അതുപോലെയാണ് ഈ അറവും). ഇതാണ് ഹനഫീ മദ്ഹബിലെ അഭിപ്രായം. ഇതേ അഭിപ്രായം തന്നെയാണ് ഇമാം അഹ്‍മദ് ബിൻ ഹമ്പൽ, ഹസനുൽ ബസരി, ഖത്താദ, മുഹമ്മദ് ഇബ്നു സീരീൻ എന്നിവർക്കുമുള്ളത്. (അവലംബം: islamqa.info)
ഈ വിഷയത്തിൽ ശൈഖ് സ്വാലിഹ് അല്‍ഉഥൈമിന്‍ (റഹിമഹുല്ലാഹ്) നല്‍കിയ മറുപടിയുണ്ട്. അതിങ്ങനെ വായിക്കാം:
ചോദ്യം?
ഒരാളുടെ കുഞ്ഞു ജനിച്ച ഏഴാം ദിവസവും ബലി പെരുന്നാൾ ദിവസവും ഒരുമിച്ചു വന്നു, അദ്ദേഹത്തിന് അഖീഖയും ഉദ്ഹിയ്യത്തും അറുക്കേണ്ടതുണ്ട്. അയാൾ തന്‍റെ കുഞ്ഞിന് വേണ്ടി അഖീഖ വേറെ അറുക്കണോ? അതല്ല ഉദ്ഹിയ്യത്തും അഖീഖയും ഒന്നിപ്പിക്കല്‍ അദ്ദേഹത്തിന് അനുവദനീയമാണോ? അനുവദനീയം ആണെങ്കില്‍ അറുക്കേണ്ട വിധം എങ്ങിനെയാണ്?
ഉത്തരം:
ചില ഉലമാക്കൾ പറഞ്ഞിരിക്കുന്നു, ബലി പെരുന്നാൾ ദിവസവും കുട്ടി ജനിച്ച ഏഴാം ദിവസവും ഒന്നിച്ചു വന്നാൽ ഉദ്ഹിയ്യത്ത് അറക്കുന്നത് തന്നെ അഖീഖക്കും മതിയാകുന്നതാണ്. ഒരാൾ പള്ളിയിൽ കയറി നേരെ ഫർള് നിസ്കരിച്ചാൽ തഹിയ്യത്തിനും അതേ നിസ്കാരം മതിയാകുന്നത് പോലെ. കാരണം അത് രണ്ടും ഒരേ ജനുസ്സിൽ പെട്ട ഇബാദത്തുകളാണ്. അതിന്‍റെ സമയം ഒരുമിച്ചാൽ ഒന്ന് കൊണ്ട് അടുത്തതിന് മതിയാകും.
പക്ഷെ എന്‍റെ അഭിപ്രായത്തിൽ, ഒരാൾക്ക് അള്ളാഹു സാമ്പത്തിക സൗകര്യം നൽകിയിട്ടുണ്ടെങ്കിൽ ഉദ്ഹിയ്യത്തിന് വേണ്ടി ഒരാടിനെയും, അഖീഖക്ക് വേണ്ടി ആൺകുട്ടി ആണെങ്കിൽ രണ്ടാടിനെയും, പെൺകുട്ടി ആണെങ്കിൽ ഒരാടിനെയും അറുക്കുകയാണ് വേണ്ടത്. കുട്ടി ആണാണെങ്കില്‍ മൂന്ന് ആടിനെയാണ് ആകെ അറുക്കേണ്ടത് (അക്വീകയായി രണ്ടും ഉദ്‍ഹിയ്യയായി ഒന്നും).
അവലംബം: https://binothaimeen.net