ഹദീസ് റിപ്പോർട്ട് ചെയ്യുന്നത് വ്യാപിക്കുന്നു

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 May 18, 28 Shawwal, 1444 AH

സുന്നത്ത് (ഹദീഥ്) റിപ്പോർട്ട് ചെയ്യുന്നത് ഖുലഫാഉര്‍റാഷിദുകള്‍ എങ്ങനെ നിയന്ത്രിച്ചുവെന്ന് നാം കണ്ടുകഴിഞ്ഞു. അത് നിമിത്തം നബിചര്യയില്‍ വ്യാജം ചേരാതെ അത് സംരക്ഷിക്കപ്പെട്ടുവെന്നതാണ് ആ നിയന്ത്രണത്തിന്‍റെ ഫലം.

എന്നാൽ സ്വഹാബികൾ ഈ അവസ്ഥയിൽ ഉറച്ചുനിന്നില്ല. ഖുലഫാഉര്‍റാഷിദുകളുടെ അവസാന കാലത്തുതന്നെ സ്വഹാബികൾ ഹദീഥ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. പിന്നീട് ഈ കാലത്ത് ഹദീഥ് വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.

താബിഈ പണ്ഡിതന്മാർ മാത്രമല്ല സ്വിഗാറുസ്സ്വഹാബു (ചെറിയ സ്വഹാബികള്‍) കളായി ഈ കാലത്ത് ജീവിച്ചിരുന്നവരും റിപ്പോർട്ട് ചെയ്യുന്നതിൽ വ്യാപൃതരായി. അവർ പരസ്പരം പ്രവാചകന്‍റെ ഹദീഥുകൾ കേൾക്കാൻ സന്നദ്ധരായി വന്നു. ഒരു സ്വഹാബിതന്നെ മറ്റൊരു സ്വഹാബിയുടെ അടുത്തേക്ക് നബിയുടെ ഹദീഥ് കേൾക്കാൻ ദിവസങ്ങളോളം യാത്ര ചെയ്തിരുന്നു. ജാബിറുബ്നു അബ്ദില്ല رضي الله عنه ഒരു ഹദീഥ് കേൾക്കാൻ ഒരു മാസം യാത്ര ചെയ്തിട്ടുണ്ടെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി ഇസ്വാബയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

يحشر الناس يوم القيامة عراة ...

എന്ന ഹദീസ് പഠിക്കാൻ ജാബിറുബ്നു അബ്ദില്ല തന്നെ അബ്ദുല്ലാഹിബ്നു ഉനൈസ് رضي الله عنه വിന്‍റെ വീട്ടിലേക്ക് ഒരു വാഹനം വാങ്ങി ഒരു മാസം യാത്ര ചെയ്തു പോയി എന്ന് സ്വഹീഹുൽ ബുഖാരിയിലുണ്ട്.

ഖൈസ് ബ്നു കഥീർ പറയുന്നു: ഞാൻ അബൂദ്ദര്‍ദാഅ് رضي الله عنه വിനോടൊപ്പം ദമസ്കസിലെ പള്ളിയിലിരിക്കുമ്പോൾ ഒരാൾ അവിടെ വന്നു പറഞ്ഞു: ഞാൻ മദീനയിൽ നിന്ന് വരികയാണ്. താങ്കള്‍ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞതായി പറഞ്ഞുകേട്ട ഒരു ഹദീഥിനെപ്പറ്റി അന്വേഷിച്ചറിയാന്‍ വന്നതാണ്. മറ്റൊരാവശ്യവും എനിക്കില്ല.

രിവായത്ത് വർദ്ധിക്കാൻ കാരണം

1. ആളുകൾ സുന്നത്തിൽ വ്യാപൃതമായാൽ ക്വുർആനിനെന്തെങ്കിലും പറ്റുമോ എന്ന ആശങ്കയായിരുന്നു സ്വഹാബത്തിന്. ക്വുർആൻ ക്രോഡീകരണത്തോടെ ആ ഭയാശങ്ക നീങ്ങിപ്പോയി.

2. പ്രത്യക്ഷപ്പെട്ട കുഴപ്പങ്ങൾ, അതിലധികവും നബി صلى الله عليه وسلم പ്രവചിച്ചവയാണ്. അതിനാൽ സംശയ ദുരീകരണത്തിനായി സ്വഹാബികൾ അതു സംബന്ധമായ നബിവചനങ്ങൾ റിപ്പോർട്ട് ചെയ്തു.

3. മതവിധികളുടെ വിവരണങ്ങൾ ആവശ്യമായി വന്ന നൂതന സംഭവം വികാസങ്ങളുണ്ടായി. ഈ വിവരണങ്ങൾ ഹദീസ് വാഹകരിലാണ്.

4. അറിവ് മറച്ചുവെക്കുന്നത് കുറ്റകരമാണെന്നബോധം

ഹദീസുകൾ വ്യാപിച്ചതിന്‍റെ ഫലം

നബിവാക്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചിലത് ‘ളബ്ത്’ (പദങ്ങൾ, അക്ഷരങ്ങൾ ഹർകത്തുകൾ എന്നിവയുടെ ഘടനയിലെ സൂക്ഷ്മത) പാലിക്കുന്നതിൽ വീഴ്ചവരുത്തി. അതിനാൽ ഹദീഥിൽ വ്യാജം കലർന്നു. മാത്രമല്ല, ചില നിർമതവാദികൾ പ്രവാചകന്‍റെ പേരിൽ മന:പൂർവ്വം കളവു പറഞ്ഞു. അതിനാൽ പണ്ഡിതന്മാർക്ക് ഹദീഥ് പറയുന്നവരുടെ സത്യസന്ധതയും നീതി നിഷ്ഠയും ഓർമശക്തിയും പരിശോധിക്കേണ്ടിവന്നു.

താബിഉകളിലെ പ്രമുഖ പണ്ഡിതന്മാർ (ابرز علماء التابعين)

താബിഉകളിലെ പ്രമുഖ പണ്ഡിതന്മാർ മുൻപറഞ്ഞ മദീനയിലെ സപ്തപണ്ഡിതന്മാരും മക്കയിലെ അത്വാഉ ബ്നു അബീറബാഹ്, ത്വാഊസ് ബ്നു കൈസാൻ, മുജാഹിദ് ബ്നു ജുബൈർ, അംറ്ബ്നു ദീനാർ, ഇക്‍രിമ മൗലാഇബ്നു അബ്ബാസ് رحمهم الله എന്നിവരുമാണ്.

ബസ്വറയിലെ ഹസനുൽ ബസ്വരി, മുഹമ്മദ് ബ്നു സീരീന്‍, കഅബ് ബ്നു അസ്‍വദ് رحمهم الله എന്നിവരും പ്രമുഖർതന്നെ. കൂടാതെ കൂഫ, യമന്‍, മിസ്വര്‍ എന്നിവിടങ്ങളിലും ഫത്‍വ നല്‍കിയും വിജ്ഞാനം പ്രചരിപ്പിച്ചും കഴിഞ്ഞു കൂടിയ ഒട്ടേറെ പണ്ഡിതശ്രേഷ്ഠരുണ്ട്.

അവസാനമായി, ഈ മൂന്ന് ഘട്ടങ്ങളുടെയും ശ്രേഷ്ഠത

നാം വിവരിച്ച – പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും താബിഉകളുടെയും കാലങ്ങളാണ് ഏറ്റവും ശ്രേഷ്ഠമായ കാലം. അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന് ബുഖാരി മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം, അല്ലാഹുവിന്‍റെ റസൂൽ പറഞ്ഞു: “എന്‍റെ സമുദായത്തിൽ ഉത്തമർ എന്നോടടുത്തവരും പിന്നെ അവരോടടുത്തവരും പിന്നെ അവരോടടുത്തവരുമാണ്. പിന്നെ ഒരു സമൂഹം വരും. അവരുടെ സാക്ഷ്യം ശപഥത്തെ മുൻകടക്കും. ശപഥം സാക്ഷ്യത്തെയും മുന്‍കടക്കും. ആയിഷ رضي الله عنها യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ നബിയോട് ചോദിച്ചു: ആരാണ് നല്ല ആളുകൾ? നബി പറഞ്ഞു: ഞാൻ നിയുക്തനായ നൂറ്റാണ്ട്, പിന്നെ രണ്ടാമത്തേത്, പിന്നെ മൂന്നാമത്തേത്. അപ്പോൾ ഈ നൂറ്റാണ്ട് ഉത്തമമെങ്കിൽ ഈ നൂറ്റാണ്ടിലെ പണ്ഡിതന്മാർ തന്നെയാണ് ഉത്തമരും അവരുടെ മാർഗ്ഗം തന്നെയാണ് ഉത്തമവും.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ